ADVERTISEMENT

ഗൂഗിളിന്റെ ഏറ്റവും പുതിയ ചാറ്റ്ബോട്ടിന്റെ പേരാണ് മീന. വിവിധ കമ്പനികളുടേതായി ലക്ഷക്കണക്കിനു ചാറ്റ്ബോട്ടുകൾ നിലവിലുള്ളപ്പോൾ ഗൂഗിളിന്റെ മീനയ്ക്ക് എന്താണ് പ്രത്യേകത ? ലോകത്തുള്ള ഏതു വിഷയത്തെപ്പറ്റിയും ഏതളവു വരെയും സംസാരിക്കാൻ കഴിയുമെന്നതാണു മീനയുടെ മികവായി ഗൂഗിൾ അവകാശപ്പെടുന്നത്. 79% ആണ് മീനയുടെ എസ്എസ്എ (സെൻസിബിൾനെസ് ആൻഡ് സ്പെസിഫിസിറ്റി ആവറേജ്) സ്കോർ. 

 

കഴിഞ്ഞ നാലു വർഷമായി ലോകത്തിലെ ഏറ്റവും മികച്ച ചാറ്റ്ബോട്ടിനുള്ള ലിയോബ്‍നർ പുരസ്കാരം നേടുന്ന മിസുകു ചാറ്റ്ബോട്ടിന്റെ എസ്എസ്എ സ്കോർ 56% ആണ്. നന്നായി സംസാരിക്കാനറിയാവുന്ന, ചർച്ചകളിൽ വിവിധ വാദമുഖങ്ങൾ നടത്തി ജയിക്കാൻ കഴിയുന്ന ഒരു മനുഷ്യന്റെ ശരാശരി എസ്എസ്എ സ്കോർ 86% ആണ്. ഇവിടെയാണ് മീന എന്ന ചാറ്റ്ബോട്ട് വേറിട്ടു നിൽക്കുന്നത്.

 

എല്ലാ ചാറ്റ്ബോട്ടുകൾക്കും എത്ര നേരം വേണമെങ്കിലും സംസാരിച്ചുകൊണ്ടിരിക്കാനാകുമെങ്കിലും എല്ലാ വിഷയങ്ങളിലും പ്രാവീണ്യമുള്ള ചാറ്റ്ബോട്ടുകൾ ഇല്ല. ഒരു പ്രത്യേക വിഷയത്തിൽ, അല്ലെങ്കിൽ പ്രത്യേക ആവശ്യത്തിനു വേണ്ടിയാണു പല ചാറ്റ്ബോട്ടുകളെയും നിർമിക്കുന്നത്. അറിയില്ലാത്ത മേഖലകളിലേക്കു സംഭാഷണമെത്തിയാൽ Thats good, me too, nice, I dont know തുടങ്ങിയ ഒഴുക്കൻ മറുപടികൾ നൽകി പിടിച്ചുനിൽക്കുകയും അറിയാവുന്ന വിഷയത്തിലേക്കു സംഭാഷണത്തിന്റെ ദിശമാറ്റുകയുമാണ് ഏറ്റവും മികച്ച ചാറ്റ്ബോട്ടുകൾ പോലും ചെയ്യുന്നത്. മീനയ്ക്ക് അത്തരം മറുപടികളില്ല. എല്ലാ സംഭാഷണങ്ങളും വിഷയത്തിലൂന്നിയുള്ളതായിരിക്കും.

 

342 ജിബി ഫയൽ സൈസുള്ള ടെക്സ്റ്റ് ചാറ്റുകളിലൂടെയാണ് ഗൂഗിൾ മീനയെ പരിശീലിപ്പിച്ചത്. ഒരു മനുഷ്യനും തന്റെ ജീവിതകാലം മുഴുവൻ ചെലവഴിച്ചാലും ഇത്രയും ചാറ്റുകൾ വായിച്ചുതീർക്കാൻ പോലും കഴിയില്ല. മീനയുടെ വിഷയാവബോധം അളക്കുന്നതിനു വേണ്ടിയാണ് എസ്എസ്എ എന്ന അളവുകോൽ ഗൂഗിൾ തന്നെ നിർമിച്ചെടുത്തത്. 260 കോടി വിഷയങ്ങളും മേഖലകളും മീന മനപാഠമാക്കിയിട്ടുണ്ട്. 

 

ഒന്നോ ഒന്നിലേറെയോ പേർ പങ്കെടുക്കുന്ന ചർച്ചകൾ പോലും നയിക്കാനും ആ വിഷയത്തിൽ ഉൾക്കാഴ്ചയോടെ വിശകലനങ്ങൾ അവതരിപ്പിക്കാനും മീനയ്ക്ക് കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com