ADVERTISEMENT

നോട്ടു നിരോധനം നടത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും നോട്ടുതന്നെയാണ് രാജാവെന്നാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ പറയുന്നു. ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഇന്ത്യക്കാരെ മാറ്റാനുള്ള തീവ്രശ്രമങ്ങള്‍ക്കിടയിലും വിജയശ്രീലാളിതനായി നോട്ട് മുന്നിൽ നില്‍ക്കുന്നു.

 

ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ ഇന്ത്യയില്‍ സാധ്യമല്ല, പെട്ടെന്ന് നടക്കുകയുമില്ല. എന്നാല്‍, നോട്ടു കുറഞ്ഞ ഒരു ഇക്കോണമി ഭാവിയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ടിന്റെ എണ്ണം കുറയ്ക്കുക എന്നതാണ് ഏക പരിഹാരമാര്‍ഗ്ഗം. അല്ലാതെ നോട്ട് ഇല്ലാതാക്കലല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ഡിജിറ്റല്‍ പണമടയ്ക്കല്‍ രീതികളിലേക്ക് മാറാന്‍ ഇന്ത്യയ്ക്ക് 5-10 വര്‍ഷമെടുത്തേക്കുമെന്നും 2016ലെ നോട്ട് നിരോധനം ഇ-പെയ്‌മെന്റ് വ്യവസായത്തിന് കരുത്തു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നിരോധിക്കപ്പെട്ട കാശെല്ലാം തന്നെ തിരച്ചെത്തി എന്നതു മാത്രമല്ല, നോട്ടിനാണ് ഇപ്പോഴും ഇടപാടുകളില്‍ പ്രാധാന്യം. നോട്ട് ഉപയോഗിക്കുക എന്നതാണ് പലര്‍ക്കും സൗകര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഊബര്‍ സേവനങ്ങളെ പോലെയല്ലാതെ പേടിഎം ചെറിയ കച്ചവടക്കാരില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നില്ല. റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സേവനം തുറക്കാനുള്ള ലൈസന്‍സ് കരസ്ഥമാക്കിയ പേടിഎം റൂപേ ഡെബിറ്റ് കാര്‍ഡും പണം കൈമാറ്റ സേവനങ്ങളും നടത്തിവരികയാണ്. ബാങ്കിങ്, കടംകൊടുക്കല്‍, ഇന്‍ഷുറന്‍സ്, ധനം, ബില്ലിങ് സോഫ്റ്റ്‌വെയര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കാനും കമ്പനി ഉദ്ദേശിക്കുന്നു. 

 

മൊബൈല്‍ ഫസ്റ്റ് ബാങ്കിങ് സേവനത്തില്‍ സീറോ ബാലന്‍സ്, സിറോ ഡിജിറ്റല്‍ സേവന നികുതി തുടങ്ങിയവ അവരുടെ പ്രത്യേകതകളാണ്. വികസിത രാജ്യങ്ങളില്‍ സാധിക്കുന്നതുപോലെ തങ്ങളുടെ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലയിടാനാവില്ല എന്നാണ് 41-കാരനായ ശതകോടീശ്വരന്‍ പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്ല്യനയര്‍ എന്ന പദവി 2017 ൽ ഫോര്‍ബ്‌സ് അദ്ദേഹത്തിന് നല്‍കിയിരുന്നു. അന്ന് വിജയുടെ അസ്തി 2.1 ബില്ല്യന്‍ ഡോളറായിരുന്നു.

 

പല രാജ്യങ്ങളിലും ഇന്ത്യയിലുള്ളതിനേക്കാള്‍ സര്‍വീസ് ചാര്‍ജ് ഉണ്ട്. ഇവിടെ പുതിയതരം ബിസിനസ് മോഡലുകള്‍ തുടങ്ങേണ്ടിയിരിക്കുന്നു. പേടിഎമ്മിന് ഒരു കോടി അറുപതു ലക്ഷം കച്ചവടക്കാരുടെ സപ്പോര്‍ട്ടാണ് ഉള്ളത്. ഇത് ഇരുനൂറ്റി അറുപതു കോടിയാക്കാനാണ് അടുത്ത ശ്രമമെന്ന് വിജയ് പറഞ്ഞു. പുതിയ ഗെയ്റ്റ് വെസിസ്റ്റം വരുന്നതോടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഒന്നിലേറെ രീതിയില്‍ നല്‍കാനാകും.

 

ഒരു എല്ലാമടങ്ങിയ (ഓള്‍-ഇന്‍-വണ്‍) ആന്‍ഡ്രോയിഡ്‌പോയിന്റ് ഓഫ് സെയില്‍ മെഷീനും അദ്ദേഹം പുറത്തിറക്കി. ഇതിലൂടെ എല്ലാത്തരം പെയ്‌മെന്റും നടത്താം. കാര്‍ഡ്, വോലറ്റ്, യുപിഐ ആപ്‌സ്, എന്തിന് കാശായിട്ടു പോലും ഈ മെഷിനിലൂടെ ഇടപാടു നടത്താനാകുമെന്ന് വിജയ് പറഞ്ഞു. മെഷീന് ഒരു ക്യൂആര്‍ കോഡ് ഉണ്ട്. ഇതിലൂടെ എല്ലാത്തരം കോണ്ടാക്ട് അല്ലെങ്കില്‍ കോണ്ടാക്ട്‌ലെസ് പണമിടപാടുകളും നടത്താം. ഈ മെഷീനില്‍ ഒരു പ്രിന്ററും സ്‌കാനറും ഉണ്ട്. ബില്ലടിക്കുകയും ചെയ്യാം.

 

പേടിഎമ്മിന്റെ ഇപ്പോഴത്തെ മൂല്യം 1600 കോടി ഡോളറാണ്. എന്നാല്‍, അവര്‍ക്ക് ശക്തരായ എതിരാളകളും ഉണ്ട്. ഫോണ്‍പേ, മൊബിക്വിക്, കോട്ടക് 811 തുടങ്ങിയവയ്‌ക്കൊപ്പം ഗൂഗിള്‍ പേ, ആമസോണ്‍ പേ, അടുത്തയായി അവതരിപ്പിപ്പിക്കാന്‍ പോകുന്ന വാട്‌സാപ് പേ തുടങ്ങയിവ പേടിഎമ്മിന് എതിരാളികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com