ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ സാങ്കേതികവിദ്യാ സമ്മേളനമായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് കൊറോണാവൈറസ് ഭീതി കാരണം ഉപേക്ഷിച്ചു. ഇതില്‍ പങ്കെടുക്കാനായി ലോകമെമ്പാടും നിന്നുള്ള 100,000 പേര്‍ ഫെബ്രുവരി 24-27 തിയതികളില്‍ ബാഴ്‌സലോണയിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വിവിധ കമ്പനികളുടെ നൂതന സാങ്കേതികവിദ്യകളും പുതിയ പ്രൊഡക്ടുകളും പരിചയപ്പെടുത്തുന്ന വേദിയുമായിരുന്നു ഇത്. 

 

ചില കമ്പനികള്‍ തങ്ങളുടെ പ്രതിനിധികളെ അയയ്ക്കില്ലെന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ജിഎസ്എംഎ ടെലികോംസ് അസോസിയേഷന്‍ തങ്ങള്‍ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. കൊറോണാവൈറസിന്റെ താണ്ഡവത്തിനു മുന്നില്‍ ഈ വേണ്ടന്നുവയ്ക്കല്‍ അനിവാര്യമായിരുന്നു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

 

കൊറോണാവൈറസിനെക്കുറിച്ച് ലോകത്തിന്റെ ഉല്‍കണ്ഠ കണക്കിലെടുത്ത് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് വേണ്ടന്നു വച്ചതായി ജിഎസ്എംഎ സിഇഒ ജോണ്‍ ഹോഫ്മാന്‍ അറിയിച്ചു. ജിഎസ്എംഎ ബോര്‍ഡിന്റെ മീറ്റിങ്ങിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡൂയിഷെ ടെലികോം, വൊഡാഫോണ്‍, ബിറ്റി, നോക്കിയ തുടങ്ങിയ കമ്പനികളും തങ്ങള്‍ ഇത്തവണ പ്രതിനിധികളെ അയയ്ക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ ടെലിഫോണ്‍ കമ്പനികളിലൊന്നായ സ്‌പെയ്‌നിലെ ടെലിഫോണിക്കാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാല്‍, ജിഎസ്എംഎ തങ്ങളുടെ തീരുമാനം അറിയിച്ചപ്പോള്‍ തങ്ങള്‍ക്ക് അവരുടെ നിലപാട് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് തിരുത്തി പറയുകയായിരുന്നു.

 

സമ്മേളനം നടക്കുമെന്നു കരുതിയിരുന്നപ്പോഴും ബാഴ്‌സലോണാ മേയര്‍ ജനങ്ങളോട് ശാന്തരായിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ലോകാരോഗ്യ സംഘടനയും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൈനയ്ക്കു വെളിയില്‍ സമ്മേളിക്കുന്നത് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന നിലപാടായിരുന്നു അവര്‍ കൈക്കൊണ്ടിരുന്നത്. എന്നാല്‍, ഇതൊന്നും സമ്മേളനത്തില്‍ പങ്കെടുക്കാനിരുന്ന കമ്പനികളുടെ ഭീതി കുറച്ചില്ലെന്നു കണ്ടാണ് ഇത്തവണത്തെ എംഡബ്ല്യൂസി വേണ്ടെന്നു വച്ചത്.

 

ചൈനയ്ക്കു വെളിയില്‍ കൊറോണാവൈറസ് പടരാതിരിക്കാനുള്ള നിലവിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അപര്യാപ്തമാണെന്ന നിലപാടാണ് പല കമ്പനികളും സ്വീകരിച്ചത്. ആളുകളെ ഒരുമിച്ചു കൊണ്ടുവരിക, അവരെ തമ്മില്‍ കണക്ട് ചെയ്യുക ഇതാണ് ടെലികോം ചെയ്യുന്നത്. അതു തന്നെയാണ് മൊബൈല്‍ വേള്‍ഡ്കോണ്‍ഗ്രസും ചെയ്യുന്നതെന്ന് ഡുയിഷെ ടെലികോമിന്റെ മേധാവി പറഞ്ഞു. എന്നാല്‍, വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുമെന്നത് പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു റിസ്‌ക് എടുക്കുക എന്നത് നിരുത്തരവാദിത്വപരമായിരിക്കുമെന്നും അദ്ദേഹം എഴുതി.

 

മുന്‍ വര്‍ഷങ്ങളില്‍ ഈ സമ്മേളനത്തിന് ഏകദേശം 5,000-6,000 പ്രതിനിധികളായിരുന്നു ചൈനയില്‍ നിന്ന് എത്തിയിരുന്നത്. ഇത് പലരിലും ഭീതി വര്‍ധിപ്പിച്ചുവെന്നും പറയുന്നു. ഇതുവരെ ഏകദേശം 1,100 ആളുകളാണ് കൊറോണാവൈറസ് ബാധമൂലം ചൈനയില്‍ മരിച്ചതായി അറിയിച്ചിരിക്കുന്നത്. എന്നാല്‍, ചൈനയില്‍ രോഗത്തിന്റെ പിടി അയയുകയാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ പ്രശ്‌നമുണ്ടാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

സമ്മേളനത്തിന് ആതിഥേയത്വം നല്‍കാന്‍ കാത്തിരുന്ന നഗരങ്ങളും പുതിയ തീരുമാനം തങ്ങള്‍ക്കു മനസ്സിലാകുമെന്നാണ് പ്രതികരിച്ചത്. ഹോട്ടലുകളും മറ്റും മാസങ്ങളായി ഇതിനായി ബുക്കു ചെയ്യപ്പെട്ടിരുന്നു. ഈ സമ്മേളനം മാറ്റിവയ്ക്കുക എന്നതും പ്രായോഗികമായി സാധ്യമല്ലാത്ത കാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ചൈനയില്‍ നിന്നുള്ള പ്രമുഖ നിര്‍മ്മാതാക്കള്‍ വാവെയ് കമ്പനിയുടെ നേതൃത്വത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ് അവസാന നിമിഷം വരെ ഉറച്ചു നിന്നതും അന്തിമ തീരുമാനത്തെ ബാധിച്ചുവെന്നും പറയുന്നു. ജിഎസ്എംഎ ചൈനയിലെ ഹുബെയ് പ്രവശ്യയില്‍ നിന്നുള്ള ആരും ഇത്തവണ എത്തരുതെന്ന് നിബന്ധന വച്ചിരുന്നു. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവര്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഈ പ്രവശ്യയില്‍ പ്രവേശിച്ചിട്ടില്ലെന്നതിന് തെളിവു ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ പോലും കൊറോണാവൈറസ് വാഹകരാകാമെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനാല്‍, പ്രത്യക്ഷത്തില്‍ രോഗമില്ലാത്തവരും മീറ്റിങ്ങിന് എത്തുന്നവര്‍ക്ക് രോഗം നല്‍കിയേക്കാമെന്ന ഭീതിയും സമ്മേളനം വേണ്ടന്നുവയ്ക്കാനുള്ള തീരുമാനത്തിന് കാരണമായി. സമ്മേളനത്തിലെത്തുന്ന ഓരോരുത്തരെയും ട്രാക്കു ചെയ്യുക എന്നത് അസാധ്യമായിരുന്നുവെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com