ADVERTISEMENT

മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ വെര്‍ച്വല്‍ റിയാലിറ്റിക്കാകുമോ? സാങ്കേതികവിദ്യയുടെ സഹായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചുപോയ ഏഴു വയസുകാരി മകളെ കാണുക മാത്രമല്ല തൊട്ടു നോക്കുകയും ശബ്ദം കേള്‍ക്കുകയും കൂടി ചെയ്തിരിക്കുകയാണ് ഈ ദക്ഷിണകൊറിയക്കാരി അമ്മ. ഒരു ദക്ഷിണകൊറിയന്‍ ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വികാരനിര്‍ഭരമായ ഈ പുനഃസമാഗമം. 

 

അജ്ഞാത രോഗത്തെ തുടര്‍ന്ന് 2016ല്‍ മരിച്ചുപോയ ഏഴുവയസുകാരി നിയോണിനെയാണ് മീറ്റിങ് യു എന്ന ടിവി പരിപാടിയുടെ ഭാഗമായി 'വെര്‍ച്വലി ജീവിപ്പിച്ചത്'. അമ്മയായ ജാങ് ജി സുങിന് ഈ വെര്‍ച്വല്‍ മകളെ തൊട്ടു നോക്കാനും കൈപിടിക്കാനും സംസാരിക്കാനും കളിക്കാനും ഇരുവര്‍ക്കും സാധിച്ചു.

 

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റും പ്രത്യേകം തയ്യാറാക്കിയ കയ്യുറകളും ധരിച്ചായിരുന്നു ജാങ് ജി സുങ് മകളെ കാണാന്‍ തയ്യാറായത്. കൊറിയന്‍ കമ്പനിയായ എം.ബി.സിയാണ് നെയോണിന്റെ മുഖവും ശരീരവും ശബ്ദവും പുനഃസൃഷ്ടിച്ചത്. തിളങ്ങുന്ന പര്‍പ്പിള്‍ വസ്ത്രം ധരിച്ച് ചിരിച്ചു നില്‍ക്കുന്ന നെയോണിനെ ഒരു പൂന്തോട്ടത്തില്‍ വെച്ച് ജാങ് കണ്ടു മുട്ടി. സ്വാഭാവികമായും വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം മകളുടെ രൂപത്തെ കാണ്ട ജാങ് വികാരാധീനയായി. 

 

vr-2

അമ്മയെന്നെ ഓര്‍ക്കാറുണ്ടോ എന്ന് തിളങ്ങുന്ന കണ്ണുകളോടെ നെയോണ്‍ ചോദിച്ചപ്പോള്‍ എപ്പോഴും എന്നായിരുന്നു ജാങിന്റെ മറുപടി. ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാനും ഒരുപാട് മിസ് ചെയ്യുന്നുവെന്ന് ജാങ്് മറുപടി നല്‍കി. മകളുടെ ഓര്‍മ്മക്കായി ചിതാഭസ്മം മാലയാക്കി കഴുത്തിലണിഞ്ഞിട്ടുണ്ട് ജാങ്. 

 

തൊടാന്‍ മടിച്ചു നിന്ന ജാങിനെ നെയോണ്‍ തന്നെയാണ് തൊട്ടുനോക്കാന്‍ പറഞ്ഞ് പ്രേരിപ്പിച്ചത്. കൈകള്‍ക്കുള്ളില്‍ മകളുടെ കൈകള്‍ വെച്ചപ്പോള്‍ ആ അമ്മയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകുകയായിരുന്നു. അല്‍പനേരത്തെ കളിചിരികള്‍ക്കൊടുവില്‍ ഒരു പൂവ് നല്‍കി എനിക്കിപ്പോള്‍ വേദനയില്ല അമ്മേ എന്നും കൂടി നെയോണ്‍ പറഞ്ഞു. പിന്നീട് ക്ഷീണമാകുന്നുവെന്ന് പറഞ്ഞ് നെയോണിന്റെ ഡിജിറ്റല്‍ രൂപം കിടന്നുറങ്ങുകയായിരുന്നു. 

 

അകാലത്തില്‍ പിരിയേണ്ടി വന്ന പ്രിയപ്പെട്ടവരെ ഇത്തരത്തില്‍ സ്വപ്‌നത്തിലെന്നപോലെ തിരിച്ചുകൊണ്ടുവരുന്നത് വളരെ നല്ല കാര്യമാണെന്ന രീതിയിലാണ് ജാങ് പിന്നീട് അഭിപ്രായപ്പെട്ടത്. അതേസമയം ഇതേ അഭിപ്രായമല്ല എല്ലാവര്‍ക്കുമുള്ളത്. മനുഷ്യന്റെ വൈകാരികതലത്തില്‍ പിടിച്ചുലക്കുന്ന ഈ വെര്‍ച്വല്‍ കളി അപകടം നിറഞ്ഞതാണെന്നാണ് മനശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 

 

ഇത്തരത്തില്‍ മരണാനന്തരമുള്ള ഡിജിറ്റല്‍ ജീവിതങ്ങളുടെ അനന്തരഫലം എന്താകുമെന്ന് ഉറപ്പില്ലെന്ന കാര്യം മറക്കരുതെന്നാണ് ഡോ. ബ്ല വിറ്റ്ബിയെ പോലുള്ളവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഡിജിറ്റലി ഒരു മനുഷ്യനെ പുനഃസൃഷ്ടിക്കാനാകുമെന്ന ഒരൊറ്റകാരണം കൊണ്ട് അതിന് മുതിരരുതെന്ന് വാദിക്കുന്നവരും നിരവധി. പ്രത്യേകിച്ചും മരിച്ചുപോയ ആളുടെ രൂപഭാവങ്ങളും പ്രതികരണങ്ങളും മറ്റു ചിലര്‍ സാങ്കേതികവിദ്യയുടെ സഹായത്തില്‍ സൃഷ്ടിക്കുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന വാദവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com