ADVERTISEMENT

ഇന്ന് ഫെബ്രുവരി 13– ലോകറേഡിയോ ദിനം. ടിവിയും ഇന്റര്‍നെറ്റും വരുന്നതിന് മുൻപ് റേഡിയോ ആയിരുന്നു മുഖ്യമാധ്യമം. മിക്ക വീട്ടിലെയും പ്രധാന ഉപകരണം കൂടിയായിരുന്നു റേഡിയോ. അന്നത്തെ കാലം റേഡിയോയിൽ കേട്ടിട്ടുള്ള ഓരോ പ്രോഗ്രാമും വാർത്ത വായിച്ചിരുന്നവരുടെ ശബ്ദം പോലും കൃത്യമായി അറിയാമായിരുന്നു. റേഡിയോയിലെ അന്നത്തെ ഫുട്ബോൾ, ക്രിക്കറ്റ് കമന്റ്രികളും സിനിമ, നാടക ശബ്ദരേഖയും ശ്രോതാക്കൾക്ക് വലിയ ആവേശം തന്നെയായിരുന്നു. ഇതേക്കുറിച്ച് സ്പോര്‍ട്സ് ലേഖകൻ ജാഫർ ഖാന്റെ ഫെയ്സ്ബുക് കുറിപ്പ്:

#ലോകറേഡിയോദിനം

കണ്ടതിനേക്കാൾ തെളിച്ചത്തിൽ കേട്ടവയായിരിക്കുമോ ഓർമയിൽ തങ്ങിനിൽക്കുക ? ടിവിയും ഇന്റര്‍നെറ്റും സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാലം, അന്ന് റേഡിയോയിൽ കേട്ട കളികൾക്ക് ഈയടുത്ത കാലത്ത് നേരിട്ട് കണ്ട കളികളേക്കാൾ തെളിച്ചമുണ്ടോ ?

 

'സത്യൻ വിങ്ങിലൂടെ കുതിച്ചു പായുന്ന ശറഫലിക്ക് പന്ത്‌ മറിച്ചു നൽകുന്നു, പാപ്പച്ചന് കൊടുത്ത പന്ത് ശറഫലി തന്നെ തിരിച്ചു വാങ്ങി. അതാ... പെനാൽറ്റി ബോക്സിൽ വിജയനും ഹബീബ് റഹ്‌മാനും കാത്തുനിൽക്കുന്നുണ്ട്, മനോഹരമായ ക്രോസ്സ്, ഇല്ലാ.. വിജയനെക്കാൾ ഉയരത്തിൽ ചാടി ഇല്ല്യാസ് പാഷ അപകടം ഒഴിവാക്കിയിരിക്കുന്നു. മൈതാന മധ്യത്തിൽ ഒരു കളിക്കാരൻ വീണു കിടക്കുന്നുണ്ട്, പൊലീസ് താരം ബാബു രാജ് ആണെന്ന് തോന്നുന്നു...'

 

അതുപോലെ എത്രയെത്ര മത്സരങ്ങൾ കേട്ടിരിക്കുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് 1992 ലെ കോഴിക്കോട് നാഗ്ജി ടൈറ്റാനിയം - മുഹമ്മദൻസ് ഫൈനൽ. ഇരു ടീമിലെയും കളിക്കാർ റേഡിയോയുടെ ശബ്ദത്തിൽ ഇന്നും മനസ്സിലുണ്ട്. രാജീവ് കുമാർ, റൊണാൾഡ്, മാത്യു വർഗീസ്, അൻവർ, അബ്ദുൽ റഷീദ്, തോമസ് സാമുവൽ, വിജയചന്ദ്രൻ, നസ്‌റുദ്ധീൻ, പി.എസ്. അഷീം, ബെനഡിക്ടറ്റ്, ഗണേശൻ, എം.ടി. അഷ്‌റഫ്, സഹീർ, സുരേഷ് കുമാർ, മാർട്ടിൻ. മുഹമ്മദൻസിലെ ഗോൾ കീപ്പർ അതാനു ഭട്ടാചാര്യ, ശാന്തകുമാർ എന്നീ പേരുകൾ വളരെ നീട്ടിയായിരുന്നു കമന്റേറ്റർ ഉച്ചരിച്ചിരുന്നത്. അലോക് സാഹ, സ്വപൻ ബോസ്, ആബിദ് ഹുസൈൻ, അബ്ദുൽ ഖാലിക്, പ്രദീപ് താലൂക്ദാർ... പേരുകളും ഗ്യാലറിയുടെ ആരവത്തിനൊപ്പം ചെവിയിൽ ഇന്നും ഇരമ്പുന്നു.

 

അന്ന് ഫൈനലിൽ തോറ്റ ടൈറ്റാനിയം ടീം അംഗങ്ങൾ കോച്ച് ഗബ്രിയേൽ ജോസഫ് സാറിന് അടുത്ത് നിരാശയോടെ, അതിലേറെ വേദനയോടെ നിൽക്കുന്നത് ഇപ്പോഴും മനസ്സിൽ കാണാനാവും, പക്ഷേ, അത് നേരിട്ടോ ടിവിയിലോ ഞാൻ കണ്ടിട്ടേയില്ല.

 

സന്തോഷ് ട്രോഫിയും നാഗ്ജിയും ഫെഡറേഷൻ കപ്പുമെല്ലാം പദ്മനാഭൻ‍ നായരും ഡി. അരവിന്ദനും നാഗവള്ളി ആർ‍.എസ്. കുറുപ്പും ദാമോദരനുമെല്ലാം വിവരിച്ചു തരുന്നത് കേൾക്കാൻ റേഡിയോ സെറ്റുകൾ‍ക്ക് മുന്നിൽ ‍ മലയാളികൾ തിക്കിത്തിരക്കിയിരുന്നു ഒരു കാലത്ത്.

 

റേഡിയോയിലൂടെ ലോക സമാധാനം

 

1946ൽ യുഎൻ റേഡിയോ രൂപം കൊണ്ട ഫെബ്രുവരി 13 റേഡിയോ ദിനമായി ആചരിക്കുന്നു റേഡിയോ പ്രക്ഷേപണത്തിന്റെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുകയും അതുവഴിയുള്ള വിവരക്കൈമാറ്റം ശക്തമാക്കുകയുമാണ് റേഡിയോ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകളിലേക്ക് ചെന്നെത്തുന്ന മാധ്യമമായി ഇന്നും റേഡിയോ തുടരുന്നു. ഫെബ്രുവരി 13 റേഡിയോ ദിനമായി ആചരിക്കണമെന്ന 2011ലെ യുനസ്കൊ പ്രമേയം 2012 ഡിസംബർ 18ന് ആണ് യുഎൻ പൊതുസഭ അംഗീകരിച്ചത്. ഇതുവഴി റേഡിയോയിലൂടെ ലോക സമാധാനത്തിനും വികസനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കാൻ യുഎൻ ആഹ്വാനം ചെയ്യുന്നു.

 

പ്രക്ഷേപണ ദിനം

 

ഇന്ത്യയിൽ നവംബർ 12 ദേശീയ പ്രക്ഷേപണ ദിനമായി ആചരിക്കുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിൽ ക്യാംപ് ചെയ്തിരുന്ന പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികളെ അഭിസംബോധന ചെയ്യാൻ 1947 നവംബർ‌ 12ന് ഗാന്ധിജി ന്യൂഡൽഹിയിലെ റേഡിയോ സ്റ്റേഷൻ സന്ദർശിച്ചതിന്റെ സ്മരണാർഥമാണ് ദേശീയ പ്രക്ഷേപണ ദിനം ആചരിക്കുന്നത്. ആകാശവാണിയിൽ ഗാന്ധിജിയുടെ ഏക സന്ദർശനവും ഇതാണ്.

 

റേഡിയോയുടെ പിറവി

 

ഇറ്റാലിയൻ ശാസ്ത്രജ്ഞനും നൊബേൽ‌ ജേതാവുമായ ഗൂഗ്ലിയെൽ മാർക്കോണിയാണ് റേഡിയോ കണ്ടുപിടിച്ചത്. പരീക്ഷണങ്ങൾക്ക് ഇറ്റാലിയൻ സർക്കാരിൽനിന്നു വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്തതിനാൽ ഇംഗ്ലണ്ടിലെത്തിയ മാർക്കോണി 1897ൽ മാർക്കോണി വയർലെസ് ടെലഗ്രാഫ് കമ്പനിയുടെ കീഴിൽ ആദ്യത്തെ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചു. കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകളിലേക്കാണു വയർലസ് സന്ദേശമെത്തിച്ചിരുന്നത്. 1901ൽ ലിവർപൂളിൽ നിന്ന് അയച്ച സന്ദേശം കടൽ കടന്ന് ടെറനോവയിലെ സെന്റ് ജോൺസിൽ ലഭിച്ചു. 1920ൽ ആദ്യത്തെ റേഡിയോ സെറ്റുകൾ നിലവിൽവന്നു. 1930ൽ ആധുനിക റേഡിയോ സെറ്റുകൾ വിപണിയിലെത്തി.

 

ഇന്ത്യയിൽ

 

ഇന്ത്യയിൽ 1923ൽ മുംബൈയിലെ റേഡിയോ ക്ലബ്ബാണ് ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയത്. 1930ൽ മുംബൈ, മദ്രാസ് എന്നിവിടങ്ങളിലെ സ്വകാര്യ റേഡിയോ സ്റ്റേഷനുകൾ ‘ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് സർവീസ്’ എന്ന പേരിൽ സർക്കാർ ഏറ്റെടുത്തു. 1936ൽ ഇത് ‘ഓൾ ഇന്ത്യാ റേഡിയോ’ ആയി. 1936ൽ മൈസൂരിൽ ആരംഭിച്ച ‘ആകാശവാണി’ എന്ന റേഡിയോ നിലയം 1941 സർക്കാർ ഏറ്റെടുത്തു. 1957ൽ ‘ഓൾ ഇന്ത്യാ റേഡിയോ’യ്ക്ക് ‘ആകാശവാണി’ എന്ന് നാമകരണവും ചെയ്തു. ‘AIR കോഡ്’ അനുസരിച്ചാണ് ആകാശവാണിയിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്. രാജ്യനിന്ദ, മതപ്രീണനം, മതസ്പർധ, ക്രമസമാധാന പ്രശ്നം, അശ്ലീലം, കോടതി അലക്ഷ്യം, ഭരണഘടനാ നിന്ദ തുടങ്ങിയുള്ള വിഷയങ്ങൾ പരിപാടികളിൽ കടന്നു വരാതെ AIR കോഡ് വിലക്കുന്നു. ആദ്യകാലത്ത് ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള വാർത്തകളും അവയുടെ പ്രാദേശിക ഭാഷാ തർ‌ജമകളുമാണുണ്ടായിരുന്നത്. എന്നാലിന്നു സ്വതന്ത്ര പ്രാദേശിക ഭാഷകളിലുള്ള വാർ‌ത്തകളാണുള്ളത്.

 

കേരളത്തിൽ

 

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 1943 മാർച്ച് 12നു തിരുവനന്തപുരത്തു സ്ഥാപിച്ച തിരുവിതാംകൂർ റേഡിയോ സ്റ്റേഷനാണുണ്ടായിരുന്നത്. 1950 ഏപ്രിൽ ഒന്നിന് ഇതിനെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്തു. 1950ൽ കോഴിക്കോട് നിലയവും 1954ൽ തൃശൂർ നിലയവും 1971ൽ ആലപ്പുഴയിലെ റിലേ നിലയവും നിലവിൽ വന്നു. 1989ൽ കൊച്ചിയിൽ ആദ്യത്തെ എഫ്എം നിലയം ആകാശവാണി ആരംഭിച്ചു. ആകാശവാണിയുടെ വാർത്താ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ്. പല ലോക, ദേശീയ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും ശബ്ദങ്ങൾ അടങ്ങിയ ശബ്ദ ശേഖര വിഭാഗം (Archives) തന്നെ ആകാശവാണിക്കുണ്ട്. ഇന്ത്യയിൽ 1997 നവംബർ 23നു നിലവിൽ വന്ന പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതിക്കു കീഴിലാണ് ആകാശവാണി.

 

പരിപാടികളിലൂടെ

 

വൈവിധ്യപൂർണമായ പരിപാടികളിലൂടെ ആകാശവാണി എല്ലാ വിഭാഗങ്ങളിലേക്കുമെത്തുന്നു. കർഷകർക്കായുള്ള വയലും വീടും, യുവാക്കൾക്കു വേണ്ടിയുള്ള യുവവാണി, കുട്ടികളുടെ ബാലമണ്ഡലം, ശാസ്ത്രാഭിരുചിയുള്ളവർ‌ക്കുള്ള ശാസ്ത്രലോകം... എന്നിങ്ങനെ വിവിധ നിലയങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. സുഭാഷിതം, വചനാമൃതം, പ്രകാശധാര, കുടുംബവേദി, തൊഴിലാളി മണ്ഡലം, നാടകങ്ങൾ, സാഹിത്യരംഗം, ചലച്ചിത്രഗാനങ്ങൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ, അക്ഷരശ്ലോകം, വിദ്യാഭ്യാസ പരിപാടികൾ, വനിതാവേദി, തപാൽപെട്ടി, സായന്തനം .. എന്നിങ്ങനെ നീളുന്നു ആകാശവാണിയുടെ കേരളത്തിലെ പരിപാടികൾ.

 

ആകാശവാണി കാണാൻ

 

ആകാശവാണി നിലയം കാണാനും പ്രക്ഷേപണ സംവിധാനങ്ങൾ പരിചയപ്പെടാനും കൂട്ടുകാർക്കും കഴിയും. സ്റ്റേഷൻ എൻജിനീയറുടെ മുൻകൂർ അനുമതി വാങ്ങി തൊട്ടടുത്ത റേഡിയോ നിലയം കാണാൻ വിദ്യാലയത്തിൽനിന്ന് തന്നെ അനുമതി നേടാം. കുട്ടികളുടെ പരിപാടികളിൽ പങ്കെടുക്കാനും വിദ്യാലയം മുഖേന കൂട്ടുകാർക്കു ശ്രമിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com