ADVERTISEMENT

ജിയോ ഫൈബർ പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളിൽ തന്നെ ഭാരതി എയർടെൽ തങ്ങളുടെ ബ്രോഡ്‌ബാൻഡ് സേവനം എയർടെൽ എക്‌സ്ട്രീം ഫൈബറിലേക്ക് പുനർനാമകരണം ചെയ്യുക മാത്രമല്ല ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കൂടുതൽ ഓഫറുകളുമായി വിപണി പിടിക്കാൻ തന്നെയാണ് എയർടെൽ ബ്രോഡ്ബാൻഡിന്റെ നീക്കം.

 

ആറ് മാസ, ഒരു വർഷ പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ചെന്നൈയിലെ എക്‌സ്ട്രീം ഫൈബർ ഉപഭോക്താക്കൾക്ക് എയർടെൽ പരിധിയില്ലാത്ത ഡേറ്റ നൽകാൻ ആരംഭിച്ചതായി ടെലികോം ടോക്കിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ മാറ്റം ഇപ്പോൾ എയർടെൽ താങ്ക്സ് ആപ്ലിക്കേഷനിലും ചെന്നൈ സർക്കിളിന്റെ എയർടെൽ വെബ്‌സൈറ്റിലും ദൃശ്യമാണ്. 799 രൂപയിൽ ആരംഭിക്കുന്ന ആറ് മാസത്തെ പ്ലാനും ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകളിലും പരിധിയില്ലാത്ത ഡേറ്റ ലഭിക്കും. എന്നാലും, 799 രൂപ, 999 രൂപ, പ്രതിമാസ 1,499 രൂപ പ്ലാനുകൾ എന്നിവയിൽ പരിധിയില്ലാത്ത ഡേറ്റ ലഭിക്കുന്നതിന് 299 രൂപ ആഡ്-ഓൺ ഓപ്ഷനും എയർടെൽ നൽകുന്നുണ്ട്.

 

799 രൂപയുടെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനൊപ്പം 299 രൂപ കൂടി അടച്ചാൽ എയർടെൽ നിങ്ങൾക്ക് പരിധിയില്ലാത്ത ഡേറ്റ നൽകും. 100 എം‌ബി‌പി‌എസ് വരെ വേഗമുണ്ടാകും. 999 രൂപ പ്ലാനിൽ 200 എം‌ബി‌പി‌എസ് വേഗത്തിൽ ഡേറ്റ ലഭിക്കും. 1,499 രൂപ പ്ലാനിൽ 300 Mbps വേഗമാണ് നല്‍കുന്നത്. മൂന്ന് പ്ലാനുകളിലൊന്നിന്റെ ആറു മാസം അല്ലെങ്കിൽ വാർഷിക പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കിൽ ആഡ്-ഓൺ ചാർജുകൾ നൽകാതെ നിങ്ങൾക്ക് പരിധിയില്ലാത്ത ഡേറ്റ ലഭിക്കും.

 

ഇപ്പോൾ, ചെന്നൈ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് പരിധിയില്ലാത്ത ഡേറ്റ നൽകുന്നതെന്ന് റിപ്പോർട്ടിലുണ്ട്. ഉപയോക്താക്കൾക്ക് നൽകുന്ന ഡേറ്റ പരിധിയില്ലാത്തതാണെന്ന് എയർടെൽ പറയുന്നുണ്ടെങ്കിലും എല്ലാ മാസവും 3.3 ടിബിയുടെ പരിധി ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

 

ഹൈദരാബാദിലും വിശാഖപട്ടണത്തും എയർടെലിന് പരിധിയില്ലാത്ത ബ്രോഡ്‌ബാൻഡ് ഡേറ്റാ പ്ലാനുകൾ ഉണ്ടെന്നത് ശ്രദ്ധേയമാണ്. ഈ രണ്ട് സർക്കിളുകളിലെയും 299 രൂപ ആഡ്-ഓണിനായി പണം നൽകേണ്ടതില്ല. എക്‌സ്ട്രീം ഫൈബർ അക്കൗണ്ടിന് കീഴിൽ പരിധിയില്ലാത്ത ഡേറ്റ ലഭ്യമാക്കുന്നതിനുള്ള ആറ് മാസത്തെ പ്ലാനിലേക്കോ വാർഷിക പദ്ധതിയിലേക്കോ സബ്‌സ്‌ക്രൈബു ചെയ്യേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com