ADVERTISEMENT

ആവശ്യമില്ലാത്തവരുടെ അടുത്തുകൂടല്‍, ആവശ്യപ്പെടാതെയുള്ള സെക്സ്റ്റിങ്, വിദ്വേഷ സംസാരങ്ങള്‍, ട്രോളിങ്, നിന്ദ്യതയോടെ പെരുമാറ്റം എന്നിവയാണ് ഇന്ത്യയില്‍ ആളുകള്‍ നേരിടുന്ന ഓണ്‍ലൈന്‍ ഭീഷണികളെന്ന് മൈക്രോസോഫ്റ്റ് നടത്തിയ ഗവേഷണ ഫലം പറയുന്നു. രാജ്യാന്തര സെയ്ഫര്‍ ഇന്റര്‍നെറ്റ് ഡേയോട് (Safer Internet Day) അനുബന്ധിച്ചു നടത്തിയ ഗവേഷണമാണ് പുറത്തുവിട്ടിരിക്കുന്നത്. ഓണ്‍ലൈനില്‍ നിന്ന് 'മര്യാദ' പുറത്തുപോകുന്ന കാഴ്ചയാണ് അവര്‍ കാണിച്ചുതരുന്നത്. ഇതിപ്പോള്‍ ഓണ്‍ലൈനിലാണെങ്കില്‍ താമസിയാതെ സമൂഹത്തിലും പ്രതിഫലിക്കും.

 

ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നതിനെയാണ് സെക്സ്റ്റിങ് എന്നു പറയുന്നത്. നേരിട്ടു കാണുമ്പോള്‍ മര്യാദയ്ക്കു സംസാരിക്കുന്ന (പകൽമാന്യൻമാർ) ചിലര്‍ പോലും ആപ്പുകള്‍ക്കു പിന്നിലെത്തിയാല്‍ ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നു. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭീഷണി നേരിടുന്ന 45 ശതമാനം പേര്‍ക്കും ആരാണ് അതിനു പിന്നിലെന്ന് വ്യക്തമായ ധാരണയുള്ളവരാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ടീനേജര്‍മാരില്‍ 71 ശതമാനം പേരും ഭീഷണി അനുഭവിച്ചവരാണ്. ഇവരില്‍ 81 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങള്‍ക്കു നേരെ ഇിനിയും ഭീഷണി ഉണ്ടാകുമെന്നാണ്. സമൂഹമാധ്യമ വെബ്‌സൈറ്റുകളിലാണ് ഏറ്റവുമധികം ഭീഷണി നിലനില്‍ക്കുന്നതെന്നും ടീനേജര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന കുട്ടികള്‍

 

ചെറുപ്പക്കാലത്തുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ കുട്ടികളുടെ മനസ്സില്‍ വന്‍ ആഘാതമായിരിക്കും സൃഷ്ടിക്കുക എന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളേല്‍ക്കേണ്ടി വരുന്നവര്‍ക്ക് പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസ്ഓര്‍ഡര്‍ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ആക്രമണത്തിനു ശേഷം വിഷാദരോഗികളായി പോകുന്നവരും ഉണ്ടെന്നാണ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. ചിലപ്പോഴെങ്കിലും നേരിട്ടുള്ള ആക്രമണങ്ങളെക്കാള്‍ ഭീകരമായിരിക്കും സൈബര്‍ ആക്രമണങ്ങളെന്നും ഗവേഷകര്‍ പറയുന്നു. ഇത് അവരുടെ ഭാവിയെതന്നെ പ്രശ്‌നത്തിലാക്കാം.

 

സാംസ്‌കാരിക നിലവാരം ഉയര്‍ത്തണമെന്ന് യുവതീ യുവാക്കള്‍

 

മൈക്രോസോഫ്റ്റിന്റെ സര്‍വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 67 ശതമാനം പേരും ആവശ്യപ്പെടുന്നത് സോഷ്യല്‍ മീഡിയ കമ്പനികള്‍ കൂടുതല്‍ സാംസ്‌കാരിക നിലവാവരമുള്ള ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ്. മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ സിവിലിറ്റി ഇന്‍ഡെക്‌സ് (ഇന്റര്‍നെറ്റ് മര്യാദാ സൂചിക) പ്രകാരം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദയനീയമാണ് ഇന്ത്യയുടെ നിലവാരം. അവര്‍ 25 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഇത് 2019ല്‍ മോശമാകുകയാണ് ഉണ്ടായത്. നിലവില്‍ 71 ശതമാനമാണ് ഇന്ത്യയുടെ സ്‌കോര്‍. ഇതില്‍ എത്ര കുറച്ചു മാര്‍ക്ക് ആണോ ലഭിക്കുന്നത് അത്തരം രാജ്യങ്ങളില്‍ നല്ല പെരുമാറ്റമാണ് നിലനില്‍ക്കുന്നത്. മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് 12 പോയിന്റെ വര്‍ധനയാണ് 2019ല്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്നും കമ്പനി വെളിപ്പെടുത്തി.

 

മുതിര്‍ന്നവരും ടീനേജര്‍മാരും അടക്കം 12,520 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ പറയുന്നത് ഒരാളെ കാണാന്‍ എങ്ങനെ ഇരിക്കുന്നു എന്നതും രാഷ്ട്രീയ നിലപാടുകളുമാണ് ആക്രമിക്കപ്പെടുന്നത് എന്നാണ്. ആക്രമണങ്ങളില്‍ 31 ശതമാനവും ഈ രണ്ടു വിഭാഗങ്ങളില്‍ പെടുന്നു. ലൈംഗിക താത്പര്യങ്ങള്‍ (Sexual orientation) ആണ് രണ്ടാം സ്ഥാനത്ത്. 30 ശതമാനം ആക്രമണങ്ങള്‍ക്കും കാരണം ഇതാണ്. ഇതിനു പിന്നാലെ ആക്രമിക്കപ്പെടുന്നത് വ്യക്തിയുടെ മതവും ജാതിയുമാണ്.

 

ഓണ്‍ലൈനിലെ പെരുമാറ്റത്തില്‍ ഏറ്റവും മികച്ചത് യുകെ, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആളുകളാണ്. ഏറ്റവും മോശം ഇടപെടല്‍ നടത്തുന്നത് വിയറ്റ്‌നാം, റഷ്യ, കംബോഡിയ, കൊളംബിയ, പെറു, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളലെ ആളുകളാണ് എന്നാണ് മൈക്രോസോഫ്റ്റ് ഗവേഷകര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com