ADVERTISEMENT

അടുത്ത ഐഫോണിനെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ ഇളകിമറിയുകയാണ് ഇന്റര്‍നെറ്റ്. ഇവയില്‍ പലതും ശരിയാകണമെന്നില്ല. എങ്കില്‍പ്പോലും അറിഞ്ഞുവയ്ക്കുന്നത് ഉപകാരമായിരിക്കും. ഇപ്പോള്‍ സെക്കന്‍ഡ്ഹാന്‍ഡ് വിപണിയില്‍ നിന്ന് ഒരു ഐഫോണ്‍ വാങ്ങാന്‍ ചിന്തിക്കുന്നവര്‍ അല്‍പ്പം കൂടെ കാത്തിരുന്നാല്‍ കുറഞ്ഞ വിലയ്ക്ക് ഗ്യാരന്റിയോടു കൂടെ മികച്ച പ്രൊഡക്ട് കയ്യിലെത്തിയേക്കാം. പുതിയ ഫോണിനെക്കുറിച്ച് പുതിയൊരു അഭ്യൂഹം കൂടെ പ്രചരിക്കുന്നുണ്ട്- അതിന്റെ ടച്ച് ഐഡി തന്നെയായിരിക്കാം പവര്‍ബട്ടണും എന്നാണത്. പ്രത്യേകം പവര്‍ബട്ടണ്‍ കാണണമെന്നില്ല, പകരം ടച്ച്‌ഐഡി അഥവാ ഫിസിക്കല്‍ ഹോം ബട്ടണില്‍ അമര്‍ത്തിയാല്‍ ഫോണ്‍ ഓണാക്കാവുന്ന രീതിയിലായിരിക്കും ഇത് എത്തുക എന്നാണ് സ്ഥിരീകരിക്കപ്പെടാത്ത ഒരു അവകാശവാദം. ഇത് കാത്തിരുന്നു കാണുക തന്നെയെ വഴിയുള്ളൂ. എന്തായാലും ഐഫോണ്‍ പ്രേമികള്‍ ആകാംക്ഷാഭരിതരാണ്. വില കേള്‍ക്കുന്ന അത്ര കുറവായിരിക്കുമോ എന്നതടക്കം ചില കാര്യങ്ങളും പ്രതീക്ഷിക്കുന്ന ചില ഫീച്ചറുകളിലൂടെയും കടന്നുപോകാം:

 

പേര്

 

ആപ്പിള്‍ ഇറക്കാന്‍ വിട്ടുപോയ 'ഐഫോണ്‍ 9' എന്നായിരിക്കാം ഇതിനെ വിളിക്കുക എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, ആയിരിക്കില്ല എസ്ഇ2 എന്നായിരിക്കും പേരെന്ന് വേറൊരു കൂട്ടര്‍ വാദിക്കുന്നു. എന്തായാലും ഫോണ്‍ അടുത്തമാസം തന്നെ അവതരിപ്പിച്ചേക്കും എന്നാണ് ഇരു വിഭാഗവും പറയുന്നത്.

 

വില

 

പുതിയ ഫോണിന്റെ വില 399 ഡോളറായിരിക്കുമെന്നാണ് പറയുന്നത്. ഇന്ത്യയില്‍ ഏകദേശം 26,000 രൂപയ്ക്ക് ഇത് അവതരിപ്പിക്കപ്പെട്ടേക്കാം എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ തന്നെ ഫോണ്‍ നിര്‍മ്മിക്കുകയാണെങ്കില്‍ ഈ വില ആയിരിക്കാന്‍ സാധ്യതയുണ്ട്. എന്തായാലും 30,000 രൂപയില്‍ അധികം കൂടില്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍, ചരിത്രം പരിശോധിച്ചാല്‍ കാര്യങ്ങള്‍ക്ക് മറ്റൊരു മാനം കൈവരും. ഐഫോണ്‍ എസ്ഇ 2016ല്‍ അവതരിപ്പിച്ചപ്പോള്‍ വില 39,000 രൂപയായിരുന്നു. ഗൂഗിളിന്റെ പിക്‌സല്‍ 3എ എക്‌സ്എല്‍ന്റെ പോലും എംആര്‍പി 50,000 രൂപയാണ്. അപ്പോള്‍ 26,000 രൂപയ്ക്ക് പുതിയ ഐഫോണ്‍ എന്നത് അതിമോഹമായിരിക്കാം. കൂടാതെ, ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 7, 7 പ്ലസ്, 8, 8പ്ലസ്, XR തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയെ നേരിട്ടു ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍, 26,000 രൂപയ്‌ക്കെങ്ങാനും പുതിയ ഫോണ്‍ വില്‍ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചാല്‍ അത് ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയെ ഒന്നടങ്കം മാറ്റിമറിക്കുന്ന ഒരു തീരുമാനമായിരിക്കാമെന്നു വിശ്വസിക്കുന്നവരും ഉണ്ട്.

 

ഡിസൈന്‍

 

ഐഫോണ്‍ 8ന്റെ ഡിസൈന്‍ തന്നെയായരിക്കും പുതിയ ഫോണിനെന്നാണ് പറയുന്നത്. ബെസല്‍ കുറയ്ക്കുകയും ചെയ്യുമെന്നും പറയുന്നു.

 

രണ്ടു മോഡലുകള്‍?

 

ചിലപ്പോള്‍ രണ്ടു മോഡലുകള്‍ ഇറങ്ങിയേക്കാമെന്നാണ് പറയുന്നത്. ഒന്ന് 4.7-ഇഞ്ച് സ്‌ക്രീന്‍ സൈസുളളതും രണ്ടാമത്തേത് 5.4-ഇഞ്ച് വലുപ്പമുള്ളതുമായിരിക്കും. മറ്റൊരു അഭ്യൂഹം പറയുന്നത് രണ്ടാമത്തേ മോഡലിന് 6.1-ഇഞ്ച് സ്‌ക്രീന്‍ സൈസ് ഉണ്ടായിരിക്കുമെന്നും അത് അടുത്ത വര്‍ഷമേ ഇറങ്ങൂ എന്നുമാണ്.

 

പവര്‍ ബട്ടണും ഹോം ബട്ടണും ഒന്ന്

 

ഇക്കാര്യത്തില്‍ ഉറപ്പില്ല. ഒരു കൂട്ടര്‍ പറയുന്നത് അതിനുള്ള സാധ്യതയുണ്ടെന്നാണ്. പുതിയൊരു ഡിസൈന്‍ കമ്പനി പരീക്ഷിക്കില്ലെന്ന് പറയാനാവില്ല. അങ്ങനെ വന്നാല്‍, ഐഫോണ്‍ 8നെക്കാള്‍ എന്തുകൊണ്ടും നല്ല ഡിസൈനും ആയിരിക്കും.

 

പ്രോസസര്‍

 

ഐഫോണ്‍ 11 പ്രോ മാക്‌സിനു ശക്തി പകരുന്ന അതേ എ13 ബയോണിക് പ്രോസസറായിരിക്കാം പുതിയ ഫോണിനെന്ന് ആദ്യം മുതല്‍ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍, ഇതില്‍ വാസ്തവമുണ്ടായിരിക്കുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. അതും ശരിയാണെങ്കില്‍ ഇപ്പോള്‍ വില്‍പ്പനയയിലുള്ള ഐഫോണ്‍ 7, 8 മോഡലുകളെ പൂര്‍ണ്ണമായും അപ്രസക്തമാക്കിയേക്കാം. ചിലപ്പോള്‍ XR മോഡലിന്റെ വില്‍പ്പന പോലും കുറഞ്ഞേക്കാം.

 

റാം

 

ഐഫോണ്‍ 9 അല്ലെങ്കില്‍ എസ്ഇ മോഡലിന് 3ജിബി റാം ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് അഭ്യൂഹം. ഐഫോണ്‍ 11, 11 പ്രോ മോഡലുകള്‍ക്ക് 4 ജിബിയാണ് റാം.

 

സംഭരണശേഷി

 

പുതിയ ഫോണിന് 64ജിബി/128ജിബി എന്നീ രണ്ടു സ്റ്റോറേജ് ശേഷിയുള്ള മോഡലുകളായിരിക്കും ഇറങ്ങുക എന്നും പറയുന്നു.

 

ഒറ്റ ക്യാമറ, ചുവപ്പു നിറം

 

പിന്നില്‍ ഒറ്റ ക്യാമറയേ കാണൂ എന്നതാണ് ഒരു കുറവായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നല്‍, XR മോഡലില്‍ പിടിപ്പിച്ചിരിക്കുന്നതു പോലെയുള്ള ഒറ്റ ക്യാമറയായിരിക്കുമതെന്നും പറയുന്നു. ചുവപ്പു നിറത്തിലുള്ള മോഡൽ ഇറങ്ങുമെന്നും പറയുന്നു.

 

ഫെയ്‌സ്‌ഐഡി

 

ഈ മോഡലിന് ഫെയ്‌സ്‌ഐഡി കാണുമെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍, അതിനു തീരെ സാധ്യതയില്ലെന്നു വാദിക്കുന്നവരും ഉണ്ട്. അത് XR മോഡലിന്റെ വില്‍പ്പനയെപ്പോലും ബാധിക്കാം.

 

അവതരണം എന്ന്?

 

പുതിയ ഫോണ്‍ മാര്‍ച്ചില്‍ അവതരിപ്പിക്കുമെന്നും അതേമാസം തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും പറയുന്നു.

 

ഉറപ്പിക്കാവുന്ന ചില കാര്യങ്ങള്‍

 

ഫോണിന് എല്‍സിഡി സ്‌ക്രീന്‍ ആയിരിക്കുമെന്ന് ഏറക്കുറെ ഉറപ്പിക്കാം. ഒറ്റ പിന്‍ ക്യാമറയെ കാണൂവെന്നും ഉറപ്പിക്കാം. ഓലെഡ് സ്‌ക്രീനുകളുള്ള ഫോണുകള്‍ക്ക് ഇത് നേരിട്ടു വെല്ലുവിളി ഉയര്‍ത്തില്ല. എന്നാല്‍, ഈ ഫോണിന്റെ കുറവുകളൊന്നും അതു വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു പ്രശ്‌നമായിരിക്കില്ല. 26,000 രൂപയ്ക്ക് പുതിയ ഐഫോണ്‍ കയ്യില്‍ കിട്ടുക എന്നത് പലര്‍ക്കും ഒരു സ്വപന്‌ സാക്ഷാത്കാരമായിരിക്കും. ഇന്ത്യന്‍ സമാര്‍ട് ഫോണ്‍ വിപണിയില്‍ അത് വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, വില ആദ്യ എസ്ഇ മോഡലിന്റെ അത്രത്തോളം വരുമെങ്കിൽ ആളുകള്‍ നിരാശരായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com