ADVERTISEMENT

സമൂഹ മാധ്യമങ്ങളെ തളയ്ക്കാന്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. എന്നാല്‍, അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ അല്‍പ്പം മുമ്പ് ഇത്തരം കുറച്ചു നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാലിപ്പോള്‍ പുതിയതായി കൊണ്ടുവന്ന നിയമങ്ങള്‍ നീക്കം ചെയ്യണമെന്ന് പാക്കിസ്ഥാന്‍ ഗവണ്‍മെന്റിനോട് 'ദി എഷ്യാ ഇന്റര്‍നെറ്റ് കോആലിഷന്‍'  (എഐസി) ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം കടുത്ത സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ പല കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലാതെ വരും. അതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും തകരമാമെന്നാണ് എഐസി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

 

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ നിയമങ്ങള്‍ കഴിഞ്ഞ മാസം അവസാനമാണ് പാക്കിസ്ഥാന്‍ സർക്കാർ പ്രഖ്യാപിച്ചത്. പുതിയ നിയമങ്ങള്‍ പാലിച്ചു തുടങ്ങാന്‍ എല്ലാ ഡിജിറ്റല്‍ കമ്പനികള്‍ക്കും മൂന്നു മാസം സാവകാശവും നല്‍കിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം സമൂഹ മാധ്യമങ്ങള്‍ വ്യക്തികളെക്കുറിച്ചുള്ള വിവരവും ഡേറ്റയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആവശ്യപ്പെടുമ്പോള്‍ കൈമാറണം. നല്‍കാതിരുന്നാല്‍ 50 കോടി പാക്കിസ്ഥാന്‍ രൂപയാണ് പിഴ. 

 

ഗൂഗിള്‍, ഫെയ്‌സ്ബുക്, ട്വിറ്റര്‍, ആമസോണ്‍, എയര്‍ബിഎന്‍ബി, ആപ്പിള്‍, ബുക്കിങ്‌സ്.കോം, എക്‌സ്പീഡിയ ഗ്രൂപ്, ഗ്രാബ്, ലിങ്ക്ട്ഇന്‍, ലൈന്‍, യാഹു തുടങ്ങിയ വമ്പന്‍ കമ്പനികളുടെ കൂട്ടായാമയാണ് ദി ഏഷ്യാ ഇന്റര്‍നെറ്റ് കോആലിഷന്‍. പുതിയ നിയമങ്ങള്‍ വരുന്നതോടെ ഡിജിറ്റല്‍ കമ്പനികള്‍ക്ക് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുക അത്യന്തം ദുഷ്‌കരമായിരിക്കുമെന്നാണ് എഐസിയുടെ മാനേജിങ് ഡയറക്ടര്‍ ജെഫ് പെയ്ന്‍ പറഞ്ഞത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അയച്ച കത്തില്‍ പെയ്ന്‍ നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത് പുതിയ നിയമങ്ങള്‍ ആശയപ്രകടനത്തിനും വിവരങ്ങള്‍ അറിയാനുള്ള അവകാശത്തിനും എതിരാണ് എന്നാണ്.

 

കമ്പനികള്‍ മുതലിറക്കാന്‍ മടിക്കും

 

തങ്ങളുടെ രാജ്യത്ത് മുതല്‍ മുടക്കാനും പുതിയ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങാനും പാക്കിസ്ഥാന്‍ ആഗോള ഭീമന്മാരെ ക്ഷണിച്ചിരുന്നു. എന്നാല്‍, പെയ്ന്‍ പറയുന്നത് പാക്കിസ്ഥാന്റെ പെട്ടെന്നുള്ള പ്രഖ്യാപനം എല്ലാം താറുമാറാക്കിയെന്നാണ്. മുതലിറക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ ഇനി വീണ്ടും ചിന്തിക്കും. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ എഐസിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് പാക്കിസ്ഥാനില്‍ മുതലിറക്കുക വിഷമംപിടിച്ച കാര്യമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

 

ഇത്ര ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുൻപ് ഇതു ബാധിച്ചേക്കാവുന്ന കമ്പനികളോട് ഒന്ന് ആലോചിക്കാന്‍ പോലും തുനിഞ്ഞില്ല എന്നതും ഉല്‍കണ്ഠ ഉളവാക്കുന്ന കാര്യമാണെന്ന് പെയ്ന്‍ പറഞ്ഞു. പുതിയ നിയമങ്ങള്‍ പാക്ക് പൗരന്മാരുടെയും മനുഷ്യാവകാശഗ്രൂപ്പുകളുടെയും മാധ്യമ കമ്പനികളുടെയും സംരക്ഷണത്തിനു വേണ്ടിയാണ് പുതിയ നിയമങ്ങള്‍ എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമാണ് സർക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ആരോപിച്ചു.

 

പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ പരിഗണിക്കണമെന്ന് എഐസി ആവശ്യപ്പെട്ടു. അപ്രതീക്ഷിതവും, ഗുണകരമല്ലാത്തതുമായ ആഘാതം പാക്കിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്‍പ്പിക്കാന്‍ കെല്‍പ്പുള്ളതാണ് പുതിയ നിയമങ്ങളെന്ന് എഐസി മുന്നറിയിപ്പു നല്‍കുന്നു. ഓണ്‍ലൈനില്‍ ഉണ്ടെന്നു പാക്കിസ്ഥാന്‍ സർക്കാർ പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ കംപ്യൂട്ടിങ് ടൂളുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങളായി സഹകരിച്ചു വരികയായിരുന്നു എന്നും എഐസി വെളിപ്പെടുത്തി.

 

പുതിയ നിയമങ്ങള്‍ പലയിടത്തും ഏകപക്ഷിയമാണെന്നും വേണ്ടത്ര കൂടിയാലോചന ഇല്ലാതെ എടുത്തവയാണെന്നും എഐസി ആരോപിക്കുന്നു. കൂടിയാലോചനയുടെ അഭാവമെന്നത് പ്രശ്‌നമുള്ള കാര്യമാണ്. ഉപയോക്താക്കളുടെ സ്വകാര്യത എന്നത് ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്. അതുപോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കലും നല്ല പ്രവണതയല്ല. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന രീതി, അന്തര്‍ദേശീയ കമ്പനികളെ പാക്കിസ്ഥാനിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുനരവലോകനം നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നും അവര്‍ പറയുന്നു. പാക്കിസ്ഥാനിലെ മാറുന്ന രീതികളെകുറിച്ചു പഠിച്ച ശേഷം മാത്രമായിരിക്കും ഇനി നിക്ഷേപമിറക്കുക.

 

പാക്കിസ്ഥാന്‍ മന്ത്രിസഭ ഒപ്പുവച്ച പുതിയ നിയമങ്ങള്‍ പ്രകാരം സമൂഹ മാധ്യമ കമ്പനികള്‍ ഇനിമേല്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയും അംഗീകരിക്കാനാകാത്ത ഉള്ളടക്കമാണ് എന്നു സർക്കാർ തീരുമാനിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുകയും വേണം. ഈ നിയമങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് പാസാക്കിയതെന്നും ആരോപണമുണ്ട്. ഏകദേശം സമാന സ്വഭാവമുള്ള നിയമങ്ങളാകാം താമസിയാതെ ഇന്ത്യയിലും നിലവില്‍ വരിക എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇതേക്കുറിച്ച് പല വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. എന്തെല്ലാം പരിഷ്‌കാരങ്ങളായിരിക്കും പുതിയ നിയമങ്ങള്‍ കൊണ്ടുവരിക എന്നതും അത് രാജ്യാന്തര കമ്പനികളുടെ ബിസിനസ് താത്പര്യത്തെ സംരക്ഷിക്കുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com