ADVERTISEMENT

അവതരിപ്പിക്കപ്പെട്ടതു മുതല്‍ ഉപയോക്താക്കളില്‍ ആസക്തി വളര്‍ത്തുന്ന ഒരു ഉപകരണമായാണ് സ്മാര്‍ട് ഫോണ്‍ അറിയപ്പെടുന്നത്. നിരവധി ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്യാവുന്ന ഉപകരണമാണെങ്കിലും പലര്‍ക്കും അത് താഴെവയ്ക്കാനേ കഴിയാത്ത അവസ്ഥയുമുണ്ട്. രാത്രിയിലെ അമിത സ്മാര്‍ട് ഫോണ്‍ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. സര്‍ഗാത്മതകയ്ക്ക് ഭംഗംവരുത്തുന്നു. സ്മാര്‍ട് ഫോണുകളുടെ അമിതോപയോഗം മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരുമ്പോള്‍ ജനിപ്പിക്കപ്പെടുന്ന ആശങ്ക മുതല്‍ ഗെയ്മിങ് ആസക്തി വരെ നിരവധിയുണ്ട് സാധാരണക്കാര്‍ വരെ നേരിടുന്ന പ്രശ്‌നങ്ങള്‍.

 

നാസയുടെ സ്‌പെയ്‌സ് എന്‍ജിനീയറായ ജസ്റ്റിന്‍ ആപ്റ്റ് (Justine Haupt ) ആണ് ഫോണുകള്‍ അത്ര സങ്കീര്‍ണ്ണമാകേണ്ട കാര്യമില്ലെന്നു തീരുമാനിച്ചത്. ഇതിനാല്‍, ഡയല്‍ ചെയ്യുന്ന പഴയ ലാന്‍ഡ്‌ലൈനിന്റെ മാതൃകയില്‍ ഒരു സെല്‍ഫോണ്‍ സൃഷ്ടിച്ചിരിക്കുകയാണ്. റോട്ടറി സെല്‍ഫോണ്‍ എന്നാണ് അവരതിനെ വിളിക്കുന്നത്. ഇത്തരം ഡയലുകളുള്ള ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ ഇന്നും വിരളമായി കാണാമെങ്കിലും 1990കള്‍ വരെ പല വീടുകളിലും ഇതിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ അക്കാലത്തെ കുട്ടികള്‍ക്ക് ഈ ഡയല്‍ പരിപൂര്‍ണ്ണ അപരിചിതത്വം സൃഷ്ടിക്കില്ല. വേണ്ട നമ്പറുകള്‍ ഇരിക്കുന്ന കള്ളിയില്‍ കറക്കിയാണ് ഡയല്‍ ചെയ്യുന്നത്. ഇത് വളരെ ക്ലേശകരമായ ഒരു രീതിയായി ഇക്കാലത്തെ കുട്ടികള്‍ക്ക് തോന്നാമെങ്കിലും കൗതുകമുണര്‍ത്തുന്ന ഒന്നുമാണ്.

nasa-engineer-phone-1

 

തനിക്കു കിട്ടിയ ഒരു പഴയ ലാന്‍ഡ്‌ലൈന്‍ ഫോണിന്റെ ഡയലര്‍ പ്രയോജനപ്പെടുത്തിയാണ് ആപ്റ്റ് തന്റെ പുതിയ ഫോണ്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം ഒരു സര്‍ക്യൂട്ട് ബോര്‍ഡും അവര്‍ സൃഷ്ടിച്ചു. വേണ്ട ചിപ്പുകളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നതിനാല്‍ അത് സുഗമായി പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം ഉചിതമായ 3ഡി പ്രിന്റഡ് ബോക്‌സിനുള്ളില്‍ പിടിപ്പച്ച ശേഷം അതിനു മുകളിൽ ഒരു ഡയലും പിടിപ്പിച്ചിരിക്കുകയാണ് ആപ്റ്റ്. വേണ്ട നമ്പറിനുള്ളില്‍ വിരല്‍ വച്ച് കറക്കിയാണ് ഡയല്‍ ചെയ്യുന്നത്.

nasa-engineer-phone-2

 

ആദ്യ തലമുറയിലെ മൊബൈല്‍ ഫോണുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരു ആന്റിനയും ആപ്റ്റ് നിര്‍മ്മിച്ച ഫോണില്‍ കാണാം. ഫോണിനു പിന്നിലായി ഒരു ചെറിയ ഇ-ഇങ്ക് ഡിസ്‌പ്ലേയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലാണ് മിസ്ഡ് കോള്‍ തുടങ്ങിയ വിവരങ്ങള്‍ കാണാനാകുക. നെറ്റ്‌വര്‍ക്കിന്റെ ശേഷി കാണിക്കാന്‍ 10 എല്‍ഇഡി ലൈറ്റുകളും പിടിപ്പിച്ചിട്ടുണ്ട്. സെല്‍ഫോണിലെ സിഗ്നല്‍ ബാറുകള്‍ പോലെ, എത്ര എല്‍ഇഡി തെളിയുന്നു എന്നതില്‍ നിന്ന് എന്തുമാത്രം സിഗ്നല്‍ ലഭിക്കുന്നു എന്നും മനസ്സിലാക്കാനാകുന്നു.

 

ഇന്നത്തെ സെല്‍ഫോണുകള്‍ക്കുമേല്‍ ഉപയോക്താക്കള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. അവയുടെ നിഗൂഢമായ പ്രവര്‍ത്തനത്തെക്കുറിച്ച് ഉപയോക്താവിന് ഒരറിവും ഇല്ല. അത്തരമൊരു സാഹചര്യമാണ് പുതിയ ഫോണിനെക്കുറിച്ച് ചിന്തിക്കാൻ ആപ്റ്റിനെ പ്രേരിപ്പിച്ചത്. ഇത്തരമൊരു ഫോണാണ് താന്‍ ഉപയോഗിക്കുന്നതെന്നു പറഞ്ഞാല്‍ തനിക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാതിരിക്കാനുള്ള ഒഴികഴിവാകുമെന്നും അവര്‍ പറയുന്നു.

 

വേഗം ഡയല്‍ ചെയ്യേണ്ട ഏതാനും നമ്പറുകള്‍ സ്റ്റോർ ചെയ്തുവയ്ക്കാനായി സ്പീഡ് ഡയലുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹൈപ്പര്‍ കണക്ടഡ് ലോകത്തു നിന്ന് രക്ഷപെടാന്‍ ഇത്തരമൊരു ഫോണ്‍ ഉണ്ടാക്കിയാലോ എന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അതിനു വേണ്ട നിര്‍ദ്ദേശങ്ങളും ഡയഗ്രങ്ങളും ആപ്റ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com