ADVERTISEMENT

ടെലികോം കമ്പനികള്‍ സർക്കാരിലേക്ക് അടയ്ക്കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആര്‍) കുടിശിക തുകയായ 1.47 ലക്ഷം കോടി രൂപ അടയ്ക്കാതെ നടക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ വ്യവസായം വമ്പന്‍ പ്രതിസന്ധിയിലേക്കു നീങ്ങനുള്ള സാധ്യതയാണ് കാണുന്നത്. കമ്പനികള്‍ക്ക കരകയറാനുള്ള എളുപ്പ മാര്‍ഗ്ഗം അവര്‍ക്കു നഷ്ടമാകുന്ന തുക ഉപയോക്താക്കളില്‍ നിന്നു പിടിച്ചെടുക്കുക എന്നതാണ്. അങ്ങനെയാണ് കാര്യങ്ങള്‍ ഉരുത്തിരിയാന്‍ പോകുന്നതെങ്കില്‍ കോള്‍, ഡേറ്റാ നിരക്കുകള്‍ ഉയരാം. കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെ അപ്രതീക്ഷിത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ടെലികോം വ്യവസായം. ഒരു പക്ഷേ, ഇനി ജിയോയും എയര്‍ടെലും മാത്രം ശേഷിക്കുന്ന ഒരു അവസ്ഥാവിശേഷം പോലും ഉരുത്തിരിയാമെന്നും അങ്ങനെ വന്നാല്‍ അത് ഉപയോക്താകവിന് ഭാവിയില്‍ കുരുക്കാകാനാണു വഴിയെന്നും വാദിക്കുന്നവരും ഉണ്ട്.

 

കഴിഞ്ഞ 14 വര്‍ഷമായി തുടര്‍ന്നുവന്നിരുന്ന നിയമ യുദ്ധത്തിനൊടുവിവിൽ, കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കോടതി ടെലികോം ഭീമന്മാര്‍ അടയ്ക്കാതെ കിടക്കുന്ന കുടിശിക അടയ്ക്കണമെന്ന വിധി പ്രസ്താവിച്ചത്. ഇനിയും തുക അടയ്ക്കാത്ത കാര്യത്തില്‍ കോടതി ഉല്‍കണ്ഠയും രോഖപ്പെടുത്തിയതോടെ സർക്കാർ ഇത് ഈടാക്കാനുള്ള ശ്രമത്തിലാണ്. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ടെലികോം വ്യവസായം കൂടുതല്‍ പ്രശ്‌നങ്ങളിലേക്കായിരിക്കാം നീങ്ങുക. ചില കമ്പനികള്‍ തങ്ങളുടെ കുടിശികയുടെ ഒരു ഭാഗം അടച്ചെങ്കിലും ഇനിയും ബാക്കിയുണ്ട്. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ടെലികോം കമ്പനികള്‍ 3-5 ശതമാനം സ്‌പെക്ട്രം യൂസേജ് ചാര്‍ജ് ആയും 8 ശതമാനം ലൈസന്‍സ് ഫീ ആയും നല്‍കണം. ഇതെല്ലാം അടയ്ക്കാതെ കിടന്ന് വര്‍ധിച്ചാണ് 1.47 ലക്ഷം കോടി എന്ന തുകയിലേക്ക് എത്തിയത്. ഇതില്‍ 92,642 കോടി രൂപ അടയ്ക്കാത്ത ലൈസന്‍സ് ഫീ ആണ്.  55,054 കോടി രൂപസ്‌പെക്ട്രം യൂസേജ് ചാര്‍ജും. ഭാര്‍തി എയര്‍ടെല്‍ (35,500 കോടി രൂപ), വോഡഫോണ്‍-ഐഡിയ (53,000 കോടി രൂപ), ടാറ്റാ ടെലിസര്‍വീസസ് (14,000 കോടി രൂപ) എന്നിങ്ങനെയാണ് അടയ്ക്കാതെ കിടക്കുന്ന തുക. ബിഎസ്എന്‍എലിനുമുണ്ട് കുടിശിക- 4,989 കോടി രൂപ. എംടിഎന്‍എല്‍ 3,122 കോടി രൂപ. ഇത് അടച്ചു കഴിഞ്ഞാല്‍ ഈ സ്ഥാപനങ്ങളുടെ അവസ്ഥ എന്താകുമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

 

എയര്‍ടെല്‍ തങ്ങളുടെ കുടിശികയില്‍ 10,000 കോടി രൂപ കെട്ടി. ബാക്കി തുക മാര്‍ച്ച് 17ന് മുൻപ് അടയ്ക്കാമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. വോഡഫോണ്‍-ഐഡിയ പറയുന്നത് തങ്ങള്‍ക്ക് ഇപ്പോള്‍ 2500 കോടി രൂപയെ അടയ്ക്കാനാകൂ എന്നാണ്. ആയിരം കോടി രൂപ കൂടെ പിന്നീട് അടയ്ക്കാമെന്നും അവര്‍ പറയുന്നു. തങ്ങളുടെ അവസ്ഥ മനസ്സിലാക്കി തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചത്. തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യവും അവര്‍ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നതും സത്യമാണ്.

 

ചെറുതും വലുതുമായ 15 കുടിശികക്കാരാണ് ഉള്ളത്. ഇവര്‍ക്കെല്ലാം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം കത്തുകളയച്ചെങ്കിലും രണ്ടു കമ്പനികള്‍ മാത്രമാണ് പ്രതികരിച്ചിരിച്ചിരിക്കുന്നത്. മറ്റു കമ്പനികളെ അപേക്ഷിച്ച് താമസിച്ചു പ്രവര്‍ത്തനം തുടങ്ങിയ റിലയന്‍സ് ജിയോയുടെ കുടിശിക 195 കോടി രൂപയായിരുന്നു. അവര്‍ തുക ജനുവരിയില്‍ അടച്ച് കുടിശിക തീര്‍ത്ത ഏക ഓപ്പറേറ്ററായി.

 

ടെലികോം മേഖലയ്ക്ക് ഏറ്റേക്കാവുന്ന ആഘാതം അവരില്‍ മാത്രം ഒതുങ്ങില്ല. അതിന്റെ തുടര്‍ചലനങ്ങള്‍ വിവിധ മേഖലകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. എസ്ബിഐ മേധാവി രജ്‌നിഷ് കുമാര്‍ പറയുന്നത് ബാങ്കുകള്‍ക്കായിരിക്കും അവസാനം അതിന്റെ ആഘാതം ഏല്‍ക്കുക എന്നാണ്. പ്രശ്‌നമുണ്ടായാല്‍ അത് ഒതുങ്ങിത്തീരില്ല. അത് വിവിധ മേഖലകളിലേക്ക് പകരാമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്ര വലിയ തുക നൽകാനാവില്ല, തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ പുറമേ നിന്നുള്ള സഹായത്തോടെ മാത്രമെ ടെലികോം സെക്ടറിന് പിടിച്ചുനില്‍ക്കാനാകൂ. പാപ്പരാകലിനേക്കാളേറെ ചില കമ്പനികള്‍ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തും. എതിരാളികള്‍ കുറയും. അങ്ങനെ വരുമ്പോള്‍ ടെലികോം രംഗത്ത് കാര്യമായ മത്സരമില്ലാതെ വരും. ഇവിടെ നഷ്ടം ഉപയോക്താവിനായിരിക്കും. ഏതാനും കമ്പനികള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുന്ന രീതി വരാം. ഒരു പക്ഷേ, അത്തരം സാഹചര്യം മുന്നില്‍ക്കണ്ട് കരുക്കള്‍ നീക്കിയവരും ഉണ്ടായരിക്കാം. ശേഷിക്കാന്‍ പോകുന്ന കമ്പനികള്‍ ഒരു പക്ഷേ റിലയന്‍സ് ജിയോയും, എയര്‍ടല്ലും മാത്രമാകാം.

 

ഉപയോക്താക്കള്‍ക്ക് എന്ത് ആഘാതമായിരിക്കാം ഇതു വരുത്താന്‍ പോകുന്നതെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല. ചില മാറ്റങ്ങള്‍ അനിവാര്യമാണ്. ശേഷിക്കന്ന ടെലികോം ഓപ്പറേറ്റര്‍മാര്‍ ലാഭമുണ്ടാക്കുന്ന രീതി മാറ്റിയേക്കാം. നിരക്കു വര്‍ധന ഒരു സാധ്യതയാണ്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ഡേറ്റയുടെയും കോളിന്റെയും നിരക്ക് ചെറുതായി ആണെങ്കില്‍ പോലും വര്‍ധിപ്പിച്ചു കഴിഞ്ഞു. ടെലികോം കമ്പനികളെ സഹായിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടാല്‍ അതും ഉപയോക്താക്കളെ ബാധിച്ചേക്കും. നഷ്ടം നികത്തല്‍ ഉപയോക്താക്കളില്‍ നിന്നാവില്ല എന്നൊക്കെയാണ് വാദമെങ്കിലും മറ്റൊരു വഴിയും കാണുന്നില്ലെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com