ADVERTISEMENT

പ്രശസ്തരോട് പ്രിയം കാണിക്കുന്നവരും അവരെ ഭീഷണിപ്പെടുത്തുന്നവരും ഉണ്ട്. ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നിന്റെ മേധാവിയായ ടിം കുക്കിന് ഇന്ത്യന്‍ വംശജനായ ഒരാളില്‍ നിന്ന് ഭീഷണി നേരിട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അരോപണ വിധേയനായ രാകേഷ് 'റോക്കി' ശര്‍മ്മയോട് അമേരിക്കയിലെ ഒരു കോടതി പറഞ്ഞത് ടിം കുക്കില്‍ നിന്നും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ വില്യം ബേണ്‍സില്‍ നിന്നും കുറഞ്ഞത് 200 അടി അകലം പാലകിക്കാനാണ്. ടിം കുക്ക് തന്നെ കൊല്ലാൻ ശ്രമിച്ചെന്നാണ് രാകേഷ് ആരോപിക്കുന്നത്.

 

കുക്കിനെയും അദ്ദേഹത്തിന്റെ കമ്പനിയിലെ പല ഉദ്യോഗസ്ഥരെയും റോക്കി എന്ന് അറിയപ്പെടുന്ന രാകേഷ് ശര്‍മ്മ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കുക്കിന്റെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറുകയും അദ്ദേഹത്തിന് ഭീഷണിയുടെ വോയ്സ് മെസേജ് അയക്കുകയും ചെയ്തു എന്നാണ് കോടതി പരിഗണിക്കുന്ന കേസ്. 2019 ഡിസംബര്‍ 4 നാണ് കുക്കിന്റെ വീട്ടുവളപ്പില്‍ രാകേഷ് ആതിക്രമിച്ചു കയറിയത്. ആപ്പിൾ എക്‌സിക്യൂട്ടീവ് ടീമിനെയും രാകേഷ് ഭീഷണിപ്പെടുത്തിയത്രെ. ഡേവ് ഗെര്‍ഷ്‌ഗോര്‍ണ്‍ എന്നയാള്‍ക്കു ലഭിച്ച രേഖകളാണ് ഈ കേസിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

 

കുക്കിനും അദ്ദേഹത്തിന്റെ കമ്പനിയിലുളള പലര്‍ക്കും പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു റോക്കിയുടെ രീതി. സാന്‍ഫ്രാന്‍സികോയില്‍ താമസിക്കുന്ന 41 വയസുകാരനാണ് രാകേഷ് ശര്‍മ്മ. അയാള്‍ 'റോക്കി' എന്ന പേരിലും അറിയപ്പെടുന്നു. രാകേഷിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. മാര്‍ച്ച് 3നാണ് കോടതി ഇനി ഈ കേസ് പരിഗണിക്കുക. അതുവരെ കുക്കില്‍ നിന്നും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്നും ആപ്പിളിന്റെ ജോലിക്കാരില്‍ നിന്നും അകലംപാലിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

 

കോടതിയില്‍ നിന്നുള്ള രേഖകള്‍പ്രകാരം രാകേഷ് ക്രമവിരുദ്ധവും, ഭീഷണിപ്പെടുത്തുന്നതും, വിചിത്രവുമായ പെരുമാറ്റമാണ് നടത്തിയിരിക്കുന്നത്. കുക്കിന്റെ വീട്ടുവളപ്പിലേക്ക് കടക്കാന്‍ രണ്ടുതവണ രാകേഷ് ശ്രമിച്ചുവെന്നും പറയുന്നു. ഇതില്‍ ആദ്യത്തെ തവണ പാളോ ആള്‍ട്ടോയിലുള്ള കുക്കിന്റെ അടച്ചിട്ടു കിടന്ന ഗേറ്റിലൂടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നുവെന്നും പൂക്കളും ഒരു കുപ്പി ഷാംപെയ്‌നും ആണ് അന്ന് കയ്യിലുണ്ടായിരുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ജനുവരിയില്‍ വീണ്ടും വീട്ടിലെത്തി ഡോര്‍ബെല്‍ അടിക്കുകയും പൊലീസ് എത്തുന്നതിനു മുൻപ് കടന്നുകളയുകയും ചെയ്തുവെന്നാണ് ആരോപണം.

 

ഇതു കൂടാതെ ട്വിറ്ററില്‍ കുക്കിനെ ടാഗ് ചെയ്ത് ലൈംഗിക ചുവയുള്ളതും ഉചിതമല്ലാത്തതുമായ ഫോട്ടോകള്‍ ഇട്ടുവെന്നും പറയുന്നു. എന്നാല്‍, കുക്കിനെ മാത്രമല്ല മറ്റ് ആപ്പിള്‍ ജോലിക്കാരെയും ഭീഷണിപ്പെടുത്തിയതായും കേസ് പറയുന്നു. ആപ്പിളിന്റെ ജോലിക്കാര്‍ക്കെതിരെ ഭീഷണിയുടെ സ്വരത്തില്‍ രാകേഷ് സംസാരിച്ചുവെന്നും ഇതേ തുടര്‍ന്ന് ആപ്പിളിന്റെ അറ്റൊര്‍ണി ജനറല്‍ ഇനി ഇതു നിർത്തണമെന്ന് കാണിച്ച് കത്ത് അയച്ചുവെന്നും അതിനു ശേഷവും രാകേഷ് ആപ്പിളിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീമില്‍ വിളിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചുവെന്നും ആരോപണമുണ്ട്.

 

രണ്ടാഴ്ച മുൻപ് രാകേഷ് ശര്‍മ്മ ആപ്പിളിന്റെ ഓഫിസില്‍ വിളിച്ച് ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവരോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ഫോണെടുത്ത ആപ്പിളിന്റെ ജോലിക്കാരന്‍ അല്ലെങ്കില്‍ ജോലിക്കാരി അയാളെ കളിയാക്കി ചിരിച്ച് ഫോണ്‍ വച്ചുവെന്നും ആരോപണമുണ്ട്. ഈ സമയത്ത് രാകേഷ് ആശുപത്രിയില്‍ കിടക്കുകയായിരുന്നുവത്രെ. ഇതില്‍ തനിക്ക് നഷ്ടപരിഹാരം കിട്ടണെന്ന് രാകേഷ് പറഞ്ഞതായി വാര്‍ത്തകളുണ്ട്. എന്നാല്‍, ആപ്പിളിന്റെ വക്കീല്‍ രാകേഷിനെ വിളിച്ച് ഇനി കമ്പനിയിലേക്ക് വിളിക്കരുതെന്ന് വിലക്കി. എന്നാല്‍, രാകേഷ് ആപ്പിളിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്രെ. ഞാന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍, ആയുധം ഉപയോഗിക്കുന്നവരെ എനിക്കറിയാമെന്നും രാകേഷ് പറഞ്ഞു. കുക്ക് ഒരു ക്രിമിനല്‍ ആണെന്നും താന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ തന്നെ അദ്ദേഹം കൊല്ലാന്‍ ശ്രമിച്ചുവെന്നും രാകേഷ് ആരോപിക്കുന്നു. ആയുധത്തെക്കുറിച്ചും മറ്റും സംസാരിച്ചു തുടങ്ങിയതിനാല്‍ രാകേഷിന് അത്തരം സാധനങ്ങള്‍ കൈവശം വയ്ക്കാന്‍ സാധിക്കരുതെന്ന് ആപ്പിളിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വാദിച്ചു.

 

കോടതിയുടെ വിധി അനുസരിച്ച് രാകേഷ് ഇനി ആപ്പിളിന്റെ ഹെഡ്ക്വാട്ടേഴ്‌സ് ( 1 Apple Park Way), കുക്കിന്റെ വാസസ്ഥലം തുടങ്ങിയ ഇടങ്ങളില്‍ കണ്ടുപോകരുത്. അയാള്‍ തോക്കും സ്‌ഫോടകവസ്തുക്കളും മറ്റും കൈവശം വാങ്ങുന്നതും കൈവശം വയ്ക്കുന്നതും വിലക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com