ADVERTISEMENT

നോട്ടിന്റെ വിധി ഉറപ്പായിരിക്കുകയാണ്... പ്രിന്റ് ചെയ്യാന്‍ ചെലവു കൂടുതല്‍, മോഷ്ടിക്കപ്പെടാം, അഴിമതി എളുപ്പമാക്കുന്നു തുടങ്ങിയവ അടങ്ങുന്ന കുറ്റപത്രമാണ് നോട്ടിനെതിരെ ചുമത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ നോട്ടുപയോഗം 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കൊറിയയാകട്ടെ ഡിജിറ്റല്‍ കാശിന് പ്രാമുഖ്യം നല്‍കാന്‍ തീരുമാനിച്ചു.

 

മറ്റുള്ള രാജ്യങ്ങളൊക്കെ ഇപ്പോഴും തീരുമാനിച്ചുകൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ പണത്തിലേക്കുള്ള ചുവടു മാറ്റത്തില്‍ ഏറ്റവും മുന്നിലുള്ളത് ചൈനയാണ്. ഇന്ത്യയിലാകട്ടെ നോട്ടു നിരോധനത്തിലൂടെ പ്രചാരത്തിലിരുന്ന 86 ശതമാനം കറന്‍സി നോട്ടുകളും 2016ല്‍ ഇല്ലായ്മ ചെയ്‌തെങ്കിലും ഇപ്പോഴും 90 ശതമാനം ഇടപാടുകളിലും നോട്ടു കൈമാറ്റമാണ് നടക്കുന്നത് എന്നാണ് ആര്‍ബിഐ പറയുന്നത്. അപ്പോഴും ഡിജിറ്റല്‍ ഇടപാടുകള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും പറയുന്നു.

 

ഡിജിറ്റൽ പണമിടപാടുകള്‍ക്കായി കൂടുതല്‍ ആപ്പുകള്‍ ഇന്ത്യയിലും രംഗത്തുവരികയാണ്. രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയകാലത്ത് ഉപയോക്താക്കള്‍ ക്യാഷ്-ഓണ്‍-ഡെലിവറി (സിഒഡി) വ്യവസ്ഥയെയാണ് ഇഷ്ടപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് കുത്തനെ ഇടിഞ്ഞു തുടങ്ങിയിരിക്കുകയാണ്. അടുത്ത പതിറ്റാണ്ടുകളില്‍ പുതിയ ഡിജിറ്റല്‍ കറന്‍സികളും ക്രിപ്‌റ്റോ കറന്‍സികളും പ്രചാരത്തിലെത്തും. ഇവയില്‍ സർക്കാരുകളുടെ പിന്തുണയോടെ വരുന്നവയും ഉണ്ടായിരിക്കും.

 

സ്വകാര്യ കമ്പനിയായ ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സിയായ ലിബ്രാ 2020ല്‍ പുറത്തിറക്കുമെന്നാണ് പറയുന്നത്. (എന്നാല്‍, ഇതിനെതിരെ പല രാജ്യങ്ങളും രംഗത്തുവന്നു കഴിഞ്ഞു.) പേപ്പര്‍ നോട്ടുകളും നാണയങ്ങളും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായേക്കുമെന്ന പ്രവചനമാണ് ന്യൂ മണി റിവ്യൂ എന്ന ഫിനാന്‍ഷ്യല്‍ പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ പോള്‍ അമെറി നടത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍ച്ച പറയാനാവില്ല. എന്നാല്‍, വികസിത രാജ്യങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലായേക്കും. ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ ഈ കാലയളവിനുള്ളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പണം കൈമാറ്റം എന്ന ആശയം നടപ്പാക്കാനുള്ള പല കടമ്പകളും കടന്നേക്കും.

 

സ്മാര്‍ട് ഫോണ്‍ വഴിയുള്ള പണം കൈകാര്യം ചെയ്യല്‍ കൂടുതല്‍ എളുപ്പമാകും. പണം എന്ന സങ്കല്‍പ്പം തന്നെ മാറുകയാണ്. ഇപ്പോള്‍ ബാങ്കിങ് മേഖലയെ ആശ്രയിക്കാതെ കഴിയുന്നവരെ കൂടെ ഉള്‍പ്പെടുത്തിയായിരിക്കും ഡിജിറ്റല്‍ പണം ഇനി വികസിക്കുക. എന്നാല്‍, ഇത് ഇത്രകാലം പണം മാത്രം കൈകാര്യം ചെയ്തു ശീലിച്ച മുതിര്‍ന്നവര്‍ക്കും, ഉള്‍പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമൈന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെക്കൂടി ഉള്‍പ്പെടുത്തി പണമിടപാടിനുള്ള പുതിയ ഉപകരണങ്ങള്‍ സൃഷ്ടിക്കാനുള്ള ബാധ്യത കേന്ദ്ര ബാങ്കുകളില്‍ നിക്ഷിപ്തമായിരിക്കും. അങ്ങനെ കൂടുതല്‍ എളുപ്പമായ പണം കൈമാറ്റ രീതികള്‍ വരുന്നതോടെ നോട്ടിനും നാണയത്തിനും വിടപറയാന്‍ കൂടുതല്‍ ആളുകള്‍ തയാറാകും.

 

പ്രൈവറ്റ് കേര്‍പറേഷനുകള്‍ മുന്‍കൈ എടുത്തിറക്കുന്ന കൂടുതല്‍ പുതിയ ഡിജിറ്റല്‍ കറന്‍സികള്‍ 2020ലും പുറത്തെത്തുമെന്നും കരുതുന്നു. വെഗാന്‍നേഷന്‍ (VeganNation) എന്ന സ്റ്റാര്‍ട്ട്-അപ് കമ്പനി വെഗാന്‍-കോയിന്‍സ് (Vegan-Coins) എന്ന ഡിജിറ്റല്‍ പണം ലോകത്തെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ഇടയില്‍ പ്രചരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഇത്തരം മാതൃകകള്‍ ഇനി വളരും. ഒരു പ്രത്യേക ഉദ്ദേശത്തിനായി ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ പണമായിരിക്കും ഇനി രംഗപ്രവേശനം ചെയ്യുക. ഇത്തരം പണം ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ടുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയായിരിക്കാം ആദ്യകാലത്ത് ആശയ പ്രചാരണം നടത്തുക. എന്നാല്‍, ഇത്തരം ആശയങ്ങള്‍ എളുപ്പത്തില്‍ പ്രചരിക്കുന്നതന് പല രാജ്യങ്ങളിലെയും ബാങ്കിങ് മേഖല അനുവദിക്കുന്നില്ല എന്നതൊരു പ്രശ്നമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com