ADVERTISEMENT

രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യൻ ടെലികോം വ്യവസായത്തിന്റെ വരുമാനത്തിൽ മൂന്നാം പാദത്തിൽ 9 ശതമാനം വർധനയുണ്ടായെങ്കിലും എജിആർ വന്നതോടെ മിക്ക കമ്പനികളും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. 

 

ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മൂന്ന് കമ്പനികളാണ് നിരക്കുകൾ കൂട്ടിയത്. ഇതോടെ ടെലികോം വിപണിയിലെ വരുമാനം നേരിയ തോതിൽ വർധിച്ചു. എന്നാൽ, ടെലികോം വിപണിയുടെ മൊത്തം കടം ഏകദേശം 8 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ടെലികോം വിപണിയെ രക്ഷിക്കാൻ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്ന് വരെ ചില കമ്പനികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വോഡഫോൺ ഐഡിയ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

 

വരുമാന വളർച്ചയുടെ കാര്യത്തിൽ, മൂന്നാം പാദത്തിൽ വോഡഫോൺ ഐഡിയ 5 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ ‌ജിയോയും എയർടെലും താരതമ്യേന 10.3 ശതമാനവും 9.5 ശതമാനവും വളർച്ച നേടി. കാര്യമായ നേട്ടമുണ്ടാക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ ജിയോ മാത്രമാണ്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെ എല്ലാം കീഴടക്കി കഴിഞ്ഞ പാദത്തിലെ വരുമാനത്തിലും ജിയോ മുന്നിലെത്തി. 

 

ട്രായിയുടെ കണക്കുകൾ പ്രകാരം ഇപ്പോൾ 17 സർക്കിളുകളിൽ ജിയോ മുന്നിൽ നിൽക്കുന്നു. ഭാരതി എയർടെൽ നാല് സർക്കിളുകളിലും (ഡൽഹി, മുംബൈ, കർണാടക, ടിഎൻ) വോഡ-ഐഡിയയും ഒന്നിലും മുന്നിൽ നിൽക്കുന്നു.

 

ജിയോ വന്നു, ടെലികോം മേഖല പിടിച്ചടക്കി

 

കൃത്യമായി പറഞ്ഞാല്‍ 2016 സെപ്റ്റംബർ 5നാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒന്നര വർഷം കൊണ്ട് തന്നെ വിപണി ഒന്നടങ്കം പിടിച്ചടക്കിയ ജിയോയ്ക്ക് മറ്റു കമ്പനികളെ പ്രതിസന്ധിയിലാക്കാനും സാധിച്ചു. വർഷങ്ങളായി വൻ ലാഭം സ്വന്തമാക്കിയിരുന്ന മുൻനിര ടെലികോം കമ്പനികളെല്ലാം വൻ നഷ്ടത്തിലായി ചിലത് പൂട്ടുകയും ചെയ്തു. ജിയോ മേധാവി മുകേഷ് അംബാനിയുടെ സഹോദന്റെ ടെലികോം കമ്പനി ആർകോം വരെ പൂട്ടേണ്ടി വന്നു.

 

മൊബൈൽ കമ്പനികളുടെ വരുമാനത്തിലെ എൺപതു ശതമാനവും ഫോൺവിളിയിൽ നിന്നാണെന്നു മനസ്സിലാക്കി തന്നെയാണ് ജിയോ ‘സൗജന്യ കോൾ’ പ്രഖ്യാപിച്ചതെന്നും ഇത് ഏഴു കമ്പനികളുടെ തകർച്ചയ്ക്കു വഴി വച്ചെന്നുമാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴേസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ് ഒരിക്കൽ പറഞ്ഞത്. ടെലികോം മേഖലയിലെ വികസനപരിപാടികളിൽ മൊബൈൽ കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാർ പരിഗണിക്കുന്നില്ലെങ്കിൽ കമ്പനികൾക്കു മുന്നോട്ടുപോകാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതെ, ഇങ്ങനെ പോയാൽ രാജ്യത്ത് ജിയോ മാത്രമാകുമോ?

 

ചെറുതും വലുതുമായ നിരവധി ടെലികോം കമ്പനികൾ പ്രവർ‌ത്തിച്ചിരുന്ന ഇന്ത്യയിൽ ഇപ്പോൾ ജിയോയെ കൂടാതെ മൂന്നു കമ്പനികളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഐഡിയയും വോഡഫോണും ഒന്നിച്ചു. എയർടെലും ടാറ്റാ ഡോകോമോയും ഒന്നിച്ചു. മൂന്നാമത്തെ കമ്പനി ബിഎസ്എൻഎൽ ആണ്. നേരത്തെ 11 കോർ കമ്പനികൾ സിഒഎഐയുടെ ഭാഗമായിരുന്നു. ഇന്നതിൽ നാലെണ്ണം മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. ഏഴു കമ്പനികൾക്കും ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നു. അതേ കാര്യങ്ങൾ ജിയോയിലേക്ക് ചുരുങ്ങുകയാണ്.

 

വരിക്കാരുടെ എണ്ണത്തിൽ അതിവേഗം കുതിക്കുന്ന ജിയോയുടെ ബ്രോഡ്ബാൻഡ് സര്‍വീസ് വന്നു കഴിഞ്ഞാൽ മുൻനിര കമ്പനികൾ വൻ നഷ്ടത്തിലാകും. പുതിയ ടെക്നോളജിയിലേക്ക് മാറാനിരിക്കുന്ന ജിയോയെ ഉപഭോക്താക്കൾ സ്വീകരിക്കുമെന്നതിൽ സംശയമില്ല. ഇത്രയും ഫ്രീ നൽകിയിട്ടും ജിയോ വരിക്കാരനിൽ നിന്നും ലഭിക്കുന്ന ആളോഹരി വരുമാനത്തിനും കാര്യമായ കുറവ് വന്നിട്ടില്ല. അതായത് ജിയോ വരിക്കാർ റീചാർജ് ചെയ്യുന്നുണ്ടെന്ന്. എന്നാൽ മറ്റു കമ്പനികളുടെ വരിക്കാരിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com