ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊറോണവൈറസ് റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ വൻ ഭീതിയിലാണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങി രാജ്യങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജനം പുറത്തിറങ്ങുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. ആഴ്ചകളായി മിക്കവരും വീടുകളിൽ തന്നെയാണ്. കൊറോണ വൈറസ് പകർച്ചവ്യാധി ഭയന്ന് കോടിക്കണക്കിന് പേർ വീടിനകത്ത് കുടുങ്ങിക്കിടപ്പോൾ കോടികളുടെ നേട്ടമുണ്ടാക്കിയത് മൊബൈൽ ഗെയിം നിർമാണ കമ്പനികളാണ്. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഓരോ നിമിഷവും 2 കോടിയിലധികം ഗെയിമർമാർ ഒരേസമയം ഓൺ‌ലൈനിലാണ്.

 

കൊറോണ വൈറസ് വ്യാപകമായി ബാധിക്കാൻ‌ തുടങ്ങിയതോടെ അധികൃതർ സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടു. പടരാതിരിക്കാനും രോഗം വരാതിരിക്കാനും ആളുകൾ ഇപ്പോൾ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്. സ്റ്റീമിന്റെ പ്ലാറ്റ്‌ഫോമിൽ തുടർച്ചയായി റെക്കോർഡ് എണ്ണം ഉപയോക്താക്കളെ രേഖപ്പെടുത്താൻ കഴിഞ്ഞത് കൊറോണവൈറസ് കാരണമാണ്.

 

സ്റ്റീമിന്റെ സ്റ്റാറ്റിസ്റ്റിക്സ് ട്രാക്കർ നൽകിയ ഡേറ്റ അനുസരിച്ച്, ലോകമെമ്പാടും തിങ്കളാഴ്ച രാത്രി 8 ഓടെ 20,313,476 പേർ ഒരേസമയം കളിക്കുന്നതായി രേഖപ്പെടുത്തി. സ്റ്റീം ഡേറ്റാബേസ് ഇതേക്കുറിച്ച് ട്വീറ്റും ചെയ്തിരുന്നു. നിലവിൽ ശരാശരി 62 ലക്ഷം പേരാണ് ഒരേസമയം കണിക്കാനെത്തുന്നത്. എന്നാൽ കൊറോണ കാരണം ഓൺലൈനിൽ കളിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി.

 

corona-italy-home

സ്റ്റീമിന് മാത്രമായി അടുത്തിടെ ഒരു വലിയ ഗെയിം ലോഞ്ചുകളും ഉണ്ടായിരുന്നില്ല. എന്നാല്‍, കുട്ടികളെ വീടിനുള്ളിൽ പൂട്ടിയിട്ടതിനാൽ മാതാപിതാക്കൾക്ക് കുട്ടികളെ കളിക്കാൻ അനുവദിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നതാണ് ട്രാഫിക്ക് കൂടാൻ കാരണമായത്.

 

കഴിഞ്ഞ മാസം, 18,801,944 ഉപയോക്താക്കൾ എന്ന നേട്ടം സ്റ്റീം മറികടന്നതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 10 ലക്ഷത്തിലധികം പേരാണ് സ്റ്റീമിന്റെ പുതിയ ഉപയോക്താക്കളായി ചേർന്നത്. മിക്ക ഉപയോക്താക്കളും ഒരേ സമയം ലോഗിൻ ചെയ്തപ്പോൾ സംഭവിച്ചതിന്റെ ഡേറ്റകളെല്ലാം പുറത്തുവിട്ടിട്ടുണ്ട്. കളിച്ച ഗെയിമുകളെക്കുറിച്ചും സ്ഥിതിവിവരക്കണക്കുകളും കാണാം. ഗെയിമുകളുടെ പട്ടികയിൽ ആദ്യത്തേത് കൗണ്ടർ-സ്ട്രൈക്ക്: ഗ്ലോബൽ ഒഫൻസ് ആണ്. തിരക്കേറിയ സമയത്ത് 1,024,845 പേരാണ് ഈ ഗെയിം കളിച്ചത്.

 

പട്ടികയിൽ അടുത്തത് ഡോട്ട 2 ആണ്. ഒരേസമയം 701,632 പേരാണ് ഈ ഗെയിം കളിച്ചിരുന്നത്. പ്ലേയർഅൺനോൺസ് ബാറ്റിൽഗ്രൗണ്ട്, പിസിക്കായുള്ള പബ്ജി ഒരേസമയം 525,050 പേരാണ് കളിക്കുന്നത്. ഈ പട്ടികയിലെ മറ്റ് ഗെയിമുകവ്‍ എആർകെ: സർവൈവൽ റീലോഡഡ്, ഡെസ്റ്റിനി 2, ടോം ക്ലാൻസിയുടെ റെയിൻബോ സിക്സ് സീജ്, മോൺസ്റ്റർ ഹണ്ടർ: വേൾഡ്, വാർ‌ഫ്രെയിം എന്നിവ ഉൾപ്പെടുന്നു.

 

ഫെബ്രുവരിയിൽ ആഗോള മൊബൈൽ ഗെയിം ഡൗൺ‌ലോഡുകൾ 39 ശതമാനം ഉയർന്നുവെന്ന് ആപ്പ് അനലിറ്റിക്സ് കമ്പനിയായ സെൻസർ ടവറിൽ നിന്നുള്ള ഡേറ്റ കാണിക്കുന്നുണ്ട്. ഇതിൽ ചൈനയാണ് മുന്നിൽ. ചൈനയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഗെയിം ഡൗൺലോഡുകളിൽ മാത്രം 62 ശതമാനം വർധനയുണ്ടായി എന്നാണ് കഴിഞ്ഞ ആഴ്ചത്തെ റിപ്പോർട്ട്.

 

മൊബൈൽ ആപ്ലിക്കേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ ആപ് ആനിയിൽ നിന്നുള്ള ഡേറ്റ പ്രകാരം ‘ബ്രെയിൻ ഔട്ട്’, ടെൻസെന്റിന്റെ ഓൺലൈൻ വാർ ഗെയിം ‘ഹോണർ ഓഫ് കിംഗ്സ്’ എന്നിവയാണ് ചൈനയിൽ ഏറ്റവുമധികം ഡൗൺലോഡു ചെയ്‌ത ഗെയിമുകൾ.

 

ഗെയിമർമാർ വളരെയധികം സമയം ഇതിനായി ചെലവഴിക്കുന്നുണ്ട്. ടെൻസെന്റിന്റെ ‘ഗെയിം ഫോർ പീസ്’, ഏഷ്യൻ മാർക്കറ്റിനായുള്ള പബ്ജി പോലുള്ള ഗെയിം എന്നിവയാണ് ചൈനയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യുന്നത്. മൾട്ടി-പ്ലേയർ റോൾ പ്ലേയിങ് ഗെയിമായ ‘ലിനേജ് 2’ ആണ് ദക്ഷിണ കൊറിയയിൽ ഒന്നാമതെത്തിയത്.

 

കഴിഞ്ഞ വർഷം അവസാനം മധ്യ ചൈനീസ് നഗരമായ വുഹാനിൽ ഉയർന്നുവന്ന കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുകയും ആഗോളതലത്തിൽ മൂവായിരത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. ഫെബ്രുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ചൈനയിലെ പ്രതിവാര ഗെയിം ഡൗൺ‌ലോഡുകൾ 80 ശതമാനം ഉയർന്നു. 2019 ലെ മുഴുവൻ പ്രതിവാര ഡൗൺ‌ലോഡുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏറെ മുന്നിലാണ്.

 

മൊത്തത്തിൽ, മൊബൈൽ ഗെയിം ഡൗൺ‌ലോഡുകൾ ആഗോളതലത്തിൽ ഏകദേശം 400 കോടിയിൽ എത്തി. ഒരു വർഷം മുൻപ് ഇത് 290 കോടി ആയിരുന്നു. ഫെബ്രുവരിയിൽ ഏഷ്യയിലെ ഗെയിം ഡൗൺലോഡിങ് 46 ശതമാനം ഉയർന്ന് 160 കോടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com