sections
MORE

കോവിഡ്19: ‘അടഞ്ഞുപോകാതിരിക്കാൻ’ തുറന്നു ചിന്തിക്കാം... ടെക് സഹായം തേടാം

CHINA-HEALTH-VIRUS
SHARE

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടിവന്നാൽ എന്തുചെയ്യും? ഈ ചോദ്യത്തിനുള്ള മറുപടിയാണ് ബിസിനസ് കണ്ടിന്യുറ്റി പ്ലാൻ അഥവ ബിസിപി. സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന സാഹചര്യമുണ്ടായാൽ അതിനെ നേരിടാനുള്ള പദ്ധതിയാണ് ബിസിപി.

കോവിഡ് 19 പശ്ചാത്തലത്തിൽ ബിസിനസ് കണ്ടിന്യുറ്റി പ്ലാൻ തയാറാക്കുന്ന തിരക്കിലാണ് ടെക്നോപാർക്ക് ഉൾപ്പെടെയുള്ള ഇടങ്ങളിലെ സ്ഥാപനങ്ങൾ. ഐടി സ്ഥാപനങ്ങൾക്കു മാത്രമല്ല, എല്ലാത്തരം സ്ഥാപനങ്ങൾക്കും ഇത്തരമൊരു ബിസിപി പ്ലാൻ അനിവാര്യമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെ വിന്യസിക്കുന്നതു മുതൽ അവരുടെ ദൈനംദിന ഷെഡ്യൂളുകൾ, ബാക്കപ് സംവിധാനങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടും.

ബാക്കപ് കെട്ടിടങ്ങൾ

ശുഭാപ്തിവിശ്വാസം എല്ലാക്കാര്യത്തിലും നല്ലതെങ്കിലും, പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ എന്തുചെയ്യണമെന്നു കൂടി കൃത്യമായി നിശ്ചയിക്കേണ്ടതുണ്ടെന്ന് ഐടി കമ്പനികളുടെ പ്രതിനിധികൾ സമ്മതിക്കുന്നു. ടെക്നോപാർക്കിലെ ഒരു പ്രമുഖ കമ്പനി പാർക്കിൽ ഇവരുടെ തന്നെ നിയന്ത്രണത്തിലുള്ള മറ്റൊരു കെട്ടിടം അടിയന്തര ബാക്കപ് സംവിധാനമായി തയാറാക്കിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ മെയിൻ ക്യാംപസിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയും ജീവനക്കാർ ഹോം ഐസലേഷനിലേക്ക് മാറേണ്ട സാഹചര്യം വന്നാൽ അടിയന്തര പ്രോജക്റ്റുകൾ ബാക്കപ് സംവിധാനത്തിലേക്കു മാറ്റും. ഇവിടേക്കുള്ള ജീവനക്കാരെ നിലവിൽ വർക്ക് ഫ്രം ഹോം ആക്കി നിലനിർത്തിയിരിക്കുകയാണ്.

2015ൽ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ടെക്നോപാർക്കിലുള്ള ഒരു കമ്പനിയുടെ ചെന്നൈ ശാഖയിലുള്ള ജീവനക്കാരെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയാണ് പ്രശ്നം പരിഹരിച്ചത്. വിവിധ രാജ്യങ്ങളിൽ ശാഖകളുള്ള കമ്പനികൾക്ക് അടിയന്തരഘട്ടങ്ങളിൽ അവിടെനിന്നുള്ള സഹായവും തേടാം.

ഒറ്റ ടീമെന്ന സങ്കൽപം തൽക്കാലം വേണ്ട

സാധാരണ ദിവസങ്ങളിലെ പോലെ മുഴുവൻ ജീവനക്കാരെയും ജോലിക്കുവയ്ക്കുന്നത് നല്ലതല്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. പ്രൈമറി കോൺടാക്റ്റ് ആയി ഒരാൾ വന്നാൽ പോലും ജീവനക്കാർ ഐസലേഷനിലേക്ക് പോകാവുന്ന സാഹചര്യം വരാം. ഇതിനായി വിവിധ ടീമുകളി തിരിച്ചു ജോലിക്കു വിന്യസിക്കുന്ന രീതി പല കമ്പനികളും ഉപയോഗിച്ചു തുടങ്ങി. ഇടവിട്ടുള്ള ആഴ്ചകളിൽ ടീമുകൾ മാറിമാറി വരും. അടിയന്തരഘട്ടമുണ്ടായാൽ അവധിയിലുള്ള ടീമിലേക്ക് ജോലി കൈമാറാം. ഓഫിസിൽ ഒട്ടേറെ ആളുകൾ ഒരുമിച്ചു കൂടി വൈറസ് പടരാനുള്ള സാഹചര്യം കുറയുമെന്ന മെച്ചവുമുണ്ട്.

മോക് ഡ്രില്ലുകൾ അനിവാര്യം

കമ്പനിയിലെ നിശ്ചിത ശതമാനം ആളുകൾ വർക് ഫ്രം ഹോം ആയാൽ കംപ്യൂട്ടർ സിസ്റ്റത്തിലുണ്ടാകുന്ന ലോഡും ജോലിയുടെ കാര്യക്ഷമതയും എങ്ങനെയുണ്ടാകുമെന്നു പരിശോധിക്കാനായി ഒന്നോ രണ്ടോ ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇവ നടപ്പാക്കുന്ന കമ്പനികളുണ്ട്. ഫ്ലിപ്കാർട്ട് 3 ദിവസത്തേക്ക് മിക്ക ജീവനക്കാരെയും വർക് ഫ്രം ഹോം ആക്കിക്കൊണ്ട് മോക്ഡ്രിൽ നടത്തിയിരുന്നു. ഇതിലെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ വലിയ തോതിൽ വർക് ഫ്രം ഹോം നടപ്പാക്കാനാവൂ.

പരിമിതിയുണ്ട് വർക് ഫ്രം ഹോമിനും

ഒട്ടേറെ രാജ്യാന്തര ക്ലയന്റുകളുള്ള വലിയ കമ്പനികൾക്ക് പൂർണമായും വർക്ക് ഫ്രം ഹോം രീതിയിലേക്കു മാറുക എളുപ്പമല്ല. സർവീസസ് കമ്പനികളിൽ ചിലതിൽ ചില ക്ലയന്റുകളുടെ വർക്ക് പ്രത്യേക കെട്ടിടത്തിൽ മാത്രമായിരിക്കും ചെയ്യുക. ഇവിടേക്കു മറ്റു കെട്ടിടങ്ങളിലെ ജീവനക്കാർക്കു പ്രവേശനം പോലുമുണ്ടാകില്ല. സ്മാർട് ഫോണുകൾ പോലും കൊണ്ടുപോകാൻ അനുവാദമില്ലാത്ത ക്രിട്ടിക്കൽ മിഷൻ പോയിന്റുകളുമുണ്ടാകും. ഇത്തരം ഘട്ടങ്ങളിൽ വർക് ഫ്രം ഹോമിനു പകരം ജീവനക്കാരെ പല ടീമുകളാക്കുകയാണ് പരിഹാരം. കമ്പനി നൽകുന്ന ലാപ്ടോപ്പുകളിൽ മാത്രം ഉപയോഗിക്കണമെന്നും ചട്ടമുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ ചില കമ്പനികൾ ഇളവു നൽകിത്തുടങ്ങിയിട്ടുണ്ട്. വർക്ക് ഫ്രം ഹോമിന് പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനികൾക്കുണ്ടായിരുന്ന വിലക്കും നീക്കിയിട്ടുണ്ട്.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA