sections
MORE

വർക് ഫ്രം ഹോം രീതിയിലേക്ക് കൂടുതൽ ഐടി അധിഷ്ഠിത കമ്പനികൾ

vaishnavi-vaidyanathan-work-from-home
SHARE

തിരുവനന്തപുരം∙ കോവിഡ് 19 പശ്ചാത്തലത്തിൽ കൂടുതൽ ഐടി അധിഷ്ഠിത കമ്പനികൾ വർക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നു. ഓറക്കിൾ, ടിസിഎസ്, ഇൻഫോസിസ്, കെപിഎംജി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ വലിയ ശതമാനം ജീവനക്കാരെയും വർക് ഫ്രം ഹോമിലേക്കു മാറ്റിത്തുടങ്ങി.ഓറക്കിൾ കമ്പനിയുടെ തിരുവനന്തപുരം ക്യാംപസ് പൂർണമായും വർക് ഫ്രം ഹോം രീതിയിലേക്ക് മാറിക്കഴിഞ്ഞു. 500ലധികം ജീവനക്കാരുള്ള ക്യാംപസിൽ നിലവിൽ അഞ്ചിൽ താഴെ ജീവനക്കാർ മാത്രമാണ് അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്നത്. 

ഇൻഫോസിസ്, ടിസിഎസ്, യുഎസ്ടി ഗ്ലോബൽ എന്നിവയും കുറഞ്ഞത് 70 ശതമാനത്തോളം ആളുകളെയെങ്കിലും വർക് ഫ്രം ഹോം ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്.

ഇളവുകൾ ആശ്വാസം കോൾ സെന്റർ, ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്) ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് എത്തുന്ന കോളുകൾ ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് റീറൂട്ട് ചെയ്യുന്നതിനുള്ള ഒഎസ്പി (അദർ സർവീസ് പ്രൊവൈഡർ) ലൈസൻസ് സംബന്ധിച്ച് കഴി‍ഞ്ഞ ദിവസം കേന്ദ്രം ഇളവ് നൽകിയത് കമ്പനികൾക്ക് സഹായകമായി.ഏപ്രിൽ 30 വരെ ഇളവ് നൽകും. ഇതിനുള്ള ഭീമമായ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ട. ഒഎസ്പി ലൈസൻസ് ദുരുപയോഗം ചെയ്താൽ 5 ലക്ഷം വരെ പിഴ ഈടാക്കാം.

ഡെസ്ക്ടോപ് കുറിയറിൽ

പ്രത്യേക സാമ്പത്തിക മേഖല (SEZ)യിലുള്ള കമ്പനികളിൽ നിന്ന് ഡെസ്ക്ടോപ് കംപ്യൂട്ടറുകൾ പുറത്തുകൊണ്ടുപോകാനുള്ള നിയന്ത്രണം തത്കാലം എടുത്തുകളഞ്ഞതോടെ സുരക്ഷാമുൻകരുതൽ സ്വീകരിച്ച് പല കമ്പനികളും ജീവനക്കാർക്ക് അവർ ഉപയോഗിച്ചുകൊണ്ടിരുന്ന ‍ഡെസ്ക്ടോപ്പുകൾ കുറിയർ ആയി അയച്ചുകൊടുക്കുകയാണ്. വ്യക്തിഗത ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നതിനു നിയന്ത്രണമുണ്ട്.

വർക് ഫ്രം ഹോം സൂത്രങ്ങൾ

(13 വർഷമായി 'വർക് ഫ്രം ഹോം' ചെയ്യുന്ന പേളിബ്രൂക് ലാബ്സ് സിഇഒ രഞ്ജിത് ആന്റണി നിർദേശിക്കുന്നത്)

∙ ഓഫിസ് ശീലങ്ങൾ മുടക്കാതിരിക്കുക: കുളിച്ച് പല്ല് തേച്ച് ഓഫിസിൽ പോകുന്ന വസ്ത്രം ധരിക്കുക. തലേന്ന് രാത്രി ഇട്ടു കിടന്ന വസ്ത്രം ഇട്ടിരുന്ന് ഒരിക്കലും ജോലി ചെയ്യരുത്. ജോലി ചെയ്യുകയാണെന്ന ഒരു തോന്നലുണ്ടാവാൻ വേണ്ടിയാണിത്. വീട്ടിലിരുന്ന് തിന്ന് തടി വയ്ക്കുന്നുണ്ടൊ അറിയാനും ഫോർമൽ ഡ്രസിങ് സഹായിക്കും. 

∙ഓഫിസ് സ്പേസ്: ഒരു ചെറിയ മേശ, ഒരു കസേര. ലിവിങ് സ്പേസും, ഓഫിസ് സ്പേസുമായി കൃത്യമായ വേർതിരിവ് വേണം. വാതിലടയ്ക്കാൻ പറ്റുന്ന ഒരിടമുണ്ടെങ്കിൽ നല്ലത്. സോഫ, ബെഡ് എന്നിവയിലിരുന്ന് ജോലി ചെയ്യരുത്. ജോലി ഒരിക്കലും തീരില്ല. 

∙ ഉച്ച ഭക്ഷണം സൂക്ഷിക്കണം: കഴിച്ച് കഴിഞ്ഞാൽ ഉറക്കം വരുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉച്ചയ്ക്ക് കിടന്നുറങ്ങി രാത്രിയിൽ ജോലി ചെയ്യാം എന്ന് കരുതുന്നതും മണ്ടത്തരമാണ്. രാത്രിയിലേക്കും പണി നീളും. പണി തീരുകയുമില്ല.

∙ സമയത്തിൽ കൃത്യത: വൈകുന്നേരം നിശ്ചിത സമയത്തിന് പണി നിർത്തി എണീക്കുക. പിന്നെ ആ ഏരിയയിലോട്ട് തിരിഞ്ഞ് നോക്കരുത്.

∙ പണിയെടുക്കുന്നുണ്ടെന്ന് അറിയിക്കുക: നമ്മൾ പണി ചെയ്യുന്നുണ്ടെന്ന് അറിയാവുന്നവരെ മുഴുവൻ അറിയിച്ചു കൊണ്ടിരിക്കുക. സ്ലാക്ക്, മൈക്രോസോഫ്റ്റ് ടീം പോലുള്ള ചാറ്റുപകരണങ്ങളുണ്ടെങ്കിൽ പ്രൈവറ്റ് ചാറ്റുകൾ കഴിവതും ഒഴിവാക്കി, പബ്ലിക് ചാനലുകളിൽ ചോദ്യങ്ങളും ഉത്തരങ്ങളുമാകാം. കോൺഫറൻസ് കോളിൽ നിശബ്ദമായി ഇരിക്കരുത്.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA