ADVERTISEMENT

കൊറോണാവൈറസ് വ്യാപനം തടയാനായി ഇന്ത്യ ഷട്ഡൗണ്‍ നടത്തുകയാണ്. എന്നാല്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും എത്തിച്ചുകൊടുക്കുന്നതിനും തടസമില്ലെന്ന് സർക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടുന്ന ഇകൊമേഴ്‌സ് വ്യാപരത്തെ അവശ്യ സേവനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതും. എന്നാല്‍, ഓണ്‍ലൈന്‍ വ്യാപാരികളുടെ ഡെലിവറി ബോയ്‌സിനെ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാപകമായി തടയുന്നുവെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ചിലരെ അറസ്റ്റു ചെയ്യുക പോലും ചെയ്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മാര്‍ച്ച് 22നു നടന്ന ജനതാ കര്‍ഫ്യുവിന്റെ സമയത്ത് വിതരണത്തിനിറങ്ങിയ ജോലിക്കാരെ തിരിച്ചയയ്ക്കുകയോ, അറസ്റ്റു ചെയ്യുകയോ ഉണ്ടായി എന്നാണ് വാര്‍ത്തകള്‍. അന്നു മാത്രം രാജ്യത്തൊട്ടാകെ 60,000 ഓര്‍ഡറുകള്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചില്ലെന്നു പറയുന്നു. മറ്റൊരു പലചരക്കു വ്യാപാര കമ്പനിയായ മില്‍ക്ക് ബാസ്‌ക്കറ്റ് പറഞ്ഞത്, തങ്ങളുടെ ജോലിക്കാരെ പൊലീസ് നിരത്തില്‍ നിന്ന് തള്ളി മാറ്റി എന്നാണ്. തങ്ങളുടെ ഗോഡൗണുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം കിട്ടിയെന്നും അവര്‍ പറയുന്നു. ആയിരക്കണക്കിന് ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്തതായും അവര്‍ പറയുന്നു. ഇത് നാലു നഗരങ്ങളിലായി 150,000 കുടുംബങ്ങളെ ബാധിക്കുമെന്ന് അവര്‍ പറയുന്നു.

 

അംഗീകിരിക്കപ്പെട്ട ഓണ്‍ലൈന്‍ വ്യാപാരികളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടിനും ഇതു തന്നെയാണ് ഗതി. തങ്ങള്‍ പ്രാദേശിക ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നാണ് അവര്‍ അറിയിച്ചത്. മുന്‍ഗണനാടിസ്ഥാനത്തില്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കാനാണ് ഇരു കമ്പനികളും ശ്രമിക്കുന്നത്. ഈ വിഷമം പിടിച്ച സാഹചര്യത്തിലും ജോലിക്കിറങ്ങുന്നവര്‍ക്ക് വേണ്ട സുരക്ഷ നല്‍കുകയാണ് ഉചിതം എന്ന വാദവും ഉണ്ട്. വെല്ലുവിളി ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ സർക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു.

 

സൊമാറ്റോ പറയുന്നത് തങ്ങള്‍ക്ക് ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സർക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട് അതനുസരിച്ചായിരിക്കും പ്രവര്‍ത്തനം എന്നാണ്. എന്നാലും, പ്രാദേശിക തലത്തില്‍ നിരവധി ഉദ്യോഗസ്ഥന്മാരോട് ഇടപെടേണ്ടിവരുന്നു എന്നത് ഒരു വെല്ലുവിളിയാണെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ മാറ്റം വരുമെന്നാണ് അവര്‍ കരതുന്നത്. വീടുകളിലേക്ക് ഒതുങ്ങിക്കൂടുന്ന ആളുകള്‍ ഓണ്‍ലൈന്‍ സേവനങ്ങളെ കൂടുതലായി ആശ്രയിക്കുമെന്നത് ലോകം മുഴുവന്‍ കണ്ട കാഴ്ചയാണ്.

 

എത്തിച്ചു നല്‍കാനാവില്ല

 

ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ചില പ്രൊഡക്ടുകള്‍ക്ക് അണ്‍ഡെലിവറബിൾ, അഥാവ എത്തിച്ചുനല്‍കാനാവില്ല എന്നാണ് കാണിക്കുന്നത്. തങ്ങളുടെ ജോലിക്കാരുടെ സുരക്ഷ മുഖ്യ പരിഗണനകളിലൊന്നാണ് എന്നാണ് മിക്ക കമ്പനികളും പറയുന്നത്. ആഹാരം, മരുന്നുകള്‍, പായ്ക്കറ്റിലാക്കിയ ഭക്ഷണ പദാര്‍ഥങ്ങള്‍, വൃത്തി, സുരക്ഷ തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്ന കാര്യത്തനാണ് തങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും കമ്പനികള്‍ പറയുന്നു.

 

അതിനാല്‍ തന്നെ, ഈ സവിശേഷ സാഹചര്യത്തില്‍ പ്രാധാന്യം കുറഞ്ഞ സാധനങ്ങള്‍ എത്തിച്ചുകിട്ടല്‍ നീണ്ടേക്കാം. ഗ്രോഫേഴ്‌സ് (Grofers) എന്ന കമ്പനിയും പറഞ്ഞത് തങ്ങളുടെ ചില ഗോഡൗണുകളും പ്രാദേശികാധികാരികള്‍ അടച്ചു പൂട്ടിയെന്നാണ്. അതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാനാണ് അവര്‍ തങ്ങളുടെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ മാറ്റംവരുമെന്നാണ് ഓണ്‍ലൈന്‍ വില്‍പ്പന ശാലകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ചില കസ്റ്റമര്‍മാര്‍ പറയുന്നത് ഓണ്‍ലൈന്‍ വില്‍പ്പനശാലകൾ ഒത്തു ചേര്‍ന്ന് അധികാരികള്‍ക്ക് സമ്മതമാകുന്ന തരത്തിലുള്ള ഒരു പ്ലാന്‍ സമര്‍പ്പിക്കുകയാണ് വേണ്ടതെന്നാണ്.

 

പ്രാധാന്യം കുറഞ്ഞവയുടെ വില്‍പ്പന തല്‍ക്കാലം നിർത്തുന്നതായി ആമസോണ്‍

 

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മുന്‍ഗണന നല്‍കേണ്ട വസ്തുക്കളുടെ വില്‍പ്പനയ്ക്കായിരിക്കും തങ്ങള്‍ പ്രാധാന്യം നല്‍കുക എന്നും, പ്രാധാന്യം കുറഞ്ഞവ എത്തിച്ചുകൊടുക്കുന്ന കാര്യത്തില്‍ കാലതാമസമെടുത്തേക്കാമെന്നുമാണ് ആമസോണ്‍ പറയുന്നത്. ഇത് എത്ര കാലത്തേക്ക് തുടരുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നും അവര്‍ പറയുന്നു. പുതിയ രീതികള്‍ ചൊവ്വാഴ്ച മുതല്‍ നിലവില്‍ വന്നു.

 

അപ്‌ഡേറ്റ്

 

21-ദിവസ ഷട്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം, ഗ്രോഫേഴ്‌സിന്റെതടക്കമുളള പല വെയര്‍ ഹൗസുകളും അടച്ചുപൂട്ടിയെന്നും അടുത്തതായി എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തുവരികയാണെന്നും ഗ്രോഫേഴ്‌സ് അറിയിച്ചു.

 

പ്രയോരിറ്റി കുറഞ്ഞ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തവരോട് അതു പിന്‍വലിച്ച് റീഫണ്ട് വാങ്ങണമെന്നാണ് ആമസോണ്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ പോലും എത്തിച്ചുകൊടുക്കാനാകുന്നില്ലെന്നും ആമസോണ്‍ പറഞ്ഞു.

 

എന്നാല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളോട് ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്. ഊബര്‍ തുടങ്ങിയ ടാക്‌സി സേവനങ്ങളും ഇന്ത്യയില്‍ താത്കാലികമായി നിർത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com