ADVERTISEMENT

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് അധികാരികള്‍ തീരുമാനിച്ചതോടെ ഇന്ത്യയുടെ ഇകൊമേഴ്‌സ് വ്യവസായവും പ്രതിസന്ധിയിലായി. ഫ്ലിപ്കാര്‍ട്ട് സേവനങ്ങള്‍ ഇന്നലെ താത്കാലകമായി നിർത്തി. ആമസോൺ ആകട്ടെ വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂ. അതേസമയം, അധികാരികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തങ്ങളുടെ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന സൂചനകളും പുറത്തുവിട്ടിരുന്നുവെങ്കിലും വ്യാഴാഴ്ച രാവിലെയും ഫ്ലിപ്കാര്‍ട്ട് തുറന്നിട്ടില്ല.

വീട്ടില്‍ തന്നെ സുരക്ഷിതരായി കഴിയൂ, ഞങ്ങളുടെ സേവനങ്ങള്‍ എത്രയും വേഗം തുടങ്ങും, ഫ്ലിപ്കാര്‍ട്ട് ഒരു പ്രസ്താവനയില്‍ ഉപയോക്താക്കളോടു പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ വ്യാപാരികളെ ആശ്രയിക്കുന്നതായാണ് കാണുന്നത്. ചൊവ്വാഴ്ച പോലും ഫ്ലിപ്കാര്‍ട്ടിന്റെ ഡെലിവറി ബോയ്‌സ് തങ്ങളുടെ കൈകള്‍ ശുദ്ധമാക്കിയ ശേഷമായിരുന്നു പാക്കുകള്‍ കൈമാറിയിരുന്നത്. അതേസമയം, ആമസോണ്‍ അവശ്യ വസ്തുക്കള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക എന്നും അറിയിച്ചിരുന്നു. ഇപ്രകാരമല്ലാത്ത ഓര്‍ഡറുകള്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍മാര്‍ക്ക് റീഫണ്ട് നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും, ആമസോണ്‍ ഇന്ത്യയുടെ മേധാവി അമിത് അഗര്‍വാള്‍ പറഞ്ഞു. സുരക്ഷിതമായി തങ്ങളെ ആശ്രയിക്കുന്ന കസ്റ്റമര്‍മാര്‍ക്ക് സേവനം നല്‍കാനായിരിക്കും ശ്രമിക്കുക എന്നും അദ്ദേഹം അറിയിച്ചു.

സർക്കാരിന്റെ നിര്‍ദ്ദേശം അവശ്യ സാധനങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നാണ്. ഭക്ഷണം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുക. എന്നാല്‍, ഫ്ലിപ്കാര്‍ട്ട് എന്തിനാണ് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അവര്‍ക്ക് സർക്കാർ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ജോലിക്കാരുടെ സുരക്ഷയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തനം നിർത്തിയതെന്നു വാര്‍ത്തകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസും, പ്രാദേശിക അധികാരികളും, സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നവരോട് മയമില്ലാതെ പെരുമാറുന്നു എന്നതായിരിക്കാം സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ കാരണമെന്നു പറയുന്നു.

സർക്കാർ ഇടപെടുന്നു

ഇന്ത്യയൊട്ടാകെ ഓണ്‍ലൈന്‍ വ്യാപരസ്ഥാപനങ്ങളുടെ വിതരണത്തില്‍ തടസം നേരിട്ടതിനാല്‍ സർക്കാർ ഇതില്‍ ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡൽഹി പൊലീസ്, നോയിഡാ പൊലീസ്, ഗുരുഗ്രാം പൊലീസ്, അഹമ്മദബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തുടങ്ങിയവര്‍ പുതിയ നടപടികളിലൂടെ ചരക്കു നീക്കം സുഗമാക്കാന്‍ ശ്രമിക്കുന്നു. അധികാരികളുടെ ഇടപെടല്‍ മൂലം പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഗ്രോഫേഴ്‌സ്, സ്വിഗി, സൊമാറ്റോ, ബിഗ്ബാസ്‌കറ്റ് തുടങ്ങിയ കമ്പനികള്‍ പരാതി നല്‍കിയതായി അറിയുന്നു. പൊലീസ് ഡെലിവറി ബോയിസിന്റെ ബൈക്കിന്റെ ചാവി പിടിച്ചെടുത്താതായും ആരോപണങ്ങള്‍ ഉണ്ട്.

ആഭ്യന്തര മന്ത്രാലയം ഇടപെടും

ഡെലിവറി മുടങ്ങിയതോടെ പ്രശ്നത്തിൽ ഇടപെടാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായാണ് സൂചന. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് വാര്‍ത്തകളുണ്ട്. ജോലിക്കാരെയും, സാധനങ്ങള്‍ കൊണ്ടുവരുന്ന ട്രക്ക് ജീവനക്കാരെയും പൊലീസ് അടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റെയില്‍ ഗതാഗതവും മൂന്നിലൊന്നായി കുറഞ്ഞതോടെ ചരക്കു നീക്കം വളരെ കുറഞ്ഞിരിക്കുകയാണ്. ചരക്കു കയറ്റാനും ഇറക്കാനും തൊഴിലാളികളില്ലെന്നതും മറ്റൊരു പ്രശ്‌നമാണ്. ഇതു പരിഹരിക്കാനായി റെയില്‍വെ വഴിയുള്ള ചരക്കു നീക്കത്തിന് സർക്കാർ അനുമതി നല്‍കുന്നു.

ബുധനാഴ്ച ബിഗ്ബാസ്‌ക്കറ്റ് പോലെയുള്ള ഓണ്‍ലൈന്‍ പലചരക്കു വ്യാപാരികളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിർത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. പ്രാദേശിക അധികാരികളുടെ നിലാപാടാണ് പ്രശ്‌നമെന്നാണ് അവരുടെയും ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com