ADVERTISEMENT

കൊറോണാവൈറസ് ഉണ്ടോ എന്നറിയാന്‍ സ്വയം പ്രാഥമിക ടെസ്റ്റ് നടത്താൻ സാധിക്കുന്ന തരം ആപ്പും വെബ് ടൂളും ടെക്‌നോളിജി ഭീമന്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആന്‍ഡ്രോയിഡോ വിന്‍ഡോസോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും വെബ് ടൂള്‍ ഏതു കംപ്യൂട്ടിങ് ഡിവൈസിലും ഉപയോഗിക്കാം. അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, വൈറ്റ് ഹൗസ് കൊറോണാവൈറസ് ടാസ്‌ക്‌ഫോഴ്‌സ്, ദി ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണ് ആപ്പിള്‍ പുതിയ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.

കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാനാണ് പുതിയ ആപ്പും ടൂളും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ആപ് ലഭ്യമാകുക. ഐഫോണ്‍ ഐപാഡ് ഉപയോക്താക്കള്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കാം. https://apple.co/2xtUEYo. ആപ് സൗജന്യമാണ്. മറ്റെല്ലാ വിഭാഗത്തിലും പെട്ട ടെക്‌നോളജി ഉപയോഗിക്കുന്നവര്‍ക്ക് വെബ് ടൂള്‍ ഉപയോഗിക്കാം. ടൂള്‍ അക്‌സസ് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കുക. https://apple.co/2WOzcIc

സോഷ്യല്‍ ഡിസ്റ്റന്‍സിങ്, സ്വയം സമൂഹത്തില്‍ നിന്ന് അകറ്റി നിർത്തുന്നതിന്, രോഗലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍, ടെസ്റ്റിങിനു വേണ്ട ശുപാര്‍ശ, എപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കേണ്ടത് തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളാണ് പ്രതിപാദ്യവിഷയങ്ങള്‍. എന്നാല്‍, ഈ ടൂൾ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശത്തിന് പകരമാവില്ലെന്ന് എന്ന് ആപ്പിള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രാദേശിക ആരോഗ്യ വിദഗ്ധരുടെ ഉപദേശത്തിന് തങ്ങളുടെ ആപ് നൽകുന്ന ഉപദേശത്തേക്കാള്‍ ആധികാരികത ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വെബ്‌സൈറ്റിലും ആപ്പിലും പല ചോദ്യങ്ങളുമാണുള്ളത്. ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി, അടുത്ത കാലത്തു നടത്തിയ യാത്രകള്‍, കൊറോണാവൈറസ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്താനിടയായോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായുമുള്ളത്. ഉപയോക്താവ് നല്‍കുന്ന ഉത്തരങ്ങളനുസരിച്ചാണ് കോവിഡ്-19 ടെസ്റ്റു നടത്തണമോ എന്ന് നിര്‍ദ്ദേശിക്കുക. ഇതിനാല്‍, ഈ ടൂളോ ആപ്പോ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സത്യസന്ധമായ ഉത്തരങ്ങള്‍ മാത്രം നല്‍കുക.

അമേരിക്കക്കാര്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തിന് നിര്‍മിച്ചതാണെങ്കിലും ലോകത്ത് എവിടെയുള്ളവര്‍ക്കും സ്വയം ടെസ്റ്റ് നടത്താന്‍ ഉപകരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ആപ്പും വെബ്‌സൈറ്റും യാതൊരു സൈന്‍-ഇനും ചോദിക്കുന്നില്ല. അതിനാല്‍ ഡേറ്റാ ചോര്‍ത്തുമോ എന്ന ഭയവും വേണ്ട. ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ തങ്ങള്‍ കാണുകയോ, അവ സർക്കാർ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയോ ചെയ്യില്ലെന്നും ഉറപ്പു നല്‍കുന്നു.

corona-vaccine

കഴിഞ്ഞയാഴ്ച മുതല്‍ ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിറി, നോവല്‍ കൊറോണാ വൈറസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിത്തുടങ്ങിയിരുന്നു. എനിക്കു കൊറോണാ വൈറസ് ഉണ്ടോ ('Do I have coronavirus?') എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ക്കാണ് സിറി മറുപടി നല്‍കിയിരുന്നത്. രോഗവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും തടയാന്‍, സ്വതന്ത്ര കൊറോണാവൈറസ് ആപ്പുകളെ ആപ്‌സ്റ്റോറില്‍ സ്വീകരിക്കില്ല എന്ന് കമ്പനി അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട സംഘടനകള്‍ സൃഷ്ടിക്കുന്ന കൊറോണാവൈറസ് ആപ്പുകളെ സ്വീകരിക്കുന്നുമുണ്ട്. വാട്‌സാപ് തുടങ്ങിയ മെസേജിങ് സേവനങ്ങളിലൂടെ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട് എന്നതിനാലാണ് കൊറോണാവൈറസുമായി ബന്ധപ്പെട്ട വിദഗ്ധരല്ലാത്തവരുടെ ആപ്പുകളെ വിലക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com