ADVERTISEMENT

ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യപിച്ച ആദ്യ ദിവസങ്ങളില്‍ പൊലീസുകാര്‍ ലാത്തിവച്ചടിച്ച് കൊറോണാവൈറസിനെ തുരത്താന്‍ ശ്രമിക്കുന്നതായി ചില വിരുതന്മാര്‍ കമന്റിട്ടിരുന്നു. എന്നാല്‍, ലോകത്തെ സ്വേച്ഛാതിപധ്യ ഭരണകൂടമുള്ള രാജ്യങ്ങളിലൊന്ന് എന്ന് അറിയപ്പെടുന്ന റഷ്യ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ വ്യാപനം തടയുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ചാണ് രോഗം പടരുന്നത് നിയന്ത്രിക്കാന്‍ റഷ്യന്‍ നിയമപാലകര്‍ ശ്രമിക്കുന്നതത്രെ. കഴിഞ്ഞയാഴ്ച ക്വാറന്റീന് ഓര്‍ഡര്‍ ലംഘിച്ച് മോസ്‌കോയില്‍ നിരത്തിലിറങ്ങിയ 200 പേര്‍ക്ക് പിഴ ചുമത്തി. ഇവരെ കണ്ടെത്താന്‍ പൊലീസ് ഉപയോഗിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂളുകളുമാണ്.

മോസ്‌കോ നഗരത്തില്‍ കണ്ണിമചിമ്മാതെ കാത്തിരിക്കുന്നത് 1,70,000 ക്യാമറകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവയെ ഫെയ്‌സ് ഡിറ്റെക്ട് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇവ പോരാതെ 9000 ക്യാമറകള്‍ കൂടെ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണെന്നും വാര്‍ത്തയുണ്ട്. നഗരത്തിലെ ഒരു മൂല പോലും പൊലീസിന്റെ ദൃഷ്ടിയില്‍ പെടാതിരിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് കൂടുതല്‍ ക്യാമറകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതത്രെ. എന്നാല്‍, സ്വകാര്യതയ്ക്കു വേണ്ടി വാദിക്കുന്നവര്‍ പൊലീസിനെതിരെ എത്തിയിട്ടുണ്ട്. ഇത് നിയമപരമല്ലാത്ത നിരീക്ഷണ രീതിയാണ് എന്നാണ് അവര്‍ പറയുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ നേതൃത്വത്തിലുളള സർക്കാർ ഈ വര്‍ഷമാദ്യം വ്യാപകമായ നിരീക്ഷണത്തിന് ക്യാമറകള്‍ സ്ഥാപിക്കുകയും, ഈ നടപടി സാധാരണ ജനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും രോഷത്തിനിരയാകുകയും ചെയ്തിരുന്നു.

റഷ്യയില്‍ കൊറോണാവൈറസ്

വേള്‍ഡോമീറ്റര്‍ (worldometer) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ റഷ്യയില്‍ 1,836 കൊറോണാവൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയില്‍ 306 എണ്ണം 24 മണിക്കൂറിനുള്ളിലാണ് വന്നിരിക്കുന്നത്. സോവിയറ്റ് യൂണിയനില്‍ ഇതുവരെ കോവിഡ്-19 ബാധിച്ച് 9 പേരാണ് മരണമടഞ്ഞത് എന്നാണ് ഔദ്യോഗിക കണക്ക്.

രോഗം പൊട്ടിപ്പുറപ്പെട്ടു എന്നു കേട്ടതോടെ തങ്ങളുടെ അതിര്‍ത്തി അടച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. രോഗം തുടങ്ങിയ രാജ്യമായ ചൈനയുമായി 4,200 കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് റഷ്യ എന്നും ചിന്തിക്കുമ്പോഴാണ് റഷ്യയുടെ നേട്ടത്തെ പലരും പുകഴ്ത്തുന്നത്. അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം വളരെ ഉചിതമായി എന്ന് ഇതുവരെയുള്ള സംഭവവികാസങ്ങള്‍ കാട്ടിത്തരുന്നതായി പറയുന്നു.

ഡിസംബറില്‍ ചൈനയിലാണ് ഇതു തുടങ്ങിയത്. കഴിഞ്ഞയാഴ്ച വരെ ഏറ്റവുമധികം ആഘാതം ചൈനയ്ക്കായിരുന്നുവെങ്കിലും പിന്നീട് അവരെ ഇറ്റലിയും, സ്‌പെയ്‌നും മറികടക്കുകയായിരുന്നു. വുഹാന്‍ നഗരത്തിലെ സമുദ്രോത്പന്ന വിപണിയില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നത് എന്നാണ് വിശ്വാസം. നിയമവിരുദ്ധമായ രീതിയിലാണ് ഈ വിപണിയിൽ മൃഗങ്ങളെ വില്‍ക്കുന്നതെന്നും വാര്‍ത്തയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com