sections
MORE

മെയ്ഡ് ഇൻ ഇന്ത്യ: കൊറോണാവൈറസിനെ നശിപ്പിക്കാനുള്ള ടെക്നോളജിയുമായി സൈടെക് എയറോണ്‍

corona-cleaning
SHARE

പുനെയിലെ ജെക്ലീന്‍ (JClean) എന്ന സ്റ്റാര്‍ട്ട്-അപ് കമ്പനി അടഞ്ഞ സ്ഥലങ്ങളിൽ കൊറോണാവൈറസ് മുക്തമാക്കാനുള്ള ടെക്‌നോളജി കണ്ടുപിടിച്ചിരിക്കുകയാണ്. മുറികളും അടച്ചിട്ട ശേഷം തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് അണുമുക്തമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ സാങ്കേതികവിദ്യയ്ക്ക് അവര്‍ നല്‍കിയിരിക്കുന്ന പേര് സൈടെക് എയറോണ്‍ (Scitech Airon) എന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഡിഎസ്ടി) നടത്തുന്ന നിധി പ്രയാസ് പ്രോഗ്രാമിനു കീഴിലുള്ളവരാണ് പുതിയ ടെക്‌നോളജി അവതരിപ്പിച്ചിരിക്കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ അടച്ചിട്ട ഇടങ്ങളിലെ വൈറല്‍ ലോഡ് 99.7 ശതമാനം കുറയ്ക്കാനുള്ള കഴിവാണ് തങ്ങളുടെ സാങ്കേതികവിദ്യക്ക് ഉള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. കൊറോണാവൈറസ് രോഗികള്‍ വന്നുപോയ സ്ഥലങ്ങള്‍ ഈ മെഷീന്‍ ഉപയോഗിച്ച് ഡിസ്ഇന്‍ഫെക്ട് ചെയ്താല്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും താരതമ്യേന സുരക്ഷിതമായിരിക്കുമെന്നു പറയുന്നു. ക്വാറന്റീന്‍ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്ന ഇതര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് ഗുണകരമാകുമെന്നും വാദമുണ്ട്. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കും ഇത് ഉചിതമായിരിക്കുമെന്നും പറയപ്പെടുന്നു. ഈ ടെക്‌നോളജി ഉപയോഗിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധക്ഷമത വര്‍ധിക്കുമെന്നും അത് 20-30 ദിവസത്തേക്കു നിലനില്‍ക്കുമെന്നും അവകാശവാദമുണ്ട്.

എയ്‌റോണ്‍ പല രാജ്യാന്തര ലാബുകളും ഇതിനോടകം ടെസ്റ്റു ചെയ്തുകഴിഞ്ഞതായും പറയുന്നു. വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കൃഷിയിടങ്ങള്‍ വ്യവസായങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള അടഞ്ഞ മുറികളിലും മറ്റുമാണ് ഇത് ടെസ്റ്റ് ചെയ്തതത്രെ. നിരവധി വൈറസുകള്‍, ബാക്ടീരി, ഫങ്ഗല്‍ ഇന്‍ഫെക്ഷന്‍ എന്നിവ നശിപ്പിക്കുന്നതു കൂടാതെ മുറിയിലുളള നിരവധി അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങളെയും ഇല്ലായ്മ ചെയ്യും. ഏറ്റവും മികച്ച ഡിസ്ഇന്‍ഫെക്ടന്റുകളില്‍ ഒന്നാണിതെന്ന് നിര്‍മ്മാതാക്കള്‍ പറുന്നു. മലിനീകരണം ഉണ്ടാക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ് തുടങ്ങിയവയും ഇല്ലായ്മ ചെയ്യും.

സൈന്‍ടെക് എയറോണ്‍ അയണൈസര്‍ മെഷീന്‍ നെഗറ്റീവ്‌ലി ചാര്‍ജ്ഡ് ഐയണ്‍സ് ഉത്പാദിപ്പിക്കുന്നു. മൈക്രോ ഓര്‍ഗനിസങ്ങളുടെയും അലര്‍ജിയുണ്ടാക്കുന്നവയുടെയും  പുറമെയുള്ള പ്രോട്ടീനുകളുമായി രാസശാസ്ത്രപരമായി ഇടപെട്ട് അവയെ പ്രവര്‍ത്തനക്ഷമല്ലാതാക്കുന്നു. ഡിഎസ്ടിയില്‍ നിന്ന് ഒരുകോടി രൂപ ഇത് നിര്‍മ്മിക്കുന്നതിനായി ജെക്ലീനിനു ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ആശുപത്രികള്‍ക്കായി 1,000 യൂണിറ്റുകള്‍ ഉടന്‍ തയാറാകും. ഇവയുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിക്കും.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA