ADVERTISEMENT

കൊറോണാവൈറസിന്റെ വ്യാപനവും അമേരിക്കന്‍ പ്രസിഡന്റിന്റെ ചൈനാ വിരോധവും മൂലം ഐഫോണിന്റെ നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് ഭാഗികമായി മാറ്റാനൊരുങ്ങുകയാണ് ആപ്പിള്‍ കമ്പനി എന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയിലെ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാണ മേഖല പോഷിപ്പിക്കാന്‍ രാജ്യം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കമ്പനിയെ ഇന്ത്യയിലക്ക് അടുപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ ഐഫോണ്‍ നിര്‍മ്മാണം ഭാഗികമായി ഇന്ത്യയിലേക്കു മാറ്റുന്ന കാര്യം ഇപ്പോള്‍ സർക്കാരുമായി ആപ്പിള്‍ ചര്‍ച്ച ചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എല്ലാം നേരെ ആകുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം മൂല്യത്തിനുള്ള ഫോണുകള്‍ കയറ്റി അയയ്ക്കുന്ന കമ്പനി ആപ്പിളായി തീരും.

 

കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവുമാര്‍ ഇതിനോടകം പലവട്ടം സർക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തങ്ങളുടെ ഫോണുകളും മറ്റുപകരണങ്ങളും കമ്പനി തന്നെ നേരിട്ട് നിര്‍മ്മിച്ചെടുക്കുകയല്ല ചെയ്യുന്നത്. ഇത് ഫോക്‌സ്‌കോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് കോണ്‍ട്രാക്ട് നല്‍കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലും മറിച്ചായിരിക്കില്ല കമ്പനി പ്രവര്‍ത്തിക്കുക. എന്നാല്‍, ഇത്തരം കോണ്‍ട്രാക്ട് നിര്‍മ്മാതാക്കളുടെ സഹായത്തോടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏകദേശം 4000 കോടി ഡോളറിനുള്ള ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചെടുക്കാനുള്ള ലക്ഷ്യവുമായാണ് കമ്പനി സർക്കാരുമായി ചര്‍ച്ച നടത്തുന്നതത്രെ. ആപ്പിള്‍ 2018-19ല്‍ ചൈനയില്‍ നിര്‍മ്മിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യം ഏകദേശം 22000 കോടി ഡോളര്‍ വരും. കമ്പനിക്ക് നേരിട്ടോ അല്ലാതെയോ ആയി ഏകദേശം 48 ലക്ഷം ആളുകള്‍ ചൈനയില്‍ ജോലിയെടുക്കുന്നുമുണ്ട്.

 

ഇന്ത്യ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡക്ഷന്‍-ലിങ്ക്ട് ഇന്‍സെന്റീവ്‌സ് (പിഎല്‍ഐ) തുടങ്ങിയ പ്രോത്സാഹന പാക്കേജുകളുടെ ആനുകൂല്യം തങ്ങള്‍ക്കു കിട്ടണമെന്ന ലക്ഷ്യം കമ്പനിക്കുണ്ടെന്നും പറയുന്നു. ഈ സ്കീം വമ്പന്‍ കമ്പനികള്‍ പ്രാദേശികമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. നിലവില്‍ ആപ്പിളിനു വേണ്ടി ഫോക്‌സ്‌കോണ്‍, വിന്‍സ്‌ട്രോണ്‍ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍, ഇവരുടെ സഹകരണത്തോടെ ഏകദേശം 4000 കോടി ഡോളര്‍ മൂല്യത്തിനുള്ള ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചെടുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നു പറയുന്നു.

 

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകളില്‍ ഏറിയ പങ്കും ആപ്പിള്‍ കയറ്റി അയയ്ക്കും. നിലവിലുള്ള ആപ്പിളിന്റെ കോണ്‍ട്രാക്ട് നിര്‍മ്മാതാക്കൾ 4000 കോടി ഡോളർ മൂല്യം വരുന്ന ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചേകുകമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഒരു മുതിര്‍ന്ന സർക്കാർ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വര്‍ത്തകള്‍ പറയുന്നു. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയിലും ആപ്പിളിന് നാമമാത്രമായ സാന്നിധ്യമേയുള്ളു. ഈ നീക്കം വിജയിച്ചാല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം മൂല്യത്തിനുള്ള ഫോണ്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയായി തീരും ആപ്പിള്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 7, ഐഫോണ്‍ XR എന്നീ മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. നേരത്തെ ആദ്യ തലമുറ ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 6 എന്നീ മോഡലുകളും നിര്‍മ്മിച്ചിരുന്നു. ഈ രണ്ടു മോഡലുകളുടെയും നിര്‍മ്മാണം ആപ്പിള്‍ ഇപ്പോള്‍ നിർത്തിയിരിക്കുകയാണ്. എന്നാല്‍, സർക്കാർ പ്രഖ്യാപിച്ച പിഎല്‍ഐ പ്ലാനില്‍ ചില പ്രശ്‌നങ്ങള്‍ ഇനിയും പറഞ്ഞുറപ്പിക്കാന്‍ സാധിക്കാതെ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

 

ഇന്ത്യ മുന്നോട്ടുവച്ച ചില വകുപ്പുകള്‍ അംഗീകിരിക്കാന്‍ കമ്പനി തയാറല്ലെന്നു പറയുന്നു. നിലവില്‍ ആപ്പിളിന് ചൈനയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുളള ആപ്പിളിന്റെ നിര്‍മ്മാണ പ്ലാന്റുകളുടെ മൊത്തം മൂല്യം 40 ശതമാനമായി കാണണമെന്ന സർക്കാരിന്റെ വാദം അവര്‍ അംഗീകരിച്ചിട്ടില്ല. കൂടാതെ, പിഎല്‍ഐ ഉപയോഗിച്ചു നടത്തുന്ന ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ ചോദിച്ചിരിക്കുന്ന അത്ര കൈമാറാനും ആപ്പിള്‍ സന്നദ്ധമല്ലെന്നാണ് അറിയുന്നത്.

 

എന്നാല്‍, ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇരു ഭാഗങ്ങളും ശ്രമിക്കുന്നത്. ഈ പ്രക്രീയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 28ന് ആപ്പിളിന്റെയും സാംസങ്ങിന്റെയും ലാവയുടെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും വാര്‍ത്തകള്‍ പറയുന്നു. ഇന്ത്യ 2025ല്‍ എത്തുമ്പോള്‍ ഏകദേശം 10000 കോടി ഡോളറിനുളള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, കൊറോണാവൈറസിന്റെ ആഘാതം ഈ സ്വപ്‌നങ്ങളെ തകര്‍ക്കുമോ എന്ന കാര്യവും കണ്ടറിയേണ്ടിയിരിക്കുന്നു. ലോകമെമ്പാടും ആളുകള്‍ പൈസ ചെലവിടുന്ന രീതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണല്ലോ.

English Summary :Apple - India govt in talks for $40 billion dollar worth iPhone production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com