ADVERTISEMENT

മദ്യം വിതരണ ടോക്കണിനായുള്ള ആപ് –ബെവ് ക്യു ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ ആപ് വരുന്നതും കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. എന്നാൽ, ആപ് എന്നുവരുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ മറുപടി സർക്കാരിന്റെ ആപ് നിർമാണ കമ്പനിയുടെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. ഇതിനിടെ ആപ് നിർമിക്കാനുള്ള ടെൻഡർ നൽകിയത് പാർട്ടിക്കാർക്കാണെന്നും വിവാദം ഉയർന്നിരിക്കുന്നു. ഇത് സംബന്ധിച്ചുള്ള തെളിവുകൾ സോഷ്യല്‍മീഡിയക്കാർ പൊക്കികൊണ്ടുവന്നിട്ടുണ്ട്.

ബെവ് ക്യു ആപ് നിര്‍മിക്കുന്നത് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെയര്‍കോഡ് ടെക്‌നോളജീസ് ആണ്. ഒരു വര്‍ഷം മുന്‍പ് രൂപംകൊണ്ട ഈ സ്റ്റാര്‍ട്ടപ്പ് സിപിഎം അനുഭാവികൾ നടത്തുന്നതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് വ്യാപകമായ ആരോപണമുണ്ട്. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ രജിത് രാമചന്ദ്രന്റെ ഫെയ്സ്ബുക് പേജിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ ഏറെയുണ്ട്. തികച്ചും പാർട്ടിയുടെ പിആർ ജോലി ചെയ്യുന്ന വ്യക്തിയുടേത് പോലെയുള്ളതാണ് രജിന്റെ ഫെയ്സ്ബുക് പോസ്റ്റുകൾ. പ്രൊഫൈലില്‍ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും പുകഴ്ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്. അതേസമയം, ആപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെയും ആപ് പുറത്തുവരാത്തതിന്റെ പ്രതിഷേധ കമന്റുകൾ കാണാൻ കഴിയും.

കേന്ദ്രസര്‍ക്കാരിന്റെ റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റ് ഡേറ്റ പ്രകാരം ഈ കമ്പനിയുടെ ബോർഡിലുള്ളത് നാലു പേരാണ്. രജിത്, നവീന്‍ ജോര്‍ജ്, തലപ്പുള്ളി അരവിന്ദാക്ഷന്‍ അരുണ്‍ഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റര്‍മാര്‍. ഇതില്‍ രജിത് സജീവ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നാണ് സോഷ്യൽമീഡിയക്കാർ ആരോപിക്കുന്നത്.

ആപ് തയാറാക്കാന്‍ ബെവ്‌കോ വിളിച്ച ടെന്‍ഡര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ആപ് നിർമിക്കാൻ നിലവിലെ കമ്പനിയെ തിരഞ്ഞെടുത്തത് എങ്ങനെയെന്ന് സർക്കാർ ഔദ്യോഗികമായ പുറത്തുവിടണമെന്നാണ് സോഷ്യൽമീഡയക്കാരുടെ ആവശ്യം. ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ആപ് വഴി നൽകുന്ന ടോക്കണ്‍ ഉപയോഗിക്കാം. എന്നാല്‍ ഗൂഗിള്‍ ക്ലിയറന്‍സ് വൈകുകയോ പരീക്ഷണ പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുകയോ ചെയ്താല്‍ മദ്യക്കടകള്‍ തുറക്കുന്നത് നീണ്ടേക്കും. സംസ്ഥാനത്തെ 545 ബാറുകളും 220 ബിയര്‍ വൈന്‍ പാര്‍ലറുകളും പാഴ്സല്‍ വില്‍ക്കുവാന്‍ സമ്മത പത്രം ബവ്കോയ്ക്ക് നല്‍കി കഴിഞ്ഞു.

ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഒരു ടോക്കണിനു 50 പൈസ വീതം ആപ് നിര്‍മിക്കുന്ന ഫെയര്‍കോഡ് കമ്പനിക്ക് നല്‍കണം. ബെവ്കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 301 വിൽപന കേന്ദ്രങ്ങളും 605 ബാറുകളും 387 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്തുള്ളത്.

English Summary: BEVCO Application Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com