ADVERTISEMENT

കളി നടക്കുന്നത് തിരുവനന്തപുരത്ത്, പ്രൊഡക്ഷന്‍-ബ്രോഡ്കാസ്റ്റിങ് ടീം ആയിരക്കണക്കിനു കിലോമീറ്റർ അകലെ ലണ്ടനില്‍. കാണികൾ ടിവിക്കോ, സ്മാര്‍ട് ഫോണിനോ മുന്നിലും! തമാശല്ല, കോവിഡാനന്തര കാലത്തെ സ്‌പോര്‍ട്‌സ് ഇങ്ങനെയെല്ലാം ആയേക്കാമെന്നാണ് പുതിയ പ്രവചനം. ടെക്‌നോളജിയോട് ഒരു കാലത്തും മുഖംതിരിച്ചു നില്‍ക്കുകയായിരുന്നില്ല കായികവിനോദങ്ങള്‍ എന്നതിനാല്‍ കാണികള്‍ക്കും പുതിയ മാറ്റം ഉള്‍ക്കൊള്ളാനായേക്കും. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു വന്നേക്കാവുന്ന സ്‌പോര്‍ട്‌സ് രംഗം എങ്ങനെയിരിക്കുമെന്ന് ഒന്നെത്തിനോക്കാം:

 

സ്‌പോര്‍ട്‌സ് അടിമുടി മാറിയേക്കും

 

കൊറോണ വൈറസിനു ശേഷം ഇനി എന്ത് എന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് മറ്റെല്ലാ മേഖലകളെയും പോലെ സ്‌പോര്‍ട്‌സ് വ്യവസായവും. നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയങ്ങളും, അവിടെ ഉയരുന്ന ആരവങ്ങളും, അവര്‍ക്കു നടുവില്‍ ആടിത്തിമിര്‍ക്കുന്ന സ്‌പോട്‌സ് താരങ്ങളും, ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഓര്‍മ്മ ആയേക്കാം. സ്‌പോര്‍ട്‌സ് വ്യവസായത്തിന് ഒരു വര്‍ഷം വരാന്‍ പോകുന്ന നഷ്ടം ഏകദേശം 61.6 ബില്ല്യന്‍ ഡോളറായിരിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഒളിംപിക്‌സ് മുതല്‍ ഐപിഎല്‍ വരെ നിരവധി കാശുവാരി മഹാമേളകള്‍ നീട്ടിവയ്ക്കപ്പെട്ടിരിക്കുകയാണ്. താരദൈവങ്ങളും, സ്‌പോര്‍ടസ് ഫെഡറേഷനുകളും, ബ്രോഡ്കാസ്റ്റുകാരുമെല്ലാം ഇപ്പോള്‍ പകച്ചു നില്‍ക്കുകയാണ്. ആളുകളുടെ ശീലങ്ങള്‍ മാറിയാല്‍ ഇനി സ്‌പോര്‍ട്‌സിന് പഴയപോലെയുള്ള സ്വീകാര്യത ലഭിക്കുമോ എന്നും ഇവരില്‍ ചിന്തിക്കുന്നവര്‍ ഭയക്കുന്നു.

 

പകരം ഇ സ്‌പോര്‍ട്‌സ് പരിഗണിക്കാം

 

ഇനി കായിക മാമാങ്കങ്ങള്‍ നടത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗങ്ങളിലൊന്ന് ഇസ്‌പോര്‍ട്‌സ് (eSports) ആണെന്നാണ് പറയുന്നത്. സ്‌പോര്‍ട്‌സ് മേളകള്‍ ഇനി നടക്കണമെങ്കില്‍ ഇത്തരത്തിലൊരു മാറ്റം അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്ക ഇസ്‌പോര്‍ട്‌സ് നേരത്തെ തന്നെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ആളുകളെ കായിക വിനോദങ്ങളിലേക്ക് ആകര്‍ഷിച്ചു നിർത്താന്‍ പെട്ടെന്നു പരിഗണിക്കാന്‍ പോകുന്ന മാര്‍ഗ്ഗങ്ങളിലൊന്ന് ഇസ്‌പോര്‍ട്സ് ആയിരിക്കും. ഇതിന് പുതിയൊരു ഡിജിറ്റല്‍ തന്ത്രം തന്നെ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ തുടക്കമാകാം റിമോട്ട് ബ്രോഡ്കാസ്റ്റിങ്, അഥവാ വിദൂര പ്രക്ഷേപണം.

 

വിദൂര പ്രൊഡക്ഷന്‍

 

കായിക മാമാങ്കങ്ങള്‍ നടക്കുമ്പോള്‍ തങ്ങളുടെ ഹാര്‍ഡ്‌വെയറുമായി തലങ്ങും വിലങ്ങും പായുന്ന നൂറുകണക്കിനു പ്രൊഫഷണലുകളെ നമുക്കു കാണാം. ഇവരില്‍ ചിലര്‍ ഉജ്വലമായ വിഡിയോ ക്വാളിറ്റി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ ഒഡിയോ ക്വാളിറ്റി ലഭിക്കുന്നുവെന്ന് ഉറപ്പിക്കും. എന്നാല്‍, റിമോട്ട് പ്രൊഡക്ഷന്‍ ഇതിനു നേര്‍വിപരീതമായ രീതിയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇവിടെ ടെക്‌നോളജി ഉപയോഗിച്ച്, ഒരു പക്ഷേ ആയിരക്കണക്കിനു കിലോമീറ്റർ അകലെയിരുന്ന് ആയിരിക്കും ബ്രോഡ്കാസ്റ്റിങ്, പ്രൊഡക്ഷന്‍ ടീമുകള്‍ പ്രവര്‍ത്തിക്കുക. പ്രൊഡക്ഷന്‍ ഏറ്റെടുക്കുന്ന ടീം അവരുടെ രാജ്യത്തോ, തങ്ങളുടെ വീട്ടിലോ പോലും ആയിരിക്കാം ഇരിക്കുന്നത്. നേരത്തെ പറഞ്ഞതു കേരളത്തില്‍ നടക്കുന്ന കളി പ്രക്ഷേപണം ചെയ്യുന്നവര്‍ ബ്രിട്ടനിലായിരിക്കാം ഇരിക്കുക. കാണികള്‍ എത്താത്തതിനാല്‍ എവിടെ കളി നടക്കുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായിരിക്കണമെന്നില്ല. പുതിയ രീതിയിലുള്ള അണുമുക്തമാക്കിയ കളിയിടങ്ങള്‍ എന്ന ആശയവും പൊങ്ങിവന്നേക്കും. നൂതന രീതിയിലുള്ള കളികളും രൂപമെടുത്തേക്കാം.

 

സ്‌പോര്‍ട്‌സ് ജൂണില്‍ തുടങ്ങിയേക്കാം

 

അണുമുക്തമാക്കപ്പെട്ട, അടച്ചിട്ട മേഖലകളിലായിരിക്കാം ഇനി കളിയരങ്ങുണരുക. ഇതിലൂടെ എങ്ങനെയായിരുക്കും കാണികളുടെ താത്പര്യം പിടിച്ചുനിർത്താനാകുക എന്നതായിരിക്കും പ്രധാന പ്രശ്‌നങ്ങളിലൊന്ന്. നാട്ടില്‍ നടക്കുന്ന കളിക്ക് സ്റ്റേഡിയം നിറയ്ക്കാന്‍ നാട്ടുകാരെല്ലാം എത്തി അരങ്ങു കൊഴുപ്പിച്ചിരുന്നു. അത്തരം സാഹചര്യമൊന്നും അടുത്തകാലത്തെങ്ങും തിരിച്ചെത്തണമെന്നില്ല. അമേരിക്ക, ജര്‍മനി, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ എന്നിവടങ്ങളിലെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ റിമോട്ട് പ്രൊഡക്ഷന്‍ എന്ന ആശയം എങ്ങനെ വിജയകരമായി നടപ്പാക്കാമെന്നു ആലോചിക്കുകയാണിപ്പോള്‍. ജൂണ്‍ മാസത്തില്‍ തന്നെ, അടച്ചിട്ട മേഖലകളില്‍ നടത്തുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കു തുടക്കമായേക്കാമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

 

കടലിനടിയിലൂടെ വലിച്ചിരിക്കുന്ന കേബിളുകളാകും റിമോട്ട് സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ്ങിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. ലൈവ് വിഡിയോ സാധ്യമാക്കുക സമുദ്രാന്തര്‍ഗതമായ കേബിളുകള്‍ എന്ന അടിസ്ഥാനസൗകര്യം ഒരുക്കലിലൂടെയായിരിക്കും. കഴിഞ്ഞ ഏതാനും വര്‍ഷമായി ഈ സാധ്യതയും ആരായുന്നുണ്ടായിരുന്നു എന്നത് ഇത് എളുപ്പമാക്കുമെന്നു കരുതുന്നു. ഒന്നിലേറെ ലൈവ് വിഡിയോ സ്ട്രീമുകള്‍ ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊരിടത്തേക്ക് എത്തും. അവിടെയായിരിക്കും പ്രൊഡക്ഷന്‍ നടത്തുക. പ്രൊഡക്ഷനു ശേഷം അത് കായിക പ്രേമികളിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ എത്തിച്ചുകൊടുക്കുക ആയിരിക്കും ചെയ്യുക. ഇതിനായി വിഡിയോ സ്ട്രീമുകളുടെ ലേറ്റന്‍സി ( കംപ്യൂട്ടിങ് യന്ത്രങ്ങളില്‍ ഏതെങ്കിലും ഡേറ്റയ്ക്കു വേണ്ട നിര്‍ദേശം നല്‍കിക്കഴിഞ്ഞാല്‍ അതു ലഭിക്കുന്നതുവരെയുള്ള സമയം) ശരിയാക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി എന്നാണ് പുതിയ നീക്കങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

 

ഏറ്റവും വലിയ ബ്രോഡ്കാസ്റ്റിങ് കമ്പനികളായിരിക്കും ഇസ്‌പോര്‍ട്‌സ് സാധ്യത ആദ്യം നടപ്പില്‍ വരുത്തുക. അവര്‍ക്ക് അതിനു വേണ്ട ആളും പണവുമുണ്ടല്ലോ. എന്നാല്‍, രണ്ടും മൂന്നും നിര ബ്രോഡ്കാസ്റ്റര്‍മാരും ഇതില്‍ കാര്യമായ താത്പര്യമെടുക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ലോകമെമ്പാടുമുള്ള 40-50 ബ്രോഡ്കാസ്റ്റര്‍മാരായിരിക്കും വിദൂര പ്രൊഡക്ഷന്‍ സാധ്യതകള്‍ ഉപയോഗിക്കുക.

 

റിമോട്ട് പ്രൊഡക്ഷന് പല വെല്ലുവിളികളുമുണ്ട്

 

ഒരു കളി ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ 300-350 ടെക്‌നീഷ്യന്മാര്‍ വരെയും അവരുടെ ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളും ഒരു സ്‌റ്റേഡിയത്തില്‍ ഒത്തു കൂടുന്നു. എന്നാല്‍, ഇവരെയെല്ലാം വേര്‍തിരിച്ച് വിവിധ സ്ഥലങ്ങളിലിരുത്തി ജോലി എടുപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതിന് വര്‍ക്ഫ്‌ളോയില്‍ കാതലായ മാറ്റം തന്നെ കൊണ്ടുവരണം. ദീര്‍ഘ ദൂരം വിഡിയോ സ്ട്രീം ചെയ്യണം. പിന്നെ അവ ഒരുമിപ്പിക്കണം. എവിടെയെങ്കിലും പാളിച്ചപറ്റിയാല്‍, കാണി തന്റെ ശൂന്യമായ സ്‌ക്രീനിലേക്കായിരിക്കും നോക്കുക.

 

എന്തായാലും റിമോട്ട് പ്രൊഡക്ഷന്‍ എന്ന ആശയം ആദ്യം നടപ്പിലാക്കുന്ന മേഖലകളിലൊന്ന് സ്‌പോര്‍ട്‌സ് ആയിരിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അമേരിക്കയിലെ പല ബ്രോഡ്കാസ്റ്റര്‍മാരും ഇത് നടപ്പിലാക്കി കഴിഞ്ഞുവെന്നും പറയുന്നു.

 

നഷ്ടം കുറച്ചെങ്കിലും നികത്താനാകുമോ?

 

ഇനി പരസ്യക്കാര്‍ പഴയ രീതിയില്‍ താത്പര്യമെടുക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. വന്‍ തുകയ്ക്കാണ് പല കായിക മാമാങ്കങ്ങളുടെയും പ്രക്ഷേപണാവകാശം കമ്പനികള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദീര്‍ഘകാലത്തിനു ശേഷം സ്‌പോര്‍ട്‌സിനു വന്നേക്കാവുന്ന മറ്റങ്ങള്‍ ഇപ്പോള്‍ പ്രവചനാതീതമാണ്. ആളുകളെ പിടിച്ചിരുത്താനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണ് ഇന്ന് കായികവിനോദങ്ങള്‍. ഇതിനായി പുതിയൊരു ഡിജിറ്റല്‍ തന്ത്രം തന്നെ ആവിഷ്‌കരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കളികള്‍ പുതിയ ഫോര്‍മാറ്റുകളില്‍ അവതരിപ്പിക്കപ്പെട്ടേക്കാം. ഇവിടെയും ഡിജിറ്റല്‍ ഓവര്‍ ദ ടോപ് പ്ലാറ്റ്‌ഫോമുകളുടെ ഇടപെടല്‍ കടന്നും വരാം.

English Summary : The future of sports tech: Here’s where investors are placing their bets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com