ADVERTISEMENT

ഇപ്പോള്‍ ലോകത്തെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍ കംപ്യൂട്ടറുള്ളത് ജപ്പാനിലാണ്. ഫുഗാകു (Fugaku) എന്നു പേരിട്ടിരിക്കുന്ന ഇതിന്റെ ഇപ്പോഴത്തെ ചുമതല പുതിയ കൊറോണാവൈറസിന്റെ വ്യാപനത്തെയും ചികിത്സയെയും കുറിച്ചു ഗവേഷണം നടത്തുക എന്നതാണ്. ഒരുകാലത്ത് മികച്ച കംപ്യൂട്ടറുകള്‍ വിപണിയിലെത്തിച്ചിരുന്ന ഫുജിറ്റ്‌സു കമ്പനിയും ജപ്പാന്‍ സർക്കാരിന്റെ ഉടമസ്ഥതയിലുളള ഗവേഷണശാലയായ റികെനും ചേര്‍ന്നാണ് ഇതു വികസിപ്പിച്ചെടുത്തത്. ടോപ്500ന്റെ (Top500) പുതിയ ലിസ്റ്റില്‍ തങ്ങളുടെ കംപ്യൂട്ടര്‍ ഒന്നാമതെത്തിയ കാര്യം ഫുജിറ്റ്‌സുവും റികെനും ചേര്‍ന്നാണ് അറിയിച്ചത്. 2011നു ശേഷം ഇതാദ്യമായാണ് ഒരു ജാപ്പനീസ് സിസ്റ്റം ലോകത്തെ ഏറ്റവും കരുത്തുറ്റ സൂപ്പര്‍ കംപ്യൂട്ടെന്ന പദവിയിലെത്തുന്നത്.

 

ഒരു കംപ്യൂട്ടറിന്റെ പ്രോസസിങ് സ്പീഡും പ്രകടനവും വിലയിരുത്തിയാണ് ടോപ്500 കംപ്യൂട്ടറുകള്‍ക്ക് മാര്‍ക്ക് ഇടുന്നത്. ഫുഗാക്കുവിന് സെക്കന്‍ഡില്‍ 415 ക്വാഡ്രില്ല്യന്‍ (415,000 ട്രില്ല്യന്‍) കംപ്യൂട്ടേഷന്‍സ് നടത്താനുള്ള ശേഷിയുണ്ട്. ഒന്നാം സ്ഥാനത്ത്, ഫുഗാകുവിനു മുൻപുണ്ടായിരുന്ന ഐബിഎം നിര്‍മിത കംപ്യൂട്ടറായ സമിറ്റിന് ഉള്ളതിന്റെ 2.8 മടങ്ങ് ശേഷിയാണിത്. തങ്ങളുടെ കംപ്യൂട്ടറിന്റെ അധിക ശക്തി, കോവിഡ്-19 പോലെ വിഷമം പിടിച്ച സാമൂഹിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നതിന് ഉപകരിക്കുമെന്നു കരുതുന്നതായി റികെന്‍ സെന്റര്‍ഫോര്‍ കംപ്യൂട്ടേഷനല്‍ സയന്‍സിന്റെ മേധാവി സറ്റോഷി മറ്റ്‌സുവോകി പ്രത്യാശ പ്രകടിപ്പിച്ചു.

 

ജപ്പാന്റെ ഈ കംപ്യൂട്ടര്‍ ഇപ്പോള്‍ത്തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ കോവിഡ്-19നെക്കുറിച്ചുള്ള ഗവേഷണാവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. രോഗനിര്‍ണയം, ചികിത്സാപരമായ കാര്യങ്ങള്‍, വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ സൃഷ്ടിക്കാന്‍ എല്ലാം ഉപയോഗിക്കുന്നു. ഫുഗാക്കു എന്നത് ജപ്പാനിലെ ഫുജി പര്‍വ്വതനിരകളുടെ മറ്റൊരു പേരാണ്. അടുത്ത വര്‍ഷമായിരിക്കും ഫുഗാകു അതിന്റെ മുഴുവന്‍ പ്രഭാവത്തേടെയും പ്രവര്‍ത്തിച്ചു തുടങ്ങുക.

 

∙ എആര്‍എമ്മിനും വിജയം

 

ജപ്പാനിലെ കോബെയിലാണ് ടോപ്500 പ്രഖ്യാപിച്ച പുതിയ കിരീടാവകാശിയായ ഫുഗാകു ഇരിക്കുന്നത്. ഈ സൂപ്പര്‍ കംപ്യൂട്ടറിന്റെ മറ്റൊരു മേന്മ ഇതിനു ശക്തി പകരുന്നത് സ്മാര്‍ട് ഫോണ്‍ പോലെയുള്ള മൊബൈല്‍ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്കു പ്രോസസിങ് കരുത്തു നല്‍കുന്ന എആര്‍എം പ്രോസസറുകളാണ് എന്നതാണ്. മുൻപുണ്ടായിരുന്ന സൂപ്പര്‍ കംപ്യൂട്ടറുകള്‍ നിര്‍മിച്ചിരുന്നവരാരും എആര്‍എം-കേന്ദ്രീകൃത ചിപ്പുകള്‍ ഉപയോഗിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. പകരം അവരെല്ലാം ഇന്റെല്‍, എഎംഡി, ഐബിഎം തുടങ്ങിയവയുടെ ചിപ്പുകളാണ് ഉപയോഗിച്ചുവന്നത്. എന്നാല്‍, ഫുജിറ്റ്‌സുവും റിക്കെനും ഇവ പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് എ64എഫ്എക്‌സ് (A64FX) എന്ന പുതിയ എആര്‍എം പ്രോസസര്‍ ഉണ്ടാക്കാന്‍ ഫുജിറ്റ്‌സു രംഗത്തെത്തുന്നത്. എ64എഫ്എക്‌സ്‌ന് 48 കോറുകള്‍ ഉണ്ട്. ഇവ നിര്‍മിച്ചിരിക്കുന്നത് ടിഎസ്എംസിയുടെ 7-നാനോമീറ്റര്‍ ഫാബ്രിക്കേഷന്‍ ടെക്‌നോളജി ഉപയോഗിച്ചാണ്.

 

ഫുജിറ്റ്‌സുവും റികെനും 152,064 എ64എഫ്എക്‌സ് ചിപ്പുകള്‍ ഒരുമിച്ചു ചേര്‍ത്താണ് ഇപ്പോള്‍ ഫുഗാകു എന്നു വിളിക്കുന്ന സിസ്റ്റം ഉണ്ടാക്കിയെടുത്തത്. ഈ കംപ്യൂട്ടറിന് 415.5 പെറ്റാഫ്‌ളോപ്‌സ് (petaflops) അല്ലെങ്കില്‍ ക്വോഡ്രില്യന്‍ ഫോളോട്ടിങ് പോയിന്റ് ഓപ്പറേഷനുകൾ സെക്കന്‍ഡില്‍ നടത്താനുള്ള ശേഷിയുണ്ട്. ഇതിന് 7.2 ദശലക്ഷം കംപ്യൂട്ടിങ് കോറുകളാണുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സമിറ്റിന് 2.4 മില്ല്യന്‍ കോറുകളാണ് ഉളളത്. ഫുഗാകുവിന്റെ മറ്റൊരു ഗുണമേന്മ അതിന് കുറച്ചു വൈദ്യുതി മതിയെന്നതാണ്. എന്നാലും 'ടണ്‍ കണക്കിന്' വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമെ ഇതു പ്രവര്‍ത്തിപ്പിക്കാനാകൂ എന്നത് മറ്റൊരു കാര്യം.

 

പുതിയ നേട്ടം എആര്‍എം-കേന്ദ്രീകൃത ചിപ്പുകള്‍ക്കും വന്‍ കുതിപ്പു നല്‍കും. ആദ്യ 500 സൂപ്പര്‍ കംപ്യൂട്ടറുകളില്‍ നാലെണ്ണം മാത്രമാണ് എആര്‍എം കേന്ദ്രീകൃതം. ബാക്കിയുള്ളവയില്‍ 469 എണ്ണവും ഇന്റലിന്റെ ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍, ഫുജാകുവിന് അധികകാലം ഒന്നാം സ്ഥാനത്തു തുടരാനായേക്കില്ല- അമേരിക്കയുടെ ഊര്‍ജ മന്ത്രാലയം മൂന്നു പുതിയ ('exascale') സൂപ്പര്‍കംപ്യൂട്ടറുകള്‍ നിര്‍മിച്ചുവരികയാണ്. ഇവ ഫുജാകുവിനെക്കാള്‍ കുറഞ്ഞത് രണ്ടിരട്ടി ശേഷിയുള്ളവയായിരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

English Summary: ARM-based Japanese supercomputer is now the fastest in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com