ADVERTISEMENT

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരികയായിരുന്ന ആപ്പിള്‍, ഡെല്‍, സിസ്‌കോ തുടങ്ങിയ അമേരിക്കന്‍ കമ്പനികളുടെ ഉപകരണങ്ങളും ഇന്ത്യന്‍ തുറമുഖങ്ങളില്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ടുകള്‍. ചൈനയുമായുള്ള ഇപ്പോള്‍ നടക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ കാരണമാണ് ഇതു സംഭവിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാർ ഒരു മാര്‍ഗനിര്‍ദ്ദേശവും ഇറക്കിയിട്ടില്ലെങ്കിലും വവിധ തുറമുഖങ്ങളിലെ കസ്റ്റംസ് അധികൃതര്‍ ഇവ തടഞ്ഞുവയ്ക്കുകയായിരുന്നു എന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സർക്കാർ അംഗീകരിച്ചാല്‍ മാത്രമായിരിക്കും ഇവ കടത്തിവിടുക എന്ന നിലപാടാണ് ഓഫിസര്‍മാര്‍ സ്വീകരിച്ചിരിക്കുന്നതത്രെ. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടില്‍ വ്യക്തത വരുത്തേണ്ട കാര്യമുണ്ടെന്ന് യുഎസ് ഇന്ത്യ സ്ട്രാറ്റെജിക് പാര്‍ട്ണര്‍ഷിപ് ഫോറം (USISPF) അറയിച്ചു. അവ്യക്തത തുടര്‍ന്നാല്‍ ബിസിനസ് ഇടപാടുകള്‍ പ്രതിസന്ധി നേരിട്ടേക്കാം എന്നാണ് അവര്‍ പറഞ്ഞത്.

 

അധികാരികള്‍ പൊടുന്നനെ നടത്തിയ ഈ നീക്കം ഞെട്ടിക്കുന്നതാണെന്നും യുഎസ്‌ഐഎസ്പിഎഫ് പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വിദേശകമ്പനികള്‍ക്ക് ഇത് പേടിപ്പിക്കുന്ന ഒരു മുന്നറിയിപ്പായിരിക്കുമെന്നും അവര്‍ പറയുന്നു. നിയമങ്ങള്‍ സുതാര്യവും പ്രവചനീയവുമായിരിക്കണമെന്നും സംഘടന പറയുന്നു. വാണിജ്യ മന്ത്രാലയം ഇതേക്കുറിച്ചു പ്രതികരിച്ചില്ല. ആപ്പിള്‍, സിസ്‌കോ, ഡെല്‍, ഫോര്‍ഡ് മോട്ടോര്‍ കോര്‍പറേഷന്‍, ആപ്പിളിനായി ഐഫോണുകളും മറ്റും നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ തുടങ്ങയിവയൊക്കെ ഇങ്ങനെ തടഞ്ഞുവയ്ക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളും, സിസ്‌കോയും, ഫോക്‌സ്‌കോണും ഈ സാഹചര്യത്തെക്കുറിച്ച് പ്രതികരിച്ചില്ല. ഡെല്‍ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. തങ്ങളുടെ ഫാക്ടറിയിലേക്കു കൊണ്ടുവരികയായിരുന്ന സാധനങ്ങള്‍ ചെന്നൈ പോര്‍ട്ടില്‍ തടഞ്ഞുവച്ചതായി ഫോര്‍ഡ് പറഞ്ഞു. കോവിഡ്-19നു ശേഷം വിവിധ ഫാക്ടറികളില്‍ ജോലികള്‍ തുടങ്ങാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.

 

google-map

∙ ഉപയോക്താക്കളുടെ ഡേറ്റ 3 മാസത്തിനുള്ളില്‍ ഓട്ടോ ഡിലീറ്റു ചെയ്യുമെന്ന് ഗൂഗിള്‍

 

ഉപയോക്താക്കളുടെ സേര്‍ച്ചുകളും മറ്റ് വെബ് ഇടപാടുകളും നോക്കിയിരിക്കുന്നും അത് ഉപയോക്താവിന്റെ പ്രൊഫൈലിനോടു ചേര്‍ത്ത് സേവു ചെയ്യുന്നു എന്നുമുള്ള കടുത്ത ആരോപണം ഗൂഗിളിനെതിരെ വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നതാണ്. വിവിധ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കമ്പനിക്കെതിരെ നടപടി സ്വീകരക്കുമെന്നും ഉറപ്പായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്തുകയാണ് ലോകത്തെ ഏറ്റവും വലിയ സേര്‍ച് എൻജിന്‍. ഇനിമേല്‍ തങ്ങള്‍ സേവു ചെയ്യുന്ന ബ്രൗസിങ് ഹിസ്റ്ററി, സേര്‍ച് ഹിസ്റ്ററി, വോയിസ്, ലൊക്കേഷന്‍ ഹിസ്റ്ററി, യുട്യൂബ് സേര്‍ച്ചുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയൊക്കെ മൂന്നു മാസം കഴിയുമ്പോള്‍ ഒട്ടോ ഡലീറ്റു ചെയ്യാനായി ക്രമീകരിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഉപയോക്താക്കള്‍ക്കു തന്നെ ചെയ്യാനായി നല്‍കിയിരുന്നെങ്കിലും അധികമാരും തന്നെ ഇത് ഉപയോഗിച്ചതായി കാണാത്തതിനാലാണ് കമ്പനി തന്നെ ഇത് ഡിലീറ്റു ചെയ്യാന്‍ തീരുമാനിച്ചരിക്കുന്നത്. ഇപ്പോഴും, ഡിജിറ്റല്‍ സ്വകാര്യതയെക്കുറിച്ച് എത്രമേല്‍ ബോധമില്ലാത്തവരാണ് ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എന്നതിന് ഒരു ഉത്തമോദാഹരണമാണ് ഇത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള വന്‍ശക്തികള്‍ ഇക്കാര്യത്തില്‍ ഗൗരവമുളള അന്വേഷണം നടത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് പുതിയ നീക്കം. മിക്ക രാജ്യങ്ങളിലെയും നിയമം അംഗീകരിക്കുന്നതല്ല ഇങ്ങനെ ആളുകളുടെ ചെയ്തികള്‍ മുഴുവന്‍ ഒരു സ്വകാര്യ കമ്പനി നോക്കിയിരിക്കുന്ന രീതി.

Jio | FB

 

ഇനിമേല്‍, നിങ്ങളുടെ ഓണ്‍ലൈന്‍ ചെയ്തികളെക്കുറിച്ച് ഗൂഗിള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മൂന്നു മാസം കൂടുമ്പോള്‍ ഡിലീറ്റ് ചെയ്യപ്പെടും. ലൊക്കേഷന്‍ ഹിസ്റ്ററി ഇനിമേല്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങുന്ന ആളുകള്‍ക്ക് ഡീഫോള്‍ട്ടായി ഓഫ് ആയിരിക്കും. ഇത് ഉപയോഗിക്കാന്‍ തീരുമാനിക്കുന്നവരുടേത് 18 മാസത്തിനുള്ളില്‍ ഡിലീറ്റു ചെയ്യും. പുതിയ അക്കൗണ്ടുകാരുടെ വെബ്, ആപ് ആക്ടിവിറ്റികളും 18 മാസത്തിനു ശേഷം ഡിലീറ്റു ചെയ്യും. ഒരാള്‍ തന്റെ ലൊക്കേഷന്‍ ഹിസ്റ്ററിയും ആപ് ആക്ടിവിറ്റിയും തുറന്നിട്ടിരിക്കുകയാണെങ്കില്‍ അത് ഓട്ടോ ഡിലീറ്റു ചെയ്യുന്ന കാര്യം ഉപയോക്താവിനെ കമ്പനി അറിയിക്കുകയും ചെയ്യും. ഇത്തരം ഡേറ്റ ഉപയോക്താവിന് ആവശ്യമുള്ള കാലം മാത്രമേ സൂക്ഷിക്കൂവെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു.

ipad

 

∙ ഫെയ്‌സ്ബുക്-ജിയോ കരാറിന് അനുമതി

 

ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ ഭീമന്‍ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസില്‍ ഓഹരി എടുത്ത ഇടപാടിന് കോംപറ്റീഷന്‍ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. ഫെയ്‌സ്ബുക് 43,574 കോടി രൂപയാണ് മുടക്കിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ ചെറിയ കമ്പനികളുടെ വളര്‍ച്ച മുരടിപ്പിക്കുമെന്ന് വാദമുയര്‍ന്നിരുന്നു. എന്നാല്‍, തങ്ങള്‍ ഈ ഇടപാടിന് അംഗീകരാം നല്‍കിയതായി കോംപറ്റീഷന്‍ കമ്മിഷന്‍ ട്വീറ്റ് ചെയ്ത് അറിയിച്ചു.

 

∙ ഫ്രീ കോച്ചിങുമായി ഐബിഎം

 

ടെക്‌നോളജി ഭീമന്‍ ഐബിഎം, ഡിറക്ടറേറ്റ് ഓഫ് ജനറല്‍ ട്രെയ്‌നിങുമായി ചേര്‍ന്ന് സ്‌കില്‍സ്ബില്‍ഡ് റീഇഗ്‌നൈറ്റ്, സ്‌കില്‍സ്ബില്‍ഡ് ഇനവേഷന്‍ ക്യാംപ് (SkillsBuild Reignite and the SkillsBuild Innovation Camp) എന്നീ രണ്ടു ഫ്രീ പ്രോഗ്രമുകള്‍ അവതരിപ്പിച്ചു. ജോലി അന്വേഷകര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും ഗുണകരമാകും രണ്ടു കോഴ്‌സുകളും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ്, ഡേറ്റാ അനലിറ്റിക്‌സ്, സെക്യൂരിറ്റി ടു റീസ്‌കില്‍, അപ്‌സ്‌കില്‍ എന്നീ വിഭാഗങ്ങളിലുളള പ്രോഗ്രാമുകള്‍ പഠിക്കാന്‍ പണം നല്‍കേണ്ടതില്ല. സ്‌കില്‍സ്ബില്‍ഡ് ഇനവേഷന്‍ ക്യാംപ് 10 ആഴ്ച നീളുന്ന പ്രോഗ്രാമാണ്. ഇതിന് 100 സ്ട്രക്‌ചേഡ് മണിക്കൂറുകളായിരിക്കും പഠിക്കാനെത്തുന്നവര്‍ക്ക് ലഭിക്കുക.

 

∙ ഇനി ഐപാഡില്‍ കീബോഡും മൗസും ഉപയോഗിച്ച് ഗെയിം കളിക്കാന്‍ സാധിക്കും

 

ആപ്പിളിന്റെ ടാബ് ആയ ഐപാഡില്‍, പുതിയ ഐപാഡ്ഒഎസ് 14 എത്തുന്നതോടെ കീബോര്‍ഡും മൗസും ഉപയോഗിച്ച് ഗെയിം കളിക്കാന്‍ സാധിക്കും.

English Summary: Tech Capsules 25--Apple products blocked at ports, Google introduces auto delete

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com