ADVERTISEMENT

യാത്രകളില്‍ ഏറ്റവുമധികം ആശ്രയിക്കപ്പെടുന്ന ആപ്പുകളിലൊന്നാണ് ഗൂഗിള്‍ മാപ്‌സ്. എന്നാല്‍, ഇതിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രശ്‌നമില്ലാത്ത ഇന്റര്‍നെറ്റ് കണക്ഷനും വേണം. പരിചയമില്ലാത്ത ഒരു നഗരത്തിലെത്തുമ്പോള്‍ നിങ്ങളുടെ ഫോണിന് ബാന്‍ഡ്‌വിഡ്ത് പ്രശ്‌നം വന്ന് ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കാതെ വന്നാല്‍ എന്തു ചെയ്യും? ആ പ്രശ്‌നം പരിഹരിക്കാന്‍ വളരെ എളുപ്പമാണ്! അതടക്കം ചില ഗൂഗിള്‍ മാപ്‌സ് ട്രിക്കുകള്‍ ഇന്ന് പരിചയപ്പെടാം:

 

പരിചയമില്ലാത്ത ഒരു നഗരത്തിലേക്ക് നിങ്ങള്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നിരിക്കട്ടെ. യാത്രയ്ക്കു മുൻപ് നിങ്ങള്‍ക്ക് മാപ്‌സിന്റെ ഓഫ്‌ലൈന്‍ ഫീച്ചര്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഓഫ്‌ലൈന്‍ മാപ്‌സ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് ഫോണോ ടാബോ ഉപയോഗിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക:

 

ഇന്റര്‍നെറ്റുമായി ഡിവൈസ് കണക്ടഡ് ആണെന്നും മാപ്‌സിലേക്ക് സൈന്‍-ഇന്‍ ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.

 

നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന നഗരം കൊച്ചി ആണെന്നിരിക്കട്ടെ. ആപ്പിന്റെ താഴെ വരുന്ന പേരില്‍ അല്ലെങ്കില്‍ അഡ്രസില്‍ ക്ലിക്കു ചെയ്ത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. നിങ്ങള്‍ നഗരത്തിലെ ഏതെങ്കിലും ഹോട്ടലിനെ പറ്റിയോ മറ്റോ സേര്‍ച് ചെയ്തിട്ടുണ്ടെങ്കില്‍ മോറില്‍ (More) ടാപ്പു ചെയ്ത് അതും ഡൗണ്‍ലോഡ് ചെയ്യുക.

 

ഐഒഎസ് ഉപകരണത്തിലും സമാനമാണ് കാര്യങ്ങള്‍. മാപ്‌സ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കില്‍, ആപ്പിന്റെ താഴെ കാണുന്ന നഗരത്തിന്റെ പേരിലോ, അഡ്രസിലോ ക്ലിക്കു ചെയ്യുക. അതിനു ശേഷം മോറില്‍ ക്ലിക്കു ചെയ്യുക. പന്നീട് ഡൗണ്‍ലോഡ് മാപ്‌സ് സെലക്ടു ചെയ്യുക.

 

ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുകഴിഞ്ഞാല്‍, ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞാലോ, ഇല്ലാതായാലോ ഒന്നും പ്രശ്‌നമില്ലാതെ മാപ്‌സ് ഉപയോഗിക്കാമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

 

∙ സ്വന്തം നഗരത്തിന്റെ ഓഫ്‌ലൈന്‍ മാപ്

 

ഇതേ രീതിയില്‍ തന്നെ സ്വന്തം നഗരത്തിന്റെ ഓഫ് ലൈന്‍ മാപ്‌സും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. നിങ്ങളുടെ വീടിന്റെയും ജോലിസ്ഥലത്തിന്റെയും ലൊക്കേഷനുകള്‍ ആഡു ചെയ്താല്‍ രണ്ടാണു ഗുണം. ഒന്നാമതായി യാത്ര വേഗം തുടങ്ങാം. രണ്ടാമതായി, നിങ്ങള്‍ പണി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്കു തിരിച്ചു മടങ്ങാനുള്ള വഴിയില്‍ വാഹനത്തിരിക്കിനെക്കുറിച്ചുള്ള അലേര്‍ട്ടുകള്‍ നല്‍കിക്കൊണ്ടിരിക്കും.

 

∙ നിങ്ങളുടെ സ്വന്തം മാപ്‌സ് ഉണ്ടാക്കാം

 

നിങ്ങളുടെ യാത്രയുടെ വിശദാംശങ്ങള്‍ സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായോ ഷെയർ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് എളുപ്പമുള്ള വഴി. മാതാപിതാക്കള്‍ക്കോ, കുട്ടികള്‍ക്കോ വഴി പറഞ്ഞു കൊടുക്കാനും ഇത് ഉപയോഗിക്കാം. നിങ്ങള്‍ക്കു താത്പര്യമുള്ള സ്ഥലങ്ങള്‍, വഴികള്‍, ഇടവഴികള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തി നിങ്ങളുടെ സ്വന്തം മാപ്‌സ് സൃഷ്ടിക്കാം. ഇതിനായി കംപ്യൂട്ടര്‍ ബ്രൗസറില്‍ മാപ്‌സ് സന്ദര്‍ശിച്ച് അതില്‍ സൈന്‍-ഇന്‍ ചെയ്യുക. മൈ മാപ്‌സ് എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ളൊരു ചെറിയ പാഠം അവിടെ ലഭ്യമാണ്. നേരിട്ടു പേജിലെത്താനുള്ള ലിങ്ക് ഇതാ: https://bit.ly/3dn5puT

 

∙ പാര്‍ക്കിങ് ലൊക്കേഷന്‍

 

നിങ്ങള്‍ക്ക് വാഹനം എവിടെയാണ് പാര്‍ക്കു ചെയ്തിരുന്നതെ‌ന്നു മറന്നു പോകുന്ന സ്വഭാവമുണ്ടെങ്കില്‍, മാപ്‌സ് ഉപയോഗിച്ച് നിങ്ങളുടെ പാര്‍ക്കിങ് ലൊക്കേഷന്‍ 'പിന്‍' ചെയ്യാം. വാഹനം പാര്‍ക്കു ചെയ്ത ശേഷം നീല ചിഹ്നത്തില്‍ ടാപ്പു ചെയ്ത് 'സേവ് യുവര്‍ പാര്‍ക്കിങ്' തെരഞ്ഞെടുക്കുക. ഗൂഗിള്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടും ഇത് സേവ് ചെയ്യാവുന്നതാണ്.

 

∙ ഡ്രൈവ് ചെയ്യുമ്പോള്‍ വോയിസ് കമാന്‍ഡുകള്‍ ഉപയോഗിക്കുക

 

വോയിസ് കമാന്‍ഡുകളാണ് പല രീതിയിലും എളുപ്പം. മാപ്‌സിനു മുകളിലുള്ള മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പു ചെയ്ത ശേഷം വോയിസ് കമാന്‍ഡുകള്‍ ഉപയോഗിച്ചു തുടങ്ങാം.

 

∙ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തിന് വിവരണം

 

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തിന് അനുയോജ്യമായ വിവരണം നല്‍കാനും ഓപ്ഷനുണ്ട്. ഇഷ്ടപ്പെട്ട ഹോട്ടലുകള്‍, പാര്‍ക്കുകള്‍, കടകള്‍, സുഹൃത്തിന്റെ വീട്ടിലേക്കു പോകാനുള്ള വഴി ഇത്തരം കാര്യങ്ങളൊക്കെ മാപ്‌സിന് പഠിപ്പിച്ചു കൊടുക്കാം. ഇതുവഴി ഒരോ തവണയും പോകേണ്ട സ്ഥലം ടൈപ്പു ചെയ്തു കൊടുക്കേണ്ട ജോലി ഒഴിവാക്കാം. സ്‌ക്രീനില്‍ ലോങ് പ്രെസ് നടത്തി പിന്‍ നല്‍കുക. തുടര്‍ന്ന് സ്‌ക്രീനിന്റെ താഴെ സേവ് ഓപ്ഷനില്‍ നിങ്ങള്‍ക്കു വേണ്ട വിവരണം നല്‍കുക.

 

∙ ലൊക്കേഷന്‍ ഷെയർ ചെയ്യാന്‍

 

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും മറ്റും നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്നു കണ്ടെത്താനാകുന്നില്ലെങ്കില്‍ അതിനായാണ് ഗൂഗിളിന്റെ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍. ഗൂഗിള്‍ മാപ്‌സിലൂടെ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങളുടെ ലൊക്കേഷന്‍ ഒരു നിശ്ചിത സമയത്തേക്ക് ഷെയർ ചെയ്യാന്‍ സാധിക്കും. ഇനി നിങ്ങള്‍ മറ്റെവിടെയെങ്കിലുമാണ് എന്നു കരുതുന്നവര്‍ക്ക് ലൊക്കേഷന്‍ അയച്ചു കൊടുത്താല്‍ അവരെ അതു വിശ്വസിപ്പിക്കാനും സാധിക്കും.

 

ഇത്തരം പല ഫീച്ചറുകളും ഉപകാരപ്രദമാണെങ്കിലും ഓര്‍ക്കുക, ചിലപ്പോള്‍ സ്വകാര്യതയുടെ പ്രശ്‌നങ്ങള്‍ വന്നു കൂടായ്കയില്ല. എന്നാല്‍, സ്വകാര്യത പുല്ലാണ് എന്നു പറയുന്നവര്‍ക്ക് കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഫീച്ചറുകളാണിവ.

English Summary: Google Maps tricks to learn today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com