ADVERTISEMENT

ഇന്ത്യയുടെ കൂറ്റന്‍ പ്രൊഡക്ഷന്‍-ലിങ്ക്ട് ഇസെന്റീവ് (പിഎല്‍ഐ) പദ്ധതിക്കിയി ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികളായ ഫോക്‌സ്‌കോണും, വിന്‍സ്ട്രണും അപേക്ഷിച്ചു. പ്രാദേശിക കമ്പനികളായ കാര്‍ബൊണ്‍, ലാവ, ഡിക്‌സണ്‍ തുടങ്ങിയ കമ്പനികളും ഈ പദ്ധതിയില്‍ ചേരാന്‍ താത്പര്യപ്പെട്ട് അപേക്ഷ നല്‍കി. താമസിയാതെ മൈക്രോമാക്‌സും അപേക്ഷ നില്‍കുമെന്നാണ് കരുതുന്നത്. പിഎല്‍ഐ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് അവര്‍ എത്ര ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച കയറ്റുമതി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് പ്രോത്സാഹനമായി നല്‍കാന്‍ സർക്കാർ നീക്കിവച്ചിരിക്കുന്നത് 41,000 കോടി രൂപയാണ്. ഇതിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാണ ഹബുകളിലൊന്ന് രാജ്യത്ത് സ്ഥാപിക്കപ്പെടും എന്നാണ് കരുതുന്നത്.  

 

ആപ്പിള്‍, എച്എംഡി ഗ്ലോബല്‍ (നോക്കിയ ഫോണുകളുടെ നിര്‍മാതാവ്), ഷഓമി തുടങ്ങിയ കമ്പനികള്‍ക്കായി കരാറനുസരിച്ച് ഫോണ്‍ നിര്‍മിച്ചുനല്‍കുന്ന കമ്പനിയാണ് ഫോക്‌സകോണ്‍. വിന്‍സ്ട്രണ്‍ പ്രധാനമായും ആപ്പിളിനുവേണ്ടിയാണ് ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കുന്നത്. ഇരുകമ്പനികളും ഇന്ത്യയില്‍ നിന്ന് ഫോണുകള്‍ നിർമിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ വര്‍ഷം ഇറക്കിയ ഐഫോണ്‍ എസ്ഇ 2020 താമസിയാതെ തങ്ങളുടെ ബെംഗളൂരുവിലുള്ള ഫാക്ടറിയില്‍ നിര്‍മിച്ചു തുടങ്ങാനിരിക്കുകയാണ് വിന്‍സ്ട്രണ്‍. നിലവില്‍ അവര്‍ ഐഫോണ്‍ 7 ആണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

 

ship-chennai

∙ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 100 ശതമാനം ഉപകരണങ്ങളും പരിശോധിക്കും; ആപ്പിളിനും മറ്റും ഇളവു ലഭിച്ചേക്കും

 

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 100 ശതമാനം ഉപകരണങ്ങളും ടെസ്റ്റു ചെയ്യാന്‍ തീരുമാനിച്ചതായി വാര്‍ത്ത. എന്നാല്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ പൂര്‍ണമായി നിര്‍മിച്ചു കൊണ്ടുവരുന്ന ഉപകരണങ്ങള്‍ക്കും ഈ ടെസ്റ്റ് ബാധകമാക്കിയേക്കില്ലെന്നും പറയുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ പരിശോധന കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് 100 ശതമാനം പരിശോധന.

Huawei-cfo

 

എല്ലാ ഉപകരണങ്ങളും പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ യുഎസ്-ഇന്ത്യാ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഫോറം ഉല്‍കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ ഇളവു നല്‍കിയേക്കുമെന്ന് പറയുന്നത്. ടെക്നോളജി വ്യവസായത്തിന് പ്രശ്‌നമുണ്ടാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായേക്കില്ലെന്നും പറയുന്നു. തങ്ങള്‍ 100 ശതമാനം പരിശോധന നടത്താന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. പക്ഷേ, ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ ചൈനയില്‍ നിന്നെത്തുന്ന പ്രൊഡക്ടുകള്‍ 100 ശതമാനവും പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു.

 

∙ വാവെയ് പ്രതിനിധിക്കു പകരം രണ്ടു തടവുകാരെ വിട്ടുതരാമെന്ന് ചൈന; വേണ്ടെന്നു കാനഡ

facebook

 

കാനഡയില്‍ തടവിലുള്ള വാവെയ് ടെക്‌നോളജീസ് കമ്പനി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവിനെ വിട്ടുതരാമെങ്കില്‍, ചൈന തടവില്‍ വച്ചിരിക്കുന്ന രണ്ടു കനേഡിയന്‍ പൗരന്മാരെ വിട്ടുതരാമെന്ന് ചൈന പറഞ്ഞു. എന്നാല്‍, അതു വേണ്ടെന്നും, അങ്ങനെ ചെയ്താല്‍ അതു ചില തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും, അത് തങ്ങള്‍ക്ക് ഭാവിയില്‍ ദോഷകരമാകുമെന്നും കാനഡ പ്രതികരിച്ചു. വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വാന്‍ഷോ വിനെയാണ് അമേരിക്കയുടെ ആവശ്യപ്രകാരം കാനഡ അറസ്റ്റു ചെയ്തത്. ചാരപ്രവര്‍ത്തി നടത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് രണ്ടു കനേഡിയന്‍ പൗരന്മാരെ ചൈന അറസ്റ്റു ചെയ്തിരിക്കുന്നത്.

 

∙ എത്ര ഉച്ചത്തിലാണ് നിങ്ങള്‍ പാട്ടു കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഐഫോണ്‍ പറയും

 

ഐഒഎസ് 14 ല്‍ വരുമെന്നു പറയുന്ന മറ്റൊരു ഫീച്ചറാണ്, തങ്ങളുടെ ഹെഡ്‌ഫോണുകളിലൂടെ പാട്ടു കേള്‍ക്കുമ്പോള്‍ അത് എത്ര ഉച്ചത്തിലാണെ‌ന്ന് പറയാനുള്ള ശ്രമം. പലരും എത്ര വോളിയത്തിലാണ് പാട്ടുകേള്‍ക്കുന്നത് എന്നത് ശ്രദ്ധിക്കാറേ ഇല്ല. എന്നാല്‍ 80 ഡിബിയ്ക്കു മുകളിലുള്ള ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നത് കേള്‍വിക്കു പ്രശ്‌നമുണ്ടാക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതിനുള്ള ഒരു ഐക്കണ്‍ ഐഫോണിന്റെ കണ്ട്രോള്‍ സെന്ററില്‍ വന്നേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ചെറിയ ഡയല്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക. ഇതില്‍ ടാപ്പു ചെയ്ത് അത് വലുതാക്കാം. തങ്ങള്‍ സുരക്ഷിതമായ വോളിയമാണോ ഉപയോഗക്കുന്നതെന്ന് ഇതിലൂടെ ഉപയോക്താവിനു മനസിലാക്കാം. ഈ ഫീച്ചര്‍ താത്പര്യമുള്ളവര്‍ക്കു മാത്രം ഉപയോഗിക്കാമെന്ന രീതിയിലായിരിക്കും കൊണ്ടുവരിക. ആപ്പിളിന്റെ വയേഡും വയര്‍ലെസുമായ എല്ലാ ഹെഡ്‌ഫോണുകളും ഈ ഫീച്ചര്‍ സപ്പോര്‍ട്ടു ചെയ്‌തേക്കും. തേഡ്പാര്‍ട്ടി ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കുമോ എന്നുറപ്പില്ല.

 

∙ പഴഞ്ചന്‍ വാര്‍ത്ത ഷെയർ ചെയ്യാന്‍ ഒരുങ്ങിയാല്‍ ഫെയ്‌സ്ബുക് മുന്നറിയിപ്പു നല്‍കും

 

ഫെയ്‌സ്ബുക്കിലൂടെ വ്യാജവാര്‍ത്തയും മറ്റും വ്യാപിക്കുന്നതു തടയുന്നതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പുതിയ ഫീച്ചറാണ് ഉപയോക്താവ് പഴയ ലിങ്കും മറ്റുമാണ് ഷെയർ ചെയ്യാന്‍ ഒരുങ്ങുന്നതെങ്കില്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇനി 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളാണ് ഷെയര്‍ ചെയ്യാന്‍ ഒരുങ്ങുന്നതെങ്കില്‍ മുന്നറിയിപ്പു നല്‍കാനാണ് ഫെയ്‌സ്ബുക് ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. തങ്ങളുടെ പഴയ വാര്‍ത്തകള്‍ പുതിയതെന്ന രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ചില വാര്‍ത്താ മാധ്യമങ്ങള്‍ പരാതിപ്പെട്ടിരുന്നത് ഫെയ്‌സ്ബുക് ഗൗരവത്തിലെടുത്തതിനാലാണ് പുതിയ മാറ്റം വരുന്നത്. വാര്‍ത്ത വന്ന സന്ദര്‍ഭം പരിഗണിക്കാതെയുള്ള ഷെയറിങ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തു വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ്, കൊറോണാവൈറസിന്റെ വ്യാപനം തുടങ്ങി പല കാര്യങ്ങളിലും ഇത് ഗുണകരമായേക്കുമെന്നു കരുതുന്നു.

 

∙ വിലകുറഞ്ഞ വണ്‍പ്ലസ് ഫോണിന്റെ പേര് നോര്‍ഡ്?

 

വണ്‍പ്ലസ് കമ്പനി പുതിയ ഐഫോണ്‍ എസ്ഇയ്‌ക്കെതിരെ ഒരു ഹാന്‍ഡസെറ്റ് ഇറക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇതുവരെ പറഞ്ഞു കേട്ടത് ഇതിന്റെ പേര് വണ്‍പ്ലസ് സെഡ് എന്നായിരിക്കുമെന്നാണ്. എന്നാല്‍, പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം ഇതിന്റെ പേര് വണ്‍പ്ലസ് നോര്‍ഡ് എന്നായിരിക്കുമെന്നു പറയുന്നു.

 

∙ ഐസിഐസി ബാങ്കിന് ഇനി വിഡിയോ കെവൈസി

 

തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഐസിഐസി ബാങ്ക് വിഡിയോ കെവൈസി സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്. ആളുകള്‍ക്ക് പുതിയ അക്കൗണ്ട് തുറക്കാനും, ലോണ്‍ എടുക്കാനുമൊക്കെ വിഡിയോ ഇന്ററാക്ഷനിലൂടെ സാധിക്കുമെന്നാണ് ബാങ്ക് പറയുന്നത്. ഇന്ത്യയിലെ രണ്ടാമത്ത വലിയ സ്വകാര്യ ബാങ്ക് പറയുന്നത് ആമസോണ്‍ പേ ഐസിഐസി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വേണ്ടവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിച്ച് അപേക്ഷ നല്‍കാമെന്നാണ്. സേവിങ്‌സ് അക്കൗണ്ട്, സാലറി അക്കൗണ്ടു തുടങ്ങിയവ തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഉപയോഗിക്കാം. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കസ്റ്റമറുടെ ആധാര്‍ വെബ്‌സൈറ്റിലെ ഫോട്ടോയുമായി ഒത്തു നോക്കിയാണ് ഇതു ചെയ്യുന്നതെന്നാണ് ബാങ്ക് നല്‍കിയ വിശദീകരണം.

English Summary: Tech capsules 26--iPhone makers apply for India's PLI scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com