ADVERTISEMENT

അനുദിനം വര്‍ധിച്ചുവരുന്ന പരസ്യദാതാക്കളുടെ ബഹിഷ്‌കരണത്തില്‍ വിറയ്ക്കുകയാണ് ഫെയ്‌സ്ബുക്. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ എളുപ്പം കത്തിപ്പടരുന്ന വിദ്വേഷവും, തെറ്റിധാരണാജനകവുമായ പോസ്റ്റുകള്‍ നിയന്ത്രിക്കാനാകുന്നില്ല എന്നതാണ് യുണിലീവര്‍, കൊക്കകോള തുടങ്ങിയ വമ്പന്‍ പരസ്യദാതാക്കള്‍ ആരോപിച്ചത്. ഇതേ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ സ്റ്റോക് മാര്‍ക്കറ്റിലെ മൂല്യം 8.3 ശതമാനം ഇടിഞ്ഞു. 56 ബില്ല്യന്‍ ഡോളറാണ് (ഏകദേശം 4.23 ലക്ഷം കോടി രൂപ) കുറഞ്ഞത്. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വരുന്ന കണ്ടെന്റിനെക്കുറിച്ച് തങ്ങളൊന്നുമറിഞ്ഞില്ലെന്ന ഭാവന, ധിക്കാരപൂര്‍വ്വം നീങ്ങിക്കൊണ്ടിരുന്ന ഫെയ്ബുക്കിന് ഇതൊരു വലിയ തിരിച്ചടിയാണ്. അമേരിക്കയില്‍ 1998ല്‍ കൊണ്ടുവന്ന ഒരു നിയമമാണ് ഫെയ്‌സ്ബുക്കിന് ഇത്രയും കാലം കരുത്തു പകര്‍ന്നിരുന്നത്. അത് എടുത്തുകളയുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്ന സമയത്താണ് പരസ്യദാതാക്കളുടെ ബഹിഷ്‌കരണമെന്നത് കമ്പനിക്ക് വലിയൊരു തിരിച്ചടി തന്നെയായിരിക്കാം. 

 

ആര്‍ക്കും ആരെക്കുറിച്ചും എന്തും എഴുതിവിടാവുന്ന ഒരു വേദിയായി ഫെയ്‌സ്ബുക് മാറിയിരുന്നു. ഇത് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രാജ്യങ്ങള്‍ക്കും വരെ കാര്യമായ പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. ഹോണ്ട കമ്പനിയുടെ അമേരിക്കന്‍ വിഭാഗവും ഫെയ്‌സ്ബുക്കിന് തത്കാലം പരസ്യം നല്‍കുന്നില്ലെന്ന നിലപാട് എടുത്തു. മിക്ക കമ്പനികളും 30 ദിവസത്തേക്കാണ് പരസ്യങ്ങള്‍ നല്‍കില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയില്‍ ഫെയ്‌സ്ബുക് തങ്ങളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുമെന്നാണ് അവര്‍ കരുതുന്നത്.

 

പരസ്യദാതാക്കള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒരു ചോദ്യോത്തരവേദി സംഘടിപ്പിച്ച് മറുപടി പറയുകയുണ്ടായി. എന്നാല്‍, ഇതിനു ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് വളരെ ചെറിയ മാറ്റങ്ങളാണ് എന്നാണ് കമ്പനിയുടെ വിമര്‍ശകര്‍ പറയുന്നത്. അമേരിക്കയിലെ ആന്റി-ഡിഫമേഷന്‍ ലീഗ് തുടങ്ങിയ പൗരസംഘടനകളാണ് കമ്പനിക്കെതിരെ രംഗത്തുവന്നത്. ഇപ്പോള്‍ സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ച തരത്തിലുള്ള മാറ്റങ്ങള്‍ തങ്ങള്‍ കുറേ കണ്ടതാണെന്നും, കമ്പനിയുടെ ക്ഷമാപണം മുൻപും കേട്ടതാണെന്നും, ഫെയ്‌സ്ബുക്കിലൂടെ വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും എല്ലാം സംഭവിക്കുന്ന ഓരോ മഹാദുരന്തത്തിനു ശേഷവും തല്‍ക്കാലം കണ്ണില്‍പൊടിയിടാനുള്ള ഇത്തരം വേലത്തരങ്ങളുമായി കമ്പനി ഇറങ്ങിയിട്ടുണ്ടെന്നുമാണ് വിമര്‍ശകര്‍ പ്രതികരിച്ചത്. അതെല്ലാം ഇനിയങ് നിർത്തിയേക്കാനും അവര്‍ സക്കര്‍ബര്‍ഗിനോടു പറഞ്ഞു. ട്വിറ്റര്‍, റെഡിറ്റ് പ്ലാറ്റ്‌ഫോമുകളുടെയത്ര നിയന്ത്രണം പോലും ഫെയ്‌സ്ബുക് കൊണ്ടുവരുന്നില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഫെയ്‌സ്ബുക്കിനെതിരെ അമേരിക്ക കൊണ്ടുവന്നേക്കാവുന്ന നിയന്ത്രണങ്ങളും പരസ്യദാതാക്കളുടെ മനസിലുണ്ടെന്നാണ് പറയുന്നത്. അമേരിക്കയിലെ മൊത്തം ഡിജിറ്റല്‍ പരസ്യവരുമാനത്തിന്റെ 23 ശതമാനവും വിഴുങ്ങുന്നത് ഫെയ്‌സ്ബുക്കാണ്. എഫ്ബിക്ക് 300 കോടിയിലേറെ ഉപയോക്താക്കള്‍ ലോകത്താകമാനമായി ഉണ്ടെന്നാണ് വിലയിരുത്തല്‍. അടുത്തുവരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പടക്കം പലതിലും ഫെയ്‌സ്ബുക്കിന്റെ പ്രഭാവം കാണുമെന്നതും പലരിലും ഉത്കണ്ഠ ഉണര്‍ത്തുന്ന കാര്യങ്ങളാണ്.

 

∙ ടെക് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ അമേരിക്ക

microsoft

 

ഇതിനിടെ, വമ്പന്‍ ടെ്കനോളജി കമ്പനികളുടെ മേധവാവികള്‍ക്ക് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി കൈമാറിയ കത്തില്‍ പറയുന്നത് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടേ അക്രമം പടരുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ്. കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലാകെ കലാപം പടര്‍ന്ന സാഹചര്യത്തിലാണ് ഈ കത്ത്. സമൂഹമാധ്യമങ്ങൾ ആയുധക്കലവറകളായി മാറി, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. കത്തു കിട്ടിയവരുടെ കൂട്ടത്തില്‍ ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഗൂഗിള്‍, സ്‌നാപ്ചാറ്റ്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുണ്ട്.

 

∙ മൈക്രോസോഫ്റ്റ് 'കട പൂട്ടുന്നു'

 

ലോകത്തെ മറ്റൊരു സോഫ്റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് തങ്ങളുടെ റീട്ടെയില്‍ കടകള്‍ പൂട്ടാന്‍ തീരുമാനിച്ചു. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ സേവനങ്ങള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ജോലിക്കാര്‍ വീടുകളിലിരുന്നായിരിക്കും ജോലി ചെയ്യുക എന്നും കമ്പനി അറിയിച്ചു. നിലവില്‍ റീട്ടെയില്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൈക്രോസോഫ്റ്റില്‍ തന്നെ എന്തെങ്കിലും ജോലി നല്‍കുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ തൊഴിലാളികളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളല്‍ നിന്നുള്ള, 120 ഭാഷകള്‍ സംസാരിക്കുന്നവരുണ്ടെന്ന് കമ്പനി പറഞ്ഞു. ഈ വൈവിധ്യം തന്നെ തങ്ങള്‍ എത്രയധികം സമൂഹങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നു എന്നതിന്റെ പ്രതിഫലനമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജനയാ മേധാവി സത്യ നദെലയുടെ കീഴല്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് എടുത്ത ഒരു സ്മാര്‍ട് നീക്കമാണിതെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. കമ്പനിയുടെ റീട്ടെയില്‍ കടകള്‍ കാര്യമായ വരുമാനം കൊണ്ടുവന്നിരുന്നില്ലെന്നാണ് പറയുന്നത്. കൊറോണാവൈറസ് വ്യാപിച്ചതേ, ആളുകള്‍ കടകളിലെത്തുന്നതു കുറഞ്ഞതും, ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ക്രമാതീതമായി വര്‍ധിച്ചതും കമ്പനിയുടെ തീരുമനത്തിനു പിന്നിലുണ്ടെന്നു പറയുന്നു.

 

∙ ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ ഫോണെടുക്കുന്നതിനു മുൻപെ എന്തിനാണ് വിളി എന്നറിയാം

 

കമ്പനികളില്‍ നിന്നുള്ള ഫോണ്‍ വിളി കോള്‍ വരുന്നത് ഉപയോക്താവിനു പറഞ്ഞുകൊടുക്കാനാണ് ഗൂഗിള്‍ തങ്ങളുടെ ഫോണ്‍ ആപ്പിലൂടെ ശ്രമിക്കുന്നത്. ഗൂഗിള്‍ ചില കമ്പനികളുമായി ചേര്‍ന്നാണ് ഇത് അവതരിപ്പിക്കുക എന്നാണ് മനസിലാകുന്നത്. കോൾ വരുമ്പോഴെ, വിളി എന്തിനാണ് എന്ന് അറിയിക്കും. ഉദാഹരണത്തിന്, 'നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിച്ചു തരാന്‍, നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ശരിയാക്കാന്‍' എന്നെല്ലാം അറിയിക്കാനാണ് ഉദ്ദേശം. ഇത് ഏതെല്ലാം രാജ്യങ്ങളില്‍ ലഭ്യമാക്കുമെന്ന് ഇപ്പോള്‍ അറിയല്ല. ഫോണ്‍ നമ്പര്‍ നല്‍കി, ഗൂഗിള്‍ ആപ് ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാകുക.

 

∙ ഈ വര്‍ഷം ഗൂഗിള്‍ ഇറക്കുമെന്നു പ്രതീക്ഷിക്കുന്ന പ്രൊഡക്ടുകള്‍ 

 

ഈ വര്‍ഷം ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ ഇറക്കുമെന്നു പ്രതീക്ഷിക്കുന്ന പ്രൊഡക്ടുകള്‍ ഏതെല്ലാമെന്നു നോക്കാം. ആദ്യം പ്രതീക്ഷിക്കുന്നത് പിക്‌സല്‍ 4എ ആണ്. വരും ആഴ്ചകളില്‍ ഇത് അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.

 

ക്രോംകാസ്റ്റ് 4 (സബ്രീന):  തങ്ങളുടെ അടുത്ത തലമുറയിലെ ക്രോംകാസ്റ്റ് ഈ വര്‍ഷം അവതരിപ്പിച്ചേക്കുമെന്നു കരുതുന്നു. എച്ഡിഎംഐ 2.1, ഡോള്‍ബിവിഷന്‍ സപ്പോര്‍ട്ട് തുടങ്ങിയവ പ്രതീക്ഷിക്കുന്നു.

 

പിക്‌സല്‍ 5 : ഗൂഗിളിന്റെ സ്മാര്‍ട് ഫോണായ പിക്‌സല്‍ 5 ഈ വര്‍ഷം പുറത്തിറക്കിയേക്കും. നിലവിലുള്ള പിക്‌സല്‍ മോഡലുകളെക്കാള്‍ ഡിസൈനില്‍ വ്യത്യാസമുള്ളതായിരിക്കും ഫോണ്‍ എന്നു പ്രതീക്ഷിക്കുന്നു. ഫോണിന് മുന്‍വര്‍ഷങ്ങളിലേക്കാള്‍ വിലക്കുറവും പ്രതീക്ഷിക്കുന്നു.

 

ഗൂഗിള്‍ ഹോം സ്പീക്കര്‍: തങ്ങളുടെ സ്മാര്‍ട് സ്പീക്കറായ ഗൂഗിള്‍ ഹോമിന്റെ പുതിയ പതിപ്പും ഗൂഗിള്‍ ഈ വര്‍ഷം പുറത്തിറക്കിയേക്കും. എന്നാല്‍, മറ്റു കമ്പനികളുടെ കാര്യത്തിലെന്ന പോലെ ഇതൊന്നും ഉറപ്പുള്ള കാര്യങ്ങളല്ല. കൊറോണാവൈറസ് ബാധയെത്തുടര്‍ന്ന് ടെക്‌നോളജി മേഖലയുടെയും താളംതെറ്റിക്കടിക്കുന്നതാണ് കാരണം.

 

English Summary: Tech capsules: Facebook in big trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com