ADVERTISEMENT

ലോകം അതിവേഗമാണ് മാറുന്നത്. 'എട്ടും പൊട്ടും തിരിയാത്ത,' എന്ന പ്രയോഗം കുറച്ചു വര്‍ഷം മുൻപു വരെ കുട്ടികളെക്കുറിച്ചു പറയാനായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍, സൈബര്‍ യുഗത്തില്‍ അത് മാതാപിതാക്കാണ് ഉചിതം! കുട്ടികളുടെ നിര്‍ബന്ധം മൂലം മാതാപിതാക്കള്‍ സ്മാര്‍ട് ഫോണുകളോ ടാബുകളോ വാങ്ങിക്കൊടുക്കുന്നു. ഇന്റര്‍നെറ്റ് വേണം തനിക്കു പഠിക്കാന്‍ എന്നൊക്കെ പറഞ്ഞാല്‍ പേടിച്ചു പോകുന്നവരാണ് മിക്ക മാതാപിതാക്കളും. തന്റെ കുട്ടി പിന്നിലാകരുതല്ലോ എന്നു കരുതി എല്ലാം നല്‍കും. ഫോണ്‍ ലഭിക്കുന്നതോടെ, താറാവിന്‍ കുഞ്ഞിനെ നീറ്റിലിറക്കിയാലെന്നവണ്ണം കുട്ടികള്‍ മറ്റൊരു ലോകത്തേക്കു പലായനം ചെയ്യുന്നു, മാതാപിതാക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പിന്നീടു പിടി കൊടുക്കാതെ. പിന്നീടു സ്മാര്‍ട് ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കുട്ടികള്‍ക്ക് എന്തും സംഭവിക്കാം. മുതിര്‍ന്നവര്‍ക്ക് പിരിചയമുള്ള ‘അദ്ഭുത ലോകത്തു പെട്ട ആലീസിന്റേത്’ എത്രയൊ ചെറിയ ലോകം! അന്തമില്ലാത്ത പുതിയ സാങ്കല്‍പിക ലോകത്തിന്റെ മാസ്മരികതയിലേക്ക് സ്മാര്‍ട് ഫോണ്‍ എന്ന എലിമടയിലൂടെ കുട്ടികള്‍ നൂണ്ടിറങ്ങുന്നു. തങ്ങളുടെ സ്വകാര്യ സ്ഥലികള്‍ സൃഷ്ടിക്കുന്നു.

പിന്നെയുള്ള കാര്യങ്ങള്‍ ഒന്നും മാതാപിതാക്കള്‍ അറിയുന്നില്ല. സ്മാര്‍ട് ഫോണുകളെക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും ആപ്പുകളെക്കുറിച്ചും അറിയാവുന്ന മാതാപിതാക്കള്‍ക്കു പോലും ഒന്നും ചെയ്യാനാവില്ല. അനുനിമിഷം മാറുന്ന പുതിയ ആപ്പുകളിലൂടെയും മറ്റും മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചകലാന്‍ കുട്ടികള്‍ക്കറിയാം. ‘ഒരു കുട്ടിയെ നോക്കുക എന്നത് ഈ കാലത്ത് ഒരു മുഴുവന്‍ സമയ ജോലിയായിരിക്കുന്നു’ എന്നാണ് അമേരിക്കക്കാരിയായ ഒരു അമ്മ പറഞ്ഞത്. കുട്ടികളുടെ നിഷ്‌കളങ്കത മാത്രമായിരിക്കുമോ സ്മാര്‍ട് ഫോണ്‍ കവരുന്നത്? അതോ വരുംകാലത്ത് തീര്‍ത്തും സ്ഥലകാലബോധമില്ലാത്ത ഒരു തലമുറയുടെ വിളയാട്ടമായിരിക്കുമോ നടക്കാന്‍ പോകുന്നത്? ലോകം മുഴുവന്‍ ഈ പ്രതിഭാസം നിറയുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതു ശുഭകരമോ അശുഭകരമോ?

എസ്എസ്എല്‍സി പരീക്ഷ ഏതാനും ആഴ്ച മാത്രം അകലെ. കുട്ടികളുടെ സകല സംശയങ്ങളും ദുരീകരിച്ച് പഠിപ്പിക്കുന്ന നല്ല ഒരു അധ്യാപിക രാവിലെ എഴുന്നേറ്റ് ഫോണ്‍ എടുത്തു നോക്കുമ്പോള്‍ അതിലേക്കു വീണിരിക്കുന്നത് നിരവധി മെസേജുകളാണ്. എല്ലാം താന്‍ ക്ലാസ് ടീച്ചറായ 10-ാം ക്ലാസിലെ ഒരു പെണ്‍കുട്ടിയുടെ നമ്പറില്‍നിന്ന്. പല മെസേജിലും ‘മാതാപിതാക്കളെ അറിയിച്ചാല്‍ താന്‍ മരിക്കും’ എന്നു വരെ എഴുതിയിരിക്കുന്നു. കുറെ നേരമെടുത്തു എന്താണ് സംഭവിച്ചതെന്നു മനസ്സിലാകാന്‍. തലേന്നു രാത്രി ആ കുട്ടി തനിക്കയച്ചിരിക്കുന്ന ആദ്യ മെസേജ് ഒട്ടും സഭ്യമല്ലാത്തതാണ്. തുടര്‍ന്നുള്ളതെല്ലാം അതിനുള്ള ക്ഷമാപണവും വീട്ടുകാരെ അറിയിക്കരുതെന്ന അഭ്യര്‍ഥനയുമാണ്. ആദ്യ മെസേജ് വന്ന സമയമാണ് അധ്യാപികയെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയത്- വെളുപ്പിന് 3.32.

അധ്യാപിക സ്‌കൂളിലെത്തി, വീര്‍ത്ത കണ്‍തടങ്ങളുമായെത്തിയ ആ കുട്ടിയെ അന്നു തന്നെ വിശദമായി ചോദ്യം ചെയ്തു. അതിന്റെ രത്‌നച്ചുരുക്കം- താന്‍ രാത്രി മുഴുവന്‍ നേരിട്ടു പരിചയമില്ലാത്ത ആളുകളോടു പോലും സെക്സ് ചാറ്റും വിഡിയോ കോളും ചെയ്യാറുണ്ട്. അതിലൊരാളുടെ പേര് ടീച്ചറിന്റെ രണ്ടാമത്തെ നമ്പര്‍ എന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് സേവ് ചെയ്തിരിക്കുന്നത്. ആദ്യ മെസേജ് രണ്ടാം നമ്പറുകാരന് അയച്ചതാണ്. ടീച്ചര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു. ഉത്തേജനം പകരുന്ന മെസേജുകള്‍ നിലയ്ക്കുമ്പൊഴോ ക്ഷീണം ശരീരത്തെ പൂര്‍ണമായും തളര്‍ത്തുമ്പൊഴോ മാത്രമാണ് ഉറങ്ങുന്നത്. ഉറക്കച്ചടവു മൂലമാണ് ആ മെസേജ് ടീച്ചര്‍ക്ക് അയച്ചത്.

ചാറ്റ് റൂമുകള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സുരക്ഷിതമോ?

ചെറുപ്പത്തിലേ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്ന കുട്ടികള്‍ അതിന്റെ സാധ്യതകള്‍ അന്വേഷിക്കുക തന്നെ ചെയ്യും. കാരണം അത് അന്വേഷണം മനുഷ്യനു സ്വാഭാവികമായ ഒരു കാര്യമാണ്. അവര്‍ അന്വേഷിച്ച് ഇന്റര്‍നെറ്റിലെ ചാറ്റ് റൂമുകളിലും എത്തിയേക്കാം. ഇത്തരം സ്ഥലങ്ങള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പോലും പേടിപ്പെടുത്തുന്നതാകാം. എന്നാല്‍, പുതിയൊരു പഠനം പറയുന്നത് ചാറ്റ് റൂമുകള്‍ നിങ്ങളുടെ അറിവോടെയും സമ്മതത്തോടെയും കുട്ടി സന്ദര്‍ശിക്കുന്ന സമൂഹ മാധ്യമങ്ങളേക്കാള്‍ ഭീതി ജനകമല്ലെന്നാണ്. കാരണം സമൂഹ മാധ്യമങ്ങളില്‍ വ്യക്തിത്വം വെളിവാക്കേണ്ടതുണ്ട്. ഇത് കുട്ടികള്‍ക്ക് അപ്പോള്‍ത്തന്നെയോ, ഭാവിയിലോ ഭീഷണിയായി തീര്‍ന്നേക്കാമെന്നു പറയുന്നത്. ചാറ്റ് റൂമുകളില്‍ മുഠാളന്മാരുടെയും മുഠാളത്തികളുടെയും സാന്നിധ്യമുണ്ടായേക്കാമെങ്കിലും അവിടെ എന്തെങ്കിലും പേരു സ്വീകരിച്ചാല്‍ മതിയെന്നത് കുട്ടികള്‍ക്ക് താരതമ്യേന സുരക്ഷിതമായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എങ്കിലും ദുരന്ത സംഭവങ്ങളും ഏറെയാണ്.

ചാറ്റ് റൂമുകളില്‍ അജ്ഞാതരുമായി (അനോണിമസ്) സംവദിക്കേണ്ടി വരുന്നതാണ് കുട്ടികളില്‍ ഏറ്റവും പേടിയുണര്‍ത്തുന്ന കാര്യം. പക്ഷേ, ഇതേ അനോണിമിറ്റി കുട്ടികള്‍ക്ക് കവചവുമൊരുക്കുന്നു. മുതിര്‍ന്നവര്‍ എത്തുന്ന ചാറ്റ് റൂമുകളെ പോലെയല്ലാതെ, കുട്ടികള്‍ക്ക് മാത്രമായുള്ള ചാറ്റ്റൂമുകളും ഉണ്ട്. എല്ലാ ചാറ്റ് റൂമുകളിലും നിങ്ങള്‍ മറ്റാരോ ആണെന്നു ഭാവിക്കാന്‍ അനുവാദമുണ്ട് എന്നാണ് കുട്ടികള്‍ക്കു മാത്രമായുള്ള ചാറ്റ് റൂമായ കിഡ്‌സവേള്‍ഡ്.കോമിന്റെ ഉടമ ജെയിംസ് അക്കിലീസ് പറയുന്നത്. കൊറോണാവൈറസ് ബാധയേ തുടര്‍ന്ന് കിഡ്‌സവേള്‍ഡിലും മറ്റു കുട്ടികളുടെ വെബ്‌സൈറ്റുകളിലും ചാറ്റു ചെയ്യാനെത്തുന്നവരുടെ സംഖ്യ കൃമാതീതമായി വര്‍ധിച്ചു.

ഇതിനാല്‍ തന്നെ തങ്ങള്‍ ചാറ്റുകളുടെ നിയന്ത്രണവും സുരക്ഷയും സ്വകാര്യതയും ഒന്നുകൂടി ഉറപ്പിച്ചുവെന്നും ജെയിംസ് പറയുന്നു. എന്നാല്‍, കുട്ടികളുടെ ചാറ്റ് റൂമുകളിലേക്ക് മുതിര്‍ന്നവര്‍ നുഴഞ്ഞുകയറുന്നത് ഇപ്പോഴും പല വെബ്‌സൈറ്റുകളിലും നടക്കുന്നുണ്ടെന്നതാണ് കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ പേടിപ്പിക്കുന്നത്. പല ചാറ്റ് വെബ്‌സൈറ്റുകളും വിഷാധിഷ്ഠിത റൂമുകളാണുള്ളത്. ഉദാഹരണത്തിന് അലോടോക് (Allotalk.com) എന്ന വെബ്‌സൈറ്റില്‍ ടീന്‍ റൂം, വിഷാദിച്ചിരിക്കുന്നവര്‍ക്കുള്ള റൂം, ആര്‍പിഹൗസ്, മ്യൂസിക് റൂം, ക്വിസ് റൂം തുടങ്ങിയ വിഭാഗങ്ങളാണ് ഉള്ളത്. ഇവിടെയുള്ള ടീന്‍ റൂം പോലെയുള്ള വിഭാഗങ്ങളില്‍ മുതിര്‍ന്ന ഇരപിടിയന്മാര്‍ കയറിക്കൂടിയിട്ടുണ്ടാകാം. സേര്‍ച്ച് എൻജിനില്‍കൂടി കണ്ടെത്തുന്ന മിക്ക ടീന്‍ ചാറ്റ് റൂമുകളും, അവയിലേക്ക് എത്തുന്നവരെക്കുറിച്ച് ഒരു തരത്തിലുമുള്ള വേരിഫിക്കേഷനും നടത്താറില്ല. ഒരു ചാറ്റ്റൂമില്‍ ക്ലിക്കു ചെയ്യുമ്പോള്‍ താങ്കള്‍ കുട്ടികള്‍ക്കുള്ള ഒരു ചാറ്റ് റൂമിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത് എന്നൊരു മുന്നറിയിപ്പു പോലും ഇവ പ്രദര്‍ശിപ്പിക്കാറില്ല. ഉണ്ടെങ്കില്‍ പോലും അവ മുതിര്‍ന്നവര്‍ക്ക് എളുപ്പത്തില്‍ അവഗണിക്കാവുന്ന രീതിയിലുള്ളവ ആയിരിക്കും.

മിക്ക ചാറ്റ് റൂമുകളും സ്വകാര്യ ചാറ്റ് റൂമുകളും നല്‍കുന്നുണ്ട്. ഇവയിലെത്തിയാല്‍ രണ്ടു പേര്‍ക്ക് തനിയെ സംവാദിക്കാനാകും. ഒരു പുതിയ യൂസര്‍ പൊതു ചാറ്റ് റൂമിലെത്തുമ്പോള്‍ സ്വകാര്യമായി ചാറ്റു ചെയ്യാമെന്ന് പറഞ്ഞ് പലരും ക്ഷണിക്കും. തുടര്‍ന്ന് സൂമിലേക്കോ, സ്‌കൈപ്പിലേക്കോ, ഗൂഗിള്‍ ഹാങ്ഔട്‌സിലോ വരാന്‍ ആവശ്യപ്പെടും. ഇത്തരം സ്വകാര്യ ക്ഷണങ്ങളെല്ലാം അപകടകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കിഡ്‌സ്‌വേള്‍ഡ്.കോം പോലെയുള്ള ചില വെബ്‌സൈറ്റുകള്‍, കുട്ടികള്‍ സ്വന്തം പേരു ഉപയോഗിച്ചല്ല ലോഗ്-ഇന്‍ ചെയ്യുന്നതെന്ന് അല്‍ഗോറിതങ്ങള്‍ ഉപയോഗിച്ചോ, മോഡറേറ്റര്‍മാരെ ഉപയോഗിച്ചോ ഉറപ്പാക്കും. ഇത് ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളില്‍ മാത്രമേ നടക്കുന്നുള്ളു. കുട്ടികള്‍ ഉചിതമല്ലാത്ത ചാറ്റുകള്‍ നടത്തിയാലും ഇത്തരം സൈറ്റുകളില്‍ ഇടപെടല്‍ ഉണ്ടാകും.

കിഡ്‌സ്‌വേള്‍ഡില്‍ ഒരു അല്‍ഗോറിതം പ്രവര്‍ത്തിക്കുന്നുണ്ട്. അനുചിതമായ സംഭാഷണം തുടങ്ങിയാല്‍ അത് അപ്പോള്‍ത്തന്നെ ശ്രദ്ധിക്കപ്പെടുകയും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യും. ഇത്തരം സംഭാഷണം തുടങ്ങിയവര്‍ക്ക് ശിക്ഷനല്‍കി മറ്റുളളവരുമായി ചാറ്റു ചെയ്യുന്നതില്‍ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് വിലക്കും. എന്നാല്‍, തുടര്‍ന്നും ഈ ഉപയോക്താവ് തന്റെ രീതിയില്‍ തുടര്‍ന്നാല്‍ അയാളെ പുറത്താക്കുകയും ചെയ്യും. ഒരു ഉപയോക്താവിന്റെ മെസേജ് ഹിസ്റ്ററിയില്‍ സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍ മനുഷ്യരായ മോഡറേറ്റര്‍മാര്‍ ഇടപെട്ട് അയാള്‍ പോസ്റ്റു ചെയ്ത സന്ദേശങ്ങളെല്ലാം പരിശോധിക്കും.

chat-groups

സൂം, ഗൂഗിള്‍ ഹാങ്ഔട്ട് പോലെയുള്ള വിഡിയോ ചാറ്റുകള്‍ക്കു ക്ഷണിച്ചുകൊണ്ടുള്ള ലിങ്കുകള്‍ പോസ്റ്റു ചെയ്യുന്നവരെ കൈയ്യോടെ പൊക്കി പുറത്താക്കുമെന്ന് കിഡ്‌സ്‌വേള്‍ഡ് അവകാശപ്പെടുന്നു. ഇത്തരം വേദികളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ പറ്റില്ല. മിക്ക വെബ്‌സൈറ്റുകളിലും മുതിര്‍ന്നവരും ദുരുദ്ദേശക്കാരും കയറിപ്പറ്റുന്നുണ്ടെങ്കിലും അവര്‍ കുട്ടികള്‍ക്ക് വേണ്ടാത്ത പരിശീലനങ്ങള്‍ (ഗ്രൂമിങ്) നടത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ ചില കിഡ്‌സ് വെബ്‌സൈറ്റുകളെങ്കിലും ശ്രമിക്കാറുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന യുഎന്‍എച് ക്രൈംസിന്റെ മേധാവിയായ ഡേവിഡ് ഫിന്‍ക്‌ളര്‍ പറയുന്നത്, കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നത് കൂടുതലും നടക്കുന്നത് ഓണ്‍ലൈനിലല്ല. സ്വന്തം വീടുകളിലോ അവരുടെ അയല്‍പക്കങ്ങളിലോ മറ്റാളുകളുടെ വീടുകളിലോ എല്ലാമാണ് എന്നാണ്. ഇന്റര്‍നെറ്റിലും കുട്ടികളെ വിലയ്‌ക്കെടുക്കാന്‍ സാധിക്കും. എന്നാല്‍, അവ മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ പോലെ അത്ര അപകടകരമല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.

ഓണ്‍ലൈനില്‍ എത്തുന്ന ബാല പീഡകര്‍ കുട്ടികളുടെ വിശ്വാസം പടിച്ചുപറ്റാനാണ് ശ്രമിക്കുക. ഇതിനായി അവര്‍ കുട്ടികളെ ഫെയ്‌സ്ബുക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ ഉപയോഗിക്കാന്‍ ക്ഷണിക്കും. അല്ലെങ്കില്‍ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ പോലും അയയ്ക്കും. സൗഹൃദം, പ്രണയം, ലൈംഗികതയെക്കുറിച്ച് അറിയാനുള്ള ശ്രമം തുടങ്ങിയവയ്ക്കായി ഓണ്‍ലൈനിലെത്തുന്ന കുട്ടികളാണ് പലപ്പോഴും കുടുങ്ങുക. മിക്കവാറും ഇങ്ങനെ കുരുങ്ങുന്നത് ആണ്‍കുട്ടികളാണെന്നും പറയുന്നു. കുട്ടികളെ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ താത്പര്യങ്ങളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും എല്ലാം ചോദിച്ചറിയും. സമൂഹ മാധ്യമങ്ങളിലൂടെ ഒരോരുത്തരെക്കുറിച്ചും കിട്ടാവുന്നത്ര സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും ദുരുദ്ദേശക്കാര്‍ പ്രവര്‍ത്തനം തുടങ്ങുക. കുട്ടികളുടെ അതേ പ്രായത്തിലുള്ള എന്നാല്‍, എതിര്‍ലിംഗത്തിലുള്ള ഒരാളായി ഭാവിച്ചാണ് കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നത്.

ഒരിക്കല്‍ ലൈംഗികതയുണര്‍ത്തുന്ന ചിത്രങ്ങളും വിഡിയോയും ലിങ്കുകളും കൈമാറിത്തുടങ്ങിയാല്‍ ഇരപിടിയന്റെ വലയില്‍ കുട്ടി വീണുവെന്നു കരുതാം. ഇതിലേക്ക് എത്താതിരിക്കാന്‍ ചാറ്റ് റൂമുകളില്‍ പ്രവേശിക്കരുതെന്നു വിലക്കുന്നതിനു പകരം അവര്‍ക്ക് എന്തും പറയാവുന്നത്ര തുറന്ന സ്വഭാവമുള്ള മാതാപിതാക്കളായി നിലകൊള്ളാന്‍ ശ്രമിക്കുക എന്നതാണെന്ന് ചിലര്‍ പറയുന്നു. ചില കാര്യങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം എന്നൊക്കെ പറഞ്ഞുകൊടുക്കാന്‍ തുറന്ന സമീപനമുള്ള മാതാപിതാക്കള്‍ക്കു മാത്രമേ സാധിക്കൂ എന്നാണ് അവരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com