sections
MORE

തിരിച്ചടിയിൽ കണ്ണുതള്ളി ചൈനീസ് കമ്പനികള്‍; ഐഫോണ്‍ XS മാക്‌സിന് 36,000 രൂപ കിഴിവ്

tiktok-ban
SHARE

ഇന്ത്യ 59 ചൈനീസ് ആപ്പുകളെ നിരോധിച്ചത് ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആഗോള സ്വപ്നത്തിന് വന്‍ തിരിച്ചടിയായി തീര്‍ന്നിരിക്കുകയാണെന്ന് വിലയിരുത്തല്‍. അവയുടെ മൊത്തം വരുമാനത്തെയും ഇതു ബാധിച്ചേക്കും. വിലക്ക് ബാധിക്കുന്നവരില്‍ ചില ചൈനീസ് ടെക് ഭീമന്മാരുംഅടങ്ങും. ആലിബാബ, ബായിഡു, ബൈറ്റ്ഡാന്‍സ്, ടെന്‍സന്റ്, ഷഓമി, വൈവൈ ഇന്‍ക്, ലെനോവോ തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടും. ഇന്ത്യ തുടങ്ങിവെച്ച ഈ നടപടി ആഗോള തലത്തില്‍ തന്നെ തങ്ങള്‍ക്കുള്ള തിരിച്ചടിയുടെ തുടക്കം കുറിച്ചേക്കുമെന്നാണ് ഈ കമ്പനികള്‍ ഇപ്പോള്‍ ഭയപ്പെടുന്നത്. വന്‍കിട അമേരിക്കന്‍ കമ്പനികളായ ഫെയ്‌സ്ബുക്കും ഗൂഗിളും ടെക് നിരക്ഷരത രൂക്ഷമായിരുന്ന കാലത്ത് അധികം വിവാദമുണ്ടാക്കാതെ യൂറോപ്പിലും ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും പടര്‍ന്നു.

ഇവയ്ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നേരത്തെ തിരിച്ചറിഞ്ഞ രാജ്യമായ ചൈനയാകട്ടെ അവയെ പടിക്കു പുറത്തു നിർത്തി ഗ്രെയ്റ്റ് ഫയര്‍വാള്‍ എന്ന ഡിജിറ്റല്‍ വന്മതിലും പണിതു. വന്മതിലിനുള്ളില്‍ വളര്‍ന്ന ചൈനീസ് കമ്പനികള്‍ക്ക് തീര്‍ച്ചയായും ആഗോള തലത്തില്‍ സ്വീകാര്യത ലഭിക്കുന്ന കാര്യം എളുപ്പമായിരുന്നില്ല. ഈ കമ്പനികള്‍ക്ക് ആഗോള വിപണിയില്‍ നോട്ടമുണ്ടായിരുന്നെങ്കിലും ടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച് ലോകമെമ്പാടും അനുദിനം അവബോധം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനി എളുപ്പമല്ലെന്ന തിരിച്ചറിവില്‍ അവര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്ത്യയിലും മറ്റും പേരെടുത്ത ശേഷം യൂറോപ്പിനെയും അമേരിക്കയെയും ലക്ഷ്യംവയ്ക്കാമെന്ന അവരുടെ തന്ത്രമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

∙ ആപ് നിര്‍മാതാക്കള്‍ സർക്കാരിനെ സമീപിക്കും

ഇന്ത്യ 59 ചൈനീസ് ആപ്പുകളെ നിരോധിച്ച സാഹചര്യത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ തീരുമാനം. ആപ്പുകള്‍ ഇനി ഡൗണ്‍ലോഡ് ചെയ്യരുതെന്നെയുള്ളോ, അതോ ഇപ്പോള്‍ കൈവശമുളളവര്‍ അതു പ്രവര്‍ത്തിപ്പിക്കുന്നതിനും തടസമുണ്ടോ തുടങ്ങിയ കാര്യങ്ങളായിരിക്കും അവര്‍ക്ക് അറിയേണ്ടത്. ഐടി ആക്ടിന്റെ സെക്ഷന്‍ 69എ പ്രകാരം ടിക്‌ടോക്ക് ആപ്‌സ്റ്റോറില്‍ നിന്ന് എടുത്തു നീക്കണമെന്ന് ആപ്പിളിന് ഇന്ത്യ കത്തു നല്‍കിയെങ്കിലും മറ്റ് ആപ്പുകളുടെ കാര്യത്തല്‍ പരാമര്‍ശമൊന്നുമില്ല. എന്നാല്‍, ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളിലെ കണ്ടെന്റ് ബ്ലോക്കു ചെയ്യാന്‍ ചൊവ്വാഴ്ച വൈകീട്ട് ഉത്തരവിറങ്ങിയതായും പറയുന്നു.

China-Made-App

∙ ടിക്‌ ടോക്കിന്റെ പ്രവര്‍ത്തനം പരിപൂര്‍ണ്ണമായി നിലച്ചു

നിരോധനത്തെ തുടര്‍ന്ന് തങ്ങളുടെ ആപ് ആദ്യം തന്നെ പിന്‍വലിച്ചത് ടിക്‌ ടോക് ആണ്. ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമല്ലെന്നു മാത്രമല്ല പ്രവര്‍ത്തിപ്പിക്കാനും സധിക്കാതെയാക്കിയിരിക്കുകയാണ് കമ്പനി. സർക്കാരിന്റെ ഉത്തരവിറങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ അവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു മാതൃകകാണിച്ചു. ഇന്ത്യ ആവശ്യപ്പെട്ട എല്ലാ സുരക്ഷാ നടപടികളും തങ്ങള്‍ നേരത്തെ തന്നെ എടുത്തിരുന്നുവെന്ന് കമ്പനി പറഞ്ഞു. ഒരു ഉപയോക്താവിന്റെയും ഡേറ്റാ ചൈനീസ് സർക്കാർ അടക്കം ഒരു ഗവണ്‍മെന്റിനും നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഭാവി സാധ്യതകളെക്കുറിച്ചറിയാന്‍ തങ്ങള്‍ സർക്കാരിനെ സമീപിക്കുമെന്ന് കമ്പനി പറഞ്ഞു. ഏകദേശം 2,000 ത്തോളം പേര്‍ ടിക്‌ടോക്കിനായി ഇന്ത്യയില്‍ ജോലിയെടുക്കുന്നുണ്ട്.

∙ ചിങ്ഗാരിയില്‍ മലയാളം സപ്പോര്‍ട്ട്

ടിക്‌ടോക്കിന്റെ ഇന്ത്യന്‍ പകരക്കാരില്‍ ഒന്നായ ചിങ്ഗാരി (Chingari) ആപ്പ് ഇപ്പോള്‍ത്തന്നെ 25 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞുവന്നു പറയുന്നു. ഈ ആപ്പ് മലയാളമടക്കമുള്ള വിവിധ ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു.

 NASA Releases Stunning 10-Year Time-Lapse Of The Sun

∙ സൂര്യന്റെ 10 വര്‍ഷം ടൈംലാപ്‌സ്

നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍േവേറ്ററി പത്തു വര്‍ഷമെടുത്ത് സൂര്യനെക്കുറിച്ച് തയാറാക്കിയ ടൈംലാപ്‌സ് വിഡിയോ അവര്‍ പുറത്തുവിട്ടു. 425 ദശലക്ഷം ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നാസ അറിയിച്ചു. ടൈംലാപ്‌സ് വിഡിയോ ഇവിട കാണാം: https://youtu.be/l3QQQu7QLoM

∙ ഐഫോണ്‍ XS മാക്‌സിന് ആമസോണില്‍ 36,300 രൂപ കിഴിവ്

ആപ്പിളിന്റെ 2018ലെ പ്രീമിയം ഫോണായ ഐഫോണ്‍ XS മാക്‌സ് ഇപ്പോള്‍ ആമസോണില്‍ വന്‍ വിലക്കുറവില്‍ വില്‍ക്കുന്നു. എംആര്‍പി 1,05,200 രൂപയുള്ള 64 ജിബി സ്‌പെയ്‌സ് ഗ്രേ മോഡലാണ് ഇപ്പോള്‍ 68,900 രൂപയ്ക്കു വില്‍ക്കുന്നത്. ഇത് എത്ര ദിവസത്തേക്ക് ഉണ്ടാകുമെന്ന് അറിയില്ല. ഗോള്‍ഡ് വേര്‍ഷന്‍ 40,000 രൂപ കിഴിവില്‍ കഴിഞ്ഞ ദിവസം വിറ്റിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റു മോഡലുകള്‍ക്ക് ഇത്തരം കിഴിവില്ലാത്തതിനാല്‍ ഈ വിലക്കുറവ് താത്കാലികമായിരിക്കും എന്ന് അനുമാനിക്കാം.

iphone-xs

∙ വണ്‍പ്ലസ് നോര്‍ഡിന് പ്രതീക്ഷിച്ച വിലക്കുറവു കണ്ടേക്കില്ല

വണ്‍പ്ലസിന്റെ വിലക്കുറഞ്ഞ മോഡലായ വണ്‍പ്ലസ് നോര്‍ഡ് ജൂലൈ ആദ്യ വാരം മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കിയേക്കും. ഈ മോഡലിന്റെ തുടക്ക വേരിയന്റിന് 25,000 രൂപയില്‍ താഴെയായിരിക്കും വില എന്നു പറഞ്ഞു കേട്ടിരുന്നെങ്കിലും ഇപ്പോള്‍ പറയുന്നത് അതിന് 40,000 രൂപയില്‍ താഴെയായിരിക്കുംവില എന്നാണ്. ഇന്നു തന്നെ ആമസോണ്‍ ഇന്ത്യയില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

English Summary: Tech Capsules: ban setback to global ambitions; iPhone XS Max at big discount

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA