ADVERTISEMENT

ഓൺലൈൻ സേര്‍ച്ചില്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സേര്‍ച് എൻജിനായ ഡിഡിജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡക്ഡക്‌ഗോ (duckduckgo.com) ലഭിക്കുന്നത് പല ടെലികോം കമ്പനികളും തടഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത ലോകമെമ്പാടും ജിജ്ഞാസ പരത്തിയിരിക്കുകയാണ്. ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് ഈ റിപ്പോർട്ടും വരുന്നത്. എയര്‍ടെല്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, ഡെന്‍ (DEN) നെറ്റ്‌വര്‍ക്കുകളില്‍ ബുധനാഴ്ച മുതില്‍ ഡിഡിജി ലഭ്യമല്ല. ഡിഡിജിക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിച്ച എയര്‍ടെലും റിലയന്‍സ് ജിയോയും പറയുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡിഡിജി നിരോധിച്ചതെന്നാണ്. കാരണം അവര്‍ക്കും അറിയില്ല.

 

ഡിഡിജിക്ക് എന്താണ് പ്രശ്‌നം? ഇന്റര്‍നെറ്റില്‍ അസ്വസ്ഥത പരത്താത്ത സേവനങ്ങളിലൊന്നായ ഇത് ഇന്നു രാവിലെ മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. എന്തുകൊണ്ടാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് ഡിഡിജി നിരോധിക്കാനുള്ള കാരണം പൊതുജനത്തോട് വെളിപ്പെടുത്താത്തത്? ഇത് പരിഹാസ്യമാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് ഒരു സേവനം ബ്ലോക്കു ചെയ്യാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ എന്താണെന്ന് ഇവിടെ ആര്‍ക്കെങ്കിലും അറിയുമോ? ഇന്ത്യയില്‍ നിന്നുള്ള ഒരു റെഡിറ്റ് യൂസര്‍ ചോദിക്കുന്നു.

 

നിരവധി റിലയന്‍സ് ജിയോ ഉപയോക്താക്കളും തങ്ങളുടെ പ്രീയപ്പെട്ട സേര്‍ച്ച് എൻജിന് എന്തുപറ്റി എന്നറിയാതെ ഫോറങ്ങളില്‍ സംശയങ്ങള്‍ പോസ്റ്റു ചെയ്തു. ഗുര്‍ഷാബാദ് ഗ്രോവര്‍ എന്ന യൂസര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയതത് താന്‍ ഡൽ‍ഹിയിലും ബെംഗളൂരും ചില ടെസ്റ്റുകള്‍ നടത്തിയെന്നും ഒന്നിലേറെ ടെലിഫോണ്‍ ദാതാക്കള്‍ ഡിഡിജി ബ്ലോക്കു ചെയ്തതായി കണ്ടെത്തിയെന്നുമാണ്. വൊഡാഫോണ്‍ 4ജി, എയര്‍ടെല്‍ 4ജി, ജിയോ 4ജി എന്നിവ ഡിഡിജി ബ്ലോക്കു ചെയ്തുവെന്നും എസിടിയില്‍ ഇപ്പഴും ലഭ്യമാണ് എന്നുമാണ്. വയേഡ് ബ്രോഡ്ബാന്‍ഡില്‍ ഇപ്പോഴും ഡിഡിജി ലഭ്യമാണ് എന്നാണ് പ്രതീക്വാഗ്രെ ഇതിനോട് പ്രതികരിച്ചത്. കുശാല്‍ദാസ് എന്ന ട്വിറ്റര്‍ യൂസറും ഡോട്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് ട്വിറ്ററിലെത്തി.

 

എന്നാല്‍, ഇതുവരെ ഇന്ത്യ ഡിഡിജി ഔദ്യോഗികമായി നിരോധിച്ചോ എന്ന കാര്യത്തില്‍ തീര്‍ച്ച പറയാനാവില്ല. അതേസമയം തങ്ങളുടെ സേവനം ഇന്ത്യയില്‍ ബ്ലോക്കു ചെയ്തതായി ഡിഡിജി ഔദ്യോഗികമായി അറിയിച്ചു. ഡക്ഡക്‌ഗോ ലഭിക്കാത്തത് തങ്ങളുടെ കുഴപ്പം കൊണ്ടല്ലെന്ന് അവര്‍ തങ്ങളുടെ ഉപയോക്താക്കളെ അറിയിച്ചു. അതേസമയം, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോഴും വേണമെങ്കില്‍ എങ്ങനെ ഡിഡിജി ലഭിക്കുമെന്നത് അവര്‍ ട്വീറ്റിലൂടെ വെളിപ്പെടുത്തി: https://bit.ly/2BxdLTz

duckduckgo

 

ഏതോ ഒരു സേര്‍ച്ച് എൻജിന്‍; എന്തിനാണീ ബഹളമെല്ലാം?

 

മിക്കവാറും എല്ലാ ഉപയോക്താക്കളും ചോദിക്കുന്ന ചോദ്യമിതായിരിക്കും. ഏതോ ഒരു സേര്‍ച് എൻജിന്‍ ബ്ലോക്കു ചെയ്തതിന് എന്തിനാണ് ഇത്ര ബഹളംവയ്ക്കുന്നത്? അവര്‍ ഗൂഗിള്‍ ഒന്നുമല്ലല്ലോ ബ്ലോക്കു ചെയ്തത് എന്നായിരിക്കും മിക്ക ശരാശരിക്കാരുടെയും പ്രതികരണം. എന്നാല്‍, ഇന്റര്‍നെറ്റില്‍ ഡിഡിജിക്കുള്ളത് നിസ്തുലമായ ഒരു സ്ഥാനമാണ്. ഗൂഗിള്‍ അടക്കമുളള സേര്‍ച്ച് എൻജിനുകള്‍ ഉപയോക്താക്കളുടെ സേര്‍ച്ചുകള്‍ സൂക്ഷിക്കുമെന്ന ആരോപണം വന്നപ്പോള്‍ ഒരു സേര്‍ച്ചും സൂക്ഷിക്കില്ല എന്ന വാഗ്ദാനവുമായി എത്തിയ കമ്പനിക്ക് യാതൊരു ചൈനാ ബന്ധവുമില്ല. അമേരിക്കയിലെ പെന്‍സില്‍വേനിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. അമേരിക്കയില്‍ കുട്ടികള്‍ കളിക്കുന്ന ഡക്, ഡക്, ഗൂസ് എന്ന കളിയുടെ പേരില്‍ നിന്നാണ് സേര്‍ച് എൻജിന് വിചിത്രമായ നാമകരണം ലഭിക്കുന്നത്. യാഹൂ, സേര്‍ച്ച് ബോസ്, വൂള്‍ഫ്രം ആല്‍ഫാ, ബിങ്. യാന്‍ഡെക്‌സ്, സ്വന്തം ക്രോളര്‍, വിക്കിപീഡിയ പോലെത്തെ സൈറ്റുകള്‍, ക്രൗഡ് സോഴ്‌സിങ് തുടങ്ങി 400 സോഴ്‌സുകള്‍ സമ്മേളിപ്പിച്ചാണ് ഇതു പ്രവര്‍ത്തിപ്പിക്കുന്നത്.

 

അതിവേഗം വളരുന്ന ഈ സേര്‍ച് എൻജിന്‍, ഗൂഗിളിനെ പോലെയല്ലാതെ ഒരിക്കലും ഉപയോക്താവിന്റെ ഐപി അഡ്രസ് ശേഖരിക്കുന്നില്ല, ഉപയോക്താവാരാണെന്ന് അറിയാന്‍ ശ്രമിക്കുന്നില്ല, കുക്കീസ് ആവശ്യമുള്ളപ്പോള്‍ മാത്രമെ ഉപയോഗിക്കൂ. ഗാബ്രിയല്‍ വെയ്ന്‍ബര്‍ഗ് ആണ് ഈ സേര്‍ച് സംരംഭത്തിനു പിന്നില്‍. ഈ സേര്‍ച് എൻജിന് അനോനിമസ്, അല്ലെങ്കില്‍ ആരുമറിയാത്ത, സേര്‍ച്ചിങ് തുടങ്ങുന്നത് 2010ല്‍ ആണ്. ഉപയോക്താവിന്റെ സ്വകാര്യതയക്ക് പരമ പ്രാധാന്യം തന്നെ നല്‍കണമെന്നു നിര്‍ബന്ധമുള്ള ആപ്പിള്‍ ഡിഡിജിക്ക് സഫാരിയില്‍ ഇടം നല്‍കിയതോടെ കമ്പനിയുടെ ശുക്രനുദിക്കുകയായിരുന്നു. ഗൂഗിളിനെ സഫാരിയുടെ ഡീഫോള്‍ട്ട് സേര്‍ച് എൻജിന്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ കാലത്തു തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍, അതിനു ശേഷം പ്രതിവര്‍ഷം ബില്ല്യന്‍ കണക്കിനു ഡോളറാണ് ഗൂഗിള്‍ ആപ്പിളിന് ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനാകാന്‍ നല്‍കുന്നത്. ഇത് 2019ല്‍ മാത്രം 12 ബില്ല്യന്‍ ഡോളറായിരുന്നു എന്ന് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു! എന്നാല്‍, സഫാരിയില്‍ സെറ്റിങ്‌സിലെത്തി സ്വകാര്യതാ അവബോധമുള്ള ആര്‍ക്കും ഡീഫോള്‍ട്ട് സേര്‍ച് എൻജിന്‍ ഡിഡിജി ആക്കാം. എല്ലാ കംപ്യൂട്ടര്‍ ബ്രൗസറിലും ഇതു ചെയ്യാം. മിക്ക മൊബൈല്‍ ബ്രൗസറുകളിലും ഡിഡിജി ഉപയോഗിക്കാം.

 

സേര്‍ച് റിസള്‍ട്ട് എങ്ങനെ?

 

ഗൂഗിളിന്റെ അത്ര പോളിഷ്ഡ് അല്ല. പക്ഷേ, സ്ഥിരമായി ഉപയോഗിച്ചാല്‍ മാസങ്ങള്‍ക്കുളളില്‍ തന്നെ മിക്കവാറും എല്ലാ ഉപയോക്താക്കളും ഇതു ധാരാളം മതിയെന്നു മനസിലാക്കും. അതു തന്നെയാണ് ഗൂഗിള്‍ ബില്ല്യന്‍ കണക്കിനു ഡോള്‍ ആപ്പിളിന് വര്‍ഷാവര്‍ഷം കമഴ്ത്തിക്കൊടുക്കുന്നതും. ഏതെങ്കിലും വിരളമായ സാഹചര്യത്തില്‍ സേര്‍ച്ച് ഫലിച്ചില്ലെങ്കില്‍ ഗൂഗിളും ബിങും ഉപയോഗിക്കുകയും ചെയ്യാമെന്ന യുക്തിസഹമായ തീരുമാനമാണ് പല ഉപയോക്താക്കളും സ്വീകരിച്ചുവന്നത്. എന്തായാലും, ഡിഡിജിയുടെ ഇന്ത്യയിലെ വിധി കാത്തിരുന്നു കാണാനേ സാധിക്കൂ.

 

English Summary: Airtel, Reliance Jio, BSNL, DEN blocking DuckDuckGo, complain users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com