ADVERTISEMENT

ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ആത്മനിര്‍ഭര്‍ ഭാരത് ആപ് ഇനവേഷന്‍ വെല്ലുവിളി ടെക്കികള്‍ക്കു നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ടെക്കികള്‍ക്കും സ്റ്റാര്‍ട്ട്-അപ് സമൂഹങ്ങള്‍ക്കുമാണ് ലോക നിലവാരമുള്ള ആപ്പുകള്‍ വികസിപ്പിച്ചെടുക്കുക എന്ന വെല്ലുവിളി അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇതിനായി ഒരു ആത്മനിര്‍ഭര്‍ ടെക് പരിസ്ഥിതി തന്നെ സൃഷ്ടിക്കണമെന്നാണ് അദ്ദേഹം തന്റെ ഔദ്യോഗിക ലിങ്ക്ട്ഇന്‍ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്. ഈ ഉദ്യമം മെയ്റ്റി (MeitY), അടല്‍ ഇനവേഷന്‍ മിഷന്‍- നീതി ആയോഗ് എന്നിവ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നതാണ്. ഇതിലൂടെ ഇപ്പോള്‍ത്തന്നെ ആപ് സ്റ്റോറുകളിലുള്ള, ജനസമ്മതി നേടിയ, ഇന്ത്യന്‍ കമ്പനികള്‍ വികസിപ്പിച്ചെടുത്ത ആപ്പുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്ന് അവയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമവും ഉള്‍പ്പെടും.

 

മികച്ച ആപ്പുകളെ കണ്ടെത്താന്‍ വിവിധ ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തും. അവാര്‍ഡ് 2 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ആയിരിക്കും. ഓരോ ആപ്പും ഉപയോഗിക്കാന്‍ എത്ര എളുപ്പമാണ്, അവ എത്ര ഉറപ്പുള്ളതാണ്, എത്ര സുരക്ഷിതമമാണ്, എത്ര വികസന സാധ്യതയുള്ളതാണ് എന്ന കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമായിരിക്കും അവാര്‍ഡ് നല്‍കുക. എട്ടു വിഭാഗങ്ങളിലുള്ള ആപ്പുകളാണ് പരിഗണിക്കുന്നത്. ഓഫിസ് പ്രൊഡക്ടിവിറ്റി ആന്‍ഡ് വര്‍ക് ഫ്രം ഹോം, സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ്, ഇ-ലേണിങ്, എന്റര്‍റ്റെയ്‌മെന്റ്, ഹെല്‍ത് ആന്‍ഡ് വെല്‍നെസ്, ബിസിനസ് (അഗ്രിടെക് ആന്‍ഡ് ഫൈന്‍ടെക്) ന്യൂസ്, ഗെയിംസ് എന്നിവയാണത്. കൂടുതല്‍ വിശദാംശങ്ങള്‍ innovate.mygov.in എന്ന വെബ് വിലാസത്തില്‍ ലഭ്യമാണ്. ഓണ്‍ലൈനിലൂടെയുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. ആശയങ്ങള്‍ ഉള്ളവര്‍ക്ക് അവ മൈഗവ് (myGov) പോര്‍ട്ടലില്‍ പേരു റജിസ്റ്റര്‍ ചെയ്ത് ലോഗ്-ഇന്‍ ചെയ്ത് സമര്‍പ്പിക്കാവുന്നതാണ്.

 

∙ നിരോധിക്കപ്പെടാത്ത ചൈനീസ് ആപ്പുകള്‍ ഏതെല്ലാം?

 

നിരോധിക്കപ്പെടാത്ത ചൈനീസ് ആപ്പുകള്‍ ഉണ്ടെന്നറിയുന്നത് പലരെയും അദ്ഭുതപ്പെടുത്തിയേക്കും. എന്നാല്‍, നിരോധിക്കപ്പെട്ട 59 ആപ്പുകളില്‍ പെടാത്ത ചൈനീസ് അപ്പുകളാണ് ഇ-സ്‌പെയ്‌സ്, വീ-ലിങ്ക്, ഐഡിയഹബ് എന്നിവ. എന്തുകൊണ്ടാണ് ഇവ നിരോധിക്കപ്പെടാതിരിക്കാനുള്ള കാരണം ഇവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നവയല്ല എന്നതാണ്. വാവെയ്, സെഡ്ടിഇ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ കസ്റ്റമര്‍മാരായ ഇന്ത്യന്‍ കമ്പനികളുമായി ഇടപെടാന്‍ ഉപയോഗിക്കുന്നവയാണ് ഈ ആപ്പുകള്‍. ഇവയിലൂടെയാണ് ടെലികോം മേഖലയിലെ തങ്ങളുടെ പാര്‍ട്ണര്‍മാരോട് വാവെയും മറ്റും ദൈനംദിന ഇടപെടല്‍ നടത്തുന്നത്.

 

∙ ചൈനീസ് വേരറുക്കാന്‍ ടിക്‌ടോക്

 

ആപ് നിരോധനം ഏറ്റവുമധികം ബാധിച്ചത് ടിക്‌ടോക്കിനെയാണ്. എന്നാല്‍, കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെവിന്‍ മേയര്‍ ഇന്ത്യാ ഗവണ്‍മെന്റിനു നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത് ചൈനാ ഗവണ്‍മെന്റ് തങ്ങളോട് ഒരിക്കല്‍ പോലും ഉപയോക്താക്കളുടെ ഡേറ്റാ ചോദിച്ചിട്ടില്ലെന്നും, ഇനി ചോദിച്ചാലും കൊടുക്കില്ലെന്നുമാണ്. ഇന്ത്യക്കാരുടെ ഡേറ്റ പൂര്‍ണ്ണമായും തങ്ങളുടെ സിംഗപ്പൂര്‍ സെര്‍വറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഭാവിയിലെങ്ങാനും ചൈന ഈ ഡേറ്റ ചോദിച്ചാലും തങ്ങള്‍ കൊടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇത് തങ്ങളുടെ ചൈനീസ് ബന്ധം വിച്ഛേദിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാമെന്നു വാദിക്കുന്നവരുമുണ്ട്. ടിക്‌ടോകും ഗവണ്‍മെന്റുമായി അടുത്തയാഴ്ച കൂടുതല്‍ മീറ്റിങുകള്‍ നടത്തിയേക്കും. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ആപ് അല്ല ടിക്‌ടോക്. എന്നാല്‍, ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലാണ് ടിക്‌ടോക് ഉള്ളത്. എന്നാല്‍, ചൈനയുമായുള്ള അകലം വര്‍ധിപ്പിച്ചാല്‍ തങ്ങളുടെ നിലനില്‍പ്പ് സാധ്യമാകുമോ എന്നാണ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അന്വേഷിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. ഇന്ത്യയലും അതുപോലെ അമേരിക്കയിലും അതിവേഗം വളരുന്ന സമൂഹ മാധ്യമ ആപ്പുകളിലൊന്നായിരുന്നു ടിക്‌ടോക്.

 

∙ ടിക്‌ടോകിന്റെ ഇന്ത്യന്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകണമെന്നില്ലെന്ന് വിശകലന വിദഗ്ധര്‍

 

ട്രെല്‍, ബോലോ, ഇന്‍ഡിയ (Indya), മിത്രോന്‍, ചിങ്കാരി, റോപോസോ തുടങ്ങി പല ടിക്‌ടോക് ക്ലോണുകളും ആപ് സ്റ്റോറുകളില്‍ ഇടം പിടിക്കുകയും അവയ്ക്ക് ധാരാളം ഡൗണ്‍ലോഡുകള്‍ കിട്ടുകയും ചെയ്തു. എന്നാല്‍, ഡൗണ്‍ലോഡിന്റെ എണ്ണമൊന്നും ഈ ആപ്പുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നതിന് ഒരു ഗ്യാരന്റിയും നല്‍കുന്നില്ലെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ഈ രംഗത്ത് ഒരു വിജയിയെ കാണാന്‍ സാധ്യതയുള്ളു. അത് ആളുകളില്‍ ടിക്‌ടോകിനെ പോലെ ആസക്തി പരത്താന്‍ സാധിക്കുന്ന ആപ്പായിരിക്കും. പലരും പരീക്ഷിക്കാനാണ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇവരില്‍ അങ്ങേയറ്റം 15 ശതമാനം പേരായിരിക്കും ഇവ ഇഷ്ടപ്പെട്ടെങ്കില്‍ കൊണ്ടുനടക്കാന്‍ പോകുന്നത്. ഏതാനും ദശലക്ഷം ആളുകള്‍ ഒരു ആപ് ഡൗണ്‍ലോഡു ചെയ്തു എന്ന കണക്ക് ഒരു ആപ്പിന്റെ ഭാവിയെപ്പറ്റി ഒന്നും പ്രവചിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്തിരിക്കുന്നവരില്‍ 90 ശതമാനം പേരും അത് ഒരു മാസത്തിനുള്ളില്‍ തന്നെ ഡിലീറ്റു ചെയ്യുമെന്നാണ് ഇന്ത്യ കോഷ്യന്റിന്റെ സ്ഥാപകാംഗങ്ങളിലൊരാളായ ആനന്ദ് ലൂനിയ പറയുന്നത്.

 

അടുത്ത ടിക്‌ടോക് സൃഷ്ടിച്ചേക്കാമെന്നു കരുതുന്നവര്‍ കാണാതെ പോകുന്നത് അതിനു വേണ്ട നൂതനവും ലോക നിലവാരമുള്ളതുമായ എൻജിനീയറിങ് മികവാണ്. തുടര്‍ന്ന് മാര്‍ക്കറ്റിങ്ങിന് ദശലക്ഷക്കണക്കിനു ഡോളര്‍ ചെലവിടണം. കുറഞ്ഞത് 50- 100 ദശലക്ഷം ഡോളര്‍ ഇറക്കാതെ പിടിച്ചു നില്‍ക്കാന്‍ ഒരു ആപ്പിനും സാധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ത്തന്നെ പല തട്ടിക്കൂട്ടു ടിക്‌ടോക് ക്ലോണുകളിലും ബഗുകള്‍ ഉണ്ട്. സെര്‍വര്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ സുരക്ഷാ ഭീഷണിയുമുണ്ട്.

 

ദശ ലക്ഷക്കണക്കിനു ഡോളര്‍ മുടക്കി ഉപയോക്താവിന് നല്ല താത്പര്യം ജനിപ്പിക്കാനായില്ലെങ്കില്‍ ചെറുപ്പക്കാര്‍ ആപ്പുകളെല്ലാം നിഷ്‌കരുണം ഡിലീറ്റു ചെയ്യും. അവര്‍ക്ക് അത്ര ക്ഷമയൊന്നും ഉള്ളവരല്ല. സമൂഹ മാധ്യമം എന്നു പറഞ്ഞാല്‍ അഡിക്ഷന്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്. അതിനു ചില്ലറപ്പണിയൊന്നും പോരെന്നാണ് വിലയിരുത്തല്‍. ടിക്‌ടോക് ഇന്ത്യയില്‍ 660 ദശലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു എന്നത് ആപ്പിലുണ്ടായിരുന്ന താത്പര്യം വ്യക്തമാക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

English Summary: PM launches app innovation challenge; Chinese apps that aren't banned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com