ADVERTISEMENT

ചൈനയുടെ മൊത്തം വിപണിയുടെ ചെറിയൊരു ശതമാനം മാത്രമേ ഇന്ത്യ വരൂ എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യ ചൈനയുമായി ഒരു വാണിജ്യ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ചൈനയ്ക്ക് ഏശില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, ചൈനയുടെ അറ്റാദായത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്- അമേരിക്കയ്ക്കു പിന്നില്‍. കൂടാതെ, 59 ആപ്പുകള്‍ നിരോധിക്കുക വഴി അവയുടെ മൂല്യത്തിനും ഇടിവു സംഭവിക്കും. എന്നാൽ, ഇന്ത്യ നടപ്പാക്കിയ ആപ് നിരോധനം വരാനിരിക്കുന്ന ചൈനയെ പടിക്കുപുറത്താക്കാനുള്ള പല നടപടികളുടെയും തുടക്കമായി കാണുന്നവരും ഉണ്ട്. അമേരിക്ക തുടക്കമിട്ട വാണിജ്യ യുദ്ധം ഇന്ത്യക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളും ഏറ്റെടുത്തു തുടങ്ങി. ഇതോടെ ചൈനയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ദുരന്തമായിരിക്കുമെന്നും സൂചനയുണ്ട്. ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ ചൈനയെ ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയ്ക്കെതിരെ യൂറോപ്യൻ യൂണിയനും നടപടി സ്വീകരിച്ചാൽ പിന്നെ വൻ പ്രതിസന്ധിയിലാകും.

നിരോധിച്ച ആപ്പുകള്‍ വിപിഎന്‍ വഴി സന്ദര്‍ശിക്കാനാകുമെന്നുള്ള വാദത്തിലും വലിയ കഴമ്പില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം, അത് വളരെ കുറച്ചു ശതമാനം പേരെ ഉപയോഗിക്കൂ. മറ്റുള്ളവരെല്ലാം, ഇവയ്ക്കു പകരം എന്തുണ്ടെന്ന് അന്വേഷിക്കുന്നവരായിരിക്കും. ആഭ്യന്തരമായി വികസിപ്പിച്ചെടുക്കുന്ന ആപ്പുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കളംപിടിക്കുമെന്നു കരുതുന്നവരും ഉണ്ട്. എന്നാല്‍, ഇന്ത്യയ്ക്ക് ഇപ്പോഴും ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ ചൈനയെ ആശ്രയിക്കുക തന്നെ ചെയ്യണമെന്ന കാര്യവും വിസ്മരിച്ചുകൂടാ എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്. ഹാര്‍ഡ്‌വെയര്‍ സ്വയംപര്യാപ്തത കൈവരിക്കാനായി നീങ്ങിത്തുടങ്ങേണ്ട സമയവുമാണിത്. ഹാര്‍ഡ്‌വെയര്‍ അങ്ങനെ എളുപ്പം മാറ്റിവയ്ക്കാവുന്നതല്ല. മൊബൈല്‍ ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ ചൈനീസ് ഭീമന്മാരായ വാവെയുടെയും, സെഡ്ടിഇയുടെയും സാന്നിധ്യം ധാരാളമായുണ്ട്. ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ മറ്റിവയ്ക്കാന്‍ സാധിക്കില്ല.

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള വാട്‌സാപ് 2009ല്‍ ആണ് രംഗപ്രവേശനം ചെയ്തത്. ചൈനീസ് ആപ്പായ വിചാറ്റ് 2011ല്‍ എത്തി. ടിക്‌ടോക് 2016ലും. ഇവയെല്ലാം എളുപ്പത്തില്‍ ഇന്ത്യയില്‍ കളംപിടിച്ചു. എന്നാല്‍, ഈ സമയത്ത് പ്രാദേശികമായി നിര്‍മിച്ച ആപ്പുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ അതിപ്പോള്‍ ഗുണകരമാകാമായിരുന്നു. ചൈന നിരോധിച്ച ആപ്പുകളില്‍ നിന്നുള്ള ഡേറ്റ ഉപയോഗിച്ചിരുന്നിരിക്കാമെന്ന് വാദിക്കുന്നവരുണ്ട്. അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാണിജ്യ യുദ്ധത്തെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മില്‍ സോഫ്റ്റ്‌വെയര്‍ മേധാവിത്വത്തിനുള്ള മത്സരവും നടക്കുന്നു. ഇതിനിടയില്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ സ്വയംപര്യാപത്ത ഉറപ്പാക്കാനും ശ്രമിക്കാം. ഇപ്പോള്‍ നിരോധിച്ച ആപ്പുകള്‍ കൂടാതെ, മറ്റു രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത, എന്നാല്‍ ചൈനക്കാര്‍ ഉടമകളായുള്ള ആപ്പുകളും ഇനി ഇന്ത്യയില്‍ നിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

ചൈനീസ് ആപ്പുകളുടെ നിരോധനം കമ്പനികള്‍ക്ക് വന്‍ തിരിച്ചടി തന്നെയാണ് നല്‍കുന്നത്. അവര്‍ക്ക് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നഷ്ടപ്പെടുമെന്നതു കൂടാതെ, അവയുടെ ആഗോള മൂല്യത്തിലും ഇടിവു സംഭവിക്കും. കൂടാതെ, ആഗോള തലത്തില്‍ തന്നെ ഇതൊരു പുതിയ തുടക്കവുമാകാം- കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ചൈനീസ് ആപ്പുകളെ പുറത്താക്കി തുടങ്ങിയേക്കാം.

 

ചൈനയ്ക്കു കിട്ടുന്നത് അര്‍ഹിക്കുന്ന അടി തന്നെ

 

ഒരര്‍ഥത്തില്‍ ചൈനയ്ക്കു കിട്ടുന്നത് അര്‍ഹിക്കുന്ന അടി തന്നെയാണ് എന്നു വാദിക്കുന്നവരും ഉണ്ട്. ഇന്റര്‍നെറ്റ് യഥേഷ്ടം രാജ്യങ്ങള്‍ക്കിടയില്‍ ഒഴുകട്ടെ എന്ന വിചാരത്തോടെ പ്രചരിച്ചപ്പോള്‍ ആദ്യം വേലികെട്ടിയടച്ചത് ചൈനയാണ്. ഒരു പതിറ്റാണ്ടോളമായി അവര്‍ തങ്ങളുടെ ഇന്റര്‍നെറ്റിന് വേലികെട്ടി തിരിച്ചു കഴിഞ്ഞിരുന്നു. ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള പല അമേരിക്കന്‍ ആപ്പുകളും വേലിക്കു പുറത്താണ്. അടുത്തതായി ഇത്തരത്തില്‍ തങ്ങളുടെ ഇന്റര്‍നെറ്റിന് വേലികെട്ടിത്തിരിച്ചത് വ്‌ളാഡിമിര്‍ പുട്ടിന്റെ റഷ്യയാണ്. ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഇത്തരം നടപടികളിലേക്കു കടന്നേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ആദ്യ സൂചനകളുമാകാം ആപ് നിരോധനം, പ്രകോപനം അതിര്‍ത്തി സംഘര്‍ഷമാണെങ്കില്‍ പോലും.

കോവിഡ്-19ന്റെ വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൈന മനപ്പൂര്‍വ്വം മറച്ചുവച്ചുവെന്ന വാദം ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെടുകയാണ്. അമേരിക്കയുമായി ഈ വര്‍ഷം ആദ്യം ചൈന വ്യാപാര കരാര്‍ ഒപ്പുവയ്ക്കുന്ന സമയത്ത് വുഹാനില്‍ രോഗം പടരുന്നുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇത് നിശ്ചയമായും അമേരിക്കയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും അവര്‍ കൂടുതല്‍ നടപടികള്‍ ചൈനയ്‌ക്കെതിരെ സ്വീകരിക്കുകയും ചെയ്‌തേക്കും. ഒരു പക്ഷേ നരേന്ദ്ര മോദി സർക്കാർ 59 ആപ്പുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ചൈനയ്‌ക്കെതിരെ ആഗോളതലത്തില്‍ താമസംവിനാ തുടങ്ങിയേക്കാവുന്ന നീക്കങ്ങളുടെ തുടക്കം ആയിക്കൂടെന്നില്ല.

English Summary: India strikes a deadly blow to China’s tech ambitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com