ADVERTISEMENT

ആമസോൺ സി‌ഇ‌ഒ സ്വന്തം റെക്കോർഡിനെ മറികടന്ന് ഏറ്റവും ധനികനായ വ്യക്തിയായി. ടെക് ഭീമനായ ആമസോണിന്റെ സിഇഒ ജെഫ് ബെസോസിന് 171.6 ബില്യൺ യുഎസ് ഡോളർ (ഏകദേശം 12.83 ലക്ഷം കോടി രൂപ) സമ്പാദ്യമുണ്ടെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ പുതുതായി പ്രസിദ്ധീകരിച്ച ഡേറ്റ വെളിപ്പെടുത്തുന്നു. ജീവിച്ചിരിക്കുന്ന ഏറ്റവും ധനികനായ വ്യക്തിക്ക് ഒരു പുതിയ റെക്കോർഡ് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപത്തെ ഏറ്റവും ഉയർന്ന നിരക്കായ 167.7 ബില്യൺ ഡോളറിനെ മറികടന്ന് ബെസോസ് ഈ വർഷം മാത്രം 56.7 ബില്യൺ ഡോളർ നേടിയിട്ടുണ്ട്.

 

ബെസോയുടെ സമ്പത്തിന്റെ ഭൂരിഭാഗവും ആമസോണുമായി ബന്ധപ്പെട്ടിരിക്കുന്നു. സി‌ഇ‌ഒയ്ക്ക് ഏകദേശം 57 ദശലക്ഷം ഓഹരികൾ അല്ലെങ്കിൽ കമ്പനിയുടെ 12 ശതമാനം ഉണ്ട്. ആഗോളതലത്തിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടിട്ടും, ലോകമെമ്പാടുമുള്ള ലോക്ഡൗണുകളുടെയും ഓൺലൈൻ ഷോപ്പിംഗിനായുള്ള വർധിച്ചുവരുന്ന ആവശ്യകതയുടെയും ഫലമായി ആമസോൺ അടുത്ത മാസങ്ങളിൽ കൂടുതൽ ബിസിനസ്സ് നേടി. ഭാര്യയുമായി വേർപ്പിരിഞ്ഞ് കോടികളുടെ ഓഹരികൾ നഷ്ടപ്പെട്ടെങ്കിലും കൊറോണ കാലം ബെസോസിനെ എല്ലാം കൊണ്ടും രക്ഷപ്പെടുത്തുകയായിരുന്നു.

jeff-bezoz-amazon

 

ഭാര്യ മക്കെൻസി ബെസോസിൽ നിന്ന് വിവാഹമോചനത്തിന് മുൻപ് 2018 ലായിരുന്നു ബെസോസിന്റെ മുൻ റെക്കോർഡ് ആസ്തി. 2019 ൽ ദമ്പതികൾ പിരിഞ്ഞതിനുശേഷം, ആമസോണിൽ 4 ശതമാനം ഓഹരി മക്കെൻസി സ്വന്തമാക്കി. നിലവിൽ മക്കെൻസിയുടെ ആസ്തി 56.9 ബില്യൺ ഡോളറാണ് - ബ്ലൂംബെർഗിന്റെ റാങ്കിംഗിൽ പന്ത്രണ്ടാം സ്ഥാനത്തുമാണ്.

ജെഫ് ബെസോസും ഭാര്യ മക്കെൻസിയും (ഫയൽ ചിത്രം)
ജെഫ് ബെസോസും ഭാര്യ മക്കെൻസിയും (ഫയൽ ചിത്രം)

 

ബ്ലൂംബെർഗിന്റെ റാങ്കിംഗിൽ ബെസോസിനെ പിന്തുടർന്ന് ബിൽ ഗേറ്റ്സ് (മൊത്തം ആസ്തി 115 ബില്യൺ ഡോളർ), ബെർണാഡ് അർനോൾട്ട് (93 ബില്യൺ ഡോളർ ആസ്തി), മാർക്ക് സക്കർബർഗ് (91.2 ബില്യൺ ഡോളർ ആസ്തി) എന്നിവരുണ്ട്. ബഹിരാകാശ ടൂറിസത്തിലും ബെസോസ് വളരെയധികം നിക്ഷേപം നടത്തുന്നുണ്ട്. ശതകോടീശ്വരൻ പ്രതിവർഷം ഒരു ബില്യൺ യുഎസ് ഡോളർ ആമസോൺ സ്റ്റോക്കിൽ വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം മെയ് മാസത്തിൽ, സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളെ നാസ നാമകരണം ചെയ്തു. അവ സ്വന്തമായി ഒരു ചാന്ദ്ര ലാൻഡിംഗ് സിസ്റ്റത്തിന്റെ പതിപ്പ് നിർമിക്കും. അതിൽ ബ്ലൂ ഒറിജിൻ, ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവ ഉൾപ്പെടുന്നുണ്ട്.

 

ലോകത്തെ ഏറ്റവും വലിയ ഓണ്‍ൺലൈന്‍ വ്യാപാരക്കമ്പനിയായ ആമസോണിനെക്കൂടാതെ വാഷിങ്ടൺ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. 2013ലാണ് വാഷിങ്ടൺ പോസ്റ്റിനെ അദ്ദേഹം സ്വന്തമാക്കിയത്. വാഷിങ്ടൺ ഡിസിയിലെ പുരാതനമായ ടെക്സ്റ്റൈൽ മ്യൂസിയവും ബെസോസ് സ്വന്തമാക്കിയിരുന്നു. 2.3 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സിയാറ്റിലിലും ബവർലി ഹിൽസിലുമാണ് ബെസോസിന്റെ മറ്റ് ആഡംബര വസതികള്‍.

 

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകനാണ്. വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും പരീക്ഷണങ്ങൾ വഴി മുൻനിരകമ്പനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ആമസോണിന്റെ എല്ലാ വിജയങ്ങളുടെയും ശിൽപിയാണ്. 

 

ഇന്നു ലോകത്തുള്ള എല്ലാ ഓൺലൈൻ ഷോപ്പുകളും ജെഫിന്റെ ആമസോൺ മാതൃകയോടു കടപ്പെട്ടിരിക്കുന്നു. ക്ലൗഡ് സേവനങ്ങളിൽ സ്വന്തം വഴി അവതരിപ്പിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും അടങ്ങിയ വമ്പൻമാരെ ഞെട്ടിച്ച ആമസോൺ ഏറ്റവുമൊടുവിൽ നാസയോടും ഇലോൺ മസ്‌കിന്റെ സ്‌പെയ്സ് എക്‌സിനോടും മൽസരിച്ചുകൊണ്ട് ബഹിരാകാശ യാത്രയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.  

 

1964 ജനുവരി 12ന് ജാക്കലീന്റെയും ടെഡ് ജോര്‍ഗെന്‍സന്റെയും മകനായാണ് ജനിച്ചത്. ജെഫ് പിറന്നു വീഴുമ്പോള്‍ അമ്മയ്ക്കു പ്രായം 17 വയസ്സ് മാത്രം. ജെഫിനു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തി. ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല്‍ ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണു ജെഫ് അമേരിക്കയിലെത്തുന്നത്.  

 

ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകളെ കുറിച്ചു ലോകം തിരിച്ചറിയും മുന്‍പു 1994ലാണു ജെഫ് ആമസോണിന് രൂപം നല്‍കുന്നത്. അന്നു ജെഫിനു പ്രായം 30. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴില്‍ പരിചയത്തിനും ശേഷമാണു സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. പുസ്തകങ്ങള്‍ ഓണ്‍ലൈനായി വില്‍പന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം. 

 

17 വർഷം മുൻപ് സ്ഥാപിച്ച ബ്ലൂ ഒറിജിൻ കമ്പനി വൈകാതെ തന്നെ ബഹിരാകാശ ടൂറിസം യാഥാർഥ്യമാക്കുന്നതിനായുള്ള ശ്രമത്തിലാണ്. 2021 ആകുമ്പോഴേക്കും ചന്ദ്രനിലെ മനുഷ്യ കോളനിയിലേക്ക് ചരക്ക് കയറ്റി അയക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആമസോണ്‍. ഇതിനായി ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ പ്രദേശം പാര്‍ക്കിംങിനായി പോലും കണ്ടുവെച്ചുകഴിഞ്ഞു. ചന്ദ്രനിലെ ആദ്യ മനുഷ്യ നിര്‍മിത കോളനിയിലേക്ക് ചരക്കെത്തിക്കാനുള്ള പദ്ധതി ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ചത് 2017ലാണ്.   

 

ഒരു യാത്രയില്‍ പതിനായിരം പൗണ്ട് (ഏകദേശം 4500 കിലോ) ചരക്ക് വരെ ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലെ ദക്ഷിണാര്‍ധഗോളത്തിലെ ഷാക്ക്‌ലെറ്റണ്‍ ക്രാറ്റര്‍ എന്ന ഭാഗമാണ് റോക്കറ്റ് ഇറക്കാന്‍ കണ്ടുവെച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യവും ജലാംശം ഉപയോഗിച്ച് റോക്കറ്റ് ഇന്ധനമായ ഹൈഡ്രജന്‍ നിര്‍മിക്കാമെന്നതുമാണ് ഈ പ്രദേശം പാര്‍ക്കിംങ് സ്‌പോട്ടായി തീരുമാനിച്ചതിന് പിന്നില്‍.   

 

ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനുമായി ചേര്‍ന്നാണ് ആമസോണിന്റെ പുത്തന്‍ സംരംഭം. ചന്ദ്രനിലെ സൂര്യപ്രകാശമുള്ള പ്രദേശങ്ങള്‍ക്ക് വലിയ തോതില്‍ വില ഉയരുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ പ്രദേശം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചന്ദ്രനിലെ ആ ഭാഗത്തിന്റെ ഉടമസ്ഥാവകാശം ആമസോണ്‍ സ്വന്തമാക്കുമെന്ന് കരുതുന്നവരും കുറവല്ല.

English Summary: Amazon’s Jeff Bezos Is The Richest Person Alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com