ADVERTISEMENT

ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിതിനു പിന്നാലെ ലോകം ഒന്നടങ്കം ചൈനയ്ക്കെതിരെ വിവിധ നീക്കങ്ങൾ നടത്താനൊരുങ്ങുകയാണ്. ടിക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നിരോധിക്കുന്നത് അമേരിക്കയും പരിഗണിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തിങ്കളാഴ്ച പറഞ്ഞു.

 

ഫോക്സ് ന്യൂസിന്റെ ലോറ ഇൻഗ്രാമുമായുള്ള അഭിമുഖത്തിനിടെയാണ് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങൾ ഇത് വളരെ ഗൗരവമായി കാണുന്നു എന്നായിരുന്നു ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ, പ്രത്യേകിച്ച് ടിക് ടോക്ക് നിരോധിക്കുന്നത് അമേരിക്ക പരിഗണിക്കേണ്ടതുണ്ടോ എന്ന് ഇൻഗ്രാഹാമിന്റെ ചോദ്യത്തിന് മറുപടിയായി പോംപിയോ പറഞ്ഞത്.

 

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകണമെങ്കിൽ മാത്രമേ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവൂ എന്നാണ് വാഷിങ്ടണിലെ ഉന്നത നയതന്ത്രജ്ഞൻ പറഞ്ഞത്. എന്നാൽ, അമേരിക്കയുടെ നീക്കത്തെ കുറിച്ച് പ്രതികരിക്കാൻ ടിക് ടോക്ക് തയാറായില്ല.

TikTok

 

ദേശീയ സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി മേഖലകളിലേക്ക് വ്യാപിച്ച അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായ സമയത്താണ് പോംപിയോയുടെ പരാമർശങ്ങൾ എന്നതും ശ്രദ്ധേയമാണ്. ബെയ്ജിങ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ചൈനയുമായുള്ള ബന്ധം കാരണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് രാഷ്ട്രീയ നേതാക്കൾ ആവർത്തിച്ചു ആരോപിക്കുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സഹകരിക്കാനും കമ്പനിയെ നിർബന്ധിതരാക്കാമെന്നും അവർ ആരോപിക്കുന്നുണ്ട്.

 

ബൈറ്റ്ഡാൻസിൽ നിന്ന് പ്രത്യേകം, വേറിട്ട് പ്രവർത്തിക്കുന്നതാണ് ടിക് ടോക്ക് സംവിധാനങ്ങളെന്ന് കമ്പനി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഡേറ്റാ സെന്ററുകൾ പൂർണമായും ചൈനയ്ക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നതെന്നും ആ ഡേറ്റയൊന്നും ചൈനീസ് നിയമത്തിന് വിധേയമല്ലെന്നും അതിൽ പറയുന്നു. ടിക് ടോക്കിന്റെ അഭിപ്രായത്തിൽ യുഎസ് ഉപയോക്തൃ ഡേറ്റ സിംഗപ്പൂരിൽ ഒരു ബാക്കപ്പ് ഉപയോഗിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സിൽ സംഭരിച്ചിരിക്കുന്നു എന്നാണ്. ദേശീയ സുരക്ഷാ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കരുതുന്നുവെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.

 

അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ടിക് ടോക്ക് വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. സ്വന്തം രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കളുമായി കാര്യമായ ഇടപെടൽ നടത്തുന്ന ആദ്യത്തെ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി ഇത് മാറി. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഇത് 31.5 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു. ചരിത്രത്തിലെ മറ്റേതൊരു ആപ്ലിക്കേഷനെക്കാളും ത്രൈമാസ ഡൗൺലോഡിങ്ങിൽ റെക്കോർഡ് നേട്ടമാണിതെന്നും അനലിറ്റിക്സ് കമ്പനിയായ സെൻസർ ടവർ പറയുന്നു.

English Summary: The United States is 'looking at' banning TikTok and other Chinese social media apps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com