ADVERTISEMENT

വിദേശത്ത് നിന്ന് സ്വർണം കടത്താൻ നിരവധി സാങ്കേതിക വിദ്യകളും സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഏറ്റവും പുതിയ ടെക്നോളജികളുടെ സഹായത്തോടെ ഇപ്പോഴും സ്വർണം കടത്തുന്നുണ്ട്. സാധാരണ എക്സറേ പരിശോധനകളെ പോലും മറികടക്കാൻ ശേഷിയുള്ളതാണ് പുതിയ സംവിധാനങ്ങൾ. തിരുവനന്തപുരത്തേക്ക് സ്വർണം കടത്തിയതിന്റെ ടെക്നോളജി വ്യക്തമാക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

ഡോർ ലോക്, ടാപ്പ് അടക്കമുള്ള ശുചിമുറി ഉപകരണങ്ങൾക്കുള്ളിൽ സ്വർണം ഉരുക്കി നിറച്ചാണ് 30 കിലോ സ്വർണം കടത്തിയിരിക്കുന്നത്. പ്രത്യേകം തയാറാക്കിയ ലോക്കിനുള്ളിലാണ് സ്വർണം കടത്തിയത്. സമാനമായ രീതിയില്‍ സ്വർണം കടത്തിയവരെ നേരത്തെ ബെംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയിരുന്നു.

 

സ്വർണം ഉരുക്കി ഉപകരണങ്ങളിൽ നിറച്ച് കടത്തുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുറഞ്ഞത് രണ്ടു ദിവസത്തെയെങ്കിലും ശ്രമകരമായ ജോലി അതിനു പിന്നിലുണ്ട്. സ്വർണം ഉരുക്കി യന്ത്രഭാഗങ്ങളിൽ നിറയ്ക്കുന്നതിനു മുൻപ് അതിന്റെ മാതൃകയിൽ കവചം ഉണ്ടാക്കണം. അതിനുശേഷം ‌കവചത്തിൽ സ്വർണം നിറച്ച് യന്ത്രത്തിൽ ഘടിപ്പിക്കണം. ലെയ്ത്തിലെ പണികളടക്കം വേണ്ടിവരും. ഇങ്ങനെ വരുന്ന സ്വർണം എക്സ്റേ പരിശോധനയിൽ കണ്ടെത്താനും പ്രയാസമാണ്. ചില ഉദാഹരണങ്ങൾ ഉദ്യോഗസ്ഥർ പറയുന്നു. അവ്നിലെ മോട്ടറിനുള്ളിൽ സ്വർണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെയായിരിക്കും.

 

എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ വലിയ സംവിധാനങ്ങളൊന്നും ഇല്ല. എയർ കാർഗോ കോംപ്ലക്‌സിൽ എക്സ്റേ പരിശോധനയ്ക്കു പോലും സംവിധാനമില്ല. വിദേശ പാഴ്സലുകൾ പരിശോധിക്കുന്നതിന് അത്യാധുനിക എക്സ്റേ‌ സംവിധാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് രാജ്യാന്തര ടെർമിനലിലേക്ക് മാറ്റി. ഇതോടെ കള്ളകടത്തുകാർക്ക് കാര്യങ്ങൾ എളുപ്പമായി. ഫ്രിഡ്ജ് പോലുള്ള വലിയ വീട്ടുപകരണങ്ങൾ വരെ പരിശോധിക്കാൻ സാധിക്കുന്ന എക്സറേ സംവിധാനം കാർഗോ കോംപ്ലക്സിൽ ഇല്ല.

English Summary: Gold Smuggling Technology Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com