ADVERTISEMENT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു പ്രചാരം വര്‍ധിക്കുന്നത് വലിയൊരു വിഭാഗം മനുഷ്യര്‍ക്കും ജോലി നഷ്ടമാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. വിവിധ കമ്പനികളും ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളിലൊന്ന് ഇതാണ്- മനുഷ്യ ജോലിക്കാരുമായി മുന്നോട്ടുപോകണോ, അതോ നിര്‍മിതബുദ്ധിക്കു പ്രാധാന്യം നല്‍കണമോ? ഈ തീരുമനം മിക്ക കമ്പനികളുടെയും നിലനില്‍പ്പിന്റെ പ്രശ്‌നും കൂടിയാണ്. അവരുടെ എതിരാളകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുകയും അതിലൂടെ ബഹുദൂരം മുന്നേറുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ കമ്പനി അപ്രസക്തമാകുക പോലും ചെയ്‌തേക്കാം.

 

എന്നാല്‍, കണ്ണുംപൂട്ടി എഐയെ ഇപ്പോള്‍ത്തന്നെ സ്വാഗതം ചെയ്യുന്ന കമ്പനികളും കുറവായിരക്കുമെന്നു പറയുന്നു. നിലവില്‍ മനുഷ്യര്‍ ചെയ്യുന്ന പല ജോലികളും ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോള്‍ പ്രാപ്തമല്ല എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ് അടുത്ത വര്‍ഷങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വിവിധ കമ്പനികളുടെ ഭാവിയെ നേരിട്ടു ബാധിക്കുക തന്നെ ചെയ്യും. അധികം താമസിയാതെ മനുഷ്യരും റോബോട്ടുകള്‍, അല്ലെങ്കില്‍ നിര്‍മിതബുദ്ധിയും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഹ്യൂംബോട്ട് (HumBot- ഹ്യൂമന്‍+റോബോട്ട്) സ്ഥാപനങ്ങളായിരിക്കും നാം കാണാന്‍ പോകുന്നതെന്നാണ് പ്രവചനം.

 

മനുഷ്യര്‍ പണിയെടുത്തു ജീവിച്ചു വന്നവരാണ്- മണ്ണിലാണെങ്കിലും ഓഫിസിലാണെങ്കിലും. ടെക്‌നോളജിയുടെ മുന്നേറ്റം ഓഫിസ് എന്ന സങ്കല്‍പ്പത്തിന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ്. മനുഷ്യര്‍ വളരെയധികം സമയമെടുത്തു ചെയ്യുന്ന പല ജോലികളും ഇപ്പോള്‍ ബോട്ടുകള്‍ക്ക് ചെയ്യാമെന്നായിട്ടുണ്ട്. ഉദാഹരണത്തിന് വളരെയധികം സങ്കീര്‍ണമായ ഡേറ്റ ശേഖരിക്കുന്നതും, അത് ഇനം തിരിക്കുന്നതും, വിശകലനം ചെയ്യുന്നതുമൊക്കെ മനുഷ്യര്‍ക്ക് നല്ല സമയം വേണ്ട ജോലികളാണ്. ചില തെറ്റുകള്‍ കണ്ടുപിടിക്കുന്നതിനും മനുഷ്യരേക്കാള്‍ മികച്ചത് ബോട്ടുകളായിരിക്കും. എഐക്കു പ്രവര്‍ത്തിക്കാന്‍ നേരവും കാലവും ഒന്നും വേണ്ടാത്തതിനാല്‍, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവയ്ക്ക് തങ്ങളുടെ ജോലിയലേക്ക് സദാ ജാഗരൂകമായി ഇരിക്കുകയും ചെയ്യാം. ഇവ മനുഷ്യരെക്കാള്‍ കൃത്യതയോടെ നിര്‍വഹിക്കാന്‍ ഇപ്പോള്‍ത്തന്നെ എഐക്കു സാധിച്ചേക്കും. ഇത്തരം ജോലികള്‍ അവയെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ വൈകാരികമായ, സഹാനുഭൂതി വേണ്ട പല ജോലികളും കൂടുതല്‍ ശ്രദ്ധയോടെ ചെയ്യാനും മനുഷ്യര്‍ക്കു സാധിച്ചേക്കും. ചിലതരം ചോദ്യങ്ങള്‍ ചോദിക്കുക, അവ വ്യക്തമായി പറഞ്ഞൊപ്പിക്കുക തുടങ്ങിയ കഴുവുകള്‍ ഇന്നും മനുഷ്യനാണ് കൂടുതലായുളളത്. ഇവ തമ്മില്‍ സംയോജിപ്പിച്ചാല്‍ കമ്പനികള്‍ക്ക് നേട്ടങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും.

 

ജോലിസ്ഥലങ്ങളില്‍ എഐ എത്തുമ്പോള്‍ നിലവിലുള്ള ജോലിയുടെ നിര്‍വചനത്തിനും കാര്യമായി മറ്റംവന്നേക്കും. ചില ജോലികള്‍ പൂര്‍ണമായി എഐ ഏറ്റെടുത്തേക്കുമെങ്കിലും ചില കാര്യങ്ങള്‍ മനുഷ്യര്‍ക്കും ഗുണകരമാകും- പുതിയ ജോലികള്‍ ഉണ്ടായേക്കാമെന്നതും നിര്‍മിതബുദ്ധിയിലൂന്നി നിലവിലുള്ള ജോലികള്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ നിര്‍വഹിക്കാനും സാധിച്ചേക്കും. എഐയെ അകറ്റിനിർത്തുന്നതിനു പകരം, അതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ഫലവത്തായ ഓഫിസുകള്‍ ഉണ്ടാകാന്‍ ഇടയാക്കും.

 

∙ ഒരു രോഗവിഷാണുവിന്റെ ഇടപെടല്‍ 

 

കോവിഡ്-19 ഓഫിസ് ഓട്ടോമേഷന്‍ പല വര്‍ഷങ്ങള്‍ 'ഫോര്‍വേഡ്' ചെയ്തിരിക്കുകയാണ്. കോറോണാവൈറസ് നല്‍കിയ പാഠങ്ങളിലൊന്ന് മനുഷ്യര്‍ക്ക് എത്ര വേഗം പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്നതാണ്. പരമ്പരാഗത ജോലിസ്ഥലം എന്ന സങ്കല്‍പ്പത്തെ വൈറസ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ അട്ടിമറിച്ചത് നാം കണ്ടുകഴിഞ്ഞു. ജോലി എവിടെ ഇരുന്നും ചെയ്യാമെന്നതാണ് അതു നല്‍കുന്ന പാഠങ്ങളിലൊന്ന്. ഇതോടെ ജോലിസ്ഥലം എന്ന സങ്കല്‍പ്പം കമ്പനി ഉടമകളും മാറ്റിയേക്കും. ഇപ്പോള്‍ ബിസിനസ് രംഗത്തും വിദ്യാഭ്യാസ രംഗത്തും വരെ സ്ട്രീമിങ് പോലെയുള്ള സാങ്കേതികവിദ്യകളെ ഉപയോഗിക്കുന്നു. ഇനിവരുന്ന തൊഴിലിടങ്ങളില്‍ ജോലിക്കാര്‍ നേരിട്ടു ഹാജരാകേണ്ട അവസരങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ഓഫിസും, വെര്‍ച്വല്‍ ഓഫിസും ഒരുമിപ്പിച്ചുള്ള പോക്കായിരിക്കും സുഗമം എന്ന തീരുമാനത്തിലേക്കും കമ്പനി ഉടമകള്‍ എത്തിയേക്കും. സംഭാഷണം എഴുതിയെടുക്കുന്ന ടെക്സ്റ്റ്-റ്റു-സ്പീച്ച് സംവിധാനങ്ങളും എഴുതിയ കാര്യങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്ന സംവിധാനവും കൂടുതലായി ഉപയോഗിക്കപ്പെട്ടേക്കും. ടെപ്പിങ് അടക്കമുള്ള കാര്യങ്ങള്‍ക്കു ചിലവഴിക്കുന്ന സമയം കൂടുതല്‍ സര്‍ഗാത്മകമായി ഉപയോഗിക്കാന്‍ സാധിച്ചേക്കും.

 

ജോലിസ്ഥലം എന്ന സങ്കല്‍പ്പം മാറുന്ന കവലയിലാണിപ്പോള്‍ നാം നില്‍ക്കുന്നത്. പഴയ ഓഫിസ് രീതികളോട് ലോകം ഇവിടെവച്ചു നന്ദിപറഞ്ഞു പിരിയുകയാണ്. പുതിയ വഴിക്കു നീങ്ങാന്‍ കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗുണങ്ങള്‍ ഉപയോഗിച്ചേ പറ്റൂ എന്നാണ് പല വിശകലന വിദഗ്ധരും നിരീക്ഷിക്കുന്നത്. ജോലിക്കാരെയും, നിര്‍മിതബുദ്ധിയേയും പാകത്തിനു സമ്മേളിപ്പിച്ച് തന്ത്രങ്ങള്‍ മെനയുന്ന കമ്പനികള്‍ക്കായിരിക്കാം ഇനി വിജയം എന്നും നിരീക്ഷിക്കപ്പെടുന്നു. ഇതിലൂടെ കമ്പനികളുടെ പ്രവര്‍ത്തനശേഷി പലമടങ്ങു വര്‍ധിച്ചേക്കാമത്രെ.

English Summary: Can Humans and AI to create HumBot organisations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com