ADVERTISEMENT

ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഡേറ്റ സ്റ്റോർ ചെയ്യാത്ത പക്ഷം അവയെ പുറത്താക്കണമെന്നാണ് ഒരു സര്‍വെയില്‍ പങ്കെടുത്ത രാജ്യത്തെ പകുതിപ്പേര്‍ പ്രതികരിച്ചത്. വ്യക്തികളെക്കുറിച്ചുള്ള ഒരു ഡേറ്റയും ചൈനീസ് സർക്കാരുമായി പങ്കുവയ്ക്കില്ലെന്ന് ഉറപ്പും വാങ്ങണമെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനക്കാരായ മേധാവികളാണ് ഉള്ളതെങ്കില്‍ അവര്‍ രാജിവയ്ക്കണമെന്നായിരുന്നു 27 ശതമാനം പേര്‍ പ്രതികരിച്ചത്. സര്‍വെയ്ക്കായി 19,000 ഇന്ത്യന്‍ പൗരന്മാരുടെ പ്രതികരണവും ബിസിനസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 3,341 പേരുടെ പ്രതികരണവും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

 

ചൈനീസ് കമ്പനികള്‍ ഇവിടെ ഉപകരണങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ ജനറേറ്റു ചെയ്യുന്ന ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് 49 ശതമാനം പേരും ആവശ്യപ്പെടുന്നത്. സര്‍വെയില്‍ പങ്കെടുത്ത 35 ശതമാനം പേരും പറഞ്ഞത് ചൈനീസ് നിര്‍മാതാക്കളുടെ ഉപകരണങ്ങളുടെ വില്‍പ്പനയും നിരോധിക്കണമെന്നാണ്. എന്നാല്‍, 14 ശതമാനം പേര്‍ പറഞ്ഞത് അവര്‍ ഇന്ത്യയിലാണ് ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ അവ വില്‍ക്കട്ടെ എന്നാണ്. ബിസിനസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോട് ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ വഷളായാല്‍ അവ തങ്ങളുടെ ജോലിയെ ബാധിക്കുമോ എന്ന ചോദ്യത്തിന് 42 ശതമാനം പേരും നല്‍കിയ ഉത്തരം ഒരു പ്രതികരണവും ഉണ്ടാക്കില്ല എന്നായിരുന്നു. അതു പ്രശ്‌നമാകുമെന്ന് 27 ശതമാനം പേരും പ്രതികരിച്ചു.

∙ കോവിഡ്-19 നിയന്ത്രണത്തിന് സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും എയര്‍ ഫില്‍റ്റര്‍

കൊറോണാവൈറസിനെ 'പിടിച്ച് തല്‍ക്ഷണം നിര്‍വീര്യമാക്കാന്‍' കെല്‍പ്പുള്ള ഒരു എയര്‍ ഫില്‍റ്റര്‍ തങ്ങള്‍ വികസിപ്പിച്ചെടുത്തതായി ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെട്ടു. അടച്ചിട്ട സ്ഥലങ്ങളില്‍ നോവല്‍ കൊറോണാവൈറസ് മൂന്നു മണിക്കൂര്‍ വരെ തങ്ങിനിന്നേക്കാമെന്നാണ് വിശ്വാസം. സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍, ആരോഗ്യ പരിപാലന ഇടങ്ങള്‍, വിമാനങ്ങളടക്കമുള്ള പൊതുഗതാഗത സിസ്റ്റങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഗുണകരമായേക്കാവുന്നതാണ് തങ്ങളുടെ കണ്ടെത്തലെന്ന് 'മെറ്റീരിയല്‍സ് ടുഡേ ഫിസിക്‌സ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഈ സജ്ജീകരണത്തിന് 99.2 ശതമാനം വേറസിനെയും ഒറ്റത്തവണ കടത്തിവിട്ട് കൊല്ലാനാകുമെന്നാണ് അവകാശവാദം. 

 

വാണിജ്യ ആവശ്യത്തിനായി ലഭ്യമാക്കിയിട്ടുള്ള നിക്കല്‍ ഫോമം ഉപയോഗിച്ചാണ് നെറ്റ് ഗവേഷകര്‍ ഉണ്ടാക്കിയത്. ഇത് 200 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഇതിനാകുമെന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ ഇത് പിടിപ്പിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. മേശപ്പുറത്തു വയ്ക്കാവുന്ന തരം ഉപകരണവും അവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതുവഴി ഓഫിസുകള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാനായേക്കുമെന്നാണ് പറയുന്നത്. കൊറോണാവൈറസ് 70 ഡിഗ്രിക്കു മേലെയുള്ള ചൂട് തരണം ചെയ്യില്ലെന്നാണ് വിശ്വാസം. അംഗീകരിക്കപ്പെട്ടാല്‍, എയര്‍പോര്‍ട്ടുകള്‍ മുതല്‍ മുന്‍ഗണാനാടിസ്ഥാനത്തില്‍ ഇത് നിര്‍മിച്ചു വിതരണം ചെയ്യാനാണ് ഗവേഷകരുടെ ഉദ്ദേശം.

 

∙ ആന്‍ഡ്രോയിഡ്, ഐഒഎസ് അലക്‌സാ ആപ്പുകളിലും വോയിസ് കമാന്‍ഡ്

 

US-IT-ZOOM

ലോകത്തെ വലിയൊരു ശതമാനം ഉപയോക്താക്കളും ആശ്രയിക്കുന്ന വോയിസ് അസിസ്റ്റന്റ് സേവനമാണ് ആമസോണ്‍ അലക്‌സ. ആന്‍ഡ്രോയിഡിലും ഐഒഎസിലും പ്രവര്‍ത്തിക്കുന്ന അലക്‌സാ ആപ്പിന് പുതിയ അപ്‌ഡേറ്റ് എത്തിക്കുകയാണ്. പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് ഹാന്‍ഡ്‌സ്ഫ്രീ ആയി അത് പ്രവര്‍ത്തിപ്പിക്കാം. നിലവിലുള്ള വേര്‍ഷനില്‍ അലക്‌സാ ബട്ടണില്‍ സ്പര്‍ശിച്ചുകൊണ്ടു വേണം കമാന്‍ഡ് നടത്താന്‍. എന്നാല്‍, ഇത് ബാക്ഗ്രൗണ്ടല്‍ പ്രവര്‍ത്തിക്കില്ല. എന്നു പറഞ്ഞാല്‍ ആപ് തുറന്നുവച്ചു വേണം കമാന്‍ഡുകള്‍ ഉരുവിടാന്‍. ഘട്ടംഘട്ടമായി ആയിരിക്കും ഓരോ ആപ് സ്റ്റോറിലും ഈ വേര്‍ഷന്‍ എത്തുക.

 

∙ ഇന്‍സ്റ്റഗ്രാമിന്റെ ടിക്‌ടോക് എതിരാളി റീല്‍സ് ഇന്ത്യയില്‍ 

 

കുറിയ വിഡിയോ പങ്കുവയ്ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ടിക്‌ടോക്കിനോട് ഇന്ത്യയില്‍ ഉണ്ടായ അപ്രീതിയും നിരോധനവും മുതലാക്കാന്‍, ഫെയ്സ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. റീല്‍സ് എന്നു പേരിട്ടിരിക്കുന്ന ഇത് ചെറിയ വിഡിയോകള്‍ ഉണ്ടാക്കി പങ്കുവയ്ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. കുറച്ചുകാലമായി പരീക്ഷണഘട്ടത്തിലായിരുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ ലൈവ് ആക്കിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഇതിലൂടെ 15 സെക്കന്‍ഡ് വിഡിയോയും ഓഡിയോയും റെക്കോഡു ചെയ്യാം. സര്‍ഗാത്മകത പരിപോഷിപ്പിക്കുന്ന ചില ടൂളുകളും ഇതിലുണ്ട്. ബ്രിസീലിലും ജര്‍മ്മനിയിലും ഫ്രാന്‍സിലും അവതരിപ്പിച്ച ശേഷമാണ് ഈ ഫീച്ചര്‍ എത്തുന്നത്. ഒരു 'റീല്‍' സൃഷ്ടിക്കാനായി ഇന്‍സ്റ്റാഗ്രാം ക്യാമറയുടെ കീഴിലുള്ള 'റീല്‍സില്‍' സ്പര്‍ശിക്കുക. സ്‌ക്രീനിന്റെ ഇടതുവശത്തായി പല എഡിറ്റിങ് ടൂളുകളും ഉണ്ട്. ഓഡിയോ, ഓഗ്മെന്റഡ് റിയാലിറ്റി എഫക്ടുകള്‍, ടൈമര്‍, കൗണ്ട്ഡൗണ്‍, അലൈന്‍, സ്പീഡ്‌സ് തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്.

 

∙ തങ്ങളെ ചൈനീസ് കമ്പനിയായി മുദ്ര കുത്തരുതെന്ന് സൂം

 

വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമായ സൂമിന് ഇന്ത്യക്കാരോട് ഒരു അഭ്യര്‍ഥനയുണ്ട്- തങ്ങളെ ചൈനീസ് കമ്പനിയായി കരുതരുത് എന്നാണത്. ഇന്ത്യയില്‍ അനുദിനം വളരുന്ന ചൈനാ വിരുദ്ധ വികാരം തങ്ങളെയും ബാധിക്കുമെന്ന് അവര്‍ ഭയക്കുന്നു. സൂം ഒരു അമേരിക്കന്‍ കമ്പനിയാണ്. നാസ്ഡാക്കില്‍ട്രെയ്ഡ് ചെയ്യപ്പെടുന്നു. ഇത് സ്ഥാപിച്ചതും അതിന്റെ ആസ്ഥാനവും, കാലിഫോര്‍ണിയയിലെ സാന്‍ ജോസിലാണ്. എന്നാല്‍, മറ്റു പല അമേരിക്കന്‍ കമ്പനികളെയും പോലെ തങ്ങള്‍ക്കും ചൈനയില്‍ ഓഫിസുകളുണ്ട്. അവ അമേരിക്കയിലുള്ള കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്, കമ്പനിയുടെ ഉദ്യോഗസ്ഥനായ വേലച്ചാമി അറിയിച്ചു.

 

∙ ഫെയ്‌സ്ബുക് സ്വയം നിയന്ത്രിച്ചാല്‍ പോരെന്ന് ജര്‍മനി

 

ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ എളുപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് കമ്പനി സ്വയം നിയന്ത്രിക്കട്ടെ എന്ന നിലപാടാണ് പല അധികാരികളും കൈക്കൊണ്ടുവന്നത്. ഇതു ഫെയ്‌സ്ബുക് നിയന്ത്രിക്കാന്‍ കാര്യമായി ശ്രമിക്കുന്നില്ലെന്നു പറഞ്ഞ് കമ്പനിക്ക് പരസ്യങ്ങള്‍ നല്‍കുന്നത് കുറച്ചിരിക്കുകയാണ് പല പരസ്യ ദാതാക്കളും. എന്നാലിപ്പോള്‍, ജര്‍മനി കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. വാക്കാലുള്ള ശാസന പോരെന്നാണ് അവരുടെ പുതിയ നിലപാട്. രാജ്യം 2018ല്‍ പാസാക്കിയ, ഓണ്‍ലൈനിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ കൊണ്ടുവന്ന നിയമം അനുസരിച്ച് വന്‍ പിഴ ചുമത്താനാണ് ജര്‍മനി ഒരുങ്ങുന്നത്.

 

English Summary: Chinese companies should store data in India; filter to curb Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com