ADVERTISEMENT

ഫോണിലെ വിവരങ്ങളെല്ലാം ചോർത്തുന്ന ആപ്പുകളുടെ പട്ടികയിൽ നാമെല്ലാം ഉപയോഗിക്കുന്ന ഡെയ്‌ലിഹണ്ട് പോലെയുള്ള ആപ്പുകളും. ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ഷെയർചാറ്റ് ഉൾപ്പടെയുള്ള 89 ആപ്പുകൾ െെസന്യം നിരോധിച്ചു. ഈ നിയന്ത്രണം ഇനി പൊതു ജനങ്ങളിലേക്കും വ്യാപിച്ചേക്കാം.

 

എന്തുകൊണ്ടാണ് ഇത്രയും ആപ്പുകൾ നിരോധിച്ചത്? സാധാരണക്കാർക്ക് ഓൺലൈൻ ഡേറ്റ സുരക്ഷയെക്കുറിച്ച് വലിയ അവബോധമില്ല. എന്നാൽ ഇതിന്റെ പിന്നിലെ കളികളും ചൂഷണവും മനസിലാക്കിയാൽ ഒരിക്കൽ പോലും സുരക്ഷിതമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യില്ല. ഉദാഹരണത്തിന് ചില ആപ്പുകൾ ഇൻസ്റ്റാള്‍ ചെയ്യുമ്പോൾ നമ്മുടെ ഫോണിന്റെ മുഴുവൻ പ്രവർത്തനങ്ങളുടെ ആക്സസ് ആണ് ചോദിച്ചു വാങ്ങുന്നത്. ഇതൊന്നും പ്ലേസ്റ്റോറിൽ പോയി ചുമ്മാ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് മനസിലാകില്ല. ഇൻസ്റ്റാൾ ചെയ്യുമ്പോൾ എല്ലാ ചോദ്യങ്ങൾക്കും അനുമതി നൽകുകയും ചെയ്യും. ഉദാഹരണത്തിന് ഫോൺ സൈലന്റ് മോഡിലായാൽ പോലും വിഡിയോ, ഫോട്ടോ ക്യാമറകൾ പ്രവർത്തിപ്പിക്കാൻ ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതൊന്നും ഉപയോക്താവ് അറിയുകയും ഇല്ല. കേവലം വിനോദത്തിനോ, വിദ്യാഭ്യാസ ആവശ്യത്തിനോ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾക്ക് പോലും ഇത്തരത്തിൽ ഫോണിലെ ദൃശ്യങ്ങളും മറ്റുവിവരങ്ങളും എപ്പോൾ വേണമെങ്കിലും ചോർത്താൻ സാധിക്കും.

 

പലരുടെയും വിചാരം ടെക്‌നോളജി സങ്കല്‍പ്പങ്ങൾ സയന്‍സ് സിനിമകളിലും മറ്റും നടക്കുന്ന കാര്യങ്ങളാണെന്നും അതു തങ്ങളെ ബാധിക്കില്ല എന്നുമാണ്. പക്ഷേ, ഇന്നു ജീവിച്ചിരിക്കുന്ന ഓരോരുത്തരും അറിയേണ്ട സങ്കല്‍പ്പങ്ങളില്‍ ഒന്നാണ് ബിഗ് ഡേറ്റ. അതായത് സ്മാര്‍ട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചോർത്തുന്ന വ്യക്തി വിവരങ്ങൾ. എന്താണ് ബിഗ് ഡേറ്റ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വീണ്ടും ജീവന്‍ വച്ചത് കേംബ്രിജ് അനലിറ്റിക്ക കേസ് വന്നതോടെയാണ്. ഇപ്പോൾ ചൈനയുമായി സംഘർഷമുണ്ടായതോടെ ഡേറ്റാ ചോർത്തലും ലോക്കൽ സെര്‍വറുകളുടെ ആവശ്യകതയും ഇന്ത്യയിലും ചർച്ചയായിരിക്കുന്നു. ബിഗ് ഡേറ്റയുടെ അപകടങ്ങളെ പറ്റി അമേരിക്കക്കാര്‍ വരെ അറിഞ്ഞു വരുന്നതേയുള്ളു എന്നതാണ് മറ്റൊരു കണ്ടെത്തല്‍.

 

ആധുനിക ഉപകരണങ്ങള്‍, പ്രത്യേകിച്ചും അവ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ടവയാണെങ്കില്‍ അവയെല്ലാം ഉപയോക്താവിനെ കുറിച്ചുള്ള കാര്യങ്ങള്‍ നിരന്തരം ചോര്‍ത്തിക്കൊണ്ടിരിക്കും. ഇതില്‍ നിന്ന് പണ്ഡിതനൊ, പാമരനൊ, കാശുകാരനൊ, പാവപ്പെട്ടവനൊ, വിദേശിക്കൊ, സ്വദേശിക്കൊ ഒന്നും ഒഴിഞ്ഞുമാറി നില്‍ക്കാനാകില്ല. എല്ലാവരും അതിന്റെ പരിധിയിലാണ്. ഈ ഡേറ്റ ആരുടെ കൈയ്യില്‍ ചെന്നെത്തുന്നുവെന്നത് പേടിപ്പെടുത്തുന്ന കാര്യങ്ങളില്‍ ഒന്നാണ്.

 

അമേരിക്കക്കാര്‍ അതു റഷ്യക്കാരുെട പക്കൽ ചെന്നെത്തുമെന്നു ഭയക്കുന്നു, ഇന്ത്യക്കാർ ചൈനയുടെ കൈയ്യിൽ എത്തുമെന്നും ഭയക്കുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോരിലുപരിയാണ് ഡേറ്റ ചോരുന്നതു കൊണ്ടുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍. ഇവ നാളെ സങ്കുചിതമനോഭാവം പുലര്‍ത്തുന്ന കമ്പനികളുടെയൊ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈയ്യിലൊ ചെന്നെത്താം. കമ്പനികള്‍ സ്വദേശിയോ വിദേശിയോ ആകാം. ഓര്‍ക്കുക, ഈ ഡേറ്റ ചോര്‍ത്തുന്നവര്‍ വില്‍ക്കാനായി സ്‌റ്റോർ ചെയ്യുന്നുണ്ട്. അതിലൂടെ ബ്ലാക്‌മെയ്ല്‍ ചെയ്യാനോ, നാണംകെടുത്താനോ എല്ലാം ഉപയോഗിക്കപ്പെടാം. ഹാക്കര്‍മാര്‍ക്ക് നമ്മുടെ 'വ്യക്തിത്വം' മോഷ്ടിക്കാനാകും. ഇത് മറ്റൊരാള്‍ക്ക് നമ്മളായി ഭാവിക്കാന്‍ അനുവദിക്കും. ഒരാളുടെ മരണശേഷം അയാളെ പ്രതിനിധീകരിക്കുന്നതും ഈ ഡേറ്റയായിരിക്കുമെന്നും ഓര്‍ക്കുക. പുറമേ ഒരു മുഖം കാണിച്ചിട്ട് സ്വകാര്യതയിലേക്കു നീങ്ങുമ്പോള്‍ താന്തോന്നിത്തം കാണിക്കുന്നവരും തുറന്നു കാണിക്കപ്പെടും. ഡേറ്റ നാളെ പണത്തേക്കാള്‍ മൂല്യമുള്ളതും പ്രാധാന്യമുള്ളതുമായ ഒന്നായിത്തീരാന്‍ പോകുന്നുവെന്നതും ഗൗരവത്തിലെടുക്കേണ്ട നിരീക്ഷണങ്ങളില്‍ ഒന്നാണ്.

 

വര്‍ഷങ്ങളായി ഡേറ്റ ചോര്‍ച്ച തകൃതിയായി നടക്കുന്നുണ്ടെങ്കിലും നമ്മള്‍ ഡേറ്റ യുഗത്തിന്റെ തുടക്കത്തില്‍ മാത്രമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. നമ്മളെപ്പറ്റി സ്വകാര്യ കമ്പനികള്‍ ചോര്‍ത്തിയ ഡേറ്റയുടെ 90 ശതമാനവും കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളിലാണ്. 2017ല്‍ മാത്രം, അതിനു മുൻപുള്ള മനുഷ്യ ചരിത്രത്തിലെ 5,000 വര്‍ഷം ഉണ്ടായിരുന്നതിനേക്കാളേറെ ഡേറ്റ സംഭരിച്ചു കഴിഞ്ഞു. 

ഇതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സർക്കാരുകള്‍ക്കും വ്യവസായങ്ങള്‍ക്കും മാത്രമെ സാധിക്കൂ. യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന ഡേറ്റ സംരക്ഷണ നിയമം പോലെ ഒന്ന് എല്ലാ രാജ്യങ്ങളും കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇതിന്റെ തുടക്കമായാണ് ഇന്ത്യയിലെ ആപ്പ് നിരോധനങ്ങളേയും കാണേണ്ടത്.

 

ഒരു രാജ്യത്തിന്റെ നിയമവും ഇന്റര്‍നെറ്റിനെയോ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയൊ മുന്നില്‍ കണ്ടു നിര്‍മിച്ചതല്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലൊ. നിലവിലുള്ള നിയമങ്ങള്‍ മുഴുവന്‍ സ്വകാര്യ കമ്പനികള്‍ക്ക് എന്തും ചെയ്യാന്‍ അനുവദിക്കുന്ന രീതിയിലുള്ളവയാണ്. ചൈനയും അമേരിക്കയും പാക്കിസ്ഥാനും ഓരോ ഇന്ത്യന്‍ പൗരനെപ്പറ്റിയും പ്രൊഫൈലുകള്‍ തയാറാക്കുന്നുണ്ടായിരിക്കാം. ഇതു ക്ലാര്‍ക്കുമാരെ വച്ച് എഴുതി തയാറാക്കുന്നതൊന്നുമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയുള്ള യന്ത്രങ്ങളോടു വെറുതെ ആജ്ഞാപിച്ചാല്‍ മാത്രം മതിയെന്നും ഓര്‍ക്കുക. നിലവില്‍ ഈ ഡേറ്റാ ഒരോരുത്തരുടെയും 'സ്വഭാവത്തിനനുസരിച്ചുള്ള' പരസ്യങ്ങള്‍ കാണിക്കാനാണ് ഉപയോഗിക്കുന്നത് എന്നാണ് ഡേറ്റാ ശേഖരിക്കലിലെ പ്രമുഖരെന്ന് ആരോപിക്കപ്പെടുന്ന ഗൂഗിളും ഫെയ്‌സ്ബുക്കും പറയുന്നത്.

 

∙ എന്താണ് ബിഗ് ഡേറ്റ?

 

നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിനിടയില്‍, സ്മാർട് ഫോൺ ആപ്പുകളിൽ നിന്ന് പുറത്തു വീഴുന്ന നിങ്ങളെക്കുറിച്ചുള്ള പൊട്ടും പൊടിയും വരെ കൂട്ടിവച്ച് സൃഷ്ടിക്കുന്ന കൂറ്റന്‍ ഡേറ്റാ കൂനകളാണ് ബിഗ് ഡേറ്റ. നിങ്ങള്‍ നടത്തുന്ന സേര്‍ചുകള്‍, കയറുന്ന വെബ്‌സൈറ്റുകള്‍, വായിക്കുന്ന പേജുകള്‍, ഫെയ്‌സ്ബുക് ലൈക്കുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ഇമെയിൽ ഐഡി, ലൊക്കേഷൻ, ഫോണിലെ മറ്റു ഡേറ്റകൾ, വിഡിയോ–ഫോട്ടോകൾ തുടങ്ങി കിട്ടാവുന്ന എല്ലാ വിവരവും ശേഖരിക്കപ്പെടുന്നു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍, നിങ്ങളുടെ പ്രായം, വരുമാനം, കുടുംബം, കുട്ടികള്‍ മുതല്‍, അമേരിക്കയിലാണെങ്കില്‍, ഒരാളുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഈ ഡേറ്റ കളക്‌ഷന്‍ സാദാ തുടരുന്നതും, എല്ലാത്തരം വിവരവും ശേഖരിക്കുന്നതും, ആര്‍ത്തിയടങ്ങാത്തതുമാണ്. ഗൂഗിള്‍ അനുദിനം മെച്ചപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി ഉപയോഗിച്ച് ഒരാളെക്കുറിച്ച് ദിവസം 350 ഡേറ്റാ പോയിന്റുകള്‍ ശേഖരിക്കുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതു തന്നെയാണ് ചൈനീസ് മുൻനിര ടെക് കമ്പനികളും ചെയ്യുന്നത്. ഇന്ത്യയിലെ ഡേറ്റകൾ നിരീക്ഷിച്ച് വിലയിരുത്തിയാണ് നാളേക്ക് വേണ്ട ഡിവൈസുളും മറ്റു ഉൽപ്പന്നങ്ങളും ചൈനീസ് കമ്പനികൾ നിർമിക്കുന്നത്.

 

ഇതില്‍നിന്നെല്ലാം മനസിലാക്കുന്ന കാര്യം ഒരോരുത്തരെയും കുറിച്ച് ഞെട്ടിക്കുന്ന രീതിയലുള്ള ഡേറ്റ സ്വകാര്യ കമ്പനികളുടെ കൈയ്യില്‍ ഉണ്ടെന്നതാണ്. ഇവയാകട്ടെ വളരെ ആഴത്തിലുള്ളതും ഓരോരുത്തരുടെയും അന്തരംഗത്തെ പച്ചയ്ക്കു വെളിപ്പെടുത്തുന്നതുമാണ് എന്നാണ്. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനോ, ഭാര്യയ്‌ക്കൊ ഭര്‍ത്താവിനോ എല്ലാം അറിയാവുന്നതിനേക്കാളേറെ ചൈനീസ് സെർവറുകളിലെ ബിഗ് ഡേറ്റയ്ക്ക് നിങ്ങളെ അറിയാമെന്നു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ല.

 

ഈ ഡേറ്റ ഉപയോഗിച്ചുള്ള പഠനങ്ങള്‍ അത്രകണ്ട് പുരോഗമിച്ചിരിക്കുന്നതിനാല്‍ ഒരാള്‍ ഭാവിയില്‍ എങ്ങനെ പ്രതികരിക്കുമെന്നു പോലും പ്രവചിക്കാവുന്ന രീതിയില്‍ എത്തിയിരിക്കുന്നു കാര്യങ്ങൾ. വാങ്ങാന്‍ പോകുന്ന കാര്‍, അല്ലെങ്കില്‍ ഫോണ്‍ ഇവയൊക്കെ ഏതു മോഡലാണെന്നത് നിങ്ങള്‍ തീരുമാനമെടുക്കുന്നതിനു മുൻപെ ഡേറ്റാ വല്ല്യേട്ടന്‍ അറിഞ്ഞിരിക്കും. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയും അതിലെ പ്രവചനാത്മകതയും മറ്റു കമ്പനികള്‍ക്കു വിറ്റു കാശാക്കുകയാണ് ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ ചെയ്യുന്നത്. എന്നാല്‍ അതൊന്നും അത്ര വലിയ പ്രശ്‌നമായി കാണാനാവില്ലെന്നു തന്നെ കരുതുക. 

 

എന്നാല്‍, ശരിക്കുള്ള പ്രശ്‌നം എന്താണെന്നു കൂടെ പരിശോധിക്കാം. ഇന്റര്‍നെറ്റ് വന്ന കാലത്തു തന്നെ ഡേറ്റാ ശേഖരണവും തുടങ്ങിയിരുന്നു. അന്ന് സ്വകാര്യ കമ്പനികള്‍ എടുത്തിരുന്ന പ്രതിജ്ഞ ശേഖരിക്കുന്ന ഡേറ്റ ഒരു വ്യക്തിയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കില്ല എന്നായിരുന്നു. പേരോ മറ്റേതെങ്കിലും രീതിയൊ ഉപയോഗിച്ച് ഒരിക്കലും ഒരു വ്യക്തിയെ തിരിച്ചറിയാന്‍ പാകത്തിനുള്ള ഡേറ്റാ ശേഖരണം നടത്തില്ല എന്നായിരുന്നു അന്ന് അംഗീകരിക്കപ്പെട്ട നിയമം. ആപ്പിളും ഒരു പരിധിവരെ മൈക്രോസോഫ്റ്റും അത് ഇപ്പോഴും പാലിക്കുന്നുണ്ട് എന്നാണ് വിശ്വാസം. 

 

എന്നാല്‍, ഇന്റര്‍നെറ്റില്‍ കുരുത്ത കമ്പനികള്‍ അതല്ല ചെയ്യുന്നത്. ഡേറ്റാ ശേഖരിക്കുന്ന കമ്പനികള്‍ക്ക് നിങ്ങളുടെ ഓരോ ചെയ്തിയും അറിയാമെന്നു മാത്രമല്ല, നിങ്ങളെ വ്യക്തിപരമായും അറിയാം. അങ്ങനെ ചെയ്യുന്നില്ലെന്ന് ആണയിടുന്ന കമ്പനികള്‍ പോലും അങ്ങനെയാണ് ചെയ്യുന്നത്. എന്നാല്‍, ഇതു നിങ്ങളെ ഭയപ്പെടുത്തുന്നില്ലെങ്കില്‍ സമീപ ഭാവിയില്‍ തന്നെ ഈ ഡേറ്റ ഉപയോഗിച്ച് നിങ്ങളാണെന്നു ഭാവിച്ച്, അല്ലെങ്കില്‍ നിങ്ങളാണെന്നു ധരിപ്പിച്ച് പല കാര്യങ്ങളും നിങ്ങളുടെ പേരില്‍ ചെയ്യാന്‍ കമ്പനികളെ അനുവദിക്കുകയും ചെയ്യും. അത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിങ്ങളുടെ മരണ ശേഷം കുഴിമാടങ്ങളോ സ്മാരകങ്ങളോ ആയിരിക്കില്ല നിലനില്‍ക്കുക- പുറത്തു വിട്ട ഡേറ്റയായിരിക്കും നിങ്ങളെ പ്രതിനിധീകരിക്കുക. 

 

ഇപ്പോഴത്തെ പ്രധാന ചോദ്യം ഡേറ്റാ ഖനനത്തിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്നതാണ്. ഫെയ്‌സ്ബുക് തനലവനെ അന്ന് ചോദ്യം ചെയ്യാനെത്തിയ അമേരിക്കന്‍ സെനറ്റ് കമ്മറ്റിയിലെ പല മെമ്പര്‍മാര്‍ക്കും ഒന്നുമറിയില്ലായിരുന്നു എന്നറിയുമ്പോള്‍ നമ്മള്‍ ചിരിക്കണോ കരയണോ? അമേരിക്കയിലെ സ്ഥിതി അതാണെങ്കില്‍ മൂന്നാം ലോകരാജ്യങ്ങളുടെ അവസ്ഥ എന്തായിരിക്കും. യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ നിയമത്തിന് ഇതിനെ ഒരുപരിധി വരെ പ്രതിരോധിക്കാനാകുന്നുണ്ട്. രാജ്യങ്ങളെക്കാള്‍ ബുദ്ധിശാലികളായ സ്വകാര്യ കമ്പനികള്‍ ഈ നിയമത്തെയും മറികടക്കില്ലെ? കേംബ്രിജ് അനലിറ്റിക്കയെക്കാള്‍ വലിയ ഡേറ്റാ ദുരന്തങ്ങള്‍ ഏതു സമയത്തും സംഭവിക്കാമെന്നും അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കരുതാം.

English Summary: Daily Hunt App leaks photos and calls on the phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com