ADVERTISEMENT

യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പുതിയ പോര്‍ട്ടല്‍ 'ആത്മനിര്‍ഭര്‍ സ്‌കില്‍ഡ് എംപ്ലോയി എംപ്ലോയര്‍ മാപ്പിങ്' അഥവാ അസീം കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ഈ പോര്‍ട്ടലില്‍ സ്വദേശ് (SWADES) സ്‌കില്‍ കാര്‍ഡിന് അപേക്ഷിച്ച, ഇന്ത്യയില്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യുന്നവരെക്കുറിച്ചും ഇന്ത്യയ്ക്കു വെളിയില്‍ പണിയെടുത്ത ശേഷം തിരിച്ചെത്തിയവരെക്കുറിച്ചുമുളള വിവരങ്ങള്‍ ഉണ്ട്. ഈ പോര്‍ട്ടലിലൂടെ ട്രെന്‍ഡുകളും മറ്റും ഉപയോഗിച്ച് തീരുമാനങ്ങളെടുക്കാന്‍ പോര്‍ട്ടലിനാകുമെന്ന് സർക്കാർ അവകാശപ്പെടുന്നു. അസീം തൊഴിലന്വേഷകരെ തൊഴില്‍ ദാതാക്കളുമായി കൂട്ടിമുട്ടിച്ചുകൊടുക്കുന്നതില്‍ മധ്യവര്‍ത്തിയാകുമെന്നാണ് സർക്കാർ പറയുന്നത്.

 

ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് smis.nsdcindia.org എന്ന വെബ് വിലാസത്തിലൂടെ അസീമിലെത്താം. അസീമിന്റെ മൊബൈല്‍ ആപ്പുമുണ്ട്. തൊഴിലന്വേഷകര്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ ചേര്‍ത്ത ശേഷം നാട്ടിലെവിടെയങ്കിലും തൊഴില്‍ സാധ്യതയുണ്ടോ എന്ന് സേര്‍ച്ചു ചെയ്യാമെന്ന് സർക്കാർ പറയുന്നു. തൊഴിലന്വേഷകര്‍ക്കു മാത്രമല്ല തൊഴില്‍ ദാതാക്കള്‍ക്കും ഈ വെബ്‌സൈറ്റ് ഗുണകരമാകുമെന്നാണ് എംഎസ്ഡിഇ മന്ത്രാലയം പറയുന്നത്.

 

∙ ആന്‍ഡ്രോയിഡിലും ടാബുകള്‍ക്ക് പ്രത്യേക ഒഎസ്

 

ആപ്പിളിന്റെ ഐപാഡ് ഒഎസിനു സമാനമായ ഒന്ന് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും തയാര്‍ചെയ്യാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഇതൊടെ, ആന്‍ഡ്രോയിഡ് ടാബുകള്‍ക്ക് പുതിയൊരു വ്യക്തിത്വം കൈവന്നേക്കും. ആന്‍ഡ്രോയിഡ് എന്‍ഗേജ്‌മെന്റ് ടീമാണ്  ടാബ്‌ലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമായ രീതിയില്‍ ഒഎസ് പരിഷ്‌കരിക്കുമെന്ന് അറിയിച്ചത്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ലഭിക്കുന്ന അതേ ഒഎസാണ് ടാബുകള്‍ക്കും ലഭിക്കുന്നത്. എന്നാല്‍, കൂടുതല്‍ വലിയ സ്‌ക്രീനിന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ പാകത്തിനുള്ള മാറ്റങ്ങളായിരിക്കും ഇനി അവതരിപ്പിക്കുക. ടാബുകളെ കൂടാതെ, ഫോള്‍ഡബിൾ ഫോണുകള്‍ക്കും ഇത് ഉപകാരപ്രദമായേക്കാമെന്നും ടീം പറയുന്നു. ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഓഗസ്റ്റ് 10 മുതല്‍ നടക്കുന്ന 'ആന്‍ഡ്രോയിഡ് ബിയോണ്ട് ഫോണ്‍സ്’ എന്ന പരിപാടിയിലൂടെ പുറത്തുവിടും. ഗൂഗിള്‍ നടത്താനിരിക്കുന്ന ആന്‍ഡ്രോയിഡിന്റെ 11 ആഴ്ച എന്ന പരിപാടിയുടെ ഭാഗമായിരിക്കും ഇതും. എന്നാല്‍, സാംസങ് ഉടനെ അവതരിപ്പിക്കാനിരിക്കുന്ന ഫോള്‍ഡബിൾ ഗ്യാലക്‌സി ഡിവൈസില്‍ പുതിയ ഫീച്ചറുകള്‍ പലതും കാണുമെന്നും പറയുന്നു.

 

amazon

∙ ചൈനയുടെ സെല്‍ഫ് ഡ്രൈവിങ് കാര്‍ കമ്പനി ഡ്രൈവറില്ലാ കാറുകളുടെ ടെസ്റ്റിങ് തുടങ്ങി

 

ചൈനയിലെ ഓട്ടോണമസ് വാഹന സ്റ്റാര്‍ട്ട്-അപ് കമ്പനിയായ വീറൈഡ് ഡ്രൈവറില്ലാ കാറുകളുടെ ടെസ്റ്റിങ് തുടങ്ങി. റെനോ, നിസാന്‍, മിറ്റ്‌സുബിഷി തുടങ്ങിയ കമ്പനികളുടെ പിന്തുണയോടെയാണ് ഇത് നടത്തുന്നത്. ടൊയോട്ട കമ്പനിയുടെ പോണി.എഐ, ബായിഡു ഇന്‍ക്, ഡിഡി ചുസിങ് തുടങ്ങിയ കമ്പനികളും ഓട്ടോണസ് കാറുകളുടെ ടെസ്റ്റിങ് ചൈനയില്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കുള്ളില്‍ സുരക്ഷയ്ക്കായി ഒന്നോ രണ്ടോ പേര്‍ ഉണ്ടാകാം. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഇവര്‍ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കും. ചില അപ്രതീക്ഷിത സാഹചര്യങ്ങളില്‍ വണ്ടിയുടെ നിയന്ത്രണം റിമോട്ടായി ഏറ്റെടുക്കാനും തങ്ങള്‍ക്കു കഴിയുമെന്ന് വീറൈഡ് വെളിപ്പെടുത്തി. അമേരിക്കയിലാകട്ടെ, ഗൂഗിളിന്റെ (ആല്‍ഫബെറ്റ്) വെയ്‌മോ സംരംഭം യാത്ര വണ്ടികളില്‍ ഡ്രൈവറെ ഇല്ലാതെ ഓടിക്കാനുള്ള ടെസ്റ്റുകളിലാണ്. നുറോ (Nuro) എന്ന മറ്റൊരു സ്റ്റാര്‍ട്ട്-അപ്പിനു കാലിഫോര്‍ണിയയില്‍ ഡ്രൈവറില്ലാത്ത വണ്ടികള്‍ ഉപയോഗിച്ച് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വിറൈഡ് ഓട്ടോണമസ് വണ്ടികളുടെ ലെവല്‍ 4ലേക്കാണ് കടന്നിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ലെവല്‍ 5ലേക്ക് കടക്കുകയാണ് എന്ന് ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

∙ ആമസോണ്‍ ടിക്‌ടോക്ക് നിരോധിക്കലും പിന്‍വലിക്കലും ഒരു ദിവസത്തിനുള്ളലില്‍ നടത്തി

 

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന ശാലയായ ആമസോണ്‍ തങ്ങളുടെ ജോലിക്കാരോട് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പായ ടിക്‌ടോക്ക് തങ്ങളുടെ ഫോണുകളില്‍ നിന്ന് ഡിലീറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഇതു പിന്‍വലിച്ചു കൊണ്ടുള്ള ഓര്‍ഡറും എത്തി. നേരത്തെ അയച്ച സന്ദേശം തെറ്റി അയച്ചതാണ്. തത്കാലം ടിക്‌ടോക്ക് ഡിലീറ്റു ചെയ്യേണ്ട കാര്യമില്ല. പോളിസിയില്‍ മാറ്റമുണ്ടെങ്കില്‍ അറിയിക്കാം എന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ആമസോണ്‍ ഇമെയില്‍ സ്വീകരിക്കുന്ന ഉപകരണങ്ങളില്‍ ടിക്‌ടോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധന ആയിരുന്നു ആമസോണ്‍ ആദ്യം വച്ചതും പിന്നീട് പിന്‍വലിച്ചതും. ആമസോണിന് 840,000 ലേറെ ജോലിക്കാരാണ് ഉള്ളത്.

 

∙ ഐഒഎസ് 14 ബീറ്റാ ഇപ്പോള്‍ ലഭ്യം

 

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ് ഓഎസ് എന്നിവയുടെ ബീറ്റാ പതിപ്പുകള്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് നേരത്തെ അറിയാന്‍ താത്പര്യമുള്ള ടെക്കികള്‍ക്കാണ് ഇത് താത്പര്യമുണ്ടാക്കുക. ബീറ്റാ വേര്‍ഷന്‍ ക്രാഷാകാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍, പ്രധാന ഫോണുകളിലും മറ്റും ഇത് ടെസ്റ്റു ചെയ്തു നോക്കാതിരിക്കുന്നതായിരിക്കും നല്ലത്.

 

∙ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭീഷണി ഉയര്‍ത്തി ജോക്കര്‍ മാല്‍വെയര്‍ വീണ്ടും

 

ആന്‍ഡ്രോയിഡില്‍ തങ്ങള്‍ നേരിട്ട ഏറ്റവും വലിയ ഭീഷണികളിലൊന്ന് ജോക്കര്‍ മാല്‍വെയറിലില്‍ നിന്നാണെന്ന് ഈ വര്‍ഷം ആദ്യം ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ആദ്യം പ്രത്യക്ഷപ്പെടുന്നത് 2017ല്‍ ആണ്. മൂന്നു വര്‍ഷത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഗൂഗിള്‍ ജയിച്ചുവെന്നു കരുതിയ സമയത്ത് ജോക്കര്‍ വീണ്ടും പ്ലേ സ്റ്റോറില്‍ സജീവമായിരിക്കുന്നു എന്നാണ് 'ചെക് പോയിന്റ്' സുരക്ഷാ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അപകടകാരിയായ ഈ സോഫ്റ്റ്‌വെയര്‍ അംഗീകരിക്കപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന ആപ്പുകളില്‍ പതിയിരിക്കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ ഫോണിലെത്തിയാല്‍ കൂടുതല്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതിനു സാധിക്കും. ചെക് പോയിന്റ് ചൂണ്ടിക്കാണിച്ച 11 ജോക്കര്‍ ബാധിത ആപ്പുകൾ ഗൂഗിള്‍ എടുത്തു കളഞ്ഞു. എന്നാല്‍, ഇത് ഏതു സമയത്തും മറ്റ് ആപ്പുകളില്‍ കയറിക്കൂടാമെന്ന് ചെക് പോയിന്റ് അറിയിച്ചു.

 

English Summary: Govt portal for job seekers; new malware in Android

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com