ADVERTISEMENT

നിങ്ങള്‍ ഫെയ്‌സ്ബുക് ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും ഐഫോണില്‍ അതിനൂതന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഉപയോക്താക്കളെ ഫെയ്‌സ്ബുക് ട്രാക്കു ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ കമ്പനിക്കെതിരെ ഉയരുന്നത്. ഈ ആരോപണത്തിനു പിന്നില്‍ എന്താണെന്നു പരിശോധിക്കാം: ടിന്‍ഡര്‍, സ്‌പോട്ടിഫൈ, പിന്റ്‌റെസ്റ്റ് തുടങ്ങിയവ അടക്കം ചില ജനപ്രിയ ആപ്പുകള്‍ കഴിഞ്ഞ ദിവസം പെട്ടെന്ന് ഐഒഎസില്‍ ക്രാഷ് ആയി. ഉപയോക്താക്കള്‍ ആപ്പുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അവ ക്രാഷ് ആയത്. ഇതേ തുടര്‍ന്ന് അത് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് സിസ്റ്റത്തില്‍, അഥവാ എസ്ഡികെയില്‍ ഉണ്ടായ പ്രശ്‌നാമണെന്നു പറഞ്ഞ് ഫെയ്‌സ്ബുക് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും എല്ലാം ശരിയാക്കുകയുമായിരുന്നു. ഇതാണ് സുരക്ഷാ ഗവേഷഷകരുടെ ശ്രദ്ധ ഇതിലേക്ക് ക്ഷണിച്ചത്. തങ്ങളുടെ ആപ്പുകളെ ആപ് നിര്‍മാതാക്കള്‍ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കുന്ന ടൂളായിരുന്നു പ്രസ്തുത എസ്ഡികെ എന്നാണ് എഫ്ബി പറഞ്ഞത്. ഒരാളുടെ ഫെയ്‌സ്ബുക് മേല്‍വിലാസം ഉപയോഗിച്ച് ഇത്തരം ആപ്പുകളിലേക്ക് ലോഗ്-ഇന്‍ ചെയ്യാന്‍ അനുവദിക്കുന്നതിനായിരുന്നു ഈ എസ്ഡികെ ഉപയോഗിച്ചിരുന്നത്.

 

പലരും സൗകര്യാര്‍ഥം തങ്ങളുടെ ഫെയ്‌സ്ബുക് അല്ലെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ചാണ് പല ആപ്പുകളിലും ലോഗ്-ഇന്‍ ചെയ്യുന്നത്. ഡെയ്റ്റിങ്, മ്യൂസിക് തുടങ്ങി പല കാര്യങ്ങള്‍ക്കും ആപ്പുകള്‍ ഇത്തരം ലോഗ്-ഇന്‍ ചോദിക്കുകയും ചെയ്യും. ഇതിനായി ആപ്പിള്‍, ഗൂഗിള്‍, എഫ്ബി തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ എസ്ഡികെ വിവിധ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്യും. ഇതിലൂടെയാണ് ഇത്തരം ആപ്പുകള്‍ ഫെയ്‌സ്ബുക്കിന് തങ്ങളുടെ ആപ്പുകളില്‍ സൃഷ്ടിക്കപ്പെടുന്ന ഡേറ്റ കൈമാറുന്നതും. ഈ ഡേറ്റ ഫെയ്‌സ്ബുക്കിനും ആപ് ഡിവലപ്പര്‍മാര്‍ക്കും ഉപകാരപ്രദവുമാണ്. മാര്‍ച്ച് മാസത്തില്‍ വിഡിയോ കോളിങ് ആപ് ആയ സൂമിനെതിരെ കാനഡയില്‍ അത്തരം ആരോപണം ഉയര്‍ന്നിരുന്നു. അവരുടെ ആപ്പില്‍ സൃഷ്ടിക്കപ്പെടുന്ന ഡേറ്റ എസ്ഡികെ ഉപയോഗിച്ച് ഫെയ്‌സ്ബുക്കിനു നല്‍കുന്നു എന്നായിരുന്നു ആരോപണം. തങ്ങള്‍ അതു നിർത്തിയെന്നാണ് സൂം പറഞ്ഞത്. 

മെയ് മാസത്തിലും ഐഒഎസില്‍ ആപ്പുകള്‍ ക്രാഷ് ആകുകയും അതും തങ്ങളുടെ എസ്ഡികെ മൂലമാണെന്ന് എഫ്ബി സമ്മതിക്കുകയും ചെയ്തിരുന്നു. ഇത്തരം ലോഗ്-ഇൻ ചോദിക്കുന്ന ആപ്പുകളില്‍ നല്‍കാനായി അത്ര പ്രശസ്തമല്ലാത്ത ഒരു മെയില്‍ സര്‍വീസ് ദാതാവിന്റെ മെയില്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

 

∙ സമൂഹ മാധ്യമ ലോകം മാറാന്‍ പോകുന്നു; വാട്‌സാപിന്റെ ജനപ്രീതി കുറഞ്ഞേക്കും

whatsapp-message

 

ഇത്ര കാലം ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പില്‍ ഉപയോക്താക്കള്‍ക്ക് പരസ്യങ്ങളുടെ ശല്യമില്ലാതെ സന്ദേശങ്ങള്‍ കൈമാറല്‍ സാധ്യമായിരുന്നു. എന്നല്‍ ഉടനടി അതിനൊരു മാറ്റം വന്നേക്കും. ഫെയ്‌സ്ബുക്കും വാട്‌സാപും തമ്മില്‍ ഒരുമിപ്പിപ്പിക്കാനാണ് മാര്‍ക് സക്കര്‍ബര്‍ഗിന്റെ ടീം ശ്രമിക്കുന്നത്. അതോടെ, പരസ്യം വാട്‌സാപ്പില്‍ പോപ് അപ് ആയും അല്ലാതെയും സന്ദേശങ്ങള്‍ക്കിടയില്‍ വന്നു തുടങ്ങുമെന്നും ഇത് ഉപയോക്താക്കള്‍ക്ക് ശല്യമായി തോന്നിയേക്കുമെന്നും അവര്‍ മറ്റ് ആപ്പുകളുടെ സാധ്യതകള്‍ ആരാഞ്ഞേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പുകളുടെ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതോടെ സമൂഹ മാധ്യമ രംഗത്ത് വന്‍ മാറ്റങ്ങളായിരിക്കും വരിക എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഇതോടെ മൂന്ന് ആപ്പുകളിലും നിന്ന് വ്യക്തികളെക്കുറിച്ചുള്ള ഡേറ്റ ഒരുമിച്ചു വിശകലനംചെയ്യലും സാധ്യമാകും എന്നതും സ്വകാര്യതാവബോധമുള്ള ഉപയോക്താക്കളെ പേടിപ്പിക്കും.

 

billgates

ഇക്കാര്യത്തില്‍ സക്കര്‍ബര്‍ഗുമായി ഉണ്ടായ അഭിപ്രായ വ്യത്യസത്തെ തുടര്‍ന്നാണ് വാട്‌സാപിന്റെ സ്ഥാപകരായ ബ്രയന്‍ ആക്ഷനും ജാന്‍ കോമും കമ്പനി വിടുന്നത്. ഇവ തമ്മില്‍ ബന്ധിപ്പിച്ചാല്‍ ആളുകളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നാണ് ഇരുവരും ആരോപിച്ചത്. പരസ്യത്തിന്റെ ഇടപെടലില്ലാതെ ഈ ആപ് നിലനിര്‍ത്തണമെന്നും ഇരുവരും വാദിച്ചിരുന്നു. എന്നാല്‍, അതല്ല വാട്‌സാപില്‍ നിന്നും പരസ്യ വരുമാനം വേണമെന്ന സക്കര്‍ബര്‍ഗിന്റെ നിര്‍ബന്ധബുദ്ധിയാണ് ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്. സക്കര്‍ബര്‍ഗിന് പണത്തോടുള്ള ആര്‍ത്തിയാണ് ഇതിനു പിന്നിലെന്നാണ് ആക്ഷന്‍ ആരോപിക്കുന്നത്. ഇതോടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ അര്‍ഥം ഇല്ലാതാകും. ആക്ഷനും മറ്റും വാട്‌സാപിനു നല്‍കിയിരുന്ന എന്‍ക്രിപ്ഷന്‍ തുറന്ന് ഒരു സാധാരണ ആപ് ആക്കിയാല്‍ മാത്രമായിരിക്കും ഉപയോക്താക്കളുടെ സ്വഭാവമറിഞ്ഞുള്ള പരസ്യങ്ങള്‍ നല്‍കാന്‍ സക്കര്‍ബര്‍ഗിനു സാധിക്കുക.

 

ഇരു ആപ്പുകളും ഒരുമിപ്പിക്കുന്നതിന്റെ ആദ്യ സൂചനകള്‍ ഇപ്പോള്‍ത്തന്നെ പ്രകടമാണ്. രണ്ട് ആപ്പുകളും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറാമെന്നതാണ് അതിലൊന്ന്. വാട്‌സാപ്പില്‍ നടക്കുന്ന പല കാര്യങ്ങളും ഫെയ്‌സ്ബുക് മെസഞ്ചറിനു കാണാവുന്ന രീതിയിലേക്കാണ് പരിഷ്‌കാരങ്ങള്‍ നീളുന്നതെന്നും ആരോപണമുണ്ട്. ഒരു ചാറ്റിന്റെ അവസ്ഥയെന്താണ്, പുഷ് നോട്ടിഫിക്കേഷന്‍സ് എനേബിള്‍ഡ് ആണോ എന്നൊക്കെ അറിയാനാകും. ഇന്‍സ്റ്റഗ്രാമിനെയും മെസഞ്ചറുമായി ബന്ധിപ്പിക്കും. ചാറ്റ് സേവനങ്ങള്‍ നൂറു കണക്കിനു കോടി ഉപയോക്താക്കള്‍ക്ക് എത്തിക്കാനാണ് ഇതെല്ലാം എന്നാണ് സക്കര്‍ബര്‍ഗിന്റെ വാദം. എന്നാല്‍, സക്കര്‍ബര്‍ഗിന്റെ പണമുണ്ടാക്കലിനേക്കാളേറെ വാട്‌സാപ്പിലെ സ്വകാര്യത പൂര്‍ണ്ണമായും ഇല്ലാതായേക്കുമെന്നതാണ് ഭയപ്പെടുത്തുന്നതെന്ന് ചില വിശകലനവിദഗ്ധര്‍ പറയുന്നു. എന്നാല്‍, വാട്‌സാപിന്റെ ഭാവി ഇനി അങ്ങനെയാകുമെന്നും, വിവേകമതികളായ ഉപയോക്താക്കള്‍ വേറെ വഴി തേടിയേക്കുമെന്നും അഭിപ്രായമുണ്ട്.

 

∙ കോവിഡ്-19 വാക്‌സിന്‍ അപകടാവസ്ഥയിലുള്ളവര്‍ക്ക് ആദ്യം നല്‍കണമെന്ന് ബില്‍ ഗെയ്റ്റ്‌സ്

 

കൊറോണാവൈറസിനെതിരെ വികസിപ്പിച്ചെടുക്കുന്ന മരുന്നും വാക്‌സിനുമൊക്കെ അത് അര്‍ഹിക്കുന്നവര്‍ക്കും കൂടുതല്‍ ആവശ്യമുള്ള പ്രദേശങ്ങളിലും ആദ്യം എത്തിച്ചുകൊടുക്കുകയാണ് വേണ്ടത്. അല്ലാതെ അതിന്റെ വിതരണം ഏറ്റവും കൂടുതല്‍ പൈസ നല്‍കി ലേലത്തില്‍ പിടിക്കുന്നവരെ വിതരണത്തിന് ഏല്‍പ്പിക്കുകയല്ല വേണ്ടതെന്ന് മൈക്രോസോഫ്റ്റിന്റെ മുന്‍ മേധാവി ബില്‍ ഗെയ്റ്റ്‌സ് അഭിപ്രായപ്പെട്ടു. അങ്ങനെ സംഭവിച്ചാല്‍ മഹാമാരി പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭീകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

 

∙ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കും

 

ആപ്പിളിന് ഐഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികളില്‍ പ്രധാനിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കും. ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി തങ്ങളുടെ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍മ മാറ്റി സ്ഥാപിക്കുന്നതിന്റെ തുടക്കമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ചൈന വാണിജ്യ യുദ്ധമാണ് ഫോക്‌സ്‌കോണിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നു പറയുന്നു. തങ്ങള്‍ക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നവര്‍ എത്രയും വേഗം ചൈനയില്‍ നിന്ന് മാറി തുടങ്ങണമെന്ന് ആപ്പിള്‍ അഭ്യര്‍ഥിച്ചതായും വാര്‍ത്തകളുണ്ട്. ശ്രീപെരുമ്പത്തൂരിലുള്ള തങ്ങളുടെ പ്ലാന്റിന്റെ വികസനത്തിനായിരിക്കും തുക ഫോക്‌സ്‌കോണ്‍ വിനിയോഗിക്കുക.

 

∙ ചില പ്രൊഡക്ടുകളില്‍ ഏതു രാജ്യത്ത് ഉത്പാദിപ്പിച്ചതാണെന്ന് ഫ്‌ളിപ്കാര്‍ട്ട് പ്രദര്‍ശിപ്പിച്ചു തുടങ്ങി

 

തങ്ങള്‍ വില്‍ക്കുന്ന ചില പ്രൊഡക്ടുകളില്‍ ഏതു രാജ്യത്ത് ഉത്പാദിപ്പിച്ചതാണ് എന്ന് ഫ്‌ളിപ്കാര്‍ട്ട് പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതു വേണമെന്ന് സസർക്കാർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എന്നുമുതല്‍ വേണമെന്ന കാര്യം ഇതുവരെ പറഞ്ഞിട്ടില്ല.

 

English Summary: Facebook tracks iPhone users; Social media all set to change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com