ADVERTISEMENT

മുന്‍ വര്‍ഷങ്ങളില്‍, ലോകത്തിന്റെ നിര്‍മാണശാലയായ ചൈനയ്ക്കു മുന്നല്‍ ഒരു രാജ്യം കയറുന്ന കാര്യം സ്വപ്‌നം കാണാന്‍ പോലും സാധ്യമല്ലായിരുന്നു. ഇപ്പോഴിതാ, ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ തങ്ങള്‍ക്കായേക്കുമെന്ന ചിന്ത ഇന്ത്യയെ പിടികൂടിയിരിക്കുന്നു. പുതിയ സാഹചര്യങ്ങള്‍ മുതലെടുത്ത് തങ്ങളുടെ അയല്‍ക്കാരുടെ കുതികാല്‍ വെട്ടാനുള്ള തയാറെടുപ്പിലാണ് രാജ്യമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയുടെ എഫ്ഡിഐ നിയമങ്ങളില്‍ വീണ്ടും ഇളവു നല്‍കി വിദേശ കമ്പനികള്‍ക്ക് നമസ്‌തേ പറയാനുളള ഒരുക്കത്തിലാണ് ഇന്ത്യ. ഖനനം, ബാങ്കിങ്, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് എന്നിവയ്ക്കു പുറമെയായിരിക്കും കൂടുതല്‍ ഇളവുകള്‍ എന്നാണ് വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ പറയുന്നത്. വമ്പന്‍ ടെക്‌നോളജി കമ്പനികളടക്കമുള്ള നിക്ഷേപകരെ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനാണ് രാജ്യം ഒരുങ്ങുന്നത് എന്നതാണ് മന്ത്രി 'ഇന്ത്യാ ഗ്ലോബല്‍ വീക്കില്‍' നടത്തിയ പ്രസ്താവനയില്‍ നിന്നു മനസിലാകുന്നത്.

ആഗോള തലത്തില്‍ പല കമ്പനികളും ചൈനാ ബന്ധം വിച്ഛേദിക്കാനോ, കുറയ്ക്കാനോ തക്കംപാര്‍ത്തിരിക്കുന്ന സമയമാണിത് എന്നതാണ് തങ്ങളുടെ സുവര്‍ണ്ണാവസരം വന്നുവെന്ന് ഇന്ത്യയ്ക്കു തോന്നാന്‍ കാരണം. അമേരിക്കന്‍ കമ്പനികളടക്കം തങ്ങളുടെ ചൈനയിലെ ഉത്പാദന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാനോ, അവയ്ക്ക് ബ്രാഞ്ചുകള്‍ സ്ഥാപിക്കാനോ ശ്രമിക്കുന്ന അവസരമാണിത്. കൊറോണാവൈറസും അമേരിക്ക-ചൈന വാണിജ്യ യുദ്ധവും ഉണ്ടാക്കിയ സവിശേഷ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങള്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കമാണ് ഇപ്പോള്‍ ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്വദേശ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

പുതിയ എഫ്ഡിഐ നിയമങ്ങള്‍ വരുന്ന ആഴ്ചകളില്‍ പ്രഖ്യാപിച്ചേക്കും. ഇന്ത്യയില്‍ അധികാരികളുടെ അംഗീകാരം നേടല്‍, ബ്യൂറോക്രാറ്റിക് നടപടികള്‍ തുടങ്ങിയവ ഇനിയും ലളിതമാക്കുക എന്നതായിരിക്കും പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇന്ത്യയെ തങ്ങളുടെ നര്‍മാണ കേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്ന വിദേശകമ്പനികള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചുവുപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണനിയലുണ്ട്. ഖനന മേഖലയില്‍ കൂടുതല്‍ ഇറവുകള്‍ നല്‍കിയേക്കും. കൂടുതല്‍ മേഖലകളില്‍ എഫ്ഡിഐ നില്‍കിയേക്കും. പുതിയ വ്യവസായ നയം തന്നെ പ്രഖ്യാപിച്ചേക്കും. വ്യാവസായിക ആവശ്യങ്ങള്‍ക്കു പ്രോത്സാഹനം നല്‍കാനായി പുതിയ വന (forest) നയവും നടപ്പിലാക്കിയേക്കും. ബാങ്കിങ് മേഖലയിലും, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് മേഖലയിലും എന്തെല്ലാം പരിഷ്‌കാരങ്ങളാണ് വരുത്താനാകുക എന്ന കാര്യവും തങ്ങള്‍ പരിഗണിക്കുകയാണെന്ന് മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ 30-40 ദിവസത്തിനിടയ്ക്ക് വ്യവസായ പ്രവര്‍ത്തനങ്ങള്‍, കൊറോണാവൈറസ് ബാധയ്ക്കു ശേഷം പൂര്‍വസ്ഥിതിയിലേക്ക് എത്തിത്തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ ഉപയോഗം തിരിച്ച് 90 ശതമാനത്തിലെത്തി. ജിഎസ്ടി ടാക്‌സ് ശേഖരണവും മെച്ചപ്പെട്ടു. ഇന്ത്യയ്ക്ക് അതിവേഗം പൂര്‍വസ്ഥിതി പ്രാപിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, പ്രഖ്യാപനം കൊണ്ട് ഒന്നും നടക്കണമെന്നില്ല. അധികാരികളുടെ മനോഭാവം മാറ്റുന്നതെങ്ങനെയാണെന്നാണ് പഠിക്കേണ്ടത് എന്നാണ് വരുന്ന ചില പ്രതികരണങ്ങള്‍

∙ കുക്കിനെ ബഹുദൂരം പിന്നിലാക്കി മസ്‌ക്

ടെക്‌നോളജി കമ്പനികളുടെ ശമ്പളവും ആനുകൂല്യങ്ങളുടമടക്കം വാര്‍ഷികവരുമാനത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ മേധാവി ടിം കുക്കിനും മുന്നിലെത്തയിരിക്കുകയാണ് ടെസ്‌ല, സ്‌പെയ്‌സ് എക്‌സ് തുടങ്ങിയ കമ്പനികളുടെ മേധാവിയായ ഇലോണ്‍ മസ്‌ക്. അദ്ദേഹത്തിന് 2019ല്‍ ലഭിച്ചിരിക്കുന്നത് 595.3 ദശലക്ഷം ഡോളറാണ്. കുക്കിനാകട്ടെ 133.7 ദശലക്ഷം ഡോളറും കിട്ടി. ഇതേ സമയത്ത് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയ്ക്ക് 86.2 ദശലക്ഷം ഡോളറും, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെലയ്ക്ക് 77.3 ദശലക്ഷം ഡോളറും ലഭിച്ചു. ഇന്റെല്‍ മേധാവി റോബര്‍ട്ട് സ്വോണിന് 99 ദശലക്ഷം ഡോളറും ലഭിച്ചു.

Elon-Musk

∙ തങ്ങളുടെ ലാപ്‌ടോപ്പുകള്‍ അടച്ചുവയ്ക്കുമ്പോള്‍ ക്യാമറ കവര്‍ ഊരി മാറ്റണമെന്ന് ആപ്പിള്‍

ആപ്പിളിന്റെ ലാപ്‌ടോപ്പുകളായ മാക്ബുക്ക്, മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ തുടങ്ങിയവയുടെ ലിഡ് അടയ്ക്കുമ്പോള്‍ ക്യാമറയ്ക്കു കവറിട്ടിട്ടുണ്ടെങ്കില്‍ അത് ഊരി മാറ്റണമെന്ന് കമ്പനി അറിയിച്ചു. അല്ലെങ്കില്‍ അത് സ്‌ക്രീനിനു തകരാര്‍ വരുത്തിയെക്കാമെന്ന ഗൗരവമുള്ള മുന്നറിയിപ്പാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. ക്യാമറയിലൂടെ ആപ്പുകള്‍ തങ്ങളുടെ ചെയ്തികള്‍ നിരീക്ഷിക്കുന്നുണ്ട് എന്ന സംശയമുള്ളവരാണ് ക്യാമറയ്ക്ക് കവറിടുന്നത്. ക്യാമറയ്ക്കു കവറിടുക വഴി ആംബിയന്റ് ലൈറ്റ് സെന്‍സറിന്റെ പ്രവര്‍ത്തനവും ഇല്ലാതാക്കുന്നുവെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ലാപ്‌ടോപ്പുകളുടെയും സ്മാര്‍ട് ഉപകരണങ്ങളുടെയും ക്യാമറയ്ക്കു കവറിടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വർധിക്കുകയാണ്.

∙ ഫെയ്‌സ്ബുക് രാഷ്ട്രീയ പരസ്യങ്ങള്‍ താത്കാലികമായി വേണ്ടന്നു വച്ചേക്കും

ആസന്നമായ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയക്കാരില്‍ നിന്ന് പരസ്യം സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാന്‍ ഫെയ്‌സ്ബുക് ആലോചിക്കുന്നതായി വാര്‍ത്ത. ഇതിലൂടെ കൂടുതല്‍ സ്വച്ഛമായ തെരിഞ്ഞെടുപ്പ് ഉറപ്പുവരുത്താമെന്നാണ് കമ്പനി കരുതുന്നത്. എല്ലാത്തരം രാഷ്ട്രീയ പരസ്യങ്ങളും ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു.

INDIA-US-INTERNET-FACEBOOK

∙ പങ്കാളിയെ നിരീക്ഷിക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ പരസ്യം ഗൂഗിള്‍ നിരോധിക്കുന്നു

പങ്കാളികളുടെ ചെയ്തികള്‍ നിരോധിക്കാനുള്ള സോഫ്റ്റ്‌വെയറാണ് സ്റ്റോക്കര്‍വെയര്‍. ഒരാളുടെ ഫോണ്‍ നിരീക്ഷിച്ച് അയാളുടെ ചെയ്തികള്‍ അറിയിച്ചുകൊണ്ടിരിക്കുന്ന രീതിയാണിത്. ഇനിമേല്‍ ഇത്തരം ആപ്പുകളുടെ പരസ്യം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ് സ്റ്റോറുകളില്‍ നേരത്തെ നിരോധിക്കപ്പെട്ടതാണ്.

English Summary : India to take on China; Musk gets better pay package than Cook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com