ADVERTISEMENT

പ്രതിരോധം, ദേശീയ സുരക്ഷ എന്നീ മാനദണ്ഡങ്ങള്‍ മുന്‍നിർത്തി, സർക്കാർ കരാര്‍ ജോലികള്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്കു നല്‍കുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. ചൈനയുടെ പേരെടുത്തു പറയാതെയാണ് നടപടി എങ്കിലും പുതിയ നീക്കം ആരെ ലക്ഷ്യമിട്ടാണ് എന്ന കാര്യം വ്യക്തമാണ്. നേരത്തെ, ഏപ്രില്‍ 17ന് ഇറക്കിയ ഉത്തരവില്‍ ഇതേ അയല്‍ക്കാര്‍ക്ക് എഫ്ഡിഐയുടെ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പദ്ധതികളില്‍ ചൈന പങ്കാളിത്തം നേടുന്നത് ഇല്ലാതാക്കാനായിരുന്നു ഇത്.

 

പുതിയ ഉത്തരവു പ്രകാരം, ടെലികോം ഉപകരണങ്ങള്‍ എത്തിച്ചു നല്‍കല്‍, റോഡ്, വൈദ്യുതി കരാറുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് ലഭിക്കുന്ന കാര്യം വിഷമത്തിലാക്കിയിരിക്കുകയാണ്. ഈ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികളോ സർക്കാരോ നടത്തുന്ന ലേലത്തില്‍ ചൈനീസ് കമ്പനികള്‍ പങ്കുകൊണ്ടാലും അവര്‍ക്ക് കരാര്‍ ലഭിക്കുക അതീവ ദുഷ്‌കരമായിരിക്കും. ലഡാക്ക് പ്രശ്‌നത്തില്‍ 59 ചൈനീസ് ആപ്പുകളെ പുറത്താക്കിയ നീക്കത്തിന്റെ തുടര്‍ച്ചയാണിതെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തിയില്‍ തത്സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍മാരും, നയതന്ത്ര പ്രതിനിധികളും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ അറിയിച്ചുവെങ്കിലും ചൈന കേട്ട ഭാവം നടിക്കാത്തതാണ് പുതിയ നീക്കത്തിനു പിന്നില്‍. അതിര്‍ത്തി പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ എത്തിച്ചേര്‍ന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാന്‍ ചൈന ഇപ്പോഴും വൈമുഖ്യം കാണിക്കുന്നു എന്നതാണ് ഇന്ത്യയെ വീണ്ടും പ്രകോപിച്ചിരിക്കുന്നത്. പുതിയ ടെന്‍ഡറുകളുടെ കാര്യത്തില്‍ പുതിയ നടപടി ക്രമങ്ങളായിരിക്കും പാലിക്കുക.

 

pichai-zuckerberg-tim

∙ അമേരിക്കന്‍ കോണ്‍ഗ്രസിനു മുൻപില്‍ പ്രതിരോധം തീര്‍ക്കാന്‍ ടെക് കമ്പനികള്‍

 

അമേരിക്കയിലെ ഏറ്റവും വലിയ നാലു ടെക്‌നോളജി കമ്പനികളുടെ മേധാവികള്‍ അടുത്തയാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിനു മുൻപാകെ എത്തും. ടെക്‌നോളജി കമ്പനികള്‍ക്ക് അതിരുവിട്ട കരുത്തു ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന ആരോപണത്തിനു മറുപടി നല്‍കാനാണ് ഫെയ്‌സ്ബുക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ മേധാവികള്‍ എത്തുന്നത്. അമേരിക്കന്‍ ജുഡീഷ്യറി കമ്മറ്റിയുടെ ആന്റിട്രസ്റ്റ് പാനലിനു മുൻപാകെ ജൂലൈ 27നായിരിക്കും ഇവര്‍ തങ്ങളുടെ വാദം നടത്തുക. വെര്‍ച്വലായി ആയിരിക്കും ഇത് നടക്കുക എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. തങ്ങളുടെ പരിധിയില്ലാത്ത അധികാരമുപയോഗിച്ച് തങ്ങളുടയത്ര ശക്തിയില്ലാത്ത എതിരാളികളെ ഇല്ലായ്മ ചെയ്യുന്നുവെന്ന ആരോപണത്തിനായിരിക്കും കമ്പനികള്‍ ഉത്തരം പറയേണ്ടിവരിക. ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ഫെയ്‌സ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിളിന്റെ ടിം കുക്ക്, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നീ വമ്പന്മാര്‍ നേരിട്ടെത്തുന്ന ഈ മീറ്റിങ്ങിനെ ലോകമെമ്പാടുമുള്ള ടെക്‌നോളജി പ്രേമികള്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ടെക്‌നോളജി കമ്പനികള്‍ക്കെതിരെയുള്ള എതിര്‍പ്പ് അമേരിക്കയില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് വേര്‍തിരിവില്ലാതെ നിയമനിര്‍മാതാക്കള്‍ ടെക് കമ്പനികളുടെ നീക്കങ്ങളെ ചോദ്യംചെയ്‌തേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, പല ലോബിയിങ് ഗ്രൂപ്പുകളും പറയുന്നത് ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു നീക്കമായിരിക്കാമെന്നാണ്. കാരണം പുതിയ കാര്യങ്ങളൊന്നും ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല എന്നതാണ്.

 

ആപ് സ്റ്റോറിന്റെ കാര്യത്തില്‍ ആപ്പിളിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടും. പുതിയ കമ്പനികള്‍ക്ക് പല കാര്യങ്ങളും ദുഷ്‌കരമാക്കുന്നു എന്ന ആരോപണമാണ് കമ്പനി നേരിടുന്നത്. എന്നാല്‍, ആപ് സ്റ്റോര്‍ തങ്ങളുടെ ഫോണുകളുടെ സുരക്ഷയക്കും വിശ്വാസ്യതയ്ക്കും വേണ്ടി ഉണ്ടാക്കിയ ഒന്നാണ് എന്നായിരിക്കും ആപ്പിള്‍ വാദിക്കുക. ഒരു ആപ് ആപ്‌സ്റ്റോറിലെത്താന്‍ വേണ്ട നടപടകിക്രമങ്ങള്‍ കമ്പനിക്കു വിശദീകരിക്കേണ്ടി വരും. നിരവധി ആപ് ഡെവലപ്പര്‍മാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ വിയോജിപ്പ് വര്‍ഷങ്ങളായി രേഖപ്പെടുത്തി വരികയാണ്. മറ്റു കമ്പനികള്‍, തങ്ങള്‍ ധാരാളം മത്സരം നേരിടുന്നുണ്ടെന്ന നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് അറിയുന്നത്. ഇന്ന് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ധാരാളം സ്‌റ്റോറുകളെ ആശ്രയിക്കാമെന്നായിരിക്കും ബെസോസ് വാദിക്കുക. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കുന്ന സെല്ലര്‍മാരുടെ ഡേറ്റയും ഉപയോഗിക്കുന്നു എന്ന ആരോപണവും ആമസോണ്‍ നേരിടുന്നു. സക്കര്‍ബര്‍ഗും ഇതേ നിലപാടായിരിക്കും സ്വീകരിക്കുക. തന്റെ കമ്പനിക്ക് ഗൂഗിളും ആമസോണും, ട്വിറ്ററും, ടിക്‌ടോക്കും അടക്കം കടുത്ത എതിരാളികളുണ്ട് എന്നായിരിക്കും അദ്ദേഹം വാദിക്കുക. ഗൂഗിള്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ ഇപ്പോള്‍ വ്യക്തമല്ല.

 

∙ ആമസോണ്‍ ഇന്ത്യയില്‍ 10 പുതിയ വെയര്‍ഹൗസുകള്‍ തുറക്കും

Google-Meet-Hangouts-Meeting

 

തങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 10 പുതിയ വെയര്‍ഹൗസുകള്‍ കൂടെ തുറക്കാനൊരുങ്ങുകയാണെന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു. ഓട്ടോ ഇന്‍ഷുറന്‍സ് രംഗത്തേക്കും അവര്‍ കാലെടുത്തു വയ്ക്കും. ഇതോടെ 15 സംസ്ഥാനങ്ങളിലായി 60 വെയര്‍ഹൗസുകളായിരിക്കും കമ്പനിക്ക് ഉണ്ടായിരിക്കുക.

 

∙ ഏറ്റവും കരുത്തുറ്റ ഗൊറിലാ ഗ്ലാസ് അവതരിപ്പിച്ചു

 

ഇന്നേ വരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും കാഠിന്യമുള്ള ഗൊറിലാ ഗ്ലാസ് അവതരിപ്പിച്ചു. ഇത് ഉപയോഗിച്ചെത്തുന്ന ആദ്യ സ്മാര്‍ട് ഫോണുകളിലൊന്ന് സാംസങ് ഗ്യാലക്‌സി നോട്ട് 20 ആയിരിക്കാമെന്നും പറയുന്നു. രണ്ടു മീറ്റര്‍ ഉയരത്തിൽ നിന്നും താഴെ വീണാലും തകരില്ല എന്നതാണ് അവകാശവാദം. മുന്‍ വേര്‍ഷനുകളേക്കാള്‍ നാലിരട്ടി മികച്ചതായിരിക്കും ഇതെന്നാണ് പറയുന്നത്.

 

∙ എപി ഫോട്ടോഗ്രാഫര്‍മാര്‍ ഇനി സോണി ക്യാമറകള്‍ മാത്രം ഉപയോഗിക്കും

 

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഇനി മുതല്‍ സോണി ക്യാമറകള്‍ മാത്രമായിരിക്കും ഉപയോഗിക്കുക. സോണി എ 9 II, സോണി എ7ആര്‍ മാര്‍ക്ക് IV തുടങ്ങിയ ക്യാമറകളുമായിട്ടായിരിക്കും ഇനി എപി ഫോട്ടോഗ്രാഫര്‍മാര്‍ ലോകമെമ്പാടുമുള്ള വിവിധ വാര്‍ത്താപ്രാധാന്യമുള്ള സംഭവങ്ങള്‍ പകര്‍ത്താനെത്തുക. നിക്കോണ്‍, ക്യാനന്‍ കമ്പനികള്‍ക്ക് ഇതൊരു തിരിച്ചടിയാണ് എന്നാണ് വിലയിരുത്തല്‍.

 

∙ ഗൂഗിള്‍ മീറ്റ് ഇനി ജിമെയില്‍ ആപ്പിലും

 

ഗൂഗിളിന്റെ വിഡിയോ കോളിങ് സേവനമായ ഗൂഗിള്‍ മീറ്റ് ഇനി ജിമെയില്‍ മൊബൈല്‍ ആപ്പിലും ലഭ്യമാക്കും. ആന്‍ഡ്രോയിഡിലെയും ഐഒഎസിലെയും ആപ്പുകളില്‍ മീറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

 

English Summary: India builds a huge wall to stop Chinese firms from getting govt contracts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com