sections
MORE

പോൺ കാണുന്നവരും ഡൗൺലോഡ് ചെയ്യുന്നവരും അറിഞ്ഞിരിക്കാൻ... ചെറിയൊരു അബദ്ധം ജീവിതം തകർക്കും

adult-sites
SHARE

ഓൺലൈനിൽ പതിവായി അശ്ലീല വിഡിയോകൾ കാണുന്നവരും ഡൗൺലോഡ് ചെയ്യുന്നവരും എപ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാണ്. സ്വന്തം ഫോണിലും ലാപ്ടോപ്പിലും പോൺ കാണുന്നും ഡൗൺലോഡ് ചെയ്യുന്നതും ആരും കാണുന്നില്ല എന്ന ചിന്ത വേണ്ട, എല്ലാം നിരീക്ഷിക്കുന്ന രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസികൾ വരെയുണ്ട്. കാണുന്ന, ഡൗൺലോഡ് ചെയ്യുന്ന വിഡിയോകളിൽ, അബദ്ധത്തിലാണെങ്കിൽ പോലും കുട്ടികളെ പീഡിപ്പിക്കുന്ന അശ്ലീല വിഡിയോകൾ ഉൾപ്പെട്ടാൻ പിന്നെ രക്ഷപ്പെടില്ല. പൊലീസും രഹസ്യാന്വേഷണ ഏജൻസികളും പിന്നാലെ വന്ന പിടിക്കുക തന്നെ ചെയ്യും. അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്യുന്നവരും കാണുന്നവരും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍  ജീവിതം തകർക്കുന്ന വൻ ദുരന്തമാണ് സംഭവിക്കുക.

കുട്ടികളെ രക്ഷിക്കാൻ ഇന്റര്‍നെറ്റ് ടൂള്‍

കുട്ടിക്കാലത്ത് ഉപദ്രവിക്കപ്പെടുന്ന കുട്ടികളുടെ മനസിലെ വേദനകൾ മുതിര്‍ന്നാലും അവരെ തളര്‍ത്തുമെന്ന് അറിയാവുന്നവരാല്‍ ഉണ്ടാക്കപ്പെട്ടതാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് ടൂള്‍. കുട്ടികളെ, പ്രത്യേകിച്ചും 12 വയസിനു താഴെയുള്ളവരെ ഉപദ്രവിക്കുന്നത് എല്ലാ രാജ്യത്തും കുറ്റകരമാണ്. ഇത്തരം വിഡിയോകള്‍ കാണുന്നതും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിയമവിരുദ്ധമാണ്. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് അഥവാ വിപിഎന്നിനു പിന്നിലിരുന്നാണ് വിഡിയോ ഡൗണ്‍ലോഡു ചെയ്യുന്നതെങ്കില്‍ പോലും തങ്ങളുടെ ടൂള്‍ ഉപയോഗിച്ചു കണ്ടെത്താനാകുമെന്നാണ് അത് വികസിപ്പിച്ചെടുത്തവര്‍ അവകാശപ്പെടുന്നത്. ഇന്റര്‍നെറ്റിലെ അധോലോകത്തിന്റെ ഏറ്റവും വൃത്തിഹീനമായ പ്രദേശങ്ങളിലൊന്നാണ് കുട്ടികളുടെ ഉപദ്രവിക്കുന്നവരുടെ പോണും വിഡിയോയും മറ്റും പ്രചരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടം വൃത്തിയാക്കുക എന്ന ദൗത്യമാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.

നിലവില്‍ ഈ ടൂള്‍ അമേരിക്കയിലെ 50 സ്റ്റേറ്റുകൾ, കാനഡ, ബ്രിട്ടൻ, ബ്രസീലുമടക്കം 95 രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. അമേരിക്കയില്‍ ഏകദേശം 8500 നിയമപാലകര്‍ ഇതുപയോഗക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ലോകമെമ്പാടും 12,000 ലേറെ നിയമപാലന രംഗത്തുള്ളവര്‍ക്കും ഇതുപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഈ സോഫ്റ്റ്‌വെയര്‍ കടലിലെ ഒരു തുള്ളി പോലെയാണ്. കുട്ടികളെ ഉപദ്രവിക്കുന്ന മെറ്റീരിയല്‍ അതിനുമാത്രമാണ് പ്രചരിക്കുന്നത്. ലോക്ഡൗണ്‍ വന്നതോടെ ഇത്തരം മെറ്റീരിയല്‍ കാണുന്നവരുടെ എണ്ണവും പതിന്മടങ്ങു വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അടുത്ത ഘട്ടത്തില്‍ ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളോടും സ്‌കുളുകളോടും ഒത്തു പ്രവർത്തിച്ച് കുറ്റവാളികളെ കണ്ടെത്താമെന്ന വിചാരത്തിലാണ് 2010 മുതല്‍ നിലവിലുള്ള ഈ സോഫ്റ്റ്‌വെയറിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഫെയ്‌സ്ബുക് പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് സംശയാസ്പദമായ നീക്കങ്ങള്‍ നടത്തുന്ന വ്യക്തികളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ബേബി സിറ്റര്‍മാരെ (കുട്ടികളെ നോക്കാനുള്ള ആളുകളെ) ഏര്‍പ്പാടാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ തുടങ്ങിയവയുടെ സഹായവും വരും കാലത്ത് തേടും. സംശയാസ്പദമായ പെരുമാറ്റമുള്ള പല ഉപയോക്താക്കളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍, അവരുടെ പല പ്രവര്‍ത്തികളെയും കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം. ഫെയ്‌സബുക്കിനും മറ്റും ലഭിക്കുന്ന ഡേറ്റ, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിന്റെ കൈയ്യിലുള്ള ഡേറ്റയുമായി ബന്ധിപ്പിക്കാനായാല്‍ അതൊരു പുതിയ തുടക്കമായേക്കും.

തങ്ങളുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കപ്പെടുന്നില്ലെന്നു കരുതുന്നവരെ പോലും ഞെട്ടിച്ചാണ് പൊലീസ് വീടുകളിലേക്ക് എത്തുന്നത്. ചരിത്ര അധ്യാപകനായി റിട്ടയര്‍ ചെയ്ത ടേ ക്രിസ്റ്റഫര്‍ കൂപ്പറുടെ കാലിഫോര്‍ണിയയിലെ വീട്ടിലേക്ക് ഇരച്ചു കയറിയ പൊലീസ് അദ്ദേഹത്തിന്റെ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ആ ഉപകരണങ്ങളിൽ കുരുന്നുകളെ പീഡിപ്പിക്കുന്ന 11,600 ലേറെ വിഡിയോകളും ചിത്രങ്ങളുമായിരുന്നു ശേഖരിച്ചിരുന്നത് എന്നാണ് കോടതി രേഖകളില്‍ കാണുന്നത്. ഫയല്‍ ഷെയറിങ് നെറ്റ്‌വര്‍ക്കുകളുടെ നിഴല്‍പറ്റി നീങ്ങിയാണ് കൂപ്പറെ പൊക്കിയത്. അതിനു വഴിയൊരുക്കിയത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റമാണ്. സോഫ്റ്റ്‌വെയറിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചൈല്‍ഡ് റെസ്‌ക്യൂ കോഅലിഷന്‍ എന്ന ഫ്‌ളോറിഡാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാഭോദ്ദേശമില്ലാത്ത സംഘടനയാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം നിരീക്ഷിച്ചുവരുന്ന ഒരു ഫയല്‍ ഷെയറിങ് പ്രൊഗ്രാമിലൂടെ കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്തതാണ് കൂപ്പറിനു പിടിവീഴാന്‍ ഇടയാക്കിയത്. കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് 200 നാമകരണങ്ങളാണ് സോഫ്റ്റ്‌വെയര്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ പോണ്‍ സൂക്ഷിച്ചുവെന്ന കുറ്റമേറ്റ കൂപ്പര്‍ അതില്‍ പശ്ചാത്തപിക്കുന്നു എന്നു പറഞ്ഞുവെന്നതിനാല്‍ ഒരു വര്‍ഷത്തേക്കുമാത്രമാണ് അഴിയെണ്ണിയത്. ഇത്തരത്തില്‍ ലോകമെമ്പാടുമായി ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇതുവരെ 12,000 പേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

സ്ഥിരം ഉപദ്രവകാരികളെ പിടിക്കാനാണ് മിക്ക രാജ്യങ്ങളിലും ഈ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. ഇതുപയോഗിച്ച് കുട്ടികളുടെ പോണ്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ അലയുന്നവരുടെ രാജ്യം, സംസ്ഥാനം, നഗരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാം. അതിനു ശേഷം ഇന്റര്‍നെറ്റ് പ്രൊവൈഡറുടെ കൈയ്യില്‍ നിന്നും വ്യക്തിയെക്കുറിച്ചുള്ള ഡേറ്റയും കൈക്കലാക്കിയ ശേഷമായിരിക്കും കൂടുതല്‍ പഠനങ്ങള്‍. ഇക്കാര്യത്തില്‍ നിലവിലുള്ള ഏതു ടൂളിനെക്കാളും മികച്ചതാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റമെന്ന് ഫ്‌ളോറിഡയിലെ അസിസ്റ്റന്റ് സ്‌റ്റേറ്റ് അറ്റോര്‍ണിയായ ഡെനിസ് നൈസ്‌വാണ്ടര്‍ പറയുന്നു. ഫ്‌ളോറിഡ ഇതുവരെ 200 പേരെയാണ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കുരുക്കിയത്. സമ്പൂര്‍ണ്ണമായി ഓട്ടോമേറ്റഡാണ് സോഫ്റ്റ്‌വെയര്‍. ഉപയോഗിക്കല്‍ ലളിതവും. കുറ്റവാളിയെ ഇരുന്ന ഇരുപ്പില്‍ നിന്ന് അനങ്ങാന്‍പോലും അനുവദിക്കാതെ പൊക്കാം. കുട്ടിക്കാലത്ത് തനിക്ക് സഹോദരനില്‍ നിന്നേറ്റ പീഡനമാണ് റോണി വില്ല്യംസിനെ ഫോറന്‍സിക് ശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചതും ടൂളിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളായി തീരാന്‍ തോന്നതിച്ചതും.

ടൂളിനു പിന്നിലുള്ളവര്‍ ബോക്കാ റേറ്റണ്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ക് ഫ്രം ഹോം തുടങ്ങിയ, ലോക്ഡൗണിനു തൊട്ടുമുൻപ് അവരില്‍ പത്തു പേര്‍ ഒരുമിച്ചിരിക്കുന്നു. അവര്‍ക്കു മുന്നിലുള്ള സ്‌ക്രീനിലുള്ള യൂറോപ്പിന്റെ മാപ്പില്‍ കുറച്ചു ചുവപ്പു കുത്തുകള്‍ കാണാം. ഇവയിലോരോ കുത്തും അടുത്തിടെ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോ ഡൗണ്‍ലോഡ് ചെയ്ത ഐപി അഡ്രസുകളാണ്. ഈ ഡൗണ്‍ലോഡുകള്‍ നടക്കുന്നത് ഏതെങ്കിലും സെര്‍വറുകളില്‍ നിന്നല്ല. ആയിരക്കണക്കിന് വ്യക്തികളുടെ കംപ്യൂട്ടറുകളില്‍ നിന്നാണ് എന്നതാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധൈര്യം പകരുന്നത്. ആളുകള്‍ സിനിമകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്ന പിയര്‍ ടു പിയര്‍ നെറ്റ് വര്‍ക്കുകള്‍ക്കു സമാനമാണ് ഇവയുടെ പ്രവര്‍ത്തനവും. സമൂഹ മാധ്യമങ്ങളുടെയോ ക്ലൗഡ് സേവനങ്ങളുടെയോ പിന്‍ബലമില്ലാതെയാണ് ഇവ നടക്കുന്നതെന്നത് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തല്‍ ദുഷ്‌കരമാക്കുന്നു. കേന്ദ്ര സെര്‍വറുകളൊന്നുമില്ല. ഇന്റര്‍നെറ്റിന്റെ അധോലോകങ്ങളിലൊന്ന് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.

കാര്‍ലി യൂസ്റ്റ് ആണ് ചൈല്‍ഡ് റെസ്‌ക്യൂ കോഅലിഷന്റെ മേധാവി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം സൃഷ്ടിച്ചത് യൂസ്റ്റിന്റെ പിതാവായ ഹാങ്ക് ആഷറാണ്. നരിവധി കമ്പനികള്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ആര്‍ഷറിന് വളരെ വേദനാജനകമായ ഒരു കുട്ടിക്കാലമായിരുന്നു ലഭിച്ചത്. ശാരീരികമായും മാനസികമായും അദ്ദേഹത്തിന്റെ പിതാവ് ഉപദ്രവിച്ചുവന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉപദ്രവം അഴിച്ചുവിടുന്ന പരമാവധി കുറ്റവാളികളെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ കമ്പനി തുടങ്ങുന്നത്. 2013ല്‍ അദ്ദേഹം നിര്യാതനായി.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന നിയമവിരുദ്ധമായ ഫയലുകള്‍ കണ്ടെത്തിയാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ടീനേജ് ആണ്‍കുട്ടി തന്റെ കാമുകിയുടെ ചിത്രം അയയ്ക്കുന്നതു പോലെയല്ല ഇത്തരം കണ്ടെന്റ് മുതിര്‍ന്നവര്‍ ഷെയര്‍ ചെയ്യുന്നത്. ഇത്തരം ഫയലുകള്‍ കണ്ടെത്തിയ ശേഷം അവയ്ക്ക് ഡിജിറ്റല്‍ ഫിങ്ഗര്‍പ്രിന്റ് പതിക്കുന്നു. ഈ ഡിജിറ്റല്‍ അടയാളത്തെ ഹാഷ് എന്നു വിളിക്കുന്നു. ഈ ഹാഷുകള്‍ (ഫയലുകളല്ല) ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിലേക്കു കടത്തിവിട്ടാണ് ഇന്റര്‍നെറ്റിലൂടെ അവയുടെ ചലനം നിരീക്ഷിക്കുന്നത്. ഏകദേശം 10 ലക്ഷം ഹാഷ്ഡ് ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ സിസ്റ്റത്തില്‍ ഫീഡു ചെയ്തിരിക്കുന്നത്. ഡേറ്റാബെയ്‌സ് ദിവസവും വളരുകയാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഹാഷുകള്‍ ഡൗണ്‍ലോഡ് ചെയ്ത കംപ്യൂട്ടറുകളെ കണ്ടെത്താനാണ് സോഫ്റ്റ്‌വെയര്‍ ജാഗ്രതയോടെ ഇരിക്കുന്നത്. ഒരേ വൈ-ഫൈയുമായി കണക്ടു ചെയ്തിരിക്കുന്നവരുടെ ഐപി ചോര്‍ത്തിയും, ഏത് ഉപകരണം ഉപയോഗിച്ചാണ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നതെന്നു കണ്ടെത്തിയുമാണ് ആളെ തിരിച്ചറിയുന്നത്. ഈ സിസ്റ്റത്തിന് വിപിഎന്‍ ഒരുക്കുന്ന മറ ഭേദിക്കാനാകുമെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

എന്നാല്‍, ഇത് ശരിയല്ലെന്നു വാദിക്കുന്നവരും കൃത്യതയെ ചോദ്യംചെയ്യുന്നവരും ഉണ്ട്. 2019ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച് എന്ന സംഘടന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച കത്തില്‍ പറയുന്നത്, ചൈല്‍ഡ് പ്രോട്ടക്ഷന്‍ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു വെളിവാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവര്‍ പല കേസുകളും ഉപേക്ഷിക്കുകയാണ് ഉണ്ടായതെന്നു ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള നിരീക്ഷണം എക്കാലത്തും ഒരു പ്രശ്‌നം തന്നെയായിരിക്കുമെന്ന് സംഘടന പറയുന്നു. ചില സൈബര്‍ കുറ്റകൃത്യ വിദഗ്ധരും ഇതു ശരിവയ്ക്കുന്നു. എന്നാല്‍, ചൈല്‍ഡ് റെസ്‌ക്യൂ കോഅലിഷന്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍, സോഴ്‌സ് കോഡ് ഉള്‍പ്പടെ, പല സ്റ്റേറ്റുകള്‍ക്കും നല്‍കിക്കഴിഞ്ഞു.

English Summary: A tool that unmasks child porn offenders led to thousands of arrests. Now it’s expanding

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA