ADVERTISEMENT

ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഗവേഷകര്‍ നടത്തിയ കൊറോണാവൈറസിനെ കുറിച്ചു നടത്തിയ കണ്ടെത്തല്‍ പുത്തന്‍ പ്രതീക്ഷ നൽകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിന്റെ ജനിതക ശ്രേണി (genetic sequence) ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തന്മാത്രയുടെ ഘടന തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന് ആവേശം പകരുന്നത്. ആതിഥേയന്റേതെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പറ്റിക്കൂടാന്‍ ഇത് വൈറസിനെ സഹായിക്കുന്നു. ഇത് കേന്ദ്രീകരച്ച് കോവിഡ് ബാധയ്‌ക്കെതിരെ ആന്റിവൈറല്‍ മരുന്നുകള്‍ നിർമിച്ചെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് ചില ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സുപ്രസിദ്ധ ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് എന്‍എസ്പി10 (nsp10) എന്നു പറയുന്ന മോളിക്യൂളാണ് വൈറല്‍ എംആര്‍എന്‍എകളുടെ (mRNAs) ഘടന മാറ്റി, ആതിഥേയ കോശത്തിന്റെ സ്വന്തം എംഅര്‍എന്‍എ ആണെന്നു തെറ്റിധരിപ്പിക്കത്തക്ക രൂപമെടുക്കാന്‍ വൈറസിനെ അനുവദിക്കുന്നത്. എംആര്‍എന്‍എകളാണ് പ്രോട്ടീനുകള്‍ ഉണ്ടാക്കാനുള്ള രൂപരേഖ.

 

സാന്‍ അന്റോണിയോയിലെ, ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത് സയന്‍സ് സെന്ററിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. അവര്‍ പറയുന്നത് ഈ മാറ്റംവരുത്തല്‍ വഴി, എന്‍എസ്പി10 ആതിഥേയ കോശം അതിന്റെ പ്രതിരോധ പ്രതികരണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതൊരു പ്രച്ഛന്നവേഷം കെട്ടലാണ്. സ്വയം മാറ്റംവരുത്തല്‍ നടത്തിയാണ് ആതിഥേയ കോശത്തെ തെറ്റിധരിപ്പിക്കുന്നത്. കോശത്തിനെ അതിന്റെ സ്വന്തം കോഡിലുള്ള എന്തൊ ആണ് എന്നു തെറ്റിധരിപ്പിക്കാന്‍ സാധിക്കുന്നതിലൂടെയാണ് വൈറസിനെതിരെയുള്ള പ്രതികരണം ആതിഥേയന്റെ ശരീരത്തില്‍ ഉണ്ടാകാത്തതെന്ന് പഠനത്തിന്റെ സഹ രചയിതാവായ യോഗേഷ് ഗുപ്ത പറയുന്നു.

 

എന്‍എസ്പി16ന്റെ 3ഡി രൂപം അനാവരണം ചെയ്യുക വഴി നോവല്‍ കൊറോണാവൈറസ് സാര്‍സ്-കോവ്-2നെതിരെ പുതിയ മരുന്നു കണ്ടെത്താനുള്ള സാധ്യതയാണ് തെളിയുന്നത്. പുതിയ മരുന്നുകള്‍ ഉപയോഗിച്ച് എന്‍എസ്പി16 ജനിതക മാറ്റം വരുത്തുന്നത് ഇല്ലാതാക്കാന്‍ സാധിച്ചാല്‍, ആതിഥേയന്റെ കോശത്തിന്റെ പ്രതിരോധ സിസ്റ്റത്തിന് കടന്നുകയറ്റക്കാരനായ വൈറസിനുമേല്‍ പ്രതിരോധം തീർക്കാനാകുമെന്ന് ഗുപ്ത പറഞ്ഞു. യോഗേഷിന്റെ പഠനം, കോവിഡ്-19 വൈറസിന്റെ പ്രധാനപ്പെട്ട ഒരു എന്‍സീമിന്റെ 3ഡി ഘടനയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് വൈറസിന്റെ അടിസ്ഥാന ഘടനയിലേക്ക് വെളിച്ചം വീശുന്നുവെന്നും പഠനത്തിന്റെ സഹ രചയിതാക്കളലൊരാളായ റോബട്ട് ഹ്രോമസ് പറയുന്നു.

 

∙ മൈക്രോസോഫ്റ്റ് സര്‍ഫസ് ഡുവോ അവതരിപ്പിച്ചേക്കും

 

മൈക്രോസോഫ്റ്റിന്റെ ഇരട്ട സ്‌ക്രീനുള്ള സ്മാര്‍ട് ഫോണായ സര്‍ഫസ് ഡുവോ അധികം താമസിയാതെ അവതരിപ്പിച്ചേക്കും. ഇതൊരു ആന്‍ഡ്രോയിഡ് കേന്ദ്രീകൃത കമ്യൂണിക്കേഷന്‍ ഉപകരണമാണ്. മൈക്രോസോഫ്റ്റിന്റെ ആപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒന്നായിരിക്കുമിത്. രണ്ട് 5.6-ഇഞ്ച് വലുപ്പമുളള ഡിസ്‌പ്ലെകള്‍ ചേര്‍ത്താണ് ഇതിന്റെ നിര്‍മിതിയെന്നാണ് കേള്‍ക്കുന്നത്. ഇതു വിടര്‍ത്തുമ്പോള്‍ 8.3-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനായി തീരുന്നു എന്നത് വിഡിയോ കാണുന്നവര്‍ക്കും ഇബുക്കുകള്‍ വായിക്കുന്നവര്‍ക്കും ഗെയിം കളിക്കുന്നവര്‍ക്കും പുതിയ അനുഭവം പകരുമെന്നു കരുതുന്നു. നേരത്തെ ഇരട്ട സ്‌ക്രീന്‍ ഫോണുകള്‍ ഇറക്കിയ സാംസങ്, വാവെയ് തുടങ്ങിയ കമ്പനികളില്‍ നിന്ന് വേറിട്ടൊരു സമീപനമാമാണ് സര്‍ഫസ് ഡുവോയുടെ നിര്‍മിതിയില്‍ പഴയ ടെക് പടക്കുതിരയായ മൈക്രോസോഫ്റ്റ് സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡിലാണ് ഇതു പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം പലരെയും ആകര്‍ഷിച്ചേക്കും. മൈക്രോസോഫ്റ്റിന്റെ ഉദ്യോഗസ്ഥനായ പാനോസ് പാനെയ് സര്‍ഫസ് ഡുവോ ഉപയോഗിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. https://bit.ly/3jI8NVy

 

∙ ടെക് ഭീമന്മാര്‍ക്കെതിരെയുള്ള വിചാരണ മാറ്റിവച്ചു

 

ഫെയ്‌സ്ബുക്, ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ എന്നി കമ്പനികളുടെ മേധാവികളെ ന്യായവിചാരണ നടത്തുന്ന തിയതി ബുധനാഴ്ചത്തേക്ക് മാറ്റി. മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചൈ, ടിം കുക്ക്, ജെഫ് ബെയ്‌സോസ് എന്നിവര്‍ നേരിട്ടെത്തേണ്ടെന്നും വെര്‍ച്വലായി പങ്കെടുത്താല്‍ മതിയെന്നും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സബ് കമ്മറ്റി അറിയിച്ചു. സ്വകാര്യ ടെക് കമ്പനികള്‍ അനുദിനമെന്നോണം ആര്‍ജ്ജിക്കുന്ന ശക്തിയെക്കുറിച്ച് ലോക രാഷ്ട്രങ്ങള്‍ കൂടുതല്‍ ബോധമുള്ളവരാകുന്നു എന്നതാണ് പുതിയ നീക്കം ശ്രദ്ധിക്കപ്പെടുന്നത്.

 

∙ വരുന്നു, ആമസോണ്‍ പ്രൈം ഡേ!

 

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനശാലകളിലൊന്നായ ആമസോണ്‍ ഏറ്റവുമധികം വിലക്കിഴിവില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ആമസോണ്‍ പ്രൈം ഡേ വരികയാണ്. ഓഗസ്റ്റ് 6, 7 തിയതികളായിരിക്കും മേള നടത്തുക. സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ക്യമാറകള്‍, ഗെയിം കണ്‍സോളുകള്‍, വിവിധ ആക്‌സസറികള്‍ തുടങ്ങിയവയ്‌ക്കൊക്കെ കൂറ്റന്‍ ഡിസ്‌കൗണ്ട് കിട്ടിയേക്കാം. ഐഫോണ്‍ 11, സോണി പ്ലേ സ്റ്റേഷന്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇളവു പ്രതീക്ഷിക്കുന്നു.

 

ഇതിന്റെ ഗുണം കിട്ടണമെങ്കില്‍ ആമസോണ്‍ പ്രൈം അംഗമായിരിക്കണം. പ്രൈം മെമ്പര്‍ ആകാന്‍ ഒരു വര്‍ഷത്തേക്ക് 999 രൂപയാണ് നല്‍കേണ്ടത്. എന്നാല്‍, ഇതു നല്‍കുക വഴി പ്രൈം വിഡിയോ കണ്ടെന്റും മറ്റും ഒരു വര്‍ഷത്തേക്ക് ആസ്വദക്കാമെന്നതു കൂടാതെ, ഷിപ്പിങും ഫ്രീ ആയിരക്കും. ഇനി നിങ്ങള്‍ക്ക് പൈസ മുടക്കാന്‍ താത്പര്യമില്ലെങ്കില്‍ 30 ദിവസത്തെ ട്രയലിനായി സൈന്‍-അപ് ചെയ്യാം.

 

∙ പ്രൈം ഡേയില്‍ ഡിസ്‌കൗണ്ട് പ്രതീക്ഷിക്കുന്ന ചില ഉപകരണങ്ങള്‍

 

ഐഫോണ്‍ XR, ഐഫോണ്‍ 11, ഐഫോണ്‍ എസ്ഇ (2020)

ആപ്പിള്‍ വാച്ച് സീരിസ് 3, സീരിസ് 5

ഐപാഡ് 2019

ആപ്പിള്‍ യര്‍പോഡ്‌സ് 2, എയര്‍പോഡ്‌സ് പ്രോ

സാംസങ് ഗ്യാലക്‌സി എസ്10, നോട്ട് സീരിസ്

സോണി പ്ലേസ്റ്റേഷന്‍ 4 സ്ലിം, പ്ലേസ്റ്റേഷന്‍ 4 പ്രോ

ആമസോണ്‍ എക്കോ

ഷഓമി എംഐ10

വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 8 പ്രോ

 

ഈ 48 മണിക്കൂര്‍ മേളയില്‍ ചില സമയത്ത് 'ലെറ്റ്‌നിങ് ഡീല്‍സി'ലൂടെയാണ് ഏറ്റവുമധികം വിലക്കുറവ് കിട്ടുന്നത്. എന്നാല്‍, ഇത് കുറച്ച് എണ്ണത്തിനു മാത്രമായിരിക്കും. അവ മിനിറ്റുകള്‍ മാത്രമെ ലഭ്യമാകൂ. മേളയുടെ ഗുണം വേണമെന്നുള്ളവര്‍ തങ്ങള്‍ക്ക് താത്പര്യമുള്ള പ്രൊഡക്ട്‌സിനെക്കുറിച്ച് നേരത്തെ ധാരണയുണ്ടാക്കി വയ്ക്കണം. പ്രൈം ഡേയില്‍ ആമസോണിനൊപ്പം പങ്കെടുക്കുന്ന കമ്പനികള്‍ അവരുടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളില്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ സാധ്യതയുള്ള പ്രൊഡക്ടുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയേക്കാം.

 

English Summary: Amazon Prime Day 2020: When is it, tips, and what deals to expect?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com