sections
MORE

കൂടുതല്‍ കുട്ടികളുണ്ടായില്ലെങ്കില്‍ മനുഷ്യരാശി ഇല്ലാതാകുമെന്ന് മസ്ക്; ചൈനീസ് കോടീശ്വരനെ കോടതി വിളിപ്പിച്ചു

elon-musk
SHARE

ടെക്‌നോളജി രംഗത്ത് നിസ്തുലമായ സ്ഥാനമാണ് ഇലോണ്‍ മസ്‌കിനുള്ളത്. അദ്ദേഹം വെട്ടിപ്പിടിക്കുന്ന വെര്‍ച്വല്‍ സാമ്രാജ്യങ്ങള്‍, ഏറ്റെടുക്കുന്ന ടെക് ദൗത്യങ്ങള്‍ തുടങ്ങിയവയൊക്കെ മറ്റൊരാളും സ്വപ്‌നംപോലും കാണാത്തവയാണ്. ആപ്പിള്‍ സഹ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാം ഐഫോണുകളെക്കുറിച്ചോ മാക് കംപ്യൂട്ടറുകളെക്കുറിച്ചോ ഓര്‍ക്കുമായിരിക്കും. പക്ഷേ, ഏതാനും പതിറ്റാണ്ടു കൂടെ മസ്‌ക് ഇങ്ങനെ തന്റെ ടെക് സ്വപ്‌നങ്ങളുടെ ചിറകിലേറി പറക്കുകയും നേട്ടങ്ങള്‍ കൊയ്യുകയുമാണെങ്കില്‍ അത് ജോബ്‌സൊക്കെ എത്ര ചെറിയ മീന്‍ എന്നു തോന്നിപ്പിച്ചേക്കും.

ചിലര്‍ പറയുന്നത് മസ്‌കിനു മുന്നില്‍ ഇപ്പോള്‍ത്തന്നെ ജോബ്‌സ് ആരുമല്ലാതായി തീര്‍ന്നു എന്നാണ്. ഇതൊക്കെയാണെങ്കിലും ടെക് സ്വപ്‌നങ്ങള്‍ തലയിലേറ്റി നടക്കുകയായിരുന്ന മസ്‌ക് അടുത്തിടെ വീണ്ടും അച്ഛനായി- തന്റെ 49-ാം വയസില്‍. കുട്ടിക്കു പേരിടുന്ന കാര്യത്തിലും മസ്‌ക് അപാരമ്പര്യതയുടെ വഴിയാണ് സ്വീകരിച്ചത്- എക്‌സ് ആഷ് ട്വെല്‍വ് എന്ന് ഉച്ചരിക്കുന്ന പേര് എഴുതുന്നത് X Æ A-Xii എന്നാണ്. കുട്ടിയേ ഇപ്പോള്‍ കൂടുതല്‍ പരിചരിക്കുന്നത് പങ്കാളി ഗ്രൈംസാണ്. എന്നാല്‍, അല്‍പ്പം കൂടെ വളരുമ്പോള്‍ തനിക്ക് കൂടുതല്‍ റോളുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

മൊത്തം ആറു കുട്ടികളുള്ള ഈ അമേരിക്കന്‍ ബിസിനസുകാരന്‍ കുട്ടികള്‍ക്ക് സ്വന്തം നിലയില്‍ ഒരു നിര്‍വ്വചനവും നല്‍കിയിട്ടുണ്ട്- തിന്നുകയും അപ്പിയിടുകയും ചെയ്യുന്ന യന്ത്രങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റ വിവരണം. മസ്‌കിന്റെ മറ്റ് അഞ്ചു കുട്ടികളുടെയും മാതാവ് മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌ക് ആണ്. എല്ലാക്കുട്ടികളുമൊത്ത് ചൈനയിലേക്ക് ഒരു യാത്ര നടത്തുന്നതും വന്മതില്‍ കാണാന്‍ പോകുന്നതും എല്ലാം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളിലുണ്ട്. യന്ത്രങ്ങള്‍ മാത്രം പോരാ, കൂടുതല്‍ കുട്ടികളും വരട്ടെ എന്നാണ് മസ്‌കിന്റെ പുതിയ മന്ത്രം. ആളുകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകുന്നില്ലെങ്കില്‍ മനുഷ്യരാശി ഇല്ലാതാകുമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ജനസംഖ്യ വര്‍ധിക്കുന്നത് ലോകത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് എന്നു വിശ്വസിക്കപ്പെടുന്ന കാലത്താണ് മസ്‌ക് ഇതു പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സംസ്‌കാരത്തിലും സിനിമകളിലും എല്ലാം നിലനില്‍ക്കുന്ന പുരുഷത്വം, സ്ത്രീത്വം തുടങ്ങിയ വാര്‍പ്പു മാതൃകകള്‍ പരിചയപ്പെടുത്താതെ കുട്ടിയെ വളര്‍ത്തിയെടുക്കാനും മസ്‌കും ഭാര്യയും ആഗ്രഹിക്കുന്നു. ഈ ആശയം പല സെലിബ്രിറ്റികളും ആകര്‍ഷകമായി കണ്ടുകഴിഞ്ഞിരിക്കുകയാണ്. 

∙ ഫോണ്‍ അഞ്ചു മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാം

സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ നേരിട്ടുവന്ന ഒരു പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുകയാണ്. പ്രശസ്ത സ്മാര്‍ട് ഫോണ്‍ പ്രോസസര്‍ നിര്‍മാതാവായ ക്വല്‍കം പുറത്തിറക്കിയ പുതിയ ക്വിക് ചാര്‍ജ് ടെക്‌നോളജി പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. 'ക്വിക് ചാര്‍ജ് 5' എന്നു പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ ഫോണുകളെ പൂജ്യത്തില്‍ നിന്ന് 50 ശതമാനം ചാര്‍ജ് എത്തിക്കാന്‍ കേവലം 5 മിനിറ്റേ എടുക്കൂ. ലോകത്തെ ആദ്യ 100 വോട്ട്പ്ലസ് (100W+) ചാര്‍ജിങ് രീതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി അധികമായി ചാര്‍ജാകുന്നതിനെതിരെയുള്ള സുരക്ഷയും ഉള്‍പ്പെടുത്തിയാണ് പുതിയ രീതിയിലുള്ള ചാര്‍ജിങ് എത്തുക. ഈ വര്‍ഷം തന്നെ ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച ഫോണുകള്‍ ഇറങ്ങും. ഫോണുകളുടെ ബാറ്ററി തീരുക എന്നത് പലര്‍ക്കും വിഷമമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു. എന്നാല്‍, പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് അനുമാനം. 100 ശതമാനം ചാര്‍ജാകാന്‍ കേവലം 15 മിനിറ്റേ എടുക്കൂ എന്നതും പലര്‍ക്കും ആശ്വാസംപകരും. ഇതുവരെ നിലവിലുണ്ടായിരുന്ന ക്വിക്ചാര്‍ജ് 4 ടെക്‌നോളജിയെ അപേക്ഷിച്ച് 70 ശതമാനം കൂടുതല്‍ കാര്യക്ഷമത പുതിയ ക്വിക്ചാര്‍ജ് 5ന് ഉണ്ട് എന്നാണ് ക്വാല്‍കം അവകാശപ്പെടുന്നത്.

അടുത്ത തലമുറയിലെ വൈദ്യുതി നിയന്ത്രണ ഐസികളും (power management ICs (PMIC) ക്വാല്‍കം ക്വിക് ചാര്‍ജ് 5ല്‍ ഉള്‍ക്കൊള്ളിച്ചു. ഈ ഐസികള്‍ പുതിയ ബാറ്ററികളെ (1SnP and 2SnP) സപ്പോര്‍ട്ടു ചെയ്യുന്നു. വയേഡ്, വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യയ്ക്ക് ഇവ ഉപകരിക്കും. യുഎസ്ബി ടൈപ്-സി, യുഎസ്ബി-പിഡി കണക്ഷനുകള്‍ സപ്പോര്‍ട്ടും ചെയ്യും. തുടക്കത്തില്‍ സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറുകളെയായിരിക്കും പുതിയ സാങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യുക. ഇത് പ്രയോജനപ്പെടുത്തിയുള്ള ആദ്യ ഫോണ്‍ നിര്‍മിക്കുന്നത് ഷഓമിയാണ്.

∙ തങ്ങളുടെ ജോലിക്കാര്‍ അടുത്ത ജൂലൈ വരെ വീട്ടിലിരുന്നു ജോലി ചെയ്യട്ടെയെന്ന് ഗൂഗിള്‍

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ജോലിക്കാര്‍ 2021 ജൂലൈ വരെ വീട്ടിലിരുന്നു ജോലി ചെയ്യട്ടെ എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിളെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില നഗരങ്ങളില്‍ ഓഫിസുകള്‍ തുറക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അടുത്ത വര്‍ഷം ജൂലൈ വരെ വര്‍ക് ഫ്രം ഹോം മതിയെന്നാണ് കമ്പനിയുടെ തീരുമാനമെന്നു പറയുന്നു.

google

∙ 5,499 രൂപയ്ക്ക് സാംസങിന്റെ ഫോണ്‍!

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ കമ്പനിയായ സാംസങ് തങ്ങളുടെ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗ്യാലക്‌സി എംസീറോവണ്‍ കോര്‍ (Galaxy M01 Core) ആന്‍ഡ്രോയഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഈ ഫോണിന് 5,499 രൂപയായിരിക്കും വില. നോക്കിയ 1 സീരിസിനോട് ഏറ്റുമുട്ടാനാണ് പുതിയ മോഡല്‍. 3000 എംഎഎച് ബാറ്ററിയുള്ള ഈ ഫോണിന് 5.3-ഇഞ്ച് എച്ഡിപ്ലസ് ഡിസ്‌പ്ലെയാണ് ഉള്ളത്. 1ജിബി റാമും, 8ജിബി സ്റ്റോറേജ് ശേഷിയും (128ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാം) ഉണ്ട്. മെഡിയടെക് എംടി6737 ആണ് പ്രോസസര്‍. 5 എംപി പിന്‍ ക്യാമറ, 2 എംപി മുന്‍ ക്യാമറ എന്നിവയുള്ള ഫോണ്‍ ചില ഉപയോക്താക്കള്‍ക്ക് വളരെ ആകര്‍ഷകമായിരിക്കും.

∙ തങ്ങള്‍ നല്‍കുന്നത് ഇന്ത്യയില്‍ നിര്‍മിച്ച ഉപകരണങ്ങളെന്ന് എറിക്‌സണ്‍

ഇന്ത്യന്‍ കമ്പനികള്‍ക്കു തങ്ങള്‍ നല്‍കുന്ന ഉപകരണങ്ങള്‍ രാജ്യത്തു തന്നെ നിര്‍മിച്ചവയാണെന്ന് ടെലികോം ഉപകരണ നിര്‍മാതാവ് എറിക്‌സണ്‍ അറിയിച്ചു. ഇന്ത്യയിലെ 5ജി ലേലം തുടങ്ങാനിരിക്കവെയാണ് കമ്പനി ഇക്കാര്യം പറഞ്ഞത്. വാവെയ്, സെഡ്ടിഇ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കു പകരം എറിക്‌സണ്‍ തുടങ്ങിയ കമ്പനികള്‍ക്കായിരിക്കും പ്രാധാന്യം ലഭിക്കുക.

∙ സർക്കാരിന്റെ കാലാവസ്ഥാ ആപ് മൗസം പുറത്തിറക്കി

പല ഇന്ത്യന്‍ നഗരങ്ങളിലെയും കാലാവസ്ഥാ പ്രവചനം നടത്താന്‍ കഴിവുള്ളതായിരിക്കും കേന്ദ്രം പുറത്തിറക്കിയ പുതിയ മൗസം (Mausam) ആപ് എന്ന് പറയുന്നു. ദിവസവും പല തവണ പുതിയ വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കും.

∙ പിക്‌സല്‍ 4എ ഓഗസ്റ്റ് 3ന് അവതരിപ്പിക്കും?

സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയങ്കരമായ മോഡലുകളിലൊന്നാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍. ഈ വര്‍ഷത്തെ പിക്‌സല്‍ കുടുംബത്തിലെ വില കുറഞ്ഞ മോഡലായി പിക്‌സല്‍ 4എ ഓഗസ്റ്റ് 3ന് അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ സൂചനകള്‍.

jack-ma

∙ ആലിബാബാ സ്ഥാപകന്‍ ജാക് മായെ വിളിപ്പിച്ച് ഇന്ത്യന്‍ കോടതി

ഒരു മുന്‍ ജോലിക്കാരന്റെ പരാതിയില്‍ ആലിബാബ സ്ഥാപകനായ ജാക് മായ്ക്ക് സമണ്‍സ് അയച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ കോടതി. തന്റെ ജോലികളഞ്ഞത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്ന പരാതിയിലാണ് മായ്ക്ക് ഗുരുഗ്രാം ജില്ലാ കോടതി സമണ്‍സ് അയച്ചത്.

English Summary: Why should Elon Musk look after his own baby? He’s already saving humanity

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA