sections
MORE

ആപ് നിരോധനത്തിനെതിരെ ചൈന, വിചാറ്റ് നിരോധനത്തിലെ തെറ്റു തിരുത്തണമെന്ന്

wecahat
SHARE

ഇന്ത്യ ആദ്യം നിരോധിച്ച 59 ചൈനീസ് ആപ്പുകളിലൊന്നാണ് സമൂഹ മാധ്യമ ആപ്പായ വിചാറ്റ്. നിരോധനം കഴിഞ്ഞ് ഒരു മാസത്തേക്ക് ഒന്നും മിണ്ടാതിരുന്ന ചൈന ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് നിരോധനതത്തിലെ തെറ്റു തിരുത്തണമെന്നാണ്. ചൈനീസ് എംബസിയുടെ വക്താവ് ജി റോങ് പറഞ്ഞത്, ആപ് നിരോധനത്തെക്കുറിച്ചു വന്ന റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ ശ്രദ്ധിച്ചു. ഇത് ചൈനീസ് കമ്പനികള്‍ക്ക് ബിസിനസ് നടത്താനുള്ള നിയമപരമായ അവകാശവും താത്പര്യവും ഇല്ലാതാക്കുകയാണ് ചെയ്തിരിക്കുന്നത്. തെറ്റു തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു പരാതി സർക്കാരിനു നല്‍കിക്കഴിഞ്ഞതായി വക്താവ് അറിയിച്ചു. രാജ്യാന്തര, പ്രാദേശിക നിയമങ്ങൾ അനുസരിച്ചു മാത്രമെ പ്രവര്‍ത്തിക്കാവൂ എന്ന് ചൈനീസ് കമ്പനികളെ എപ്പോഴും ഓര്‍മിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യാ ഗവണ്‍മെന്റിന് രാജ്യാന്തര കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. അവയില്‍ ചൈനീസ് ബിസിനസ് സ്ഥാപനങ്ങളും പെടും. വിപണിയുടെ തത്വങ്ങള്‍ അതാണ്.

ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രായോഗികമായ സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. അതില്‍ മനപ്പൂര്‍വ്വം ഇടപെടുക എന്നതുകൊണ്ട് ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല. ചൈനീസ് കമ്പനികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നാണ് റോങ് പറഞ്ഞിരിക്കുന്നത്. നിരോധിക്കപ്പെട്ട ആപ്പുകളില്‍ വിചാറ്റ് മാത്രമാണോ അതേക്കുറിച്ച് ഔദ്യോഗികമായി ചൈനയ്ക്ക് പരാതി നല്‍കിയിരിക്കുന്നതെന്ന് സംശയമുണ്ട്.

∙ ഇന്ത്യയുടെ സ്വന്തം സോഫ്റ്റ്‌വെയര്‍ നിർമിക്കേണ്ട സമയമായി

ഇന്ത്യയുടെ സ്വന്തം സോഫ്റ്റ്‌വെയര്‍ നിർമിക്കേണ്ട സമയമായി എന്നാണ് ഐടി സെക്രട്ടറി അജയ് പ്രകാശ് സാവ്ഹനെയ് പറഞ്ഞത്. ഇന്ത്യയ്ക്ക് അതു ചെയ്യാനുള്ള അപാരമായ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരിപാലനം, കൃഷി, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെയല്ലാം പ്രശ്‌നങ്ങള്‍ കണ്ടെത്തി ഉചിതമായ സോഫ്റ്റ്‌വെയര്‍ പ്രാദേശികമായി നിര്‍മിക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

∙ അവരവരുടെ വീട്ടിലിരിക്കുന്നവര്‍ക്ക് എങ്ങനെ യുട്യൂബ് വിഡിയോ ഒരുമിച്ചു കാണാം?

ചിലര്‍ക്ക് തനിച്ചിരുന്ന് വിഡിയോ കാണുന്നതാണ് ഇഷ്ടം. എന്നാല്‍, വേറെ ചിലര്‍ക്ക് കൂട്ടുകാരോട് മിണ്ടിപ്പറഞ്ഞിരുന്ന് വിഡിയോ കാണാനാണ് താത്പര്യം. നിങ്ങള്‍ രണ്ടാമത്തെ കൂട്ടത്തില്‍ പെടുമെങ്കില്‍ ഇതാ ഒരു സാധ്യത. യുട്യൂബ് വിഡിയോ കൂട്ടുകാരോടൊത്ത് അഭിപ്രായം പറഞ്ഞും, പോസു ചെയ്തും ഒക്കെ കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് അത് സാധിക്കും. അതിനായി എയര്‍ടൈം (Airtime) എന്ന ആപ് ഉപയോഗിച്ചാല്‍ മതി. വീട്ടുകാരും, കൂട്ടുകൊരും ഒക്കയായി വിഡിയോ കാണാം. എല്ലാവരും അവരവരുടെ ഉപകരണങ്ങളിലായിരിക്കും വിഡിയോ കാണുക. വിഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രതികരണങ്ങള്‍, ഇമോജികള്‍, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ തുടങ്ങിയവ കൈമാറാനും സാധിക്കും. ആകെയുള്ള ഒരു പ്രശ്‌നം ഇത് ഉപയോഗിക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ വേണമെന്നുള്ളതാണ്.

ഇത് പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം എയര്‍ടൈം ആപ് ഡൗണ്‍ലോഡ് ചെയ്യുക. (കൂട്ടുകാരോടും ഈ നടപടിക്രമങ്ങള്‍ പാലിക്കാന്‍ പറയുക.) തുടര്‍ന്ന് ആപ് ഓപ്പണ്‍ ചെയ്ത് 'ഗെറ്റ് സ്റ്റാര്‍ട്ടഡ്' ബട്ടണില്‍ സ്പര്‍ശിക്കുക. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ നല്‍കി, ലഭിക്കുന്ന ഒടിപി എന്റര്‍ ചെയത് വേരിഫൈ ചെയ്യുക. വേരിഫിക്കേഷന്‍ നടന്നു കഴിഞ്ഞാല്‍, 'ക്രീയേറ്റ് റൂം'  ഓപ്ഷനില്‍ ക്ലിക്കു ചെയ്ത് കൂട്ടുകാരെ ആഡ് ചെയ്യാം. തുടര്‍ന്ന് യുട്യൂബില്‍ ക്ലിക്കു ചെയ്ത് വിഡിയോ സ്ട്രീമിങ് തുടങ്ങാം.

നിലവില്‍ 5 പേര്‍ക്കു വരെയാണ് ഇങ്ങനെ ഒരു സമയത്ത് എയര്‍ടൈമില്‍ വഡിയോ കാണാനാകുക. സാധാരണ വിഡിയോ കോളിലൂടെ മറ്റുള്ളവരോട് ആപ്പിലെത്താന്‍ ആവശ്യപ്പെടാം. അതിനായി റൂം തുറന്ന് ഹാന്‍ഡ് ഐക്കണില്‍ സ്പര്‍ശിക്കുക. ആളുകള്‍ ഒത്തു ചേര്‍ന്നു കഴിഞ്ഞാല്‍, പോപ്‌കോണ്‍ ഐക്കണില്‍ സ്പര്‍ശിച്ച് ഒരുമിച്ചു കാണാനുള്ള വിഡിയോ തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'പോസ്റ്റ് റ്റു റൂം' ബട്ടണില്‍ ടാപ്പു ചെയ്ത് ഒരുമിച്ചു കാണാം.

∙ മാസ്‌കുകള്‍ ഫേഷ്യല്‍ റെക്ക്‌നിഷന്‍ സാങ്കേതികവിദ്യയുടെ മുനയൊടിക്കുന്നുവെന്ന്

മാസ്‌കിനു പിന്നില്‍ നമ്മുടെ അയല്‍ക്കാരനാണോ എന്നറിയാന്‍ ഉറ്റു നോക്കേണ്ട ഗതികേടാണ് നമുക്കോരോരുത്തര്‍ക്കും. കംപ്യൂട്ടറുകളുടെ അവസ്ഥയും അതു തന്നെയാണ് എന്നാണ് അമേരിക്കയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡര്‍ഡ്‌സ് ആന്‍ഡ് ടെക്‌നോളജി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത്. നിലവിലുള്ള ഏറ്റവും നല്ല ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റങ്ങള്‍ക്കു പോലും മാസ്‌കിട്ട ആളെ തിരച്ചറിയുന്നതില്‍ 50 ശതമാനം കൃത്യതയേ ഉള്ളു എന്നാണ് അവരുടെ കണ്ടെത്തല്‍.

English Summary: Correct your wrongdoing, revoke ban on WeChat, other apps. It was deliberate: China tells India

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA