ADVERTISEMENT

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഗൂഗിളില്‍ പരിഗണനയും പ്രതിഫലവും കുറവാണെന്ന് ആരോപിച്ച് മുന്‍ ഗൂഗിള്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ചു. 2013 സെപ്റ്റംബര്‍ മുതല്‍ ഗൂഗിളില്‍ ജീവനക്കാരായിരുന്ന 10,800 വനിതകളെ ബാധിക്കുന്നതായിരിക്കും കേസിലെ കോടതി വിധി. മൂന്ന് വര്‍ഷത്തോളമായി നടക്കുന്ന കേസില്‍ അടുത്തവാദം ഡിസംബര്‍ രണ്ടിനാണ് നടക്കുക. 

 

ഗൂഗിളിലെ വനിതാ ജീവനക്കാരില്‍ പകുതിയിലേറെയും സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍മാരാണ്. ഔദ്യോഗിക രേഖകളില്‍ പോലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 2,000 ഡോളര്‍ പ്രതിഫലത്തില്‍ കുറവുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ 17,000 ഡോളറോളം പ്രതിഫലത്തില്‍ വ്യത്യാസമുണ്ടാകുമെന്നാണ് കാലിഫോര്‍ണിയ ഇര്‍വിന്‍ സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡേവിഡ് നോമാര്‍ക്ക് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പഠനത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 2017ല്‍ മുന്‍ ഗൂഗിള്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. 

 

നേരത്തെ ജോലിചെയ്ത സ്ഥലത്തെ പ്രതിഫലം അനുസരിച്ച് ശമ്പളം നല്‍കുന്ന രീതി ഗൂഗിളില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ മുന്‍ ജീവനക്കാര്‍ പരാതി നല്‍കിയതോടെ 2017ല്‍ ഈ രീതി ഗൂഗിള്‍ അവസാനിപ്പിച്ചു. എന്നാല്‍ ലിംഗപരമായ വേര്‍തിരിവുകളില്‍ ഗൂഗിള്‍ നടപടിയെടുത്തിട്ടില്ലെന്നാണ് പരാതിയിലുള്ളത്.

 

സ്ത്രീകള്‍ക്ക് പൊതുവേ ഉത്തരാവാദിത്വം കുറവുള്ള ജോലികള്‍ ഏല്‍പ്പിക്കുകയും പുരുഷന്മാരെ അപേക്ഷിച്ച് ശമ്പളം കുറവ് നല്‍കുകയും ചെയ്യുന്നതാണ് ഗൂഗിളിലെ പതിവെന്നാണ് ഹരജിക്കാരുടെ ആരോപണം. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി ഏല്‍പിക്കാന്‍ തക്ക പ്രവൃത്തി പരിചയം തനിക്ക് ഉണ്ടായിരുന്നിട്ടും ഗൂഗിള്‍ അധികൃതര്‍ തന്നെ പരിഗണിച്ചിരുന്നില്ലെന്നും അതെന്തുകൊണ്ടാണെന്ന് ആദ്യം മനസിലായിരുന്നില്ലെന്നും പരാതിക്കാരില്‍ ഒരാളായ കെല്ലി എല്ലിസ് പറയുന്നു. തന്റെ അതേ വിദ്യാഭ്യാസ യോഗ്യതയും അനുഭവ പരിചയവുമുള്ള പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ നല്‍കുന്നത് പിന്നീട് ശ്രദ്ധയില്‍ പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

സമാനമായ വിവേചനം താനും അനുഭവിച്ചെന്ന് ഗൂഗിളിന് കീഴിലെ സ്‌കൂളിലെ അധ്യാപികയായിരുന്ന ഹെയ്ദി ലാമറും പരാതിയില്‍ പറയുന്നുണ്ട്. ഇവരുടെ ജോലിയിലെ അനുഭവ പരിചയവും മറ്റും കണക്കിലെടുത്താണ് കുറഞ്ഞ ശമ്പളം നല്‍കിയതെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം. എന്നാല്‍ കേസിന്റെ ഭാഗമായി നടന്ന അന്വേഷണത്തില്‍ ഗൂഗിള്‍ അധികൃതരുടെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് തെളിയുകയായിരുന്നു. ഹെയ്ദി ലാമറിന്‍ ജോലിക്ക് വേണ്ടി നടത്തിയ അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്കാണ് ലഭിച്ചിരുന്നത്. 

 

ഗൂഗിളിന്റെ ലെവല്‍ 2 സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍മാരില്‍ 49 ശതമാനം സ്ത്രീകളാണ്. എന്നാല്‍, മുകളിലേക്ക് പോകും തോറും വനിതാ സാന്നിധ്യം കുറഞ്ഞുവരുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിക്കുന്നുണ്ട്. ലെവല്‍ 3യില്‍ 22 ശതമാനവും ലെവല്‍ 4ല്‍ 14.2 ശതമാനവും ലെവല്‍ 5 ല്‍ 7.2 ഉം മാത്രമാണ് ഗൂഗിളിലെ വനിതാ ജീവനക്കാര്‍. 

 

തന്നെ ജോലിക്കെടുക്കുമ്പോള്‍ ഗൂഗിള്‍ അധികൃതര്‍ മുന്‍ ജോലിയിലെ ശമ്പളം ചോദിച്ചിരുന്നതായും അതേ തുകയാണ് ഗൂഗിളില്‍ ശമ്പളമായി നല്‍കിയതെന്നും കെല്ലി എല്ലിസ് പറയുന്നു. ശമ്പളത്തിലെ വിവേചനം ഇല്ലാതാക്കുന്നതിന് 2012 മുതല്‍ ഗൂഗിള്‍ ശമ്പള സമത്വ വിശകലനം എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. 2019ല്‍ ഇതിന്റെ ഭാഗമായി രണ്ട് ശതമാനം ജീവനക്കാരുടെ ശമ്പളം പുനര്‍നിശ്ചയിച്ചെന്നും ഇതിനായി 51 ലക്ഷം ഡോളര്‍ ചെലവാക്കിയെന്നും ഗൂഗിളിന്റെ പീപ്പിള്‍ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കെതിരായ പരാതിയിലെ കാര്യങ്ങളില്‍ കഴമ്പില്ലെന്നാണ് ഗൂഗിളിന്റെ പ്രതിനിധിയുടെ വിശദീകരണം.

 

English Summary: Women at Google miss out on thousands of dollars as a result of pay discrimination, lawsuit alleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com